ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളില്‍ അത്താഴപൂജയ്ക്കുശേഷം മൈക്കിലൂടെ മുഴങ്ങുന്ന ഹരിവരാസനം എന്ന ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള കീര്‍ത്തനം അവസാനിക്കുമ്പോഴേക്കും ശ്രീകോവിലിനുള്ളില്‍ പരികര്‍മികളും മേല്‍ശാന്തിയും പൂജാകര്‍മങ്ങള്‍ അവസാനിപ്പിച്ച്, നിലവിളക്കുകള്‍ അണച്ച്, പടിയിറങ്ങും. അപ്പോള്‍ സമയം രാത്രി 11 മണി. അതിനുശേഷം ശരണംവിളികള്‍ ഉണ്ടാവില്ല. അയ്യപ്പന് ഉറങ്ങാനുള്ള ഉറക്കുപാട്ടാണ് ഹരിവരാസനം.
അയ്യപ്പന്റെ രൂപഭാവങ്ങളെയും സദ്ഗുണങ്ങളെയും വര്‍ണിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഹരിവരാസനം, ഒരു താരാട്ടിന്റെ ഭാവത്തിലോ ഈണത്തിലോ ഉള്ള കീര്‍ത്തനമല്ല എങ്കിലും; ഉറക്കുപാട്ടെന്നു പ്രചുരപ്രചാരം നേടി സംസ്‌കൃതഭാഷയിലുള്ള ഈ ഗാനം! 16 പാദങ്ങളുള്ള ഈ സ്തുതിയുടെ ഏഴുപാദങ്ങള്‍ മാത്രമാണ് എടുത്തിരിക്കുന്നത്. ലോകത്തിലുള്ള കോടിക്കണക്കിന് അയ്യപ്പഭക്തന്മാര്‍ നെഞ്ചേറ്റുന്ന മഹത്തരമായ ഈ കൃതിയുടെ ഉത്പത്തിയെക്കുറിച്ചും രചയിതാവിനെക്കുറിച്ചും തര്‍ക്കങ്ങള്‍ നിലവിലുണ്ട്. എങ്കിലും; നൂറുവയസ്സു പൂര്‍ത്തീകരിച്ച ഈ ശ്ലോകമുത്തശ്ശിയുടെ തിളക്കത്തിനോ യൗവനത്തിനോ ഒരു കോട്ടവും തട്ടിയിട്ടില്ല!
രണ്ടു രചയിതാക്കളുടെ പേരിലാണ് ഗാനം അറിയപ്പെടുന്നത്. കമ്പക്കുടി കുളത്തൂര്‍ അയ്യരാണ് രചയിതാവെന്ന് ഒരു കൂട്ടര്‍ തെളിവുസഹിതം വാദിക്കുമ്പോള്‍ അതല്ല; ആലപ്പുഴ ജില്ലയിലെ പുറക്കാട്ട് കോന്നോത്ത് ജാനകിയമ്മയാണു രചിച്ചതെന്നു മറ്റൊരു കൂട്ടര്‍ തര്‍ക്കിക്കുന്നു. നിജസ്ഥിതി വെളിവായതായി അറിവില്ല. തര്‍ക്കങ്ങളിലേക്ക് ഒന്നു കടക്കാം.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. മണികണ്ഠന്‍ (അയ്യപ്പന്‍) കമ്പക്കുടി കുടുംബവുമായി കടപ്പെട്ടിരിക്കുന്നതായി ഐതിഹ്യമുണ്ട്. അതിപ്രകാരമാണ്: പന്തളത്തുനിന്ന് പുലിപ്പാലിനുപോയ മണികണ്ഠന്‍ തമിഴ്‌നാട്ടിലെ തേനിയില്‍ വനപ്രദേശത്തുകൂടി നടന്നുവലഞ്ഞപ്പോള്‍ ഒരു ചെറുകുടിലു കണ്ടു. കുടിലിനു മുന്നില്‍നിന്ന ~ഒരു പാട്ടി അയ്യപ്പനെ സ്വീകരിച്ചിരുത്തി. പെട്ടെന്ന് കമ്പ എന്ന ധാന്യം ഇടിച്ച് കഞ്ഞിവച്ച് അയ്യപ്പനു കൊടുത്തു. ക്ഷീണം മാറി അയ്യപ്പന്‍ യാത്ര പറയുമ്പോള്‍ ഇവിടം കമ്പക്കുടി എന്നറിയപ്പെടുമെന്ന് അനുഗ്രഹിച്ചു. ആ പാട്ടിയുടെ മകനായ കുളത്തൂര്‍ സുന്ദരേശ അയ്യര്‍ രചിച്ചതാണ് ഹരിവരാസനം എന്ന് ഒരു കഥ! അദ്ദേഹമെഴുതിയ ഹരിഹരസുധാഷ്ടകമാണ് പിന്നീട് ഹരിവരാസനം ആയത് എന്നും പറയപ്പെടുന്നു.
1923 ല്‍ ശാസ്താംകോട്ട മനക്കര മേച്ചിറ വീട്ടില്‍ (ആലപ്പുഴജില്ലയിലെ പുറക്കാട്ട്) കോന്നയ്ക്കല്‍ ജാനകിയമ്മയാണ് എഴുതിയതെന്ന് മറ്റൊരു തര്‍ക്കം. ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടിന്റെ മകളാണ് ജാനകിയമ്മ. അയ്യപ്പഭക്തയായ അവര്‍ ഗര്‍ഭിണിയായിരിക്കേ തന്റെ മുപ്പതാംവയസ്സില്‍ എഴുതിയാണത്രേ ഈ ശ്ലോകം. നടയ്ക്കു വയ്ക്കാന്‍ അച്ഛന്റെ കൈയില്‍ കൊടുത്തുവിട്ടതാണെന്നും ഐതിഹ്യമുണ്ട്. പല ഭജനസംഘങ്ങളും ജാനികയമ്മയുടെ കൈയില്‍നിന്നും പകര്‍ത്തിയെടുത്ത് പല ഈണങ്ങളില്‍ പാടിയിരുന്നതായും പറയപ്പെടുന്നു. 1963 നവംബറില്‍ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ ഈ കീര്‍ത്തനം 'ഹരിഹരാത്മജാഷ്ടകം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു.
1975 ല്‍ 'സ്വാമി അയ്യപ്പന്‍' എന്നൊരു സിനിമ, മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്‌മണ്യം നിര്‍മിച്ച് റിലീസ് ചെയ്തിരുന്നു. (ഓഗസ്റ്റ് 17). ആ ചിത്രത്തില്‍ ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈണത്തിലും താളത്തിലും ഹരിവരാസനം ഉള്‍പ്പെടുത്തിയിരുന്നു. സംഗീതം നല്കിയത് ദേവരാജന്‍ മാസ്റ്റര്‍. അതീവഭക്തിരസം തുളുമ്പുന്ന ഈണം, മധ്യമാവതി എന്ന മനോഹരമായ രാഗത്തിലാണ്. അന്നത്തെ ദേവസ്വംബോര്‍ഡു പ്രസിഡന്റ് ജി.പി. മംഗലത്തുമഠത്തിനു ഗാനം നന്നേ ഇഷ്ടപ്പെടുകയാല്‍ അത്താഴപൂജയ്ക്കുശേഷം എന്നും ഈ ഗാനം സിനിമയിലെ അതേ രൂപത്തില്‍ (യേശുദാസിന്റെ ശബ്ദം) മൈക്കിലൂടെ ഭക്തരെ കേള്‍പ്പിക്കാന്‍ തീരുമാനിച്ചത് ഇന്നും തുടര്‍ന്നുപോരുന്നു. 1980 ല്‍ സിനിമയിലുള്ളതിലും വ്യത്യസ്തമായി അല്പം വിളംബലയത്തില്‍ (വേഗം കുറച്ച്) ഉപകരണവ്യാപ്തി കുറച്ച് പ്രത്യേകം റെക്കോര്‍ഡു ചെയ്തതാണ് നമ്മള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.
ഈ അടുത്തകാലത്ത് ഒരു വിവാദം ഉയര്‍ന്നുവന്നു. 'അരിവിമര്‍ദനം' ശരിയായല്ല യേശുദാസ് ഉച്ചരിച്ചിരിക്കുന്നതെന്ന്. ഏതോ സംസ്‌കൃതപണ്ഡിതന്‍ ഇത് ദാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തെറ്റുമാറ്റി വേറേ ട്യൂണ്‍ ചെയ്താലോ എന്നായി ദാസ്. ദേവരാജന്‍ മാസ്റ്ററോട് ആരായാതെ ഒന്നും ചെയ്യരുതെന്ന് ബോര്‍ഡിലെ ചിലരുടെ നിര്‍ദേശമനുസരിച്ച് ദാസ് തന്നെ മാസ്റ്ററുടെ അടുത്തെത്തി വിവരമറിയിച്ചു. ഒരു ചെറുചിരിയോടെ സ്വതഃസിദ്ധമായ ശൈലിയില്‍ മാസ്റ്റര്‍ പറഞ്ഞത് 'ഇത്രയും നാള്‍ അയ്യപ്പനുറങ്ങിയത് ഇതു കേട്ടല്ലേ? ഇതു മതി. ഇനിയും അയ്യപ്പനുറങ്ങിക്കൊള്ളും.' ലക്ഷങ്ങള്‍ മുടക്കി അതിനായി അധ്വാനിക്കേണ്ടന്നു ബോര്‍ഡിലുള്ള ബോധമുള്ളവര്‍ തീരുമാനിച്ചതിനാല്‍ 'ഹരിവരാസനം' ഒരു ക്ഷതവുമേല്ക്കാതെ രക്ഷപ്പെട്ടുനില്ക്കുന്നു!
സ്വാമി വിമോചനാനന്ദ എന്നൊരു ഭക്തനാണ് ആദ്യമായി ഈ ശ്ലോകം ശബരിമലയില്‍ ആലപിച്ചത് എന്നും അതല്ല, നവീകരണശേഷം 1950 ല്‍ അന്നത്തെ മേല്‍ശാന്തി വടാക്കം ഈശ്വരന്‍ നമ്പൂതിരിയാണ് ആലപിച്ചത് എന്നും തര്‍ക്കമുണ്ട്. എന്തുമാകട്ടെ, നൂറുവര്‍ഷമായി ഭക്തസഹസ്രങ്ങളുടെ കര്‍ണങ്ങളില്‍ അമൃതബിന്ദുക്കള്‍ തൂളിച്ചുകൊണ്ട് ഇന്നും മുഴങ്ങുന്നു. മന്ദ്രശ്രുതീലയമോടെ ഹരിവരാസനം! സ്വാമി ശരണം!