മലയാളകഥയുടെ കുലപതി നവതിയുടെ നിറവില്‍
മലയാളസാഹിത്യം ഒരു വലിയ തറവാടാണെങ്കില്‍ എം ടി എന്ന രണ്ടക്ഷരം ആ തറവാടിന്റെ പൂമുഖമാണ്. എം ടി ക്കു മുമ്പും എം ടിക്കു ശേഷവും. ഒരുപക്ഷേ, ചരിത്രം മലയാളസാഹിത്യലോകത്തെ ഇങ്ങനെ വേര്‍തിരിച്ചേക്കാം. കഥാലോകത്തെ അമൂല്യങ്ങളായ നാലുകെട്ടും മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവുമൊക്കെ ഇന്നും വായനക്കാരന്റെ വികാരങ്ങളെ കീഴ്‌പ്പെടുത്തുന്നുണ്ട്, എത്രവട്ടം വായിച്ചിട്ടും നഷ്ടപ്പെടാത്ത പുതുമയോടെ.
പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ സാധാരണയിലും താഴെയുള്ള കുടുംബത്തിലാണ് എം.ടി. വാസുദേവന്‍നായര്‍ ജനിച്ചത്. സാഹിത്യപരമായ ഒരു ഗുണവും ആ വീടിന് ഉണ്ടായിരുന്നില്ല. എന്നിട്ടും കവിയാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുറെ കവിതകള്‍ എഴുതി. ലേഖനങ്ങളെഴുതി. ഒടുവിലാണ് കഥയുടെ ലോകത്തേക്ക് എത്തുന്നത്. എഴുതിയതെല്ലാം മാതൃഭൂമിയടക്കം പല പത്രങ്ങള്‍ക്കും അയച്ചു. ഒന്നും വെളിച്ചം കണ്ടില്ല. ഒടുവില്‍ ഒരു കഥ ജയകേരളം വാരികയ്ക്ക് അയച്ചു. അവരതു പ്രസിദ്ധീകരിച്ചു. അതിനു പ്രതിഫലവും കിട്ടി; പത്തുരൂപ.
പിന്നീട് എഴുത്തിന്റെ ലോകം എം ടിയെ ഒരിക്കലും കൈവിട്ടിട്ടില്ല. ലോകചെറുകഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന തന്റെ കഥയ്ക്ക് ഒന്നാംസ്ഥാനം നേടുമ്പോള്‍ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ക്ക് ഇരുപത്തൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
അവിടെനിന്ന് ഇന്നത്തെ എം ടിയിലേക്കുള്ള ദൂരം മലയാളത്തിന്റെ സുകൃതമാണ്.
അദ്ദേഹത്തിന്റെ പ്രതിഭ മാറ്റുരയ്ക്കാത്ത മേഖലയില്ല. നാലുകെട്ടും മഞ്ഞും കാലവും അസുരവിത്തും രണ്ടാമൂഴവുംപോലെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ നോവലുകള്‍. ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും വാനപ്രസ്ഥവും ഓപ്പോളും നിന്റെ ഓര്‍മയ്ക്കും വാരിക്കുഴിയും ഓളവും തീരവും പോലെ എത്രയോ നല്ല കഥകള്‍... പ്രബന്ധങ്ങള്‍... യാത്രാവിവരണങ്ങള്‍.
അധ്യാപകന്‍, പത്രാധിപര്‍, കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍ എന്നിങ്ങനെ കര്‍മമേഖലകളിലെല്ലാം അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭ. കേവലം ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ട നോവലായ നാലുകെട്ട് പുസ്തകരൂപത്തില്‍ ഇറക്കുന്നത്. തൊട്ടടുത്ത വര്‍ഷം നാലുകെട്ട് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. സാധാരണ എഴുത്തുകാര്‍ തെല്ല് അകലം പാലിച്ചുനില്‍ക്കുന്ന ചലച്ചിത്രരംഗത്തും എം ടി തന്റെ സാന്നിധ്യമറിയിച്ചു. ഏറ്റവും മികച്ച എത്രയോ സിനിമകള്‍ ആ തൂലികയില്‍നിന്നു പിറന്നുവീണു. മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നിര്‍മ്മാല്യം, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം, കടവ്, പഴശ്ശിരാജ എന്നിങ്ങനെ മലയാളസിനിമ കണ്ടïമികച്ച സൃഷ്ടികള്‍ അവയില്‍ ചിലതു മാത്രം.
കൂടല്ലൂര്‍ എന്ന ജന്മഗ്രാമമാണ് അനുഭവങ്ങള്‍കൊണ്ട് തന്നെ സമ്പന്നനാക്കിയതെന്ന് എം ടി എപ്പോഴും പറയാറുണ്ട്. മലയാളസാഹിത്യത്തിലെ പകരംവയ്ക്കാനില്ലാത്ത സൃഷ്ടികള്‍ക്കു ജീവനേകിയത് കൂടല്ലൂരിലെ കുന്നിന്‍പുറങ്ങളും ഇടവഴികളും മണ്ണും പുഴയും ജീവിതവും മനുഷ്യരുമായിരുന്നു. ഒപ്പം, കൂടല്ലൂരിനെ തഴുകിയൊഴുകുന്ന നിളയും.
വായനക്കാരനെ തന്റെ സൃഷ്ടിയുടെകൂടെ നടത്താനുള്ള കഴിവാണ് ഒരെഴുത്തുകാരനു പ്രധാനമായും വേണ്ടത്. ആ കഴിവ് ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്നുണ്ട്, എം ടി എന്ന മഹാപ്രതിഭയില്‍. ഓരോ വായനയിലും അപ്പുണ്ണിയുടെയും വിമലയുടെയും കുട്ട്യേടത്തിയുടെയും ഭ്രാന്തന്‍ വേലായുധന്റെയും സേതുവിന്റെയും സുമിത്രയുടെയും ഗോവിന്ദന്‍കുട്ടിയുടെയും ഭീമന്റെയുമൊക്കെ ഒപ്പം വായനക്കാരും സഞ്ചരിച്ചു.
'ഒരിക്കല്‍ വരാതിരിക്കുകയില്ല...' എന്ന പ്രതീക്ഷ മഞ്ഞിലെ വിമലയിലൂടെ വായനക്കാരുടെ മനസ്സിലും എം ടി നിറച്ചു. അതാണു വാക്കുകളുടെ മാന്ത്രികത. നൈനിത്താളിലെ തടാകക്കരയില്‍ സുധീര്‍ മിശ്രയ്ക്കുവേണ്ടി കാത്തിരുന്നത് വിമല മാത്രമായിരുന്നില്ല, വായനക്കാരുംകൂടിയായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും വിമലയെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുന്നത് അതുകൊണ്ടാണ്.
നാലുകെട്ടിലെ അപ്പുണ്ണിയെപ്പോലെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ. ഒരിക്കല്‍, തന്നെ തിരസ്‌കരിച്ച നാലുകെട്ടിലേക്കു തലയുയര്‍ത്തി നടന്നുവരുന്ന അപ്പുണ്ണിയുടെ ചിത്രം എത്രയോ യുവഹൃദയങ്ങള്‍ക്കു പ്രതീക്ഷ നല്‍കിയിരിക്കാം.
വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ജീവിതത്തിനു തണലേകിയ ഒരു വടവൃക്ഷമായിരുന്നുവെന്ന് എം ടി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്കിലും, എഴുത്തിന്റെ ഏതെങ്കിലും കോണില്‍പ്പോലും ബഷീറിന്റെ ഭാഷയോ ശൈലിയോ എം ടിയില്‍ സ്വാധീനം ചെലുത്തിയതായി കണ്ടിട്ടില്ല.
എം ടിയുടെ ഭാഷ അദ്ദേഹത്തിന്റേതു മാത്രമാണ്. നാലുകെട്ടിലായാലും രണ്ടാമൂഴത്തിലായാലും ഇരുട്ടിന്റെ ആത്മാവിലായാലും ആ ഭാഷയ്ക്കു ബഷീറിന്റെപോലെതന്നെ വായനക്കാരുടെ ഹൃദയം തൊടാനുള്ള കഴിവുണ്ട്.
വാക്കുകള്‍കൊണ്ട് ഹൃദയത്തെ കോരിത്തരിപ്പിക്കുന്ന ഇന്ദ്രജാലം അദ്ദേഹത്തിന്റെ രചനകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയും. തലമുറകളെ അക്ഷരങ്ങള്‍കൊണ്ട് കോരിത്തരിപ്പിച്ച ഈ മഹാപ്രതിഭ എനിക്കാരാണെന്നു ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. വായനയ്‌ക്കൊടുവില്‍ അപ്പുണ്ണിയും ഭീമനും വിമലയും സേതുവും ഭ്രാന്തന്‍ വേലായുധനും ഗോവിന്ദന്‍കുട്ടിയുമെല്ലാം ഞാന്‍തന്നെയായിരുന്നു എന്ന തോന്നലിനൊടുവില്‍ തിരിച്ചറിയുന്നു, ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന മഞ്ഞാണ് എനിക്ക് എം.ടി.