കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ അവലോകനം
പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ മിശിഹായുടെ പീഡാസഹനത്തെയും ഉത്ഥാനത്തെയുംകുറിച്ച് എബ്രായലേഖനം പത്താം അധ്യായം അടിസ്ഥാനമാക്കി നല്കുന്ന വിശുദ്ധവാര പരിചിന്തനങ്ങളാണ് ഈ അധ്യായത്തില്‍ വിശദമാക്കുന്നത്.
''അതിനാല്‍, എന്റെ സഹോദരരേ, ഈശോയുടെ രക്തത്താല്‍ അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ ആത്മധൈര്യം നമുക്കുണ്ട്. തന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ അവന്‍ ഇപ്പോള്‍ നമുക്കു ജീവന്റെ പുതുവഴി തുറന്നുതന്നിരിക്കുന്നു. ദൈവഭവനത്തിന്റെ അധ്യക്ഷനായി ഒരു പ്രധാനാചാര്യനും നമുക്കുണ്ട്. അതിനാല്‍, ദുഷ്ടമനസ്സാക്ഷിയില്‍നിന്നു തളിച്ച് ശുദ്ധീകരിക്കപ്പെട്ട നമ്മുടെ ഹൃദയങ്ങളോടും വിശുദ്ധജലത്താല്‍ കഴുകപ്പെട്ട നമ്മുടെ ശരീരങ്ങളോടും സത്യമായ ഹൃദയത്തോടും വിശ്വാസത്തിന്റെ പ്രതീക്ഷയോടുംകൂടെ നമുക്ക് അടുത്തു ചെല്ലാം. നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ അചഞ്ചലമായി നമുക്ക് ഉറച്ചുനില്‍ക്കാം. നമ്മോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണല്ലോ. സ്‌നേഹിക്കാനും സത്പ്രവൃത്തികള്‍ ചെയ്യാനും എങ്ങനെ അന്യോന്യം പ്രോത്സാഹിപ്പിക്കാം എന്നു നമുക്കു ചിന്തിക്കാം. ചിലര്‍ ചെയ്യാറുള്ളതുപോലെ ഒരുമിച്ചുകൂടുന്നതില്‍ നാം വീഴ്ച വരുത്തരുത്. ആ ദിനം അടുത്തുവരുന്നതനുസരിച്ച് നാം അന്യോന്യം ഉത്തേജിപ്പിക്കണം... നമ്മുടെ നാശത്തിലേക്കു നയിക്കുന്ന മന്ദതയുള്ളവരല്ല നമ്മള്‍: നമുക്കു നിത്യജീവന്‍ നല്കുന്ന വിശ്വാസുള്ളവരാണു നമ്മള്‍.'' (ഹെബ്രാ. 10: 19-25 & 39).
ഈ തിരുവചനഭാഗത്തിന് പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ നല്കുന്ന വ്യാഖ്യാനമാണ് ചുവടെ ചേര്‍ക്കുന്നത്.
ആത്മധൈര്യത്തെയും ആത്മാര്‍ത്ഥതയെയും വിശ്വാസനിറവിനെയും പ്രത്യാശയിലുള്ള സ്ഥൈര്യത്തെയും പരസ്‌നേഹപ്രവൃത്തികള്‍ക്കായുള്ള ഉള്‍പ്രേരണകളെയുംകുറിച്ചെല്ലാം ഇവിടെ എടുത്തുപറയുന്നുണ്ട്. ഈ മൂല്യങ്ങള്‍ക്കെല്ലാം ഈശോയുടെ തിരുരക്തത്തോടും അവിടുത്തെ ശരീരത്തോടുമാണ് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് എന്ന് പരിശുദ്ധപിതാവ് വ്യക്തമാക്കുന്നു. ഈശോയുടെ മുറിവേല്പിക്കപ്പെട്ടതും മഹത്ത്വീകൃതവുമായ ശരീരത്തെക്കുറിച്ചാണ് അവിടുത്തെ പീഡാനുഭവവും തിരുവുത്ഥാനവും നമ്മെ ഓര്‍മിപ്പിക്കുന്നത്. വിശുദ്ധവാരത്തിന്റെ പശ്ചാത്തലമാണ് ഈ ദിവ്യരഹസ്യങ്ങള്‍ ധ്യാനിക്കാന്‍ ഏറ്റവും ഉചിതമായ അവസരമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പാ നിരീക്ഷിക്കുന്നുണ്ട്.
പീഡാനുഭവം
പാപം വരുത്തിവയ്ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഏകപരിഹാരം കര്‍ത്താവിന്റെ ഉത്ഥാനം നല്കുന്ന പ്രത്യാശയാണ്. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറയുന്നു; നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ് കര്‍ത്താവ് പീഡകള്‍ സഹിച്ചത്. ഇക്കാര്യം നമ്മളില്‍ ദുഃഖവും വേദനയും കണ്ണുനീരും ഉളവാക്കണമെന്നും വി. ഇഗ്നേഷ്യസ് പറയുന്നുണ്ട്. കര്‍ത്താവിന്റെ മനുഷ്യത്വത്തിലുള്ള സഹനത്തിലൂടെയാണ് അവിടുത്തെ ദിവ്യത്വത്തെ നമ്മള്‍ സമീപിക്കുന്നതെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിക്കുന്നു. എല്ലാവര്‍ക്കുംവേണ്ടി ഈശോ മരണം കൈവരിച്ചതിനാല്‍ മഹത്ത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചിരിക്കുന്നു (എബ്രയാ. 2.9). ''അറക്കപ്പെട്ട കുഞ്ഞാട് ശക്തിയും സമ്പത്തും ജ്ഞാനവും സ്തുതിയും സ്വീകരിക്കാന്‍ അര്‍ഹനാകുന്നു(വെളി. 5,12).''
പൗരോഹിത്യം
മിശിഹായുടെ പൗരോഹിത്യമാനങ്ങളാണ് നാം ഇവിടെ ദര്‍ശിക്കുന്നത്. കുരിശിലെ ബലിവഴി പിതാവിന്റെ പക്കല്‍ മനുഷ്യകുലത്തിനായി മധ്യസ്ഥതവഹിച്ചുകൊണ്ട് ഉത്ഥിതനായ മിശിഹാ എന്നന്നേക്കും പുരോഹിതനായി പിതാവിനോടൊപ്പം മഹത്ത്വത്തില്‍ വാഴുന്നു.
പരിശുദ്ധ പിതാവിന്റെ ഈ പരിചിന്തനങ്ങള്‍ക്കു തുടര്‍ച്ചയെന്നോണം കര്‍ദിനാള്‍ റോബര്‍ട്ട് സറാ നല്കുന്ന പ്രശസ്തമായ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമാണ്.
പഴയ നിയമത്തിലെ പൗരോഹിത്യവും ബലിയര്‍പ്പണവും അപൂര്‍ണമായിരുന്നു. എബ്രായലേഖനം അസന്ദിഗ്ധമായി പറയുന്നു: പുതിയ നിയമത്തില്‍ ഒരൊറ്റ പുരോഹിതനേയുള്ളൂ. അത് മിശിഹായാണ്. ഒറ്റബലിയേ ഉള്ളൂ. അത് ഗാഗുല്‍ത്തായിലെ കുരിശിലാണ് അര്‍പ്പിക്കപ്പെട്ടത്. ഈ ബലി മാത്രമാണ് രക്ഷാകരമായിട്ടുള്ളത്. ഈ പൗരോഹിത്യം മിശിഹാ സ്വയം ഏറ്റെടുത്തതല്ല. അത് പിതാവിനോടുള്ള അനുസരണത്തിന്റെ ഫലമാണ്.
''നല്ല പുത്രനായിരുന്നിട്ടും അനുഭവിച്ച ഭയവും സഹനവുംവഴി അവന്‍ അനുസരണം അഭ്യസിച്ചു'' (ഹെബ്രാ. 5,8). പരിശുദ്ധാത്മാവിന്റെ നിരന്തരസാന്നിധ്യവും നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.
പൗരോഹിത്യത്തിലെ ഭാഗഭാഗിത്വം
ഈ പൗരോഹിത്യത്തിലാണ് മെത്രാന്മാരും വൈദികനും പങ്കുകാരാകുന്നതെന്നും അവര്‍ പരിശുദ്ധാത്മാവിന്റെ ദിവ്യാഗ്നിയാല്‍ മിശിഹായോടു താദാത്മ്യം പ്രാപിക്കാനായി രൂപാന്തരപ്പെടണമെന്നും കര്‍ദിനാള്‍ സറാ ഓര്‍മിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ മിശിഹായുടെ സഹനത്തോടും മരണത്തോടുമാണ് പുരോഹിതന്‍ ഐക്യപ്പെടേണ്ടത്.
പ്രവര്‍ത്തനത്തെക്കാള്‍ മിശിഹായോടൊപ്പം സഹിക്കുവാനാണ് വൈദികന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ''മിശിഹായില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല അവനുവേണ്ടി പീഡ സഹിക്കാനും നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു'' (ഫിലിപ്പി. 1: 29). പുരോഹിതന്‍ മികച്ച സംഘാടകനും സാമൂഹികപ്രവര്‍ത്തകനും മാറ്റങ്ങള്‍ക്കു നേതൃത്വം നല്കുന്നവനുമൊക്കെ ആയിരിക്കണമെന്ന പൊതുബോധത്തെയാണ് ഫ്രാന്‍സീസ് പാപ്പാ തിരുത്തിയെഴുതുന്നതെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു.
കൃതഘ്‌നതയുടെയും ശത്രുതയുടെയും ദൈവനിന്ദയുടെയും ദൈവത്തോടുള്ള ശത്രുതാമനോഭാവത്തിന്റെയും ഈ ലോകത്ത് ഇതെല്ലാം കണ്ടു വേദനിക്കുന്നവനായിരിക്കണം വൈദികന്‍. ക്രൂശിതനായ മിശിഹാ ഓരോ പുരോഹിതനിലും സന്നിഹിതനാണ്. കര്‍ദിനാള്‍ സറാ പ്രത്യേകമായി, രോഗികളും ശയ്യാവലംബികളുമായ വൈദികരെ ഓര്‍മിക്കുന്നു. രോഗിയും ശയ്യാവലംബിയുമായ വൈദികന്‍ കര്‍ത്താവിനോടൊപ്പം സഹിക്കുമ്പോള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാണ്. അവന്റെ ജീവിതം നിഷ്ഫലമല്ല; ഫലദായകമാണ്. നേരേ മറിച്ച്, ജനത്തിന്റെ കൈയടിയും പ്രശംസയും മാത്രം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യവാനായ വൈദികന്റെ പ്രവര്‍ത്തനബഹുലമായ ജീവിതമാണ് നിരര്‍ത്ഥകവും നിഷ്ഫലവുമായിത്തീരുന്നത്. ഈ പറഞ്ഞതിനര്‍ത്ഥം വൈദികരുടെ തീക്ഷ്ണതയും പ്രവര്‍ത്തനചാതുരിയും അസ്ഥാനത്താണെന്നല്ല. എല്ലാം ദൈവത്തിന്റെ തിരുവിഷ്ടത്തിനു നിരന്തരം സമര്‍പ്പിച്ചുകൊണ്ടു പ്രാര്‍ത്ഥനാരൂപിയില്‍ വേണം എല്ലാം നിര്‍വഹിക്കുവാന്‍ എന്നാണ് കര്‍ദിനാള്‍ ഉദ്ദേശിക്കുന്നത്. പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ പുരോഹിതന്‍ അസ്വസ്ഥനാകണം. ഗാഗുല്‍ത്തായിലേക്കു കുരിശും വഹിച്ചുകൊണ്ട് നടന്നു നീങ്ങിയ നമ്മുടെ കര്‍ത്താവിന് ആരും ജയ് വിളിച്ചില്ല; പരിഹാസവും നിന്ദനവുമാണ് അവിടുന്ന് ഏറ്റുവാങ്ങിയത്. തിന്മയോടു സന്ധി ചെയ്യുന്നതുകൊണ്ടാണോ നമ്മള്‍ സ്വീകാര്യരാകുന്നതെന്നു വൈദികര്‍ ആത്മശോധന ചെയ്യണമെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു: ''വൈദികര്‍ കര്‍ത്താവിന്റെ ദാസന്മാരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമാണ്.'' 'ദാനവും രഹസ്യവും' എന്ന പേരില്‍ പൗരോഹിത്യസുവര്‍ണജൂബിലിയുടെ അവസരത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നത്. വൈദികന്റെ കടമ ഉടമയാകാനല്ല, കാര്യസ്ഥനാകാനാണെന്ന് അവിടെ എടുത്തുപറയുന്നുണ്ട്. ഈ വിചിന്തനങ്ങള്‍ സമാപിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ റോബര്‍ട്ട് സറാ എഴുതുന്നു: ''പുരോഹിതന്മാര്‍ ദൈവശാസ്ത്രത്തിലും വചനപ്രഘോഷണകലയിലും അജപാലകരീതികളിലും പ്രാഗല്ഭ്യം നേടണം. എന്നാല്‍, ഈ കഴിവുകള്‍ ദൈവവരപ്രസാദധാരയില്‍ സദാ പ്രചോദിതമായിരിക്കണം. അല്ലാതെ അവ ഫലം പുറപ്പെടുവിക്കില്ല.''