ജനങ്ങള്‍ക്കു ഭരണത്തിലുള്ള നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം പ്രതിസന്ധിയിലാകുന്നുവെന്നു മാത്രമല്ല, ജനങ്ങള്‍ വിശ്വസിച്ചേല്പിച്ച അധികാരം തിരികെപ്പിടിക്കാന്‍ അവര്‍ തെരുവിലിറങ്ങുകയും ചെയ്യും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കതന്നെ. ജനങ്ങള്‍ക്കു വേണ്ട നിത്യോപയോഗവസ്തുക്കള്‍ മണിക്കൂറുകളോളം ക്യൂ നിന്ന് നാലിരട്ടി പണം കൊടുത്തു വാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ വീടുവിട്ടിറങ്ങിയത്. ശ്രീലങ്കയില്‍ പ്രക്ഷോഭകരെ ഭയന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടു എന്നുവരെയാണ് വാര്‍ത്തകള്‍. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കിയ പ്രക്ഷോഭകര്‍ ഗോട്ടബയ രാജി വച്ചശേഷമേ അവിടെ നിന്നിറങ്ങൂവെന്നു പ്രഖ്യാപിച്ചു. 225 അംഗ പാര്‍ലമെന്റില്‍ പകുതിയോളം അംഗങ്ങള്‍ ബന്ധുക്കളും കുടുംബസുഹൃത്തുക്കളുമായിരുന്നു. ഇവരുടെ സുഖജീവിതവും പ്ലാനിങ്ങില്ലാത്ത പണം കടമെടുപ്പുമാണ് രാജ്യത്തെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചത്. കേരളത്തെ പലരും ശ്രീലങ്കയുമായി താരതമ്യം ചെയ്തു കാണുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കൂടിവരുന്നതുമായി ബന്ധപ്പെടുത്തിയാണ്.
ശ്രീലങ്കയില്‍ ഭരണനേതൃത്വം ബന്ധുക്കള്‍ കൈയടക്കിയെങ്കില്‍ ഇവിടെ അത് സമ്മര്‍ദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണെന്ന വ്യത്യാസം മാത്രമാണു ള്ളത്. സര്‍വീസ് സംഘടനകളും തൊഴിലാളിയൂണിയനുകളും അവരുടെ പണസ്വാധീനത്തിന്റെയും ആള്‍സ്വാധീനത്തിന്റെയും ബലത്തില്‍ നയതീരുമാനങ്ങളെടുത്തു രാഷ്ട്രീയ ഉദ്യോഗസ്ഥനേതൃത്വത്തെ പൂര്‍ണമായും നിയന്ത്രിക്കുന്ന സ്ഥിതിയാണിവിടെ. 2003 ല്‍ ഇന്ത്യാഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതിവിതരണം മൂന്നു കമ്പനികളാക്കി വിഭജിച്ച് (ഉത്പാദന, പ്രസരണ, വിതരണ) നടപ്പാക്കണമെന്ന നിയമം പാസാക്കി. പക്ഷേ, കേരളത്തില്‍ ആ നിയമം നടപ്പാക്കാന്‍ പത്തുവര്‍ഷം പാഴാക്കി. അപ്പോഴേക്കും മറ്റു സംസ്ഥാനങ്ങള്‍ 70,000 കോടി രൂപമുതല്‍ ഒരുലക്ഷം കോടി രൂപവരെ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാരില്‍നിന്നു വാങ്ങിയെടുത്തു. ഇവിടെ കമ്പനി തുടങ്ങിയതുതന്നെ കേന്ദ്രത്തിന്റെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മാത്രം. ഒറ്റക്കമ്പനിയായി 2013 ല്‍ ഇത് രജിസ്റ്റര്‍ ചെയ്തു. അതുവരെയുള്ള കെഎസ്ഇബിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിവര്‍ഷം 1500 കോടി നഷ്ടത്തിലായിരുന്ന കെഎസ്ഇബിയുടെ 2022 - 23 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1496 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണു പ്രതീക്ഷിക്കുന്നത്. ഈ നിലയില്‍ കമ്പനിയെ ലാഭത്തിലാക്കാന്‍ ചെയര്‍മാന്‍ ഡോ. സി. അശോക് ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ബോര്‍ഡില്‍ ചട്ടംലംഘിച്ച് സമരം ചെയ്ത യൂണിയന്‍ നേതാക്കള്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചത് ഭരണത്തില്‍ സ്വാധീനമുള്ള യൂണിയനുകള്‍ക്ക് ഇഷ്ടമായില്ല. ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി യില്ലാതെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം സമ്മര്‍ദഗ്രൂപ്പുകളുടെ ബിനാമി സൊസൈറ്റികള്‍ക്കു കൈമാറിയതു തിരിച്ചുപിടിക്കാന്‍ അശോക് നടപടി ആരംഭിച്ചതും നേതാക്കള്‍ക്ക് അനിഷ്ടമായി. വൈദ്യുതിഭവനില്‍ ഏതു യൂണിഫോം ഇട്ടവര്‍ ഉദ്യോഗസ്ഥരായി ഡ്യൂട്ടിക്കു നില്ക്കണമെന്നതുപോലും തര്‍ക്കവിഷയമായ നാടായി കേരളം. ഇത്രയും ഇവിടെ കുറിക്കാന്‍ കാരണം ജനാധിപത്യഭരണമാണെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ രണ്ടു ശതമാനത്തില്‍ താഴെവരുന്ന സംഘടിതരാണെന്നു മനസ്സിലാക്കാനാണ്.
ഭരണച്ചെലവ് കേരളത്തില്‍ വളരെ കൂടുതലാണെന്നത് ഭരണപ്രതിപക്ഷവ്യത്യാസമില്ലാതെ സമ്മതിക്കുന്ന വസ്തുതയാണ്. ഈ ചെലവു കുറയ്ക്കാന്‍ എവിടെ തുടങ്ങണം? ഗവര്‍ണരുടെ ഓഫീസ് മുതല്‍ പഞ്ചായത്ത് ഓഫീസില്‍ വരെ ഇത്രയധികം ജീവനക്കാര്‍ ആവശ്യമുണ്ടോ? ഗവര്‍ണറുടെ ഓഫീസില്‍ 159 പേര്‍ ജോലി ചെയ്യുന്നു. മന്ത്രിമാരുടെ സ്റ്റാഫില്‍ 30 പേര്‍ പണിയെടുക്കുന്നു. മന്ത്രി യോഫീസില്‍ പണിയൊന്നുമില്ലാത്തതതുകൊണ്ട് നാട്ടിലെ പാര്‍ട്ടി ഓഫീസിലും പാര്‍ട്ടിനേതാക്കളുടെ വീട്ടിലുമാണ് പലരുടെയും ജോലി. ഇങ്ങനെയുള്ളവര്‍ക്ക് നികുതിദായകന്‍ ചെലവിനു കൊടുക്കേണ്ടതുണ്ടോ? 140 കോടി ജനങ്ങളെ ഭരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പതിനാറു ജീവനക്കാരെക്കൊണ്ട് ഓഫീസ് പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നുണ്ടെങ്കില്‍ മൂന്നുകോടി ജനങ്ങളുടെ കാര്യം നോക്കുന്ന മന്ത്രിമാര്‍ക്ക് 30 ജീവനക്കാരുടെ ആവശ്യമില്ലാതായെന്ന ചര്‍ച്ച ഗവര്‍ണര്‍തലത്തില്‍ ചൂടുപിടിച്ചു നില്ക്കുമ്പോള്‍ സര്‍ക്കാര്‍ തദ്ദേശഭരണവകുപ്പു ഡെപ്യൂട്ടി സെക്രട്ടറി 2022 ഫെബ്രുവരി 18 ന് ഇറക്കിയിരിക്കുന്ന ഉത്തരവു പ്രകാരം മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍മാര്‍ക്കു ചുമതലകള്‍ തൃപ്തികരായി നിര്‍വഹിക്കുന്നതിന് പേഴ്‌സണല്‍ അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാം. നഗരസഭയുടെ തനതുഫണ്ടില്‍നിന്നാണ് ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്കു ശമ്പളം നല്‍കേണ്ടത്. എന്നു പറഞ്ഞാല്‍ ഇവര്‍ക്കു ശമ്പളം നല്‍കാന്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ കൂടുതല്‍ വീട്ടുകരം നല്‍കേണ്ടി വരും.
സംസ്ഥാനത്തിന്റെ വരുമാനം മുഴുവനും ന്യൂനപക്ഷമായ രണ്ടു ശതമാനത്തില്‍ താഴെയുള്ള സംഘടിതവര്‍ഗത്തിനു ശമ്പളമായും മറ്റ് ആനുകൂല്യമായും നല്‍കുക. ദാരിദ്ര്യത്തില്‍ കഴിയുന്ന അവശവിഭാഗത്തെ കണ്ടതായി നടിക്കാതിരിക്കുക, അവരുടെ പ്രശ്‌നപരിഹാരത്തിനു സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നു പ്രസ്താവന ഇറക്കുക ഇതാണ് കേരളത്തില്‍ മുമ്പും ഇപ്പോഴും നടക്കുന്നത്. 1990 കളില്‍ സംസ്ഥാനജീവനക്കാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കുന്ന വേതനം ലഭിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സാമ്പത്തികനില മോശമാണെന്നു പറഞ്ഞ് സര്‍ക്കാര്‍ നിഷേധിച്ചു. സാര്‍വത്രികറേഷന്‍ നല്‍കാന്‍ അന്ന് 300 കോടി വേണ്ടിയിരുന്ന സാഹചര്യത്തില്‍ ധനസ്ഥിതിയുടെ വിഷമതകള്‍ പറഞ്ഞ് എല്ലാവര്‍ക്കും റേഷന്‍ എന്ന നയത്തില്‍ മാറ്റം വരുത്തി. തൊട്ടുപിന്നാലെ കേന്ദ്രനിരക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ അഞ്ഞൂറു കോടി കണ്ടെത്തി. ഇതേ അവസ്ഥ ഇപ്പോള്‍ അഗതിമന്ദിരങ്ങളുടെ കാര്യത്തിലും ഉണ്ടായിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കു മാസം നല്‍കിക്കൊണ്ടിരുന്ന 1300 കോടി രൂപപോലും മുടങ്ങുന്നു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇത്തവണ വര്‍ദ്ധിപ്പിച്ചു നല്‍കിയത് 58 ശതമാനമാണ്.
കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും വരവും ചെലവും എങ്ങനെയെന്നു പരിശോധിക്കുന്നതു നന്നായിരിക്കും. 3.320 കോടി ജനങ്ങളുടെ നികുതിവരുമാനം 2015-16 ല്‍ 45428 കോടി ആയിരുന്നു. 511487 വരുന്ന സംസ്ഥാനജീവനക്കാരുടെ ശമ്പളച്ചെലവ് 26667 കോടി രൂപ. പെന്‍ഷന് 13172 കോടിയും പലിശയിനത്തില്‍ ചെലവഴിച്ചത് 10952 കോടി രൂപയുമാണ്. ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി 2015 - 16 ല്‍ 50791 കോടി. നികുതിവരുമാനം 45428 കോടി. 5363 കോടിയുടെ കുറവ്. 1995-96 ല്‍ സംസ്ഥാന നികുതിവരുമാനം 3382.68 കോടി ആയിരുന്നപ്പോള്‍ ശമ്പളച്ചെലവ് 1453.87 കോടി മാത്രമായിരുന്നു. 2021-22 ലെ നികുതിവരുമാനം 58867.89 കോടിയും നികുതിയേതരവരുമാനം 10038.04 കോടിയും കേന്ദ്രനികുതി വരുമാനം 17332.120 കോടിയും കേന്ദ്രഗ്രാന്റ് 31650.10 കോടിയുമാണ്. ഇക്കാലയളവിലെ ശമ്പളച്ചെലവ് 44405.74 കോടി, പലിശ 22115.41 കോടി. പെന്‍ഷന്‍ 26959.22 കോടി.
ഇക്കൊല്ലം അവസാനിക്കുമ്പോള്‍ (22-23) പൊതുകടം 371692.18 കോടിയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്തവര്‍ഷം ഇത് 411053.11 കോടിയാകും. 24-25 ല്‍ എത്തുമ്പോള്‍ അത് 455727.77 കോടിയാകും. പക്ഷേ, കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചു പഠിക്കുന്നവര്‍ നല്‍കുന്ന കണക്കനുസരിച്ച് ഇപ്പോള്‍ത്തന്നെ കേരളത്തിന്റെ കടം 474454 കോടിയില്‍ എത്തിക്കഴിഞ്ഞു എന്നതാണ്. ഇവരുടെ കണക്കനുസരിച്ച് സര്‍ക്കാര്‍ ബജറ്റിനു പുറത്ത് കിഫ്ബി വഴിയും (70762 കോടി) സാമൂഹികസുരക്ഷാപെന്‍ഷന്‍ കമ്പനി(32000 കോടി)യിലൂടെയും എടുത്തിരിക്കുന്ന പണം സംസ്ഥാനത്തിന്റെ കടത്തില്‍പ്പെടുത്തണമെന്നതാണ്. കടം പെരുകുന്നതിനനുസരിച്ച് സ്വാഭാവികമായും നമ്മുടെ തിരിച്ചടവു ബാധ്യത കൂടിക്കൂടി വരും. കഴിഞ്ഞവര്‍ഷം നമ്മുടെ തിരിച്ചടവ് 22115.41 കോടിയായിരുന്നു. ഇക്കൊല്ലം ഇത് 25965.86 കോടിയാകും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ വിദേശവായ്പകളുടെ തിരിച്ചടവിന്റെ തുകയും കൂടും. ഡോളറിന് 70 രൂപ മൂല്യം ഉണ്ടായിരുന്നപ്പോള്‍ എടുത്ത വായ്പയ്ക്ക് ഇപ്പോള്‍ പത്തുരൂപയുടെ മൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. സി.എ.ജി.യുടെ റിപ്പോര്‍ട്ട് പ്രകാരം 26 മാര്‍ച്ചിനകം 81056.92 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും. വികസനപദ്ധതികള്‍ക്കാണ് കടം എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എങ്കിലും കടം വീട്ടാനും പലിശ അടയ്ക്കാനുമാണ് പണം ഉപയോഗിക്കുന്നതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
കേരളത്തിന്റെ ധനസ്ഥിതി അതിഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നു എന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കും മറ്റു ഭരണച്ചെലവുകള്‍ക്കും ചെലവഴിക്കുന്ന തുക വളരെ കൂടുതലാണ്. ഇക്കാര്യങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടാകണം എന്നതാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്
20-21 ല്‍ ശമ്പളച്ചെലവ് 28763 കോടിയായിരുന്നത് 21-22 ആയപ്പോഴേക്കും 44405.74 കോടിയായി ഉയര്‍ന്നു. ശമ്പളവര്‍ദ്ധന 58%. പെന്‍ഷന്‍ 18943 കോടിയില്‍നിന്ന് 26959.22 കോടിയായി. 42% വര്‍ദ്ധന. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതനുസരിച്ച് ആറുമാസം കൂടുമ്പോള്‍ ഡി.എ. വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിനു പുറമേ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതാണ് കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇത്ര വഷളായത്. കേന്ദ്രസര്‍വീസിലെപ്പോലെ പത്തു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം നടത്തുന്നതിനെക്കുറിച്ചു തീരുമാനം എടുക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.
കടുത്തസാമ്പത്തികപ്രതിസന്ധിയിലായിരുന്നു 2002 ല്‍ തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്. ഭരണതലത്തില്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയപ്പോള്‍ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. ജീവനക്കാര്‍ സമരരംഗത്തേക്കിറങ്ങി. അപ്പോള്‍ ലഭ്യമായിരുന്ന സൗകര്യങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ക്കു ജോലി വേണ്ടെന്നു വയ്ക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആരും പിരിഞ്ഞുപോയില്ല. സമരം അക്രമാസക്തമായപ്പോള്‍ ടെസ്മാ (തമിഴ്‌നാട് അവശ്യസര്‍വീസ് മെയിന്റനന്‍സ് ആക്ട്) പ്രകാരം ഒന്നരലക്ഷത്തോളം ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പകരം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ലക്ഷക്കണക്കിനു യുവതീയുവാക്കള്‍ ജോലിക്കായി എത്തി. ഇതോടെ ബഹുഭൂരിപക്ഷം ജീവനക്കാരും സര്‍വീസില്‍ തിരിച്ചുകയറാനായി നെട്ടോട്ടമായി. പിരിച്ചുവിടപ്പെട്ടവന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും പരമോന്നതകോടതി സമരത്തെ പിന്തുണച്ചില്ല. അന്നു ജയലളിത കൈക്കൊണ്ട സമീപനം, ജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുത്താല്‍ ബാക്കിയുള്ള 98 ശതമാനം വരുന്ന ജനതയ്ക്കു കൊടുക്കാന്‍ ഒന്നും ഖജനാവില്‍ ഉണ്ടാവല്ലെന്നതായിരുന്നു. ഈ നിലപാടാണ് പിന്നീട് തമിഴ്‌നാടിന്റെ വികസനത്തിനായി പണം നീക്കിവയ്ക്കാന്‍ സര്‍ക്കാരിനു സാധിച്ചത്. ഇത്തരത്തില്‍ എന്നു ചിന്തിക്കാന്‍ തുടങ്ങുന്നുവോ അന്നു മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ.
കേരളത്തിന്റെ അത്രയും ദയനീയസ്ഥിതിയല്ല ഇന്ത്യാഗവണ്‍മെന്റിന്റേത് എന്നു മാത്രമേ പറയാന്‍ കഴിയൂ. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികഞെരുക്കം മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍നിന്ന് 1.76 ലക്ഷംകോടി രൂപ കേന്ദ്രസര്‍ക്കാരിനു നല്‍കാന്‍ 2019 സെപ്തംബറില്‍ ആര്‍ബിഐ തീരുമാനിച്ചു. കോര്‍പ്പറേറ്റ് നികുതി ഇളവിലൂടെ ഈ കാലഘട്ടത്തില്‍ 1.45 ലക്ഷം കോടിരൂപയുടെ വരുമാന നഷ്ടം ഉണ്ടായി. 2014 ല്‍ 34.8% ആയിരുന്ന മൂലധനനിക്ഷേപം 2018 ല്‍ 28.8% ആയി കുറഞ്ഞു. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നു. 2016 നവംബര്‍ എട്ടിന് 86.4% കറന്‍സികള്‍ ഒറ്റയടിക്കു പിന്‍വലിച്ചതും ജി.എസ്.ടി. നടപ്പിലാക്കിയ രീതിയില്‍ ഉണ്ടായ പാളിച്ചയുമാണ് ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി മോശമാക്കിയതും റിസര്‍വ് ബാങ്കിനോടു കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാന്‍ ഇടയായതെന്നുമാണ് സാമ്പത്തികവിമര്‍ശകര്‍ പറയുന്നത്.
ജൂലൈ ആദ്യവാരത്തിലെ കണക്കുപ്രകാരം വിദേശനാണ്യശേഖരത്തില്‍ 800 കോടി ഡോളറിന്റെ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്രനാണയനിധിയിലെ നിക്ഷേപത്തില്‍ റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 4.90 കോടി ഡോളറിന്റെ കുറവുണ്ട്. ഒരു രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയുടെ ആദ്യസൂചകങ്ങള്‍ നല്‍കുന്നതാണ് വിദേശവിനിമയ കരുതല്‍ ശേഖരത്തിലുണ്ടാകുന്ന ഇടിവെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അന്താരാഷ്ട്രമാര്‍ക്കറ്റില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു കാര്യമായ വിലക്കയറ്റം ഉണ്ടാവാത്ത സാഹചര്യത്തില്‍പ്പോലും പെട്രോളിനു 110 രൂപയും പാചകവാതകത്തിന് 1050 രൂപയും നല്‍കേണ്ടിവന്ന സ്ഥിതിയിലാണ് ഓരോ കുടുംബവും. ഇതിന് അനുബന്ധമായി സര്‍വസാധനങ്ങള്‍ക്കും വിലകൂടുകയാണ്. ജൂലൈ 18-ാം തീയതി മുതല്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നു. 47-ാം ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചതനുസരിച്ച് മുന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസി, ബട്ടര്‍മില്‍ക്ക് എന്നിവയ്ക്ക് അഞ്ചുശതമാനം നിരക്കില്‍ ടാക്‌സ് ഈടാക്കും. കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സേര്‍വറുകള്‍ തുടങ്ങിയവയെല്ലാം 12% ത്തില്‍നിന്ന് 18% ടാക്‌സിലേക്ക് ഉയര്‍ന്നു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ നടുവൊടിഞ്ഞിരിക്കുന്ന ജനത്തെ സംസ്ഥാനസര്‍ക്കാരും വെറുതെ വിടുന്നില്ല. ബസ്, ഓട്ടോ ചാര്‍ജ് വര്‍ദ്ധനയും ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ദ്ധനയുംവഴി ജനത്തിന് നല്ല അടിയാണു കിട്ടിയിരിക്കുന്നത്. ഭൂനികുതി വര്‍ദ്ധനയോടൊപ്പം 500 ചതുരശ്ര അടിയില്‍ കൂടുതലുള്ള ചെറുവീടുകള്‍ക്കും ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു. കുടിവെള്ളത്തിനു വരെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. അന്തരീക്ഷവായു ശ്വസിക്കുന്നതിന് മണിക്കൂര്‍ കണക്കിനു നികുതി ഏര്‍പ്പെടുത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.
രാപകല്‍ ഇരുന്ന് പഠിച്ച് ബിരുദം സമ്പാദിച്ചതിനുശേഷം പി.എസ്.എസി. പരീക്ഷ എഴുതി ആദ്യറാങ്കില്‍ പേരു വന്നാലും തങ്ങള്‍ക്കു ലഭിക്കേണ്ട ജോലി സ്വാധീനമുള്ളവര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി വീതം വച്ചു നല്‍കുന്നതില്‍ മനംമടുത്ത് യുവജനത കൂട്ടത്തോടെ നാടുവിടുകയാണ്. ഇത് കേരളത്തില്‍ വരും കാലത്ത് കടുത്ത ബൗദ്ധികവരള്‍ച്ച ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. കോട്ടയം ജില്ലയിലെ നീണ്ടൂര്‍പോലെയുള്ള ഗ്രാമങ്ങളില്‍ അടഞ്ഞുകിടക്കുന്ന വീടുകളുടെ നീണ്ട നിരതന്നെ കാണാം. അവിടങ്ങളിലെ പള്ളികളിലും സ്‌കൂളുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. അനേഷിച്ചാല്‍ അവരെല്ലാം പഠിക്കുന്നത് യുഎസിലും യൂറോപ്പിലുമാണെന്നാണ് അറിയുക. എണ്‍പതുകളില്‍ ഗള്‍ഫിലേക്കു പോയിരുന്ന ചെറുപ്പക്കാര്‍ പത്തിരുപതു വര്‍ഷം അവിടെ പണിയെടുത്തിട്ടു തിരിച്ചു നാട്ടില്‍വന്ന് വീടുവച്ചു താമസിക്കുകയും മിച്ചം പണമുള്ളവര്‍ എന്തെങ്കിലും ചെറിയ സംരംഭം തുടങ്ങുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തലമുറ പ്ലസ്ടൂ കഴിഞ്ഞു പഠിക്കാനായി യൂറോപ്പിലേക്കാണു പോകുന്നത്. അവര്‍ അവിടെയെത്തിക്കഴിഞ്ഞ് പി.ആര്‍. എടുത്ത് മാതാപിതാക്കളെയും അങ്ങോട്ടു കൊണ്ടുപോയിത്തുടങ്ങി. 2040 ആകുമ്പോഴേക്കും കേരളം ഒരു വൃദ്ധ കോളനിയായി മാറും. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ 2022 ല്‍ കണ്ടിരിക്കേണ്ട ലോകത്തെ അതിമനോഹരമായ അന്‍പതു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തെ വരും കാലത്ത് എങ്ങനെ വിശേഷിപ്പിക്കുമെന്നു കാത്തിരുന്നു കാണാം.