ഇന്ത്യയില്‍ ഇന്ത്യാക്കാരില്‍നിന്ന് ആദ്യമായി പുണ്യപദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ ബഹുമതി അല്‍ഫോന്‍സാമ്മയ്ക്കു സ്വന്തമാണ്. പിന്നീടു പുണ്യവാന്മാരും പുണ്യവതികളും പലരുണ്ടായി. ചാവറയച്ചനും എവുപ്രാസ്യാമ്മയും മറിയം ത്രേസ്യാ മ്മയും മദര്‍ തെരേസയും ഒടുവില്‍ കന്യാകുമാരിയില്‍നിന്നു ദേവസഹായംപിള്ളയുമൊക്കെ അള്‍ത്താരവണക്കത്തിനു പേരുവിളിക്കപ്പെട്ടവരാണ്. വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസന്മാരുമായി ഒട്ടേറെ വിശുദ്ധാത്മാക്കള്‍ തിരുസ്സഭയുടെ നടപടിക്രമങ്ങളിലൂടെയുള്ള വിശുദ്ധപദപ്രഖ്യാപനത്തിന്റെ പാതയിലുമുണ്ട്.
ഞീാല ങീ്‌ല െടഹീം എന്നതിനര്‍ത്ഥം അത്രമേല്‍ സൂക്ഷ്മവും കര്‍ക്കശവുമായ വിദഗ്ധപരിശോധനകള്‍ക്കുശേഷമാണ് സഭയുടെ ഔപചാരികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതെന്നുള്ളതാണ്. പരിശുദ്ധപിതാവിനുപോലും സങ്കീര്‍ണമായ സഭാനടപടിക്രമങ്ങളില്‍ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നര്‍ത്ഥം.
സഭ പേരുവിളിച്ചാലും ഇല്ലെങ്കിലും വിശ്വാസികള്‍ യഥാര്‍ത്ഥ വിശുദ്ധരെ അവരുടെ തലത്തില്‍ തിരിച്ചറിയുന്നുവെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അല്‍ഫോന്‍സാമ്മ ജീവിച്ചിരിക്കെത്തന്നെ അവര്‍ ഒരു യഥാര്‍ത്ഥപുണ്യവതിയെന്നു വിശ്വസിച്ചിരുന്ന വലിയൊരു വിശ്വാസിസമൂഹം ഉണ്ടായിരുന്നുവെന്നതാണു സത്യം. രോഗംകൊണ്ടു വലഞ്ഞ അന്നക്കുട്ടിയുടെ യാതനകളും കഷ്ടപ്പാടുകളും സമൂഹവും തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് അവളുടെ മരണത്തെത്തുടര്‍ന്നു ദിവസങ്ങള്‍ക്കകംതന്നെ അവളുടെ കബറിടത്തില്‍ വിശ്വാസികള്‍ സ്വമനസ്സാലേ പുഷ്പങ്ങളര്‍പ്പിക്കാനും മെഴുകുതിരി കത്തിക്കാനും മുന്നോട്ടുവന്നതിന്റെ പിന്നാമ്പുറം. അതൊന്നും ആരുടെയും പ്രേരണയിലായിരുന്നില്ലല്ലോ. ജനഹിതം ദൈവഹിതമായതിന്റെ മറ്റൊരുദാഹരണമായിരുന്നു അല്‍ഫോന്‍സാമ്മയുടെ പുണ്യപദപ്രാപ്തി എന്നു പറയുന്നതിലും അശേഷം അതിശയോക്തിയില്ല എന്നതാണു സത്യം.
അല്‍ഫോന്‍സാമ്മ ആര്‍പ്പൂക്കരയില്‍ മുട്ടത്തുപാടത്താണു ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതും മുട്ടുചിറയിലെ മുരിക്കന്‍കുടുംബത്തില്‍ താമസിച്ചുകൊണ്ടായിരുന്നല്ലോ. മുരിക്കന്‍ പേരമ്മയുടെ ശാസനാശിക്ഷാക്രമങ്ങളുടെ കാര്‍ക്കശ്യത്തെക്കുറിച്ച് അല്‍ഫോന്‍സാമ്മയുടെ മിക്കവാറും ജീവചരിത്രകാരന്മാര്‍ ഭാവനാപൂര്‍ണമായ പല കഥകളും സൃഷ്ടിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമൊന്നുമില്ല. അക്കാലത്തെ ഏതൊരു യാഥാസ്ഥിതികതറവാട്ടമ്മയെയുംപോലെ മുരിക്കന്‍പേരമ്മയും അന്നക്കുട്ടിയുടെമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാവുമെന്നതില്‍ രണ്ടു പക്ഷമില്ല.
തന്റെ വാത്സല്യഭാജനമായിരുന്ന ഇളയസഹോദരി അപ്രതീക്ഷിതമായി അവള്‍ക്കു സംഭവിച്ച ആസന്നമരണഭയചിന്തയില്‍ വിശ്വാസപൂര്‍വം തന്റെ കൈയിലേല്പിച്ച അന്നക്കുട്ടിയെന്ന സ്വന്തം അനന്തരവളെ മുട്ടുചിറയിലെ 'അമ്മ' സ്വന്തം ഹൃദയത്തോടു ചേര്‍ത്തു നിറുത്തി. അന്നക്കുട്ടിയുടെ സല്‍സ്വഭാവത്തില്‍ മാത്രമല്ല, അവളുടെ സൗന്ദര്യത്തിലും മാതൃസഹോദരിക്ക് അനന്യമായ അഭിമാനമുണ്ടായിരുന്നു. പഠനത്തിലും അന്നക്കുട്ടി സമര്‍ത്ഥയായിരുന്നു. സ്വാഭാവികമായും അന്നത്തെ നാട്ടുനടപ്പനുസരിച്ചു കൗമാരപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ക്കു വിവാഹാലോചനകള്‍ നടന്നിരുന്നതുകൊണ്ട് അന്നക്കുട്ടിക്ക് ഒട്ടനവധി ആലോചനകളെത്തി. പക്ഷേ, അവള്‍ അത്തരം ആലോചനകള്‍ക്കെതിരേ മുഖം തിരിക്കുകയായിരുന്നു. പേരമ്മയുടെ നിര്‍ബന്ധം കലശലായതോടെ അവള്‍ അവരോട് കന്യാസ്ത്രീയാവാനുള്ള തന്റെ ഇംഗിതം വെളിപ്പെടുത്തി. അതോടെ കുടുംബാംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായിനിന്ന് അവളുടെ തീരുമാനത്തെ പ്രതിരോധിക്കുകയായിരുന്നു. പക്ഷേ, ഒടുവില്‍ എല്ലാ വര്‍ക്കും അവളുടെ സുദൃഢമായ നിലപാടിനു മുമ്പില്‍ വഴങ്ങേണ്ടിവന്നുവെന്നു പറയുന്നതാവും ശരി. ഭരണങ്ങാനം ക്ലാരമഠമാണ് അവള്‍ തനിക്കു ചേരാനായി തിരഞ്ഞെടുത്തത്. ഭരണങ്ങാനത്തും ചങ്ങനാശ്ശേരി വാഴപ്പള്ളി മഠത്തിലുമായിട്ടായിരുന്നു അവളുടെ സന്ന്യാസജീവിതപരിശീലനം. വാഴപ്പള്ളി മഠത്തില്‍ തുടര്‍ന്നുകൊണ്ടാണ് അല്‍ഫോന്‍സാമ്മ ടി.ടി.സി. പരിശീലനം പൂര്‍ത്തിയാക്കിയത്. കുറച്ചുകാലം മാത്രമേ അവള്‍ അധ്യാപനത്തിലേര്‍പ്പെട്ടുള്ളൂ. അപ്പോഴേക്കും ചില രോഗങ്ങള്‍ അവളെ വല്ലാതെ കഷ്ടപ്പെടുത്തിത്തുടങ്ങിയിരുന്നു. സ്‌കൂള്‍ ജോലി വിട്ടിട്ടാണ് അവള്‍ സന്ന്യാസമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് ഉള്‍വലിഞ്ഞത്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അല്‍ഫോന്‍സാമ്മയെ വല്ലാതെ അലട്ടി. മുട്ടത്തുപാടത്തെ വീട്ടില്‍ സ്വന്തം അപ്പനും രോഗാവസ്ഥയിലായതും അവളെ ഒട്ടൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. കഠിനമായ ഒറ്റപ്പെടലും മനോസംഘര്‍ഷങ്ങളും അവള്‍ക്കും രോഗക്ലേശങ്ങള്‍ വര്‍ദ്ധിപ്പിച്ചതേയുള്ളൂ. രോഗം മൂര്‍ച്ഛിക്കുമ്പോഴൊക്കെ അവളതിനെ ദൈവം തനിക്കായി അയയ്ക്കുന്ന സ്‌നേഹസമ്മാനങ്ങളായിക്കാണാനാണു ശ്രമിച്ചത്. സാഹസികമായിത്തന്നെ അല്‍ഫോന്‍സാമ്മ തന്റെ രോഗങ്ങളോടു യുദ്ധം ചെയ്തു. അക്കാലത്ത് ക്ലാരിസ്റ്റ് സന്ന്യാസിനീസമൂഹത്തിന്റെ മദര്‍ ഉര്‍സുലാമ്മ അല്‍ഫോന്‍സാമ്മയോടു വലിയ കരുതലും പരിഗണനയും കാണിച്ചിരുന്നു. എന്നാല്‍, അധികാരസ്ഥാനങ്ങളിലിരുന്ന ചുരുക്കം ചില സഹസന്ന്യാസിനികളില്‍നിന്ന് അവള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ അവളെ വേദനിപ്പിക്കുകയും ചെയ്തു. എങ്കിലും, മഠത്തിലുള്ളവരില്‍ പലരും അവളുടെ തീരാസഹനങ്ങളെ സഹാനുഭൂതിയോടെ കാണാന്‍ ശ്രമിച്ചിരുന്നത് അവള്‍ക്ക് ആശ്വാസവും ധൈര്യവും നല്‍കിയെന്നതും എടുത്തുപറയേണ്ടതുണ്ട്.
അക്കാലത്തൊരിക്കലായിരുന്നു ചങ്ങനാശ്ശേരി ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശ്ശേരിക്കു കടുത്ത പനി ബാധിച്ചത്. കാളാശ്ശേരിപ്പിതാവായിരുന്നല്ലോ അവള്‍ നവസന്ന്യാസിനിയായി വാഴപ്പള്ളിമഠത്തിലായിരിക്കേ മഠത്തില്‍നിന്നു വീട്ടിലേക്കു പറഞ്ഞയയ്ക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതു തടഞ്ഞത്. സിസ്റ്ററിന്റെ സൗന്ദര്യവും സല്‍സ്വഭാവവും കണ്ടറിഞ്ഞ ഗുരുത്തിയമ്മതന്നെ (നോവിസ് മിസ്ട്രസ്) സ്വന്തം സഹോദരന്റെ മകനെക്കൊണ്ട് അല്‍ഫോന്‍സാമ്മയെ വിവാഹം ചെയ്യിക്കാന്‍ അവളെ മഠത്തില്‍നിന്നു തിരിയെ വീട്ടിലേക്കയയ്ക്കാന്‍ ശ്രമിച്ചുവെന്നുപോലുമുള്ള കഥകളുണ്ടായിട്ടുണ്ട്. ഇതൊന്നും അല്‍ഫോന്‍സാമ്മയെ അധീരയാക്കുകയോ തളര്‍ത്തുകയോ ചെയ്തില്ല എന്നതാണു ശ്രദ്ധേയം. മഠം വിട്ടുപോകാന്‍ ഒരിക്കല്‍പ്പോലും അവള്‍ ആഗ്രഹിച്ചതുമില്ല. സഹനത്തിന്റെ കനല്‍വഴികളിലൂടെയാണ് അല്‍ഫോന്‍സാമ്മ മരണവാതിലിലേക്കു സാവകാശം നടന്നുചെന്നതും സ്വര്‍ഗീ യ വാസത്തിനായി ലോകത്തെ കടന്നുപോയതും.
ബിഷപ്പിനു കടുത്ത മലമ്പനി ബാധിച്ചുവെന്ന് മദര്‍ ഉര്‍സുലാമ്മയില്‍നിന്നു മനസ്സിലാക്കിയ സിസ്റ്റര്‍ അല്‍ഫോന്‍സാ, പിതാവിന് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോയെന്നും താന്‍ ഏതായാലും രോഗശയ്യയിലായതിനാല്‍ പിതാവിന്റെ മലമ്പനി താന്‍ ഏറ്റെടുത്തിട്ട് പിതാവിന്റെ രോഗശാന്തിക്കായി താന്‍ ദൈവത്തോട് ഒരു നേര്‍ച്ചപ്രാര്‍ത്ഥന നടത്തട്ടേയെന്നു ചോദിച്ചുവെന്നും ഉര്‍സുലാമ്മയുടെ മൗനാനുവാദത്തോടെ രാത്രി മുഴുവന്‍ അതിനായി പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്നു രാവിലെയായപ്പോഴേക്കും സിസ്റ്ററിനു മലമ്പനി ബാധിച്ചുവെന്നും പിതാവിന്റെ പനി സുഖപ്പെട്ടുവെന്നും വിശ്വസനീയമായ മറ്റൊരു കഥയും അക്കാലത്തു 'വൈറല്‍' ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്. മദറില്‍നിന്ന് ഈ സംഭവമറിഞ്ഞ കാളാശ്ശേരിപ്പിതാവ് ഭരണങ്ങാനം മഠത്തില്‍ നേരിട്ടെത്തിയാണത്രേ അല്‍ഫോന്‍സാമ്മയോടു നന്ദി പ്രകടിപ്പിച്ചത്. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഇതൊന്നും അസംഭവ്യമല്ലല്ലോ.
ഡല്‍ഹിയില്‍ ദേശീയന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനക്കമ്മീഷനില്‍ അംഗമായിരിക്കേയാണ് മദര്‍ തെരേസയെയും അല്‍ഫോന്‍സാമ്മയെയും ചേര്‍ത്ത് 'ഠവല ങീവേലൃ മിറ വേല ടശേെലൃ' എന്ന ഗ്രന്ഥം എഴുതാനിടയായത്. അതില്‍ ഞാന്‍ കാളാശ്ശേരിപ്പിതാവിന്റെ രോഗം അല്‍ഫോന്‍സാമ്മ നേര്‍ന്ന് ഏറ്റെടുത്ത കാര്യം പരാമര്‍ശിച്ചിരുന്നു. ഞങ്ങളുടെ കമ്മീഷനില്‍ അംഗമായിരുന്ന സഫര്‍ ആഗാ അലഹബാദില്‍നിന്നുള്ള പ്രശസ്തനായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും, രാജീവ് ഗാന്ധിയുടെ ആത്മമിത്രവും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനും നാഷണല്‍ ഹെറാള്‍ഡിന്റെ പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് ഒട്ടും കാഴ്ചയുണ്ടായിരുന്നില്ല. മിക്കപ്പോഴും കറുത്ത കണ്ണട വച്ചിരുന്നു. എങ്കിലും ഞങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണിന്റെ കാര്യം ഒരിക്കലും ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാലും, 'ദി മദര്‍ ആന്‍ഡ് ദി സിസ്റ്റര്‍' വായിച്ചശേഷം ഒരിക്കല്‍ കമ്മീഷന്‍ മീറ്റിങ്ങിനിടെ ആഗാ സാഹിബ് എന്നോടു പറഞ്ഞു: ''ഡോ. തോമസേ, ഐ ബിലീവ് യുവര്‍ സ്റ്റോറി ഓണ്‍ സെയിന്റ് അല്‍ഫോന്‍സാ നോട്ട് 100% ബട്ട് 200%.'' എന്നിട്ട് ചെയര്‍മാന്‍ ജസ്റ്റിസ് സിദ്ദിക്കി സാഹിബിനെയും ഡോ. മൊഹീന്ദര്‍ സിങ്ങിനെയും എന്നെയും നോക്കിപ്പറഞ്ഞു: ''യു സീ മൈ റൈറ്റ് ഐ. ഇറ്റ് ഈസ് എ പ്രൂഫ് ഓഫ് ദ് പോസിബിലിറ്റി ഓഫ് ദി സ്‌ട്രെങ്ത് ഓഫ് സച്ച് എ പ്രെയര്‍'' എന്നിട്ടദ്ദേഹം കണ്ണട ഊരിമാറ്റി. ഞങ്ങള്‍ കണ്ടത് പൂര്‍ണമായും തൊലി വന്നു നികന്ന ഒരു കുഴി മാത്രം. ആഗാസാഹിബ് കഥ തുടര്‍ന്നു: എനിക്ക് ആകെ ഒരു മകനാണ്. അവന്‍ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കളിക്കിടെ കൂട്ടുകാരില്‍ ഒരാള്‍ അവനു നേരേ അടിച്ച പന്ത് ശക്തമായി കണ്ണില്‍പ്പതിച്ചു. ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്രേ ''സര്‍ജറി ചെയ്യണം. പക്ഷേ, പൂര്‍ണമായ കാഴ്ച കിട്ടുമെന്നുപറയാനും വയ്യ.'' താന്‍ അതിനുമുമ്പോ അതിനു ശേഷമോ അത്രയും തീവ്രമായി പ്രാര്‍ത്ഥിച്ചിട്ടില്ല എന്ന് ആഗാ സാഹി ബിന്റെ സാക്ഷ്യം. ബാബറിന്റെ കഥ നല്‍കിയ വിശ്വാസത്തില്‍ ആഗാ പ്രാര്‍ത്ഥിച്ചത് തന്റെ ഒരു കണ്ണ് എടുത്തിട്ടാണെങ്കിലും ഏകമകനു പൂര്‍ണമായ കാഴ്ച തിരികെത്തരണമെന്നായിരുന്നു. ഒരു നിമിഷം നിശ്ശബ്ദനായിരുന്നിട്ട് അദ്ദേഹം പറഞ്ഞു: ''ഡോക്ട ര്‍മാരെ പ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടു മകനു പൂര്‍ണമായ കാഴ്ച തിരിച്ചുകിട്ടി.
സന്തോഷത്തോടെ വീട്ടില്‍ എത്തിയതോടെ നേര്‍ച്ചക്കാര്യം മറക്കുകയും ചെയ്തു. പക്ഷേ, ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം ആഗാ സാഹിബ് ഓഫീസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു മറുവശത്തേക്കു കടക്കുകയായിരുന്നുപോലും. ഇരുവശത്തേക്കും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് റോഡ് ക്രോസ് ചെയ്തത്. പക്ഷേ, റോഡിനു നടുക്കെത്തിയപ്പോള്‍ ഘനമുള്ള എന്തോ വന്നു കൃത്യമായി അദ്ദേഹത്തിന്റെ കണ്ണിലിടിച്ചതുമാത്രമേ അദ്ദേഹത്തിന് ഓര്‍മയുള്ളൂ. റോഡില്‍ വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ അപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ ടേബിളിലേക്കാണു കൊണ്ടുപോയത്. ഓപ്പറേഷനും നടന്നു. പക്ഷേ, ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. കഥ കേട്ടു സ്തബ്ധരായിരുന്ന ഞങ്ങളുടെ നേര്‍ക്കു നോക്കി അദ്ദേഹം ചിരിച്ചു. എന്നിട്ടു എന്നോടായിപ്പറഞ്ഞു: 'തോമസ്ജി, ഐ ഫുള്ളി ബിലീവ് യുവര്‍ സ്റ്റോറി ഓണ്‍ യുവര്‍ സിസ്റ്റര്‍ സെയിന്റ് ടേക്കിങ് ടു ഹെര്‍ ദ് ബിഷപ് ഡിസീസ് ഇന്‍സ്റ്റന്റേനിയസ്. സെര്‍ട്ടണ്‍ലി ഇറ്റ് മസ്റ്റ് ബി എ ട്രൂ സ്റ്റോറി. പ്രെയര്‍ ക്യാന്‍ ഡു മിറക്കിള്‍സ് അദര്‍ വൈസ് അണ്‍ ബിലീവബിള്‍.' അല്‍ഫോന്‍ സാമ്മ രോഗശയ്യയിലായിരിക്കേ പ്രാര്‍ത്ഥനയും നേര്‍ച്ചയുംവഴി അഭിവന്ദ്യ കാളാശ്ശേരിപ്പിതാവിന്റെ കടുത്ത മലമ്പനി തന്നിലേക്ക് ഏറ്റെടുത്തതിന് അന്യമതവിശ്വാസിയായ ഒരു പണ്ഡിതശ്രേഷ്ഠന്‍ സ്വാനുഭവത്തെ അടിസ്ഥാനമാക്കി നല്‍കിയ ഈ നേര്‍സാക്ഷ്യം മാത്രം മതി, സ്വര്‍ഗസ്ഥയായ അല്‍ഫോന്‍സാമ്മയ്ക്കു ഭൂമിയിലായിരിക്കെത്തന്നെ ഉണ്ടായിരുന്ന സ്വര്‍ഗീയ സ്വാധീനത്തിനു സാക്ഷ്യപത്രമായിട്ട്.
മരണംവരെ അവള്‍ ദൈവത്തോടും താന്‍ ജീവിതത്തില്‍ സ്വീകരിച്ച വ്രതവഗ്ദാനങ്ങളോടും പുലര്‍ത്തിയ വിശ്വസ്തതയായിരുന്നു അവളുടെ ജീവിതത്തിന്റെ പുണ്യശോഭ. മുപ്പത്തിയേഴു വയസ്സുവരെ മാത്രമേ അവള്‍ക്ക് 'ആയുസ്സിന്റെ പുസ്തക'ത്തില്‍ നാളുകള്‍ വച്ചിരുന്നുള്ളൂ. അതില്‍ ഏറെക്കാലവും ഭൂമിയില്‍ അവള്‍ ജീവിച്ചതും 'വീഴ്ത്തപ്പെട്ടവള്‍' എന്ന നിലയില്‍ രോഗശയ്യയിലും. കിടന്ന കിടപ്പിലെ സഹനങ്ങളായിരുന്നു അവളുടെ പുണ്യവഴി. അല്‍ഫോന്‍സാമ്മയുടെ ഏറ്റവും വലിയ അദ്ഭുതവും അവളുടെ ജീവിതംതന്നെയായിരുന്നു. സ്വന്തജീവിതത്തിന്റെ അഗ്നിശോഭയിലാണ് അവള്‍ സ്വര്‍ഗത്തെ പ്രസാദിപ്പിച്ചത്. അങ്ങനെയാണ് ക്ലാരമഠത്തിലെ യുവസന്ന്യാസിനി പുണ്യവഴിയില്‍ ഒരു സഹനനക്ഷത്രമായതും.