•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മെരുക്കിയൊതുക്കണം പാപവൃക്ഷങ്ങള്‍

സാധാരണക്കാര്‍ക്കുവരെ സുപരിചിതമായൊരു പദമാണ് ബോണ്‍സായ്. വലിയ മരങ്ങളെ ചട്ടികളിലാക്കി ചിട്ടയോടെ വളര്‍ത്തിയെടുക്കുന്ന വിദ്യയാണത്.
ആയിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങളാണ് ഈ സൂത്രം കണ്ടുപിടിച്ചതെന്നു ചൈനക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നു കാണുന്ന രീതിയില്‍ ഈ കല വികസിപ്പിച്ചെടുത്തതു ജപ്പാന്‍കാരാണ്. ബോണ്‍ (Sai = ആഴമില്ലാത്ത പാത്രം), സയ് (ടമശ = സസ്യം) എന്നീ ജാപ്പനീസ് പദങ്ങളില്‍നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. കഴിഞ്ഞ 150 വര്‍ഷങ്ങളായി അവരതു പഠിച്ചു പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞ ഈ കല കേരളക്കരയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.
തെങ്ങ്, പന, അത്തി, പൈന്‍, ആല്‍മരങ്ങള്‍ തുടങ്ങിയവയെ പ്രത്യേകപരിചരണം കൊടുത്തു പൂച്ചട്ടിയിലാക്കാം. ആ തെങ്ങും പനയും ഇനിയൊരിക്കലും കുലയ്ക്കുകയില്ല, കായ്ക്കുകയുമില്ല. എങ്കിലും, ആകാശം മുട്ടെ വളരേണ്ട അവ അങ്ങനെ, മനുഷ്യന്റെ മനസ്സിനിണങ്ങിയവിധം കുള്ളന്‍മരങ്ങളായി നില്ക്കുന്നതു കാണാന്‍ കൗതുകമുണ്ട്.
കാലിഫോര്‍ണിയായിലെ തന്റെ നേഴ്‌സറി ഗാര്‍ഡനിന്‍ 800 ല്‍പ്പരം പഴവര്‍ഗങ്ങളില്‍ പരീക്ഷണം നടത്തിയ വ്യക്തിയാണ് ബേര്‍ ബാങ്ക് (Luther Burbank 1849 - 1926) ഏതു ചെടിയെയും ഭാവഭേദം വരുത്തിയെടുക്കാമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കള്ളിമുള്‍ച്ചെടികളുടെ മുള്ളുകള്‍ പ്രസിദ്ധങ്ങളാണല്ലോ. നാമാരും അവയുടെ അടുത്തു പോകാറില്ല, അപകടകാരികളാണവ. അവയെപ്പോലും മുള്ളുകളില്ലാത്ത വെറും കള്ളിച്ചെടിയാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
കരിവീരന്മാരെയും യക്ഷികളെയുമൊക്കെ വരുതിയിലാക്കുന്നതുപോലൊരു ജാലവിദ്യയാണിത്:
കാടടക്കി വാഴുന്ന ഗജഗംഭീരന്മാരെ മെരുക്കിയൊതുക്കി നാട്ടിലെത്തിച്ച് അവയുടെ പുറത്തുകയറി നടക്കാന്‍ ഒരു രസമുണ്ട്. ഇന്നത്തെക്കാലത്തു വെറും തടിപിടിത്തത്തിനുവേണ്ടി അധികമാരും ആനകളെ വളര്‍ത്താറില്ല. ലോറിയും ക്രെയിനുമൊക്കെ യഥേഷ്ടമുള്ളപ്പോള്‍ തടിപിടിത്തം വലിയ വിഷയമാകാറുമില്ല. പിന്നെ എന്തിനാണ് ആനകളെ ഇണക്കി വളര്‍ത്തുന്നത്? അതൊരു കമ്പമാണ് - ആനക്കമ്പം. അതുപോലൊരു കമ്പമാണ് ബോണ്‍സായ് കമ്പവും.
അമ്മൂമ്മക്കഥകളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു പേടിസ്വപ്നമാണ് യക്ഷികള്‍. ഒരു യക്ഷിക്ക് എന്തുമാത്രം ശക്തിയുണ്ട്? അതു നമ്മുടെ ഭാവനപോലിരിക്കും! ഈ യക്ഷികളെ മന്ത്രവാദികള്‍ മെരുക്കിയൊതുക്കിയെടുക്കുമത്രേ. തിരുവനന്തപുരത്തുനിന്നു പത്മനാഭപുരത്തേക്കുള്ള കാട്ടുവഴിയില്‍ പണ്ടു സകല യാത്രക്കാരെയും ഉപദ്രവിച്ചിരുന്ന അതിഭയങ്കരിയായ ഒരു യക്ഷിയെ കടമറ്റത്തു കത്തനാര്‍ മന്ത്രം ജപിച്ചു മനുഷ്യരൂപത്തിലാക്കി തലയില്‍ ആണി അടിച്ച് അമ്മയ്ക്കു പണിക്കാരിയായി കൊടുത്തുവെന്നാണ് ഐതിഹ്യം.
ഇതുപോലെ നമ്മിലും ചില യക്ഷികള്‍ കുടികൊള്ളുന്നുണ്ട് - കൂറ്റന്‍മരങ്ങളെപ്പോലുള്ള ചില ദുശ്ശീലങ്ങള്‍. അവയെയെല്ലാം ബോണ്‍സായ് ചെയ്തു നമ്മുടെ ചൊല്പടിയിലാക്കാം! അതു സാധിച്ചവരാണ് ആചാര്യന്മാരും മഹര്‍ഷിമാരും. നാം ചിലരെപ്പറ്റി 'ജിതേന്ദ്രിയര്‍' എന്നു പറയാറില്ലേ? ആരാണവര്‍? തങ്ങളെത്തന്നെ ജയിച്ചവര്‍ - തങ്ങളുടെ ഇന്ദ്രിയങ്ങളെയും അവയുടെ ദുര്‍വാസനകളെയും കീഴടക്കി നിയന്ത്രിക്കാന്‍ പഠിച്ചവര്‍. കാടു തകര്‍ത്തു സര്‍വതിനെയും വിറപ്പിച്ചു നീങ്ങിയിരുന്ന കാട്ടാനപോലും നമ്മുടെ വരുതിയില്‍,  കാല്‍ക്കീഴില്‍ വിധേയമായി  നില്ക്കുന്നില്ലേ?
മനുഷ്യന്റെ ആജ്ഞാനുവര്‍ത്തിയായി മുള്‍ച്ചെടികള്‍ പോലും മുള്ളുകള്‍ കൊഴിച്ചിടുന്നു! കള്ളിമുള്‍ച്ചെടിയെ അതാക്കിമാറ്റുന്നത് അതിന്റെ കൂര്‍ത്തുമൂര്‍ത്ത മുള്ളുകളാണ്. ആ മുള്ളുകളെപ്പോലും മാറ്റിയെടുക്കാമെങ്കില്‍ മനുഷ്യന്റെ കാര്യം പറയാനില്ല - പൊഴിച്ചിടാവുന്ന മുള്ളുകളേ നമ്മിലുള്ളൂ. അതുമായി എനിക്കു പൊരുത്തപ്പെടാനാവില്ല ഞാനിങ്ങനെയാ എന്നൊക്കെ പറയുന്നത് വെറുതെയാണ്. 'മാറ്റം സ്വീകരിക്കാന്‍ എനിക്കു മനസ്സില്ല' എന്നേ അതിനര്‍ത്ഥമുള്ളൂ.
പുരാതന റോമിലെ അതുല്യപ്രതിഭകളിലൊരാളാണ് സിസറോ (Marcus Tullius Cicero - 106-43 B.C.)  അത്യുന്നതനായ റോമന്‍ സെനറ്റര്‍! ചരിത്രം കണ്ടിട്ടുള്ളതിലേക്കും വലിയ പ്രസംഗകന്‍കൂടിയാണദ്ദേഹം. അനേകം ഭരണസമ്പ്രദായങ്ങളെയും ഭരണാധികാരികളെയും വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറയുകയാണ്:"Imperare se est maximum imperium'   തന്നെത്തന്നെ വിജയിക്കുന്നതാണ് (ഭരിക്കുന്നതാണ്) ഏറ്റവും വലിയ വിജയം (ഭരണം). നാം എവിടെയൊക്കെപ്പോയി എന്തെല്ലാം പരാക്രമങ്ങള്‍ നടത്തിയാലും നമ്മെത്തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നുമായില്ല എന്നു ചുരുക്കം.
നമ്മെത്തന്നെ മെരുക്കിയെടുക്കാന്‍ നമുക്കു കഴിയുമെന്നത് നിസ്തര്‍ക്കമാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്രമണ്ഡലത്തില്‍ പ്രശസ്തിയാര്‍ജിച്ച മനഃശാസ്ത്രജ്ഞന്മാരായിരുന്നു ഹാര്‍ട്ട് ഷോണും മേയും ((Heart Shorne and  May)  അവരുടെ മികവുറ്റ ഒരു കൃതിയാണ്"A Summary of the work of the Character Education' þ Religious Education(1930). അതില്‍ മനുഷ്യരുടെ സ്വഭാവം എങ്ങനെ മെരുക്കി മയപ്പെടുത്തിയെടുക്കാമെന്ന് അവര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അപകടകാരികളായ നദികളെ തടഞ്ഞുനിറുത്തി പ്രയോജനപ്രദങ്ങളായ ജലസേചനപദ്ധതികള്‍ക്കു രൂപം കൊടുക്കുന്നതുപോലെ നമ്മിലുള്ള ദുഷ്പ്രവണതകളെയും മഹത്ത്വീകരിച്ചുകൊണ്ടുവരുവാന്‍ കഴിയും. നമ്മില്‍ കെട്ടിക്കിടക്കുന്ന ഊര്‍ജം സൃഷ്ടിപരമായ മണ്ഡലങ്ങളിലേക്കു തിരിച്ചുവിടുമ്പോഴാണ് നാം നല്ല മനുഷ്യരാവുക.
ഏതു പ്രകൃതവും ശീലവും മാറ്റങ്ങള്‍ക്കു വിധേയമാണ്. ദുഷ്പ്രവണതകളെ മാറ്റിയെടുക്കുന്നിടത്താണല്ലോ സ്വഭാവസംസ്‌കരണം സാധിക്കുക -അതാണു വിദ്യാഭ്യാസംകൊണ്ട് അര്‍ത്ഥമാക്കുന്നതും.
ഊര്‍ജസ്വലതയുടെ ആള്‍രൂപങ്ങളായ ഇളംതലമുറയുടെ ദുര്‍വാസനകളും നശീകരണപ്രവണതകളും ഭീകരപ്രസ്ഥാനങ്ങളിലേക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്കും ഒഴുക്കിവിടുന്നവര്‍ ഈ നാല്ക്കവലയില്‍നിന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)