കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity)) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ അവലോകനം
''പിതാവേ, നിന്റെ വചനം സത്യമായതിനാല്‍, ആ സത്യത്താല്‍ അവരെ പവിത്രീകരിക്കണമേ! നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയയ്ക്കുന്നു. അവരും സത്യത്താല്‍ വിശുദ്ധീകൃതരാകേണ്ടതിന് അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു'' (യോഹ. 17: 17-19). 2009 ലെ പെസഹാവ്യാഴാഴ്ച മൂറോന്‍ വെഞ്ചരിപ്പിന്റെ കുര്‍ബാനമധ്യേ പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രസംഗത്തിനാധാരം ഈ തിരുവചനഭാഗമായിരുന്നു.
ബലിദാനം
ഇതില്‍ 19-ാം വാക്യം നമ്മുടെ മനസ്സില്‍ ഉദിപ്പിച്ചേക്കാവുന്ന സംശയത്തിന് ബൈബിള്‍പണ്ഡിതനായ ബനഡിക്ട് പതിനാറാമന്‍ നിവാരണം വരുത്തുന്നുണ്ട്. 'ദൈവത്തിന്റെ പരിശുദ്ധന്‍' എന്ന് ഒരു നിര്‍ണായകസന്ദര്‍ഭത്തില്‍ വിശുദ്ധ പത്രോസ് പ്രഖ്യാപിക്കുന്ന (യോഹ: 6,69) ഈശോ എങ്ങനെ തന്നെത്തന്നെ വിശുദ്ധീകരിക്കും അല്ലെങ്കില്‍ പവിത്രീകരിക്കും? പരിശുദ്ധന്‍ എന്ന വിശേഷണം ദൈവത്തിനുമാത്രമേ ചേരുകയുള്ളൂ. അവിടുന്ന് പരമപരിശുദ്ധനും പരമമായ സത്യവും സൗന്ദര്യവുമാണ്. അതുകൊണ്ട് ഈശോ തന്നെത്തന്നെ വിശുദ്ധീകരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെത്തന്നെ ദൈവപിതാവിന് ഉഴിഞ്ഞുവയ്ക്കുന്നു എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന് ബനഡിക്ട് പിതാവ് പ്രസ്താവിക്കുന്നു. വിശുദ്ധീകരണം എന്നതുകൊണ്ട് കുരിശിലെ അവിടുത്തെ ബലിദാനമാണ് ഈശോ വിവക്ഷിക്കുന്നത്. നമ്മുടെ കര്‍ത്താവീശോമിശിഹാ ഒരേസമയം ബലിയര്‍പ്പകനും ബലിവസ്തുവുമാണെന്ന് ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു.
തിരുപ്പട്ടദാനശുശ്രൂഷ
'സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ' എന്ന പ്രാര്‍ത്ഥനയിലൂടെ ശ്ലീഹന്മാരുടെ തിരുപ്പട്ടദാന(ീൃറശിമശേീി)മാണു നടന്നതെന്ന് ബനഡിക്ട് പാപ്പാ തുടര്‍ന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടവരായിത്തീരുന്നു. ഉടമസ്ഥതാകൈമാറ്റമാണ് അവിടെ സംഭവിക്കുന്നത്. ദൈവമാണ് പൗരോഹിത്യതിരുപ്പട്ടം സ്വീകരിച്ചവന്റെ ഉടമസ്ഥന്‍. ദൈവത്തിനായി നീക്കിവയ്ക്കപ്പെട്ടവനാണെങ്കിലും അവന്‍ ദൈവജനത്തിന്റെ പ്രതിനിധിയും അവരെല്ലാവര്‍ക്കും സംലഭ്യനുമാകണം.
ദൈവവചനം
'സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ' എന്ന പ്രാര്‍ത്ഥനയോടൊപ്പം 'നിന്റെ വചനമാണു സത്യം' എന്ന് ഈശോ നാഥന്‍ അരുള്‍ ചെയ്യുന്നുണ്ട്. അതിനു വിശദീകരണമായി ബനഡിക്ട് മാര്‍പാപ്പാ പറയുന്നത്, ദൈവവചനത്തില്‍, അതായത്, 'ഞാനാകുന്നു സത്യം' എന്നു പ്രഘോഷിച്ച ഈശോയില്‍ നിമജ്ജനം ചെയ്ത് പവിത്രീകൃതനാകുന്നവനാണ് പുരോഹിതന്‍ എന്നാണ്.
ഈശോമിശിഹായാണ് നിത്യപുരോഹിതന്‍; ആ പൗരോഹിത്യത്തില്‍ ഭാഗഭാക്കാവുകയാണ് ഓരോ പുരോഹിതനും. തന്നെത്തന്നെ പരിത്യജിച്ച് മിശിഹായോടു ചേര്‍ന്നുനില്‍ക്കാതെ, താന്‍ സ്വീകരിച്ച പൗരോഹിത്യമുദ്ര മറന്ന് സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കായി ജീവിച്ചാല്‍ അതു ശിക്ഷാവിധിക്കു കാരണമാകുമെന്നും ബനഡിക്ട് പിതാവ് പ്രസ്താവിക്കുന്നുണ്ട്. പുരോഹിതന്‍ അനുദിനം മിശിഹായുമായി സത്യത്തിലും സ്‌നേഹത്തിലും താദാത്മ്യം പ്രാപിക്കുന്നവനായിരിക്കണം. ആഴമായ പ്രാര്‍ത്ഥനാനുഭവം ഉള്ളവനായിരിക്കണം മിശിഹായുടെ പുരോഹിതന്‍.
തന്റെ തിരുപ്പട്ടസ്വീകരണത്തിന്റെ തലേന്നാള്‍ ഈ വചനഭാഗങ്ങള്‍ വായിച്ചു ധ്യാനിച്ചതിന്റെ സ്മരണ പങ്കുവച്ചുകൊണ്ടാണ് പെസഹാത്തിരുനാളിലെ ഈ തിരുവചനപ്രഘോഷണം ബനഡിക്ട് പിതാവ് ഉപസംഹരിച്ചത്.
പരിശുദ്ധ പിതാവിന്റെ ആഴമേറിയ ഈ വിചിന്തനങ്ങളെ അധികരിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ നല്കുന്ന ധ്യാനചിന്തകളുടെ രത്‌നച്ചുരുക്കം ചുവടെ ചേര്‍ക്കുന്നു:
കര്‍ദിനാള്‍ സറാ കുര്‍ബാനയില്‍ സഹകാര്‍മികനായിരുന്നു. എല്ലാ പ്രായത്തിലുംപെട്ട അനേകം വൈദികരും ആ പെസഹാവ്യാഴാഴ്ചത്തെ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. അവരുടെ മുമ്പില്‍ തന്റെ ഹൃദയം തുറന്നുവയ്ക്കുകയായിരുന്നു ബനഡിക്ട് പിതാവ് എന്നാണ് കര്‍ദിനാള്‍ ആദ്യമേ നിരീക്ഷിക്കുന്നത്.
മാര്‍പാപ്പാ വിശദമാക്കിയതുപോലെ നമ്മള്‍ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരാണോ? ലോകം ഉപേക്ഷിക്കാനുള്ള ദൈവികസ്വരം ശ്രവിച്ചവനാണു വൈദികന്‍. ഈശോ ബലിയായതുപോലെ ബലിയാകാന്‍ സമ്മതിച്ചവനാണു വൈദികന്‍. അനുദിനം മിശിഹാ അവനില്‍ വളര്‍ന്നുവരണം. വൈദികനില്‍ മിശിഹായെ ദര്‍ശിക്കാനും ശ്രവിക്കാനും ജനത്തിനു സാധിക്കണം. വൈദികന്റെ പവിത്രത അവന്‍ പരികര്‍മം ചെയ്യുന്ന കൂദാശകളിലാണ് അടങ്ങിയിരിക്കുന്നത്. ദൈവികതയ്ക്ക് (sacred) ഭ്രഷ്ടു കല്പിക്കാനുള്ള ആധുനികപ്രവണതയെ കര്‍ദിനാള്‍ സറാ ശക്തമായി അപലപിക്കുന്നുണ്ട്.
സുറിയാനിപാരമ്പര്യത്തില്‍ ഉപയോഗിക്കുന്ന 'റാസ', 'കൂദാശ' എന്നീ പദങ്ങള്‍ ദിവ്യരഹസ്യങ്ങളെയും വിശുദ്ധകര്‍മങ്ങളെയും സൂചിപ്പിക്കുന്നുവെന്ന് കര്‍ദിനാള്‍ എടുത്തുപറയുന്നുണ്ട്.
ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടവനും പവിത്രീകൃതനുമായ പുരോഹിതന്‍ പാപം ചെയ്യുമ്പോള്‍ അത് ഗൗരവമായ ദൈവനിന്ദയും ഇടര്‍ച്ചയുമാണെന്ന് കര്‍ദിനാള്‍ നിരീക്ഷിക്കുന്നു. വിശുദ്ധനല്ലാത്ത വൈദികന്‍ ഒരു വിരോധാഭാസമാണ്. വിശുദ്ധികൂടാതെ എങ്ങനെ പവിത്രീകൃതനാകും; എങ്ങനെ പരിപാവനമായവ പരികര്‍മം ചെയ്യും എന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
'തിരുപ്പട്ടവൈദികന്‍ തന്റെ സ്വരവും കരങ്ങളും അസ്തിത്വം മുഴുവനും മിശിഹായ്ക്കു വിട്ടുകൊടുക്കുന്നു' എന്ന് വിശുദ്ധ ഹോസെമരിയ എസ്‌ക്രിവ പറഞ്ഞിട്ടുള്ള കാര്യം പ്രസക്തമാണെന്ന് കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു. പുരോഹിതന്‍ തനിക്കുവേണ്ടിയല്ല ജീവിക്കേണ്ടത്; മുഴുവനായും ദൈവത്തിനുവേണ്ടിയും ദൈവജനത്തിനുവേണ്ടിയുമാണെന്ന് ബനഡിക്ട് പാപ്പാ പറഞ്ഞത് കര്‍ദിനാള്‍ എടുത്തു പറയുന്നുണ്ട്.
വൈദികരിലൂടെയാണ് ഈശോമിശിഹായുടെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്നും പൗരോഹിത്യം ഈശോയുടെ ഹൃദയത്തിലെ സ്‌നേഹംതന്നെയാണെന്നുമുള്ള വിശുദ്ധ ജോണ്‍ വിയാനിയുടെ വാക്കുകളും കര്‍ദിനാള്‍ സറാ ഓര്‍മിപ്പിക്കുന്നുണ്ട്. നിത്യരക്ഷ പരിശുദ്ധത്രിത്വത്തിന്റെ പ്രവൃത്തിയാണ്.
ലോകത്തിന്റെ ആശകളും നിരാശകളുമെല്ലാം വൈദികന് അന്യമല്ലെങ്കിലും അവന്‍ ലോകത്തില്‍നിന്നു ഭിന്നമായി ചിന്തിക്കുകയും ദൈവത്തിന് അടയാളമായി വര്‍ത്തിക്കുകയും വേണം. വസ്ത്രധാരണത്തില്‍ താന്‍ ദൈവികനാണെന്നു വ്യക്തമാക്കാനുള്ള ധൈര്യം ഉള്ളവരായിരിക്കണം വൈദികന്‍ എന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നതുപോലെ, പിതാവായ ദൈവത്തെ കണ്ടെത്താനും എല്ലാറ്റിലും ഉപരിയായി അവിടുത്തെ സ്‌നേഹിക്കാനും ആത്മാക്കളെ സഹായിക്കുക എന്നതാണ് പുരോഹിതന്റെ പ്രധാന കടമ എന്നു തിരിച്ചറിയാം.