ശ്രീലങ്കയിലെ കലുഷിതമായ സ്ഥിതിഗതികള്‍ ലോകസമാധാനത്തിനു ഭീഷണിയല്ലെങ്കിലും അയല്‍രാജ്യമായ ഇന്ത്യ കരുതലോടെയാണു നീങ്ങുന്നത്. ഇവിടേക്കെത്തിപ്പെടാന്‍ സാധ്യതയുള്ള അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്ത വിദേശകാര്യവകുപ്പിനെ വലയ്ക്കുന്നുണ്ട്.
''ഇത്രയും വലിയൊരു ആഡംബരവസതി എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. പട്ടിണിയും പരിവട്ടവുമായി ഞങ്ങള്‍ ജീവിതം തള്ളിനീക്കുമ്പോള്‍, ഇത്രയും ആര്‍ഭാടമായി ജീവിക്കാന്‍ നേതാക്കള്‍ക്കെങ്ങനെ കഴിയുന്നു?''
ആയിരക്കണക്കായ പ്രക്ഷോഭകര്‍ ഈ മാസം ഒമ്പതാംതീയതി കൈയേറിയ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരസദൃശമായ ഔദ്യോഗികവസതി അമ്മയോടൊപ്പം സന്ദര്‍ശിക്കാനെത്തിയ മാഷാ മുനവീരയെന്ന ബാങ്കുദ്യോഗസ്ഥ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഗോട്ടബയ രാജപക്‌സെ അടുത്ത ദിവസംതന്നെ പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുമെന്ന വാക്കു പാലിക്കുമെന്നു പ്രത്യാശിക്കുമ്പോഴും വീണ്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുമോയെന്ന ആശങ്കയും അവര്‍ മാധ്യമങ്ങളുമായി പങ്കുവച്ചു.
രണ്ടേകാല്‍കോടിയോളം ജനസംഖ്യയുള്ള ശ്രീലങ്കയെന്ന കൊച്ചുദ്വീപുരാഷ്ട്രം ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലാണ്. 1948 ല്‍ നേടിയ സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ടിട്ടില്ലാത്തത്ര വലിയ പ്രക്ഷോഭത്തിനും തലസ്ഥാനമായ കൊളംബോയിലെ തെരുവുകള്‍ സാക്ഷ്യംവഹിച്ചു. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ട്രക്കുകളിലും ബസുകളിലും തീവണ്ടികളിലുമായി നഗരത്തിലെത്തിയ പതിനായിരങ്ങള്‍ 'ഗോ ഹോം ഗോട്ട' എന്ന പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിലേക്കു പ്രകടനമായെത്തിയത്. കൊട്ടാരത്തിനുള്ളിലേക്കു മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരച്ചുകയറിയ ആയിരക്കണക്കായ പ്രക്ഷോഭകര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ചും വിശാലമായ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തും, പുല്‍ത്തകിടികളില്‍ ഉല്ലസിച്ചും കഴിയുകയാണ്. പ്രതിപക്ഷപാര്‍ട്ടികളും വിവിധ സന്നദ്ധസംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ബഹുജനറാലി നിയന്ത്രണാതീതമായേക്കുമെന്ന രഹസ്യാന്വേഷണറിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ വെള്ളിയാഴ്ച രാത്രിതന്നെ സൈനികാസ്ഥാനത്തേക്കു മാറിയിരുന്നതായാണ് റിപ്പോര്‍ട്ട്. കൂറ്റന്‍ സ്യൂട്ട്‌കേസുകളുമായി നീങ്ങുന്ന ഏതാനുംപേര്‍ 'എസ് എന്‍ എന്‍ എസ് ഗജബാഹു' എന്ന നാവികസേനാകപ്പലിലേക്കു കയറുന്ന വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാജപക്‌സെ രാജ്യം വിട്ടതായും സംശയിക്കുന്നുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ 9-ാം തീയതി തുടങ്ങിയ കലാപകലുഷിതമായ അന്തരീക്ഷമാണ് മൂന്നു മാസം പൂര്‍ത്തിയായ ദിവസംതന്നെ മൂര്‍ദ്ധന്യത്തിലെത്തിയത്. പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്കു പുറത്തു സംഘടിച്ച പതിനായിരങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് ഇരച്ചുകയറുകയാണുണ്ടായത്. സമീപത്തുള്ള ധനമന്ത്രാലയവും ജനങ്ങള്‍ കീഴടക്കി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്കു വെടിയുതിര്‍ക്കുകയും ചെയ്തിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനായില്ല. രാജപക്‌സെ തലേന്നുതന്നെ രക്ഷപ്പെട്ടതിനാല്‍ കടുത്ത നടപടികളിലേക്കു കടക്കാതെ സൈന്യം മാറിനിന്നു. സൈനികരില്‍തന്നെ നിരവധിപ്പേര്‍ പ്രക്ഷോഭകരോടൊപ്പം ചേര്‍ന്നതായും വാര്‍ത്തകളുണ്ട്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഏതാനും മീറ്ററുകള്‍മാത്രം അകലെയുള്ള സെക്രേട്ടറിയറ്റുമന്ദിരത്തിലേക്കും ആള്‍ക്കൂട്ടം കയറി. മന്ദിരത്തിന്റെ ഇരുമ്പുഗേറ്റുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഉള്ളിലെത്തിയത്. യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നുകിടക്കുന്ന സെക്രട്ടേറിയറ്റിനും പരിസരത്തിനും ഒരു പാര്‍ക്കിന്റെയോ മ്യൂസിയത്തിന്റെയോ പകിട്ടേ ഇപ്പോഴുള്ളൂ. പ്രധാനമന്ത്രി റനില്‍ വിക്രമസിംെഗയുടെ സ്വകാര്യവസതി ആക്രമിച്ച ജനക്കൂട്ടം വാഹനങ്ങള്‍ തകര്‍ക്കുകയും വീടിനു തീവയ്ക്കുകയും ചെയ്തു. സെക്രട്ടേറിയറ്റില്‍നിന്നു നാലു കിലോമീറ്ററോളം അകലെയുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയും ജനക്കൂട്ടം കൈയടക്കി. മാസങ്ങളായുള്ള ജനകീയപ്രക്ഷോഭം അവഗണിച്ച് അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് രാജിവയ്ക്കാതെ തിരികെപ്പോകില്ലെന്നാണു ജനക്കൂട്ടത്തിന്റെ നിലപാട്.
മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിനും മറ്റനേകം വെല്ലുവിളികള്‍ക്കുംശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും കഠിനവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. വിദേശനാണ്യശേഖരത്തിലെ വന്‍ഇടിവാണ് സാമ്പത്തികപ്രതിസന്ധിയിലേക്കു രാജ്യത്തെ തള്ളിവിട്ടതെന്നു പറയപ്പെടുന്നു. ഭക്ഷണവും ഇന്ധനവും മരുന്നുകളും ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാരിനു പണമില്ലാത്ത സ്ഥിതിയാണ്. ഭക്ഷണം ലഭിക്കണമെങ്കിലും പാചകവാതകം കിട്ടണമെങ്കിലും മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനില്ക്കണം. പെട്രോള്‍ തീര്‍ന്നു, ഡീസല്‍ ലഭിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവില്‍ കിടക്കണം. എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. അടുക്കളയില്‍ തീ പുകഞ്ഞിട്ട് മാസങ്ങളായെന്നു വിലപിക്കുന്ന പട്ടിണിപ്പാവങ്ങളുണ്ട്. വഴിവക്കുകളില്‍ തീകൂട്ടി, കിട്ടുന്ന സാധനങ്ങള്‍കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിത്തിന്ന് ജീവിതം തള്ളിനീക്കുന്നു. ജൂണ്‍മാസത്തില്‍ 55 ശതമാനമായിരുന്ന പണപ്പെരുപ്പം വരും മാസങ്ങളില്‍ 70 ശതമാനം ആയേക്കുമെന്ന മുന്നറിയിപ്പുകൂടി വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നു തീര്‍ച്ചയാണ്.
പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം രാജി
പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഈ മാസം 13 ന് രാജി സമര്‍പ്പിക്കുമെന്ന് പാര്‍ലമെന്റു സ്പീക്കറായ മഹിന്ദ അബെയ് വര്‍ദ്ധന പറയുന്നു. എന്നാല്‍, ഒരു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുംവരെ തങ്ങള്‍ തുടരുമെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ കക്ഷികളും ചേര്‍ന്നു രൂപംകൊടുക്കുന്ന ഒരു ഗവണ്‍മെന്റിനേ കഴിയൂ എന്നാണ് അവരുടെ വാദം. ഗോട്ടബയയുടെ ഇളയസഹോദരന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ പകരക്കാരനായെത്തിയ റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തിയിട്ട് ഒന്നരമാസമേ ആകുന്നുള്ളൂവെങ്കിലും ആറാഴ്ചകള്‍ ഭരണം കൈയാളിയിട്ടും ഭരണത്തില്‍ പരാജയപ്പെട്ടുവെന്നാണ് ജനം വിധിയെഴുതിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ പാര്‍ലമെന്റു സ്പീക്കറായ മഹിന്ദ അബെയ് വര്‍ധന താത്കാലികപ്രസിഡന്റിന്റെ ചുമതലയേല്ക്കുമെന്നും കരുതപ്പെടുന്നു. വിവിധ രാഷ്ട്രീയനേതാക്കളുമായി നടത്തുന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കുന്നതും സ്പീക്കറാണ്. മൂന്നുവര്‍ഷം രാജ്യം ഭരിച്ച സര്‍ക്കാര്‍ ഭരണപരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവയ്ക്കുകയും പുതിയ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുകയും ചെയ്യണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നുണ്ട്. ആകെയുള്ള 225 പാര്‍ലമെന്റംഗങ്ങളും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 54 സീറ്റുകളുള്ള പ്രധാന പ്രതിപക്ഷകക്ഷിയായ സമാഗി ജന ബലവേഗയ (എസ് ജെ ബി.) മറ്റു പ്രതിപക്ഷപാര്‍ട്ടികളെ ചേര്‍ത്ത് അധികാരമേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ പുത്രനും എസ് ജെ ബി യുടെ ചെയര്‍മാനും പ്രതിപക്ഷനേതാവുമായ സജിത് പ്രേമദാസ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുമെന്നും അറിയിച്ചുകഴിഞ്ഞു. രാജ്യാന്തരനാണ്യനിധി(കങഎ)യുമായി ചര്‍ച്ചകള്‍ നടത്താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു.
ശ്രീലങ്കയിലെ കലുഷിതമായ സ്ഥിതിഗതികള്‍ ലോകസമാധാനത്തിനു ഭീഷണിയല്ലെങ്കിലും അയല്‍രാജ്യമായ ഇന്ത്യ കരുതലോടെയാണു നീങ്ങുന്നത്. ഇവിടേക്കെത്തിപ്പെടാന്‍ സാധ്യതയുള്ള അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്ത വിദേശകാര്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കട്ടെയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐ എം എഫില്‍ നിന്ന് സാമ്പത്തികസഹായം ലഭ്യമാക്കിയാലും സുസ്ഥിരത കൈവരിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറയുന്നത്.