•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മൗനരാഗം

പ്രശസ്തമായ ആ മെഡിക്കല്‍ കോളജിലെ ഒരു സംഘം ഡോക്ടര്‍മാര്‍ വിദഗ്ധമായ ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കുംശേഷം തീര്‍പ്പുകല്പിച്ചു. ജയ്‌മോന്റെ ആരോഗ്യനില തീര്‍ത്തും മോശമാണ്. പരമാവധി മൂന്നുമാസമേ ജീവിച്ചിരിക്കൂ. അതിനുള്ളില്‍...
ഇരുപത്താറു വയസ്സുമാത്രം പ്രായമുള്ള ജയ്‌മോന്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയെങ്കിലും ഞെട്ടിയില്ല, തളര്‍ന്നില്ല. നിസ്സംഗതയോടെ അത് അംഗീകരിച്ചു. എല്ലാം വിധിയുടെ ക്രൂരവിനോദം എന്നു സ്വയം സമാധാനിച്ചു. ഭാഗ്യവശാല്‍ രോഗത്തിന്റെ ഗൗരവമനുസരിച്ചുള്ള വേദനയോ അവശതയോ ഇല്ല.
എന്തായാലും വീര്യമേറിയ മരുന്നുകളും ശക്തമായ ചികിത്സാവിധികളും തനിക്കു വേണ്ടെന്ന് ആ യുവാവ് തീര്‍ത്തുപറഞ്ഞു. ആയുസ്സിലെ ഇനിയുള്ള നാളുകള്‍ സന്തോഷിക്കാനും സംതൃപ്തിയടയാനും ജയ്‌മോന്‍ ഒരു മാര്‍ഗം കണ്ടെത്തി. കിട്ടാവുന്നിടത്തോളം നല്ല പുസ്തകങ്ങള്‍ സമ്പാദിച്ചു വായിക്കുക.
അടുത്ത ദിവസം ജയ്‌മോന്‍ കോളജിനടുത്തുള്ള ബുക്ക്സ്റ്റാളിലേക്കു പോയി. ജൂലിയെന്ന അവിടത്തെ സെയില്‍സ്‌ഗേളുമായി ജയ്‌മോന്‍ പെട്ടെന്നു പരിചയത്തിലായി. ജൂലിയുടെ പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ പെരുമാറ്റവും സ്‌നേഹം തുളുമ്പുന്ന സംസാരവും ജയ്‌മോനെ വല്ലാതെ ആകര്‍ഷിച്ചു. അവളെ നന്നായി ഇഷ്ടപ്പെടുകയും ഉള്ളാലേ സ്‌നേഹിക്കുകയും ചെയ്തു. തന്റെ രാഗവായ്പ് ജയ്‌മോന്‍ ജൂലിയോടു തുറന്നുപറയാന്‍ തുനിഞ്ഞില്ല. ഹൃദയമാകുന്ന രഹസ്യപേടകത്തില്‍ അതു സൂക്ഷിച്ചു. തന്റെ രോഗവിവരത്തെപ്പറ്റി അവളെ അറിയിച്ചുമില്ല. അറിയിച്ചാല്‍ സഹതാപവും സാന്ത്വനവുമായി അരികിലെത്തും. ജയ്‌മോന് അതിഷ്ടമില്ല. 
ഒന്നിടവിട്ട ദിവസങ്ങളില്‍ ജയ്‌മോന്‍ ബുക്ക്സ്റ്റാള്‍ സന്ദര്‍ശിച്ചു. പുസ്തകങ്ങള്‍ വാങ്ങി ജൂലിയുമായി കുറച്ചുനേരം സംസാരിക്കും. ഇരുവര്‍ക്കും മനസ്സിനു കുളിര്‍മ നല്‍കുന്ന നിമിഷങ്ങളായിരുന്നു അവ. പലപ്പോഴും അവര്‍ ഒരു കാപ്പി ഷെയര്‍ ചെയ്തു കുടിക്കും, ബിസ്‌കറ്റു പങ്കുവയ്ക്കും. അതൊരു പതിവായി. ജയ്‌മോനുമായുള്ള സൗഹൃദവും സംസാരവും ജൂലിയില്‍ അനുരാഗത്തിന്റെ കുഞ്ഞലകള്‍ സൃഷ്ടിച്ചു. നാമ്പിട്ട പ്രണയം വശ്യമായ പുഞ്ചിരില്‍ ഒളിപ്പിച്ചു. 
തുടര്‍ന്ന് ഓരോ പ്രാവശ്യവും ജയ്‌മോന്‍ പുസ്തകം വാങ്ങുമ്പോള്‍ ജൂലി അതു ഭംഗിയായി പൊതിഞ്ഞുകെട്ടി ഒരു ഗിഫ്റ്റ്‌പോലെ സമ്മാനിക്കും. അങ്ങനെ പങ്കുചേര്‍ന്നുള്ള കാപ്പികുടിയും പുസ്തകത്തിന്റെ സമ്മാനപ്പൊതി നല്‍കലും കുറെനാള്‍ തുടര്‍ന്നു. ഏതെങ്കിലും കാരണത്താല്‍ പ്രതീക്ഷിക്കുന്ന ദിവസം ജയ്‌മോനെ കണ്ടില്ലെങ്കില്‍ ജൂലിക്ക്  ഇച്ഛാഭംഗവും വിഷാദവുമായി.
കുറെ ദിവസങ്ങളായി ജയ്‌മോനെ കാണാതായപ്പോള്‍ ജൂലിയുടെ മനസ്സ് അസ്വസ്ഥമായി. ആകാംക്ഷ ഉത്കണ്ഠയായി. എന്തുപറ്റി? കൊണ്ടുപോയ പുസ്തകങ്ങള്‍ വായിച്ചുതീര്‍ന്നില്ലേ? അതോ പുതിയ പുസ്തകങ്ങള്‍ തേടി മറ്റേതെങ്കിലും ബുക്ക്സ്റ്റാളില്‍ പോയിരിക്കുമോ? അങ്ങനെയെങ്കില്‍ ജയ്‌മോന്‍ ഈ ജൂലിയെ കാണാനും ഒരുമിച്ചിരുന്നു പങ്കുവച്ചു കാപ്പികുടിക്കാനും ഇനി വരില്ലായിക്കുമോ? വിഷമവും വിഷാദവും ആ മനസ്സിനുള്ളില്‍ പുകഞ്ഞു. ഉത്കണ്ഠ വ്യസനത്തിനു വഴിമാറിക്കൊടുത്തു.
ഒന്നന്വേഷിക്കാമെന്നു വച്ചാല്‍ ജയ്‌മോന്റെ വീടു ജൂലിക്കു കൃത്യമായി അറിയില്ല. ഇരുന്നിട്ടു സ്വസ്ഥതയില്ല. അന്വേഷിച്ചിറങ്ങി. പലരോടും ചോദിച്ചു. ഒടുവില്‍ കണ്ടുപിടിച്ചു. ഗേറ്റു കടന്നുചെന്നു. ജയ്‌മോന്റെ അമ്മ മകന്റെ മുറിയിലായിരുന്നു. മുമ്പു പരിചയമില്ലെങ്കിലും ആ അമ്മ അവളെ സ്വീകരിച്ചിരുത്തി.
'മോനെവിടെ?' എന്നു ജൂലി ചോദിക്കുംമുമ്പ് അമ്മ വിതുമ്പിക്കരഞ്ഞു പറഞ്ഞു:
''ജയ്‌മോന്‍ ഒരാഴ്ചമുമ്പ് മരിച്ചുപോയി. കാന്‍സറായിരുന്നു...''
ജൂലിയുടെ നെഞ്ചിനുള്ളില്‍ ഇടിവാള്‍ മിന്നി. തലയ്ക്കുള്ളില്‍ ഒരു വിസ്‌ഫോടനമുണ്ടായതുപോലെ സ്തംഭിച്ചിരുന്നു. വിങ്ങുന്ന ഹൃദയം. നീറുന്ന നിമിഷങ്ങള്‍. അവളുടെ നിറമിഴികള്‍ ബുക്ക് ഷെല്‍ഫില്‍ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ കണ്ടു. അതിനരികെ മേശപ്പുറത്ത് അവള്‍ ഭംഗിയായി പൊതിഞ്ഞു സമ്മാനംപോലെ കൈമാറിയ പുസ്തകങ്ങള്‍ കണ്ടു. അതിലൊരെണ്ണം തുറന്നിരിക്കുന്നതും കണ്ടു. പെട്ടെന്നവള്‍ വിങ്ങിപ്പൊട്ടി വാവിട്ടു കരഞ്ഞു. അമ്മ അന്ധാളിച്ചുപോയി. പരിഭ്രാന്തിയോടെ അമ്മ ചോദിച്ചു: ''എന്തുപറ്റി മോളേ, എന്തിനാ നീ കരയുന്നത്?''
''അമ്മേ! വൃത്തിയായി പൊതിഞ്ഞു ഞാന്‍ കൊടുത്തുവിട്ട പാക്കറ്റുകള്‍ എന്തേ ജയ്‌മോന്‍ തുറക്കാതിരുന്നത്? ജയ്‌മോന്‍ എന്നെ ഏറെ സ്‌നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. അതിലിരട്ടിയായി ഞാന്‍ ജയ്‌മോനെ  സ്‌നേഹിച്ചിരുന്നു. അതു തുറന്നുപറയാന്‍ എനിക്കു ധൈര്യമുണ്ടായില്ല. കാരണം, ഞാനൊരു പാവപ്പെട്ട വീട്ടിലെ മകളാണ്. നേരിട്ടുപറയാന്‍ ഭയമായിട്ട് എന്റെ ഓരോ സ്‌നേഹക്കുറിപ്പുകള്‍ ഈ പുസ്തകപ്പൊതിയിലാണ് വച്ചിരുന്നത്... ജയ്‌മോന്‍ ഈ രോഗത്തെപ്പറ്റി ഒരിക്കലും എന്നോടു പറഞ്ഞില്ല.... അയ്യോ!...''
ജൂലി മുഖംപൊത്തി വിതുമ്പി. ആ കരച്ചില്‍കേട്ട് ആ അമ്മ ഒരു പ്രതിമകണക്കെ സ്തംഭിച്ചിരുന്നു

. (എന്റെ സുഹൃത്തും തൃശൂര്‍ സ്വദേശിയുമായ ജെ. കവാല്‍ ഇംഗ്ലീഷിലെഴുതിയ കഥയുടെ സ്വതന്ത്രസംഗ്രഹമാണിത്.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)