•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവസാനമില്ലാത്ത ഒരു യുദ്ധം

രാഴ്ചകൊണ്ട് യുക്രെയ്‌നെ കീഴടക്കാനുറച്ചു തുടങ്ങിയ ഏറ്റുമുട്ടല്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-ാം തീയതി നാലു മാസം പിന്നിട്ടു. ഈ വര്‍ഷം ഫെബ്രുവരി 24-ാം തീയതി മൂന്നു ദിക്കുകളില്‍നിന്നും യുക്രെയ്‌നിലേക്കിരച്ചുകയറിയ റഷ്യന്‍ സൈന്യം അവസാനിക്കാത്ത ഒരു യുദ്ധത്തിനാണു തുടക്കം കുറിക്കുന്നതെന്ന് സ്വപ്‌നേപി കരുതിയിട്ടുണ്ടാകില്ല.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അടുത്തെങ്ങും അവസാനിക്കുകയില്ലെന്നും വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാമെന്നും നാറ്റോയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടത് അടുത്ത നാളുകളിലാണ്. തന്റെ രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും ശത്രുരാജ്യത്തിനു വിട്ടുനല്‍കില്ലെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു സ്റ്റോള്‍ട്ടെന്‍ബെര്‍ഗ്.
അതിനിടെ, ജര്‍മനിയില്‍ ചേര്‍ന്ന ജി 7 ഉച്ചകോടിയില്‍ യുക്രെയ്‌നു പിന്നില്‍ ഉറച്ചുനില്ക്കുമെന്ന്  ഏഴു സമ്പന്നരാജ്യങ്ങളും യുക്രെയ്‌ന് ഉറപ്പു നല്‍കി. രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പുറപ്പെടുവിച്ച  സംയുക്തപ്രസ്താവന ഇപ്രകാരമായിരുന്നു: ''ഞങ്ങള്‍ ഇതുവരെ യുക്രെയ്‌നു നല്‍കിക്കൊണ്ടിരുന്ന സാമ്പത്തികവും സൈനികവും മനുഷ്യത്വപരവും നയതന്ത്രപരവുമായ പിന്തുണ തുടരാനാണു തീരുമാനിച്ചത്. യുദ്ധം എന്നുവരെ തുടരുമോ അന്നുവരെ ഞങ്ങള്‍ യുക്രെയ്‌നൊപ്പം ഉറച്ചുനില്ക്കും'' കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ., യു.എസ്. തുടങ്ങിയ വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കുപുറമേ ഇന്ത്യ, ഇന്തോനേഷ്യ, അര്‍ജന്റീന, സെനഗല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കാളികളായി. അടുത്ത നാളുകളിലെ മാറിവന്ന സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ആഗോളപ്രാധാന്യം, 2019 മുതലുള്ള ജി 7 ഉച്ചകോടിയിലെ ഇന്ത്യയുടെ സജീവസാന്നിധ്യംകൊണ്ടു തെളിയിക്കാനായി. ജി 7 രാജ്യങ്ങളുള്‍പ്പെട്ട ജി 20 ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം ഈ വര്‍ഷാവസാനം ഏറ്റെടുക്കാനും ഇന്ത്യ തയ്യാറാടെക്കുകയാണ്.
യുദ്ധം തുടരുന്നു
ആഴ്ചകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒരു ലക്ഷത്തിലേറെ ജനസംഖ്യയുണ്ടായിരുന്ന  സെവേറോ ഡോണറ്റ്‌സ്‌കും ഇരട്ടനഗരമായ ലിസിചാന്‍സ്‌കും സ്ഥിതിചെയ്യുന്ന വ്യവസായമേഖല പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. ഇതോടെ, ലുഹാന്‍സ്‌കും ഡോണറ്റ്‌സ്‌കും ഉള്‍പ്പെടുന്ന ഡോണ്‍ബാസ് പ്രവിശ്യയുടെ 90 ശതമാനവും കീഴടക്കിക്കഴിഞ്ഞുവെന്നാണു വാര്‍ത്ത.  ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാരുമായി വീഡിയോ ലിങ്കിലൂടെ രണ്ടു മണിക്കൂര്‍ സംവദിച്ചശേഷം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു: ''സെവേറോഡോണറ്റ്‌സ്‌കിലെയും ലിസിചാന്‍സ്‌കിലെയും അവസ്ഥ പരമദയനീയമാണ്. വേദനാജനകമായ നഷ്ടങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. ഒരു ദിവസം 200 സൈനികരാണ് ജീവത്യാഗം  ചെയ്യുന്നത്. പക്ഷേ, ഞങ്ങള്‍ ഭഗ്നാശരല്ല. നിര്‍ണായകമായ ഒരു ഘട്ടത്തിലേക്കു യുദ്ധം എത്തിപ്പെട്ടിരിക്കുന്നു. പത്തുപേര്‍ക്ക് ഒന്ന് എന്ന നിലയിലാണ് യുദ്ധം മുന്നോട്ടുപോകുന്നത്. ആയുധങ്ങള്‍ തന്ന് ഞങ്ങളെ സഹായിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും നാറ്റോ അംഗങ്ങളോടും ഞങ്ങള്‍ക്ക് അപേക്ഷിക്കാനുള്ളത്.'' ഉച്ചകോടിയില്‍ പങ്കെടുത്ത ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ചുപ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും വിമാനവേധ തോക്കുകള്‍ അടക്കമുള്ള യുദ്ധോപകരണങ്ങള്‍ നല്കുമെന്നു വാഗ്ദാനം ചെയ്തു. 169 കോടി യു.എസ്. ഡോളറിനുള്ള അത്യാന്താധുനികസ്റ്റിംഗര്‍ മിസൈലുകള്‍ നല്കാനുള്ള കരാറിലാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടത്. മേയ്മാസം  നല്‍കിയ 4,000 കോടി യുഎസ് ഡോളറിന്റെ ആയുധങ്ങള്‍ക്കു പുറമേയാണിത്.
അസോവ് കടല്‍ത്തീരത്തെ മരിയൂപോള്‍, മരീറ്റപോള്‍ തുറമുഖനഗരങ്ങളും കരിങ്കടല്‍ത്തീരത്തെ ഖെര്‍സന്‍ തുറമുഖവും നഷ്ടപ്പെട്ടെങ്കിലും പ്രത്യാശ കൈവിടാത്ത സെലെന്‍സ്‌കിയുടെ ആത്മധൈര്യമാണ് ഒരു വന്‍ശക്തിരാഷ്ട്രത്തോടു പൊരുതിനില്ക്കാന്‍ യുക്രെയ്ന്‍ ജനതയ്ക്കു പ്രേരണ നല്കുന്നത്. തലസ്ഥാനനഗരമായ  കീവില്‍നിന്നും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കീവില്‍നിന്നും  ശത്രുസൈന്യത്തെ തോല്പിച്ചോടിച്ചതിന്റെ  ആത്മവിശ്വാസവും അവര്‍ക്കുണ്ട്. 
ഡോണ്‍ബാസ് പ്രവിശ്യയുടെ സമ്പൂര്‍ണവിമോചനമാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ്‌റോവ് ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത്. ഈ ലക്ഷ്യം മുന്‍നിറുത്തി കിഴക്കന്‍മേഖലയിലേക്കു കൂടുതല്‍ സേനയും ആയുധങ്ങളും എത്തിച്ചതായും വാര്‍ത്തയുണ്ട്.
ഒരു ആണവയുദ്ധം തടയുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്കുന്നതെന്നും ലാവ്‌റോവ് പറയുന്നുണ്ടെങ്കിലും ലിസിചാന്‍സ്‌കിലെത്തിയ്ക്കുന്ന സൈന്യത്തെ പടിഞ്ഞാറന്‍പ്രദേശങ്ങളിലേക്കു വിന്യസിച്ച് യുദ്ധം വ്യാപിപ്പിക്കാനാണ് സൈനികനേതൃത്വം പദ്ധതിയിടുന്നത്. 1930 ല്‍ സോവിയറ്റ് ഭരണകാലത്ത് ജന്മംകൊണ്ട ലിസിചാന്‍സ്‌ക് വ്യവസായനഗരം രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മന്‍സൈന്യം പിടിച്ചെടുത്തെങ്കിലും 1943 ഫെബ്രുവരി ഒന്നാം തീയതി സോവിയറ്റ് യൂണിയന്‍ തിരിച്ചുപിടിച്ച ചരിത്രവുമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ രാസവളനിര്‍മാണക്കമ്പനിയായ അസോട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനനഗരവുമാണ് ലിസിചാന്‍സ്‌ക്. യുക്രെയ്‌നിലെ രാസവളത്തിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഈ വ്യവസായശൃംഖലയാണ്. 
കരിങ്കടല്‍ത്തീരത്തെ ഒഡേസ തുറമുഖത്തും അവിടെയുള്ള ജനവാസമേഖലയിലും ഈ മാസം ഒന്നാം തീയതി റഷ്യ നടത്തിയ മിസൈലാക്രമണങ്ങളില്‍ 19 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഒന്‍പതും പതിന്നാലും നിലകളുള്ള രണ്ടു പാര്‍പ്പിടസമുച്ചയങ്ങളാണ് മിസൈലുകള്‍ തകര്‍ത്തത്. കരിങ്കടലിലുള്ള തന്ത്രപ്രധാനമായ സ്‌നേക് ഐലന്റില്‍നിന്നു റഷ്യന്‍പടയെ തുരത്തിയതിനുള്ള പക തീര്‍ക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഗോതമ്പുത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ യുക്രെയ്‌നില്‍നിന്നുള്ള കയറ്റുമതിയില്‍ ഭൂരിഭാഗവും ഒഡേസ തുറമുഖത്തുനിന്നു സ്‌നേക് ഐലന്റ് തീരംവഴിയാണ് കടന്നുപോകുന്നത്. 
വരാന്‍ പോകുന്നത് ആഗോളഭക്ഷ്യക്ഷാമം
ലോകം വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണു നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നല്കി. ഈ വര്‍ഷത്തെ പ്രതിസന്ധികളുടെ തിക്തഫലം പ്രതിഫലിക്കുന്നത് വരുംവര്‍ഷങ്ങളിലായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. കാലാവസ്ഥാവ്യതിയാനം, കൊവിഡ് രോഗവ്യാപനം, മറ്റു മാരകരോഗങ്ങള്‍, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന/വിപണന/വിതരണരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങളിയ പ്രശ്‌നങ്ങള്‍ക്കുപുറമേ യുക്രെയ്ന്‍ യുദ്ധവുംകൂടി ചേര്‍ന്നതാണ് പ്രതിസന്ധി  മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത്. യുക്രെയ്‌നില്‍ 20 ലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നത്. അവിടെനിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ കരമാര്‍ഗവും കരിങ്കടല്‍ത്തീരത്തുള്ള തുറമുഖങ്ങള്‍വഴിയും പുറത്തേക്കെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്. പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കാനായില്ലെങ്കില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്രരാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും.'' ഗുട്ടറെസ് പറഞ്ഞു.
ദിവസങ്ങള്‍ കഴിയുന്തോറും സങ്കീര്‍ണമാകുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം പുറത്തേക്കു വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ പ്രഭാതത്തിലും ഉണരുന്നത്. റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ വിട്ടുകൊടുത്തിട്ടാണെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ സെലെന്‍സ്‌കിയോട് അഭ്യര്‍ത്ഥിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഒരു ചെറിയ പ്രദേശം കൈവശപ്പെടുത്തുന്നതിന് ഒരു രാജ്യം മുഴുവന്‍ തീയിട്ടു നശിപ്പിച്ചത് ഉചിതമായ തീരുമാനമായിരുന്നില്ലെന്നും, ഉഭയകക്ഷിചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയായിരുന്നു വേണ്ടിയിരുന്നതെന്നും വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)