ഇരുപത്തിമൂന്നുകാരി അഞ്ജലി ഒത്തിരി വിഷാദത്തോടെയാണു മുറിയിലേക്കു കടന്നുവന്നത്. വന്നയുടനെ പറഞ്ഞു: ''സിസ്റ്ററേ, ഞങ്ങള്‍ പിരിയണോ അതോ തുടരണോ എന്നറിയാന്‍ വന്നതാ.'' ''എന്തുപറ്റി മോളേ? ആരുമായാ കുട്ടിക്കു പിരിയേണ്ടത്'' എന്നു ചോദിച്ചപ്പോള്‍, അഞ്ജലി തന്റെ കഥ പറയാന്‍ തുടങ്ങി: എട്ടു വര്‍ഷമായി അഞ്ജലി, ജീവന്‍ എന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലാണ്. എന്നാലിപ്പോള്‍ ഒന്നരവര്‍ഷമായി രണ്ടുപേരും സംസാരത്തിനിടയില്‍ വഴക്കിടുന്നു. ജീവന്‍ കമ്പ്യൂട്ടറില്‍ ആറുമാസത്തെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞ് സൗദിയില്‍ ജോലി ചെയ്യുന്നു. അഞ്ജലി എം.എസ്‌സി. കഴിഞ്ഞ് എം.ഫില്‍ ചെയ്യാനുള്ള അന്വേഷണത്തിലാണ്.
പഠിക്കുന്ന കാര്യം പറയുമ്പോഴൊക്കെ ജീവന്‍ പറയും, 'എന്തിനാ പഠിക്കുന്നെ, കല്യാണം കഴിഞ്ഞാല്‍ ജോലിക്കൊന്നും വിടില്ല, അമ്മയെ നോക്കി വീട്ടില്‍ ഇരുന്നോണം' എന്ന്. ഇക്കാര്യം അഞ്ജലിക്ക് അംഗീകരിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല. കാരണം, അവള്‍ക്ക് അമ്മ മാത്രമേയുള്ളൂ. അവരെ നോക്കാനുള്ള തന്റെ ഉത്തരവാദിത്വം അവള്‍ അവനോടു വ്യക്തമായി പറഞ്ഞു. ജോലിക്കു പോകണ്ട എന്ന ജീവന്റെ വാദം താന്‍ അംഗീകരിക്കുന്നില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍, അടുത്തതവണ അവനെ കൂട്ടിക്കൊണ്ടു വരാന്‍ പറഞ്ഞുവിട്ടു. ഒരു മാസത്തിനുശേഷം രണ്ടുപേരുംകൂടി വന്നു. ഇപ്രാവശ്യം ജീവനാണ് ആദ്യം വന്നത്. അവന്‍ പറഞ്ഞു: ''ഞാന്‍ പരമാവധി പൊരുത്തപ്പെടാന്‍ ശ്രമിച്ചു, എനിക്ക് ഇനി ഇതു തുടരണമെന്നില്ല. എന്റെ വിഷമം കണ്ട് ഇപ്പോള്‍ അമ്മയ്ക്കും ഇവളെ ഇഷ്ടമല്ല. എനിക്കും എന്റെ അമ്മ മാത്രമേയുള്ളൂ. അവരെ വിഷമിപ്പിക്കാന്‍, തനിച്ചാക്കാന്‍ ഞാന്‍ സമ്മതിക്കില്ല. സിസ്റ്റര്‍ അവളെ ഒന്നു പറഞ്ഞു മനസ്സിലാക്കണം.''
കലങ്ങിയ കണ്ണുകളോടെ വന്ന അഞ്ജലി, ജീവന്‍ എന്തു പറഞ്ഞു എന്നറിയാന്‍ തിടുക്കം കാണിച്ചു. 'അവനു നിന്നോടു പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല, വിവാഹശേഷം ജോലിക്കു വിടില്ല. ഈ കാര്യങ്ങളോടു നിനക്കു യോജിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയാമെന്നാണ് അവന്‍ പറഞ്ഞത്' എന്നു വ്യക്തമായി കേട്ട അഞ്ജലി, വിങ്ങിപ്പൊട്ടിക്കരയാന്‍ തുടങ്ങി, എന്നിട്ടു പറഞ്ഞു: ''ഞാന്‍ എന്റെ മനസ്സും ശരീരവും അവനു കൊടുത്തതാ സിസ്റ്ററേ, ഇവനെന്താ ഇപ്പോള്‍ ഇങ്ങനെ?''
ഇവിടെ, നീണ്ട എട്ടു വര്‍ഷമാണ് ജീവനും അഞ്ജലിയും പ്രണയിച്ചതും പരസ്പരം പങ്കുവച്ചതും. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ജലിയുടെ ചിന്തയിലും പ്രവൃത്തികളിലും ജീവിതശൈലിയിലും വീക്ഷണത്തിലും വ്യത്യാസം വന്നു. ഇത് അവളുടെ കുറ്റമല്ല. അവളുടെ വിദ്യാഭ്യാസം, അവളെ കൂടുതല്‍ വിശാലമായി ചിന്തിക്കാന്‍ പഠിപ്പിച്ചു. പക്ഷേ, ജീവനെ സംബന്ധിച്ചിടത്തോളം പ്ലസ് ടൂ വിദ്യാഭ്യാസമാണ് അവന്റെ ചിന്തയുടെയും വീക്ഷണത്തിന്റെയും മാനദണ്ഡം. ഇത് പൊരുത്തപ്പെടല്‍ അസാധ്യമാക്കി എന്നുവേണം മനസ്സിലാക്കാന്‍. ജീവിതാനുഭവങ്ങള്‍, ഒരുവനെ പക്വതയിലേക്കും നേട്ടങ്ങളിലേക്കും നയിക്കും എന്ന അഭിപ്രായത്തെ തള്ളിക്കളയുന്നില്ല. എങ്കിലും ഓരോരുത്തരുടെയും ഭാവനയുടെയും ചിന്തയുടെയും പ്രശ്‌നപരിഹാരങ്ങളുടെയും പൊരുത്തപ്പെടലിന്റെയും തലങ്ങളെ കൂടുതല്‍ പക്വതയുള്ളതാക്കാന്‍ ഒരു പരിധിവരെ വിദ്യാഭ്യാസം കാരണമായിത്തീരുന്നു. അതുകൊണ്ടായിരിക്കണം പണ്ടുള്ളവര്‍ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുത്തിരുന്നത്. അതായത്, പെണ്ണിനെക്കാള്‍ ഒരു ക്ലാസ് കൂടുതല്‍ പഠിച്ച ആണിനെ തിരഞ്ഞുനടന്നിരുന്നത്. എന്നാല്‍, ഇന്ന്, പണം മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍, കുടുംബമഹിമയ്ക്കും വിദ്യാഭ്യാസത്തിനുമൊന്നും പ്രാധാന്യം നല്‍കാതെ മറ്റുള്ളവരുടെ പൈസകൊണ്ടു വേഗം പണക്കാരാകാം എന്ന ചിന്തയോടെ വിവാഹബന്ധങ്ങളിലേക്ക് എടുത്തുചാടുന്നു. എന്നാല്‍, ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി ആദ്യത്തെ പുതുമോടി മാറി ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഖത്തോടുമുഖം കാണുമ്പോളാണ് പതറിപ്പോകുന്നത്. പെട്ടെന്നു തോന്നിയ സ്‌നേഹത്തിനും മനോഭാവത്തിനും വികാരങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കാതെ, യഥാര്‍ത്ഥത്തില്‍ പരസ്പരം പൊരുത്തപ്പെടാന്‍ പറ്റുന്ന വിദ്യാഭ്യാസം, ജീവിതവീക്ഷണങ്ങള്‍, കാഴ്ചപ്പാടുകള്‍ ഇവയൊക്കെ ഒത്തുപോകാന്‍ സാധ്യതയുണ്ടോ എന്നു വിലയിരുത്തുന്നത് എന്തുകൊണ്ടും ഉചിതമാണ്.
കൗമാരക്കാരായ പെണ്‍കുട്ടികളോട് ഒരു വാക്ക്: എത്ര സ്‌നേഹമുള്ളവനെന്നു തോന്നിയാലും, സത്യസന്ധനെന്നു തെളിയിച്ചാലും, കഴുത്തില്‍ താലി കെട്ടിയതിനുശേഷം മാത്രമേ ശാരീരികബന്ധങ്ങള്‍ക്ക് അനുവദിക്കാവൂ. അല്ലെങ്കില്‍ ചിലപ്പോള്‍, നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തി പൊരുത്തപ്പെടലിന്റെ, വീട്ടുകാരുടെ ഇഷ്ടക്കേടിന്റെ പേരിലൊക്കെ നിങ്ങളെ ഒഴിവാക്കാനുള്ള സാധ്യത, ഒരു ശതമാനമെങ്കിലും ഉണ്ടെന്നോര്‍ക്കണം. ഈ ഒരു ശതമാനം 90 ഉം 95 ഉം ശതമാനമായി വളര്‍ന്ന് നിങ്ങള്‍ പിന്‍തള്ളപ്പെട്ടാല്‍, കൂട്ടാളിക്ക് ഒന്നും നഷ്‌പ്പെടാനില്ല. നിങ്ങള്‍ പെണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍, കുറ്റബോധത്തിനും കടുത്ത വിഷാദരോഗത്തിനും അടിമകളായിത്തീര്‍ന്നെന്നും വരാം.
ഇന്ന് പെണ്‍കുട്ടികളെക്കാളേറെ ആണ്‍കുട്ടികള്‍, സ്‌നേഹബന്ധങ്ങളുടെ പേരില്‍ പലവിധ ദുശ്ശീലങ്ങള്‍ക്കും അക്രമസ്വഭാവങ്ങള്‍ക്കും ആത്മഹത്യാപ്രവണതയ്ക്കും അടിമകളായിത്തീരുന്നുണ്ട്. അതുപോലെ, തങ്ങള്‍ക്കുണ്ടായിരുന്ന സ്വത്തുപയോഗിച്ചും അതു തീര്‍ന്നപ്പോള്‍ മറ്റുള്ളവരോടു കടംവാങ്ങിയും സ്‌നേഹിതയെ പ്രീതിപ്പെടുത്തി, അവസാനം വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിനു കഴുത്തുനീട്ടിക്കൊടുത്ത അവളെ നോക്കി നിരാശപ്പെടാതിരിക്കാന്‍ ആണ്‍കുട്ടികളും ശ്രദ്ധിക്കണം.
ഒരു വ്യക്തിയുടെ വ്യക്തിത്വം രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒന്ന്, അവന്റെ പാരമ്പര്യം, രണ്ട് അവന്‍ വളരുന്ന സാഹചര്യം. മനഃശാസ്ത്രജ്ഞര്‍ ഇതു രണ്ടിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നുവെങ്കിലും ചിലര്‍ പാരമ്പര്യത്തെ നിഷേധിക്കുന്നു. ഇതു ശരിയല്ല. ഒരു മുനികുമാരനെ കുറെ കള്ളന്മാരുടെ കൂടെ താമസിപ്പിച്ചാല്‍ അവന്‍ ഒരു കള്ളനായി മാറാം. എന്നാലും ഒരു മനഃസാക്ഷിയും അന്തസ്സും ശാലീനതയും അവനില്‍ കാണും. ജീവിതസാഹചര്യം നമുക്ക് ഒരു പരിധിവരെ മാറ്റിയെടുക്കാം. എന്നാല്‍, പാരമ്പര്യം അങ്ങനെയല്ല. ചുരുക്കത്തില്‍, ഓരോരുത്തരുടെയും വ്യക്തിത്വം, പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതും, സാഹചര്യത്തിനനുസരിച്ചു വളര്‍ത്തിയെടുക്കുന്നതുമാണ്. അതുകൊണ്ടാണ് വ്യക്തിബന്ധങ്ങളിലും വിവാഹബന്ധങ്ങളിലുമൊക്കെ ഇതിനു പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ആരോഗ്യകരമായ വ്യക്തിത്വത്തിന്റെ അടയാളമാണു വ്യക്തിയുടെ ചിന്ത, വാക്ക്, പ്രവൃത്തി, പ്രതികരണശൈലി എന്നിവ. ജീവിതം തുടങ്ങുന്നതിനുമുമ്പു കമിതാക്കള്‍ പരസ്പരം പ്രീതിപ്പെടുത്തുകയും വാക്കുകള്‍ വളരെ മൃദുവായി ഉപയോഗിക്കുകയും കാര്യങ്ങള്‍ക്കു സമയനിഷ്ഠ പാലിക്കുകയുമൊക്കെ ചെയ്യുക സ്വാഭാവികമാണ്. അതുപോലെ എവിടെയും ഏതിലും ഒരു പോസിറ്റീവ് പ്രതികരണം ആയിരിക്കും. എന്നാല്‍, പിന്നീട്, ഒന്നിച്ചുജീവിക്കാന്‍ തുടങ്ങുമ്പോള്‍, പരസ്പരം ഉണ്ടായിരുന്ന ഈ അഡ്ജസ്റ്റുമെന്റുകള്‍ മറന്ന്, യഥാര്‍ത്ഥസ്വഭാവം കാണിച്ചുതുടങ്ങും. അതിനാല്‍ പ്രിയ കൗമാരക്കാരേ, പ്രേമവാഗ്ദാനങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും മുമ്പ്, സ്വയം ഒരു വിലയിരുത്തല്‍ നടത്തണം. അതായത്, സ്വന്തം മൂല്യം, എനിക്ക് ആകര്‍ഷണം തോന്നുന്ന വ്യക്തിയുടെ മൂല്യം, ജീവിതപശ്ചാത്തലം ഇവയൊക്കെ ഒന്നു കണക്കിലെടുത്തിട്ടേ ഒരു വാഗ്ദാനപ്രകടനത്തിനു മുതിരാവൂ.