കര്‍ഷകരുടെ വിയര്‍പ്പു വീണ് ഉറപ്പും വളക്കൂറും നേടി പോഷകസമൃദ്ധിയുടെ വിളകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികമേഖലയും കര്‍ഷകരുമാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകര്‍! ഭൂമിയുടെ കിടപ്പും മണ്ണിന്റെ സ്വഭാവവും കാലാവസ്ഥയുടെ പ്രത്യേകതകളും ഉള്‍ക്കൊണ്ട് അനുയോജ്യമായ കൃഷിരീതികളാണ് കര്‍ഷകരെന്നും അവലംബമാക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാത്തതും ആസൂത്രിതമല്ലാത്തതുമായ വികസനകാഴ്ചപ്പാടുകളാണ് പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍, കര്‍ഷകരുടെമേലാണ് നിയമനിര്‍മാണങ്ങളത്രയും വന്നുപതിക്കുന്നത്. വിളകള്‍ക്കു വിലയില്ല; വിലയ്ക്കു വാങ്ങുന്നതിനെല്ലാം പൊള്ളുന്ന വിലയും. കൃഷിയിടത്തിലെ തടികള്‍ക്കു വിലയില്ല; തടിമില്ലിലെത്തിയാല്‍ താങ്ങാനാകാത്ത വിലയും അതിനൊക്കെ ന്യായീകരണങ്ങളും. ഭക്ഷണം ജീവജാലങ്ങളുടെ ഊര്‍ജമാണ്; തീന്‍മേശകള്‍ വിഭവസമൃദ്ധികൊണ്ടു നിറയുമ്പോഴും അതിന്റെ പിന്നിലെ അധ്വാനത്തിനു പുല്ലുവിലപോലും കല്പിക്കാത്തത് നമുക്കിടയിലെ വലിയ പരാജയമാണ്.
കൃഷിയിടങ്ങള്‍ കുറഞ്ഞുവരുന്നത് കാര്‍ഷികബന്ധിയായ ജീവിതക്രമങ്ങള്‍ക്കും തദ്വാരയുള്ള വളര്‍ച്ചയ്ക്കും ഇടര്‍ച്ചയാകുമെന്നു ചില്ലുമേടയിലിരുന്നു പരിസ്ഥിതിവാദം ഉന്നയിക്കുന്നവര്‍ വിലയിരുത്തുന്നത് ഉചിതമായിരിക്കും. പൊതുനിരത്തുകളുടെ ആസൂത്രണമില്ലാത്ത നിര്‍മാണവും വികസനവും പരിസ്ഥിതിയെ തകിടംമറിക്കില്ലേ? നിലവിലുള്ള പൊതുനിരത്തുകള്‍ സുഗമമായ ആസൂത്രണത്തിലൂടെ സുരക്ഷിതയാത്രയ്ക്ക് അനുയോജ്യമാക്കുന്നതിനുപകരം പുതിയ റോഡുകള്‍ ഗവേഷണം ചെയ്തു കണ്ടെത്തി സര്‍വേയും കല്ലുകുഴിച്ചിടലുമൊക്കെയായി മുന്നേറുന്ന നവീനവികസനവീക്ഷണം പരിസ്ഥിതിയെ ബാധിക്കില്ലേ? മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ തെല്ലും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും മനുഷ്യരെ ഒരിടത്തും ജീവിക്കാന്‍ അനുവദിക്കാത്തവിധം കമ്മീഷനുകള്‍ പഠനവുമായി മുന്നേറുകയും ചെയ്യുന്നത് എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി?
സംസ്ഥാനഹൈവേയുടെ ലക്ഷ്യസ്ഥാനവും ദേശീയപാതയുടെ ലക്ഷ്യസ്ഥാനവും ഒന്നാണെങ്കില്‍ നമ്മുടെ ഈ കൊച്ചുകാര്‍ഷികസംസ്ഥാനത്ത് ഒരു പാതയിലൂടെത്തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ആസൂത്രിതമായി ക്രമീകരിച്ചുകൂടേ? നിലവിലുള്ള റോഡുകളുടെ അനാവശ്യവളവുകളും കുണ്ടും കുഴിയും അപകടകരമായ സാഹചര്യങ്ങളും ഒഴിവാക്കി പൊതുനിരത്തുകളുടെ നിര്‍മാണം ആസൂത്രിതമാക്കിയാല്‍ കൃഷിയിടങ്ങളും പാര്‍പ്പിടങ്ങളും അനുനിമിഷം ഒഴിവാക്കപ്പെടുന്നത്; മനുഷ്യര്‍ പാര്‍പ്പിടമില്ലാതെയും പണിയെടുക്കാനിടമില്ലാതെയും ബുദ്ധിമുട്ടുന്നത് ഒഴിവാകും, ഒപ്പം, പരിസ്ഥിതിപ്രശ്‌നങ്ങളും. കോണ്‍ക്രീറ്റും ടാറിങ്ങും അനാവശ്യമായ റെയില്‍പ്പാതനവീകരണവും ആസൂത്രിതമല്ലാത്ത ഫ്‌ളൈ ഓവറുകളുടെ നിര്‍മാണവും ഒക്കെത്തന്നെ പരിസ്ഥിതിയുടെ താളം തെറ്റിക്കും. വീടും കുടിയും വിട്ട് എവിടെയെങ്കിലും പോകൂവെന്നു കര്‍ഷകരോടു പറയാതെ ഭൂമിയെ കിടുകിടാ വിറപ്പിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടണം. നമ്മുടെ പുഴകളുടെ വീതിയും ആഴവുമൊക്കെ കര്‍ഷകരാണോ ചൂഷണം ചെയ്തത്? നമ്മുടെ പാടശേഖരങ്ങളെ ഇല്ലായ്മ ചെയ്തതും കര്‍ഷകര്‍ നെല്‍ക്കൃഷിയില്‍നിന്നു പിന്മാറിയതും 'തൊഴിലുറപ്പുപദ്ധതി' ശക്തിപ്പെട്ടതിന്റെ ആസൂത്രണമില്ലായ്മയല്ലേ? നെല്‍ക്കൃഷിയിലേക്കു തൊഴിലുറപ്പുപദ്ധതിയെ ഉപയുക്തമാക്കിയിരുന്നെങ്കില്‍ അതുവഴിയും പരിസ്ഥിതി സുരക്ഷിതമാകുമായിരുന്നില്ലേ? മണ്ണില്‍ പണിയെടുക്കുന്നവരെ അവഗണിച്ച പരിസ്ഥിതിവാദം കാപട്യമാണ്.
കര്‍ഷകര്‍ തങ്ങളുടെ ജീവിതത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന മണ്ണിനെ പലവിധ സോണുകളാക്കി മാറ്റി അവരെ വീണ്ടും വീണ്ടും കഷ്ടതയിലേക്കു തള്ളിയിടുന്ന നിയമത്തിന്റെ കണ്ണുകള്‍ നാളെയുടെ കാഴ്ചകളെ വികലവും വിവരണാതീതവുമായ പ്രശ്‌നങ്ങളിലേക്കു കൊണ്ടെത്തിക്കും. ഒരു തരത്തിലും കര്‍ഷകരെ ജീവിക്കാനനുവദിക്കാത്ത നമ്മുടെ പരിസ്ഥിതിവാദം, പരിസ്ഥിതിയെ സുരക്ഷിതമാക്കാനല്ല; മറിച്ച്, ചില നിക്ഷിപ്തതാത്പര്യങ്ങളെ സംരക്ഷിക്കാനുള്ളതാണ്.
മൂല്യമുള്ളവ വിളയിക്കുകയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളിലേക്കു വിളകളെ സജ്ജമാക്കുകയും ചെയ്യുന്ന കര്‍ഷകരെന്നും ഭരണക്കാര്‍ക്കു വോട്ടുബാങ്കുമാത്രമാണോ? വ്യവസായശാലകള്‍ക്കും റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും വനസംരക്ഷണത്തിനും മൃഗസംരക്ഷണത്തിനുമൊക്കെ കര്‍ഷകരെ ഒതുക്കുന്ന കപടരാഷ്ട്രീയം തിരുത്തുകതന്നെ വേണം. കൃഷിയെന്തെന്നറിയാത്തവരും കര്‍ഷകരുടെ അധ്വാനത്തിന്റെ റേഞ്ച് പിടികിട്ടാത്തവരുമാണ് നിയമങ്ങള്‍ നിര്‍മിച്ചുവിടുന്നത്. തലങ്ങും വിലങ്ങുമുള്ള വികസനത്തിലൂടെ ഞെരിഞ്ഞമര്‍ന്ന് ഇല്ലാതാകുന്നത് പരമ്പരാഗത കാര്‍ഷികമേഖലയും കര്‍ഷകരും അവരുടെ ഭാവിയുമാണ്.
കര്‍ഷകര്‍ക്ക് അധ്വാനഫലം സീറോയാണെങ്കിലും കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ പിരിക്കുന്നത് കൂടിക്കൂടി വരുന്നതേയുള്ളൂ. മരിക്കാത്തവരില്‍നിന്നൊക്കെ ഏതെങ്കിലുമിനത്തില്‍ നികുതി പിരിച്ച് ആഘോഷമായും ആര്‍ഭാടമായും ജീവിക്കുന്ന ജനപ്രതിനിധികളുടെ ജനാധിപത്യത്തെ ഏതു സോണില്‍പ്പെടുത്താനാവും? കര്‍ഷകരാണ് കൂടുതല്‍ കിതയ്ക്കുന്നത്, അതുകൊണ്ടുതന്നെ കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്നതും കര്‍ഷകരാണെന്നു കണ്ടെത്തി കര്‍ഷകര്‍ക്കിടയില്‍ ഒരു ഓക്‌സിജന്‍സോണ്‍ രൂപപ്പെടുത്തുകയും കര്‍ഷകരുടെ നാസാരന്ധ്രങ്ങളില്‍ മീറ്റര്‍ ഘടിപ്പിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നൊരു ആശങ്കയും അവഗണിക്കാവുന്നതല്ല.
അടിസ്ഥാനസൗകര്യംപോലുമില്ലാത്ത ദാരിദ്ര്യം പാവങ്ങളെ വേട്ടയാടുമ്പോഴും നമ്മുടെ ജനപ്രതിനിധികള്‍ സേവനയാത്രയ്ക്കുള്ള വാഹനത്തിന്റെ നിലയും വിലയും നിറവും ഒക്കെ മാറ്റിമാറ്റി ജീവിതം സുഖലോലുപതയുടെ സോണിലേക്കു മാറ്റുന്ന തിരക്കിലാണ്. കാറിന്റ ഡോര്‍ തുറക്കാന്‍പോലും സ്വയം കഴിയാത്തവിധം വിനയം ജനാധിപത്യത്തെ അഹങ്കാരസോണിലേക്കു മാറ്റുകയാണ്. അപ്പോഴും കര്‍ഷകര്‍ സ്വന്തം പുരയിടം പരിസ്ഥിതിസംരക്ഷണത്തിനായി മാറ്റിയിട്ട് ഉടുമുണ്ടുപോലും ഉപേക്ഷിക്കണമത്രേ! നാട് 'ഡിജിറ്റല്‍' ആകുമ്പോഴും നാട്ടുകാരുടെ കുടലെരിയുന്നതു കാണാത്ത നിയമത്തിന്റെ സൂക്ഷ്മദര്‍ശിനിക്കാരോടു സഹതാപം തോന്നുന്നു. പാവങ്ങളുടെ വിയര്‍പ്പിന്റെ സോണ്‍ തിരിച്ചറിഞ്ഞ് എന്നു സംരക്ഷിക്കപ്പെടുമെന്നു പറയാമോ?
സമരമുഖരിതമായ മലയാളക്കരയില്‍ പക്ഷേ, പുരോഗതിക്കും സംതൃപ്തമായ ജീവിതസാഹചര്യമൊരുക്കുന്നതിലും ഇച്ഛാശക്തിയും കൂട്ടായ ചര്‍ച്ചകളുമില്ല. രാഷ്ട്രീയമുതലെടുപ്പിനും അധികാരമോഹങ്ങളുടെ സാക്ഷാത്കാരത്തിനുംവേണ്ടിയാണ് സമരങ്ങളേറെയുമെന്നതും വസ്തുതതന്നെ! നമുക്കു ജീവിച്ചു മുന്നേറണ്ടേ? നാളെയുടെ മക്കള്‍ മലയാളക്കരയില്‍ സജീവമായി ഉണ്ടാകേണ്ടേ?
കൃഷിയെന്നത് വിദ്യാഭ്യാസമില്ലാത്തവര്‍ക്കും മണ്ടന്മാര്‍ക്കുമുള്ളതല്ല; മറിച്ച്, തികഞ്ഞ അറിവും പ്രായോഗികപരിജ്ഞാനവും പരിസ്ഥിതിബോധവുമുള്ളവര്‍ക്കാണെന്നും തലമുറ അറിയണം. തദ്വാരയുള്ള വികസനം സാധ്യമാകണമെങ്കില്‍, കര്‍ഷകരെ വേദനിപ്പിക്കുന്ന ബഫര്‍സോണ്‍പോലുള്ള പ്രഖ്യാപനങ്ങള്‍ ഉപേക്ഷിക്കണം. നാടിനെ പോറ്റുന്ന കര്‍ഷകരെ ആരു പോറ്റും? അവരെ ആരു പരിഗണിക്കും? വിളയും വിഭവങ്ങളുംകൊണ്ടു വിപണി സമൃദ്ധമാകുമ്പോള്‍ കര്‍ഷരുടെ വീടും കുടിയും വിചാരങ്ങളും ലക്ഷ്യങ്ങളുമൊക്കെ സാക്ഷാത്കരിക്കപ്പെടണം. കാര്‍ഷികവൃത്തികൊണ്ട് ഇവിടെ പിടിച്ചുനില്‍ക്കാനും വളരാനുമാകുമെന്നു തലമുറകളെ പഠിപ്പിച്ചു പ്രോത്സാഹിപ്പിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് മുന്‍നിരപരിഗണന നല്‍കണം. സമസ്തമേഖലയിലും ശമ്പളവും ആനുകൂല്യങ്ങളും ക്ഷാമ, ഉത്സവബത്തകളുമൊക്കെയുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും ഭരണകര്‍ത്താക്കളെയും നിയമപരിരക്ഷകരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ക്കു മാത്രം എന്നും അവോയ്ഡ് സോണുകള്‍ മാത്രം മിച്ചം.
കൃഷിയാണ് ജോലിയെന്ന് അഭിമാനത്തോടെ പറയാന്‍ ഇന്നു കഴിയുമോ? രക്ഷാകര്‍ത്താക്കളുടെ തൊഴില്‍ ചോദിക്കുന്ന കോളത്തില്‍ കൃഷി എന്നെഴുതിയാല്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ എന്താകും പരിഗണന? മക്കളെ വേണ്ടവിധം പഠിപ്പിക്കാനും തൊഴില്‍ സംരംഭങ്ങളിലേക്കെത്തിക്കാനും ഒരു കര്‍ഷകന് ഇന്നു കഴിയുമോ? കര്‍ഷകര്‍ക്കുവേണ്ടിയെന്നു പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും ഇതരപക്ഷങ്ങളുമൊക്കെ വാതോരാതെ പ്രസംഗിക്കുമ്പോഴും നിയമത്തിന്റെയും നികുതികളുടെയും ആക്രമണംകൊണ്ട് കര്‍ഷകന്‍ വീര്‍പ്പുമുട്ടുകയല്ലേ? ആര്‍ക്കുവേണ്ടിയാണ് ബഫര്‍സോണുകള്‍? ആര്‍ക്കുവേണ്ടിയാണ് പരിസ്ഥിതി? പരിസ്ഥിതികാപട്യത്തിന്റെ മുഖം മാറ്റി യാഥാര്‍ത്ഥ്യബോധത്തിന്റെ സാമാന്യതയിലേക്കു ഭരണകൂടം കടന്നുവരണം.
കാര്‍ഷികമേഖലയെ തളര്‍ത്തുന്ന തീരുമാനങ്ങള്‍ തിരുത്തണം. കര്‍ഷകരെ പരിസ്ഥിതി സംരക്ഷകരായി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. പരമ്പരാഗതകൃഷിയിടങ്ങളും താമസസൗകര്യങ്ങളുമുപേക്ഷിച്ച് ഓടിനടക്കാന്‍ ഇടവരുത്തരുത്. അടിസ്ഥാനസൗകര്യവികസനത്തില്‍ ഭരണക്കാര്‍ ഇനിയെങ്കിലും ശ്രദ്ധയൂന്നണം. പാര്‍പ്പിടവും ഭക്ഷണവും വെള്ളവും ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും തൊഴിലുമൊക്കെ സേഫ്‌സോണിലേക്ക് എത്തിക്കാന്‍ ഉതകുന്ന ദീര്‍ഘവീക്ഷണകര്‍മപദ്ധതികള്‍ ഉണ്ടാകട്ടെ! കോടതിയും ഇക്കാര്യത്തില്‍ ശുഭോദര്‍ക്കമായ തീരുമാനങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കട്ടെ. പരിസ്ഥിതിയെക്കുറിച്ചുള്ള കരുതല്‍ കര്‍ഷകരുടെ പരിതസ്ഥിതികൂടി അറിഞ്ഞുവേണം.