ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ എന്ന വരികള്‍, വടക്കേ മലബാറിലെ ഒരു ക്ഷേത്രവേദിയില്‍നിന്ന് കച്ചേരിക്കിടയില്‍ ഗാനഗന്ധര്‍വന്റെ നാദധാര ശ്രോതാക്കളുടെ കര്‍ണപുടങ്ങളില്‍ അമൃതബിന്ദുക്കള്‍ നിറയ്ക്കുമ്പോള്‍, എല്ലാം മറന്ന് ഭക്തിലഹരിയിലലിഞ്ഞ് ഒരുവേള കണ്ണീരണിഞ്ഞ ശ്രോതാക്കളില്‍ ചിലരെക്കണ്ട് ''എന്റെ ഗുരുവായൂരപ്പാ'' എന്നു മന്ത്രിച്ച് കൈകള്‍ കൂപ്പി വിറങ്ങലിച്ചിരുന്നുപോയി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന കൃഷ്ണഭക്തനായ കൃശഗാത്രന്‍! ഈ ഒരേയൊരു പാട്ടു മാത്രം മതി ഭക്തരുടെ മനസ്സില്‍ കൃഷ്ണരൂപം കോറിയിട്ട ഗാനരചയിതാവിനെ തിരിച്ചറിയാന്‍! നാലായിരത്തിലേറെ ഭക്തിഗാനങ്ങളെഴുതിയ ഈ അതുല്യപ്രതിഭ ഇക്കഴിഞ്ഞ ദിവസം (26 ജൂണ്‍) നമ്മോടു വിടപറഞ്ഞു; 86-ാം വയസ്സില്‍.
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കലാനിരൂപകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍, നര്‍മലേഖകന്‍, ഹാസ്യകഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യമേഖലകളില്‍ ഏറെ പ്രശോഭിച്ചിരുന്നു; അദ്ദേഹം. തീര്‍ന്നില്ല; റേഡിയോ നാടകാഭിനേതാവ്, ചലച്ചിത്രനടന്‍, തായമ്പകവിദഗ്ധന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചിട്ടുണ്ട് അദ്ദേഹം.
ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരില്‍ വാരിയത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാര്യസ്യാരുടെയും മകനായി 1936 സെപ്തംബര്‍ 10 ന് ജനനം. സരസ്വതി വാരസ്യാരാണ് ഭാര്യ. ഉഷ, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മക്കള്‍.
രാമാമൃതം, അമ്മേ അമൃതവര്‍ഷിണീ, ഹരേമുകുന്ദം, തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വോളിയം - 6, ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക് തുടങ്ങിയ ആല്‍ബങ്ങള്‍ ഏറെ ജനപ്രീതി നേടിയവയാണ്. ഉദിച്ചുയര്‍ന്നു മാമലമേലെ, ആനയിറങ്ങും മാമലയില്‍, അഖിലാണ്ഡബ്രഹ്‌മത്തില്‍ തുടങ്ങിയ ഗാനങ്ങള്‍ ആസ്വദകര്‍ പണ്ടേ നെഞ്ചേറ്റിയവയാണ്.
ഭക്തിഗാനരചനയില്‍ അഗ്രഗണ്യനായിരുന്ന ചൊവ്വല്ലൂര്‍ ധാരാളം ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. 1975 ല്‍ തുലാവര്‍ഷം എന്ന സിനിമയ്ക്കുവേണ്ടി സലില്‍ ചൗധരിയോടൊപ്പം ചേര്‍ന്ന് ഒരുക്കിയ 'സ്വപ്നാടനം ഞാന്‍ തുടരുന്നു' എന്ന ഗാനം ഒരു വന്‍ ഹിറ്റായി മാറിയിരുന്നു. എസ്. ജാനകി പാടിയ ആ ഗാനത്തോടുകൂടി ചലച്ചിത്രലോകത്തേക്കുള്ള കവാടം തുറന്നുകിട്ടി. ജെറി അമല്‍ദേവ്, രഘുകുമാര്‍ രവീന്ദ്രന്‍, എം.ബി. ശ്രീനിവാസന്‍, എം.ടി. ഉമ്മര്‍ എന്നീ സംഗീതസംവിധായകര്‍ക്കുവേണ്ടി വിവിധ ചലച്ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയിട്ടുണ്ട്. അഷ്ടബന്ധം, ആന, നദി മുതല്‍ നദിവരെ, പഞ്ചവടിപ്പാലം എന്നിവ അവയില്‍ ചിലതു മാത്രം. യൂസഫലി കേച്ചേരിയുടെ മരം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്രനടനുമായി. ആദ്യകാല സൂപ്പര്‍ ഹിറ്റുകളായ പ്രഭാതസന്ധ്യ, ശ്രീരാഗം, ശശിനാസ് എന്നിവയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവയും കൃഷ്ണന്‍കുട്ടിയുടേതാണ്. സര്‍ഗ്ഗം എന്ന ജനപ്രിയചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയതും ഇദ്ദേഹമാണ്.
1959 ല്‍ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവന്‍ പത്രത്തിന്റെ സബ് എഡിറ്ററായി ഔദ്യോഗികജീവിതം ആരംഭിച്ചു. അന്ന്, തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. മുണ്ടശ്ശേരിയുടെയും എം.ആര്‍.ബി. യുടെയും ആശയങ്ങള്‍ കേട്ട് ലേഖനങ്ങള്‍ തയ്യാറാക്കുകയായിരുന്നു ജോലി. 1963 ല്‍ ഗുരുവായൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സ്വതന്ത്രമണ്ഡപം' എന്ന പ്രസിദ്ധീകരണത്തിന്റെ സഹപത്രാധിപരായി. പിന്നീട് 1966 ല്‍ മനോരമ കോഴിക്കോട് എഡിഷന്റെ സബ്എഡിറ്ററായി. 2004 ല്‍ വിരമിക്കുന്നതുവരെ പത്രപ്രവര്‍ത്തനം തുടര്‍ന്നു. കോഴിക്കോട് ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ഓര്‍മകളുടെ ഉതിര്‍മണികള്‍, എന്റെ പ്രിയപ്പെട്ട ഓര്‍മകളിലൂടെ മാധവിയമ്മ മുതല്‍ മാധവിക്കുട്ടിവരെ, എന്നിവയടക്കം കവിത - നോവല്‍ - ചെറുകഥ വിഭാഗങ്ങളിലായി 18 പുസ്തകങ്ങള്‍ ചൊവ്വല്ലൂരിന്റെ പേരിലുണ്ട്. കേരളസാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി, കേരളകലാമണ്ഡലം എന്നീ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് പ്രവര്‍ത്തിക്കാനവസരം ലഭിച്ചു. ചെമ്പൈ െവൈദ്യനാഥഭാഗവതര്‍ തുടങ്ങി അന്നത്തെ പ്രഗല്ഭരുടെയെല്ലാം ഡോക്യുമെന്ററികള്‍ നിര്‍മിച്ചു.
പുരസ്‌കാരങ്ങളുടെ ഒരു നിരതന്നെയുണ്ട്. ഹാസസാഹിത്യകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നാടകഗാനരചയിതാവിനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ്, ഗുരുവായൂര്‍ വെങ്കിടാചലപതി അവാര്‍ഡ്, കേരള കലാമണ്ഡലം മുകുന്ദരാജസ്മൃതി പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം എന്നിവ ആ കലോപാസനയ്ക്കു പ്രതിഫലമായി സംസ്ഥാനം നന്ദിയോടെ സമ്മാനിച്ചവയാണ്.
അദ്ദേഹത്തിന്റെ രണ്ടു നാടകഗാനങ്ങള്‍ക്കു സംഗീതം പകരാനുള്ള ഭാഗ്യം ഈ എളിയ ലേഖകനും ലഭിച്ചു എന്നത് ഇത്തരുണത്തില്‍ സന്തോഷത്തോടെ ഓര്‍മിക്കുന്നു. പാലാ പ്രയാഗയുടെ (ഇപ്പോള്‍ കമ്യൂണിക്കേഷന്‍) 'തൂലിക' (1981 ഫ്രാന്‍സീസ്, ടി. മാവേലിക്കര) പ്രൊഫഷണല്‍ രംഗത്തേക്കുള്ള എന്റെ പ്രവേശനമായിരുന്നു മൂളിക്കേള്‍പ്പിച്ച ഈണത്തിനനുസരിച്ച് എത്ര അനായാസമായാണ് അദ്ദേഹം ഗാനമെഴുതിയത്! അതും നൊടിയിടയില്‍! ആ പ്രാഗല്ഭ്യത്തിനു മുന്നില്‍ ശിരസ്സു നമിക്കുന്നു!
നാളെത്ര കഴിഞ്ഞാലും കാലാതിവര്‍ത്തിയായ മഹത് രചനകളിലൂടെ ആ മഹാനുഭാവന്റെ ഓര്‍മകളെ മലയാളി എന്നെന്നും താലോലിക്കും.