ജപമാലയില്‍ വിരിയുന്ന ചിറ്റാറിന്റെ സുപ്രഭാതങ്ങള്‍
നഗരത്തിരക്കില്‍നിന്നു മാറി റബര്‍മരങ്ങള്‍ അതിരിടുന്ന പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തില്‍ കുന്നിന്‍മുകളിലാണ് പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയില്‍ മനോഹരമായ ദൈവാലയം നിര്‍മിച്ചിരിക്കുന്നത്. ചിറ്റാറിലെ പുതിയ ദൈവാലയം 2022 ജൂണ്‍ 19 ന് കൂദാശചെയ്യപ്പെട്ടു. ദൈവാലയത്തിനുചുറ്റും പുഴ ഒഴുകുന്നതുകൊണ്ട് ചുറ്റാര്‍ കാലക്രമേണ ചിറ്റാര്‍ ആവുകയായിരുന്നു. 1886 ലാണ് ദൈവാലയം സ്ഥാപിതമായത്. 136 വര്‍ഷം പിന്നിടുന്ന ദൈവാലയത്തില്‍ 48 വൈദികര്‍ അജപാലനശുശ്രൂഷ ചെയ്തു. ആദ്യദൈവാലയം 1886 ലാണ് നിര്‍മിക്കപ്പെട്ടത്. 1970 ല്‍ പുതുക്കിപ്പണിത ദൈവാലയം കൂദാശ ചെയ്തു. പിന്നീട് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം 2018 മേയ് ആറിനു പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 2019 ജനുവരി ആറിന് ദൈവാലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വളരെയേറെ പ്രതിസന്ധികളിലൂടെയാണ് പുതിയ ദൈവാലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. പ്രളയം, കൊവിഡ് മഹാമാരി എന്നിവ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ഏറ്റവും ഭംഗിയായി നിര്‍മാണത്തിന്റെ പരിസമാപ്തിയിലെത്തിയത് പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവകമധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും മാധ്യസ്ഥ്യംവഴി കൈവന്ന ദൈവാനുഗ്രഹത്താലാണ്.
യാചനകള്‍ക്ക് ഉത്തരവും വേദനകള്‍ക്ക് സാന്ത്വനവും വിതുമ്പലുകള്‍ക്ക് ആശ്വാസവും പകരുന്ന ചിറ്റാര്‍ പള്ളിയുടെ മാതൃസന്നിധി ഇടവകകുടുംബത്തിന്റെ മാത്രമല്ല നാനാജാതിമതസ്ഥരുടെയും ആശ്വാസമാണ്. പുലര്‍ച്ചെ ആറിനു ദിവ്യകാരുണ്യസന്നിധിയില്‍ ജപമാല ചൊല്ലിയാണ് ചിറ്റാര്‍ ഇടവകയുടെ ഓരോ പ്രഭാതവും പൊട്ടിവിടരുന്നത്. ശനിയാഴ്ചകളില്‍ നടക്കുന്ന ആയിരംമണി ജപമാല അദ്ഭുതങ്ങളുടെ തിരുമണിക്കൂറുകളാണ്. ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന ജപമാല വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയോടെയാണു സമാപിക്കുക. രോഗീസൗഖ്യം, സന്താനസൗഖ്യം, ജോലി, വിദേശത്തു പഠനം, വിവാഹം, മാറാരോഗങ്ങള്‍ക്കു സൗഖ്യം തുടങ്ങി നിരവധി സാക്ഷ്യങ്ങളാണു നല്‍കികൊണ്ടിരിക്കുന്നത്.
പുതിയ ദൈവാലയത്തിന്റെ കവാടത്തിലുള്ള ഗ്രോട്ടോ മാതൃഭക്തിയുടെ നേര്‍സാക്ഷ്യമായി നിലകൊള്ളുന്നു. മാതൃഭക്തിപോലെതന്നെയാണ് ഇടവകമധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള ഭക്തിയും. വിശുദ്ധന്റെ തിരുശേഷിപ്പുള്ള സീറോ മലബാര്‍ സഭയിലെ അപൂര്‍വം ദൈവാലയങ്ങളിലൊന്നാണ് ചിറ്റാര്‍. വിശുദ്ധ ഗീവര്‍ഗീസ് സഹദാ ചിറ്റാറുകാര്‍ക്ക് ചിറ്റാര്‍വല്യച്ചനാണ്. വെള്ളിയാഴ്ചകളില്‍ നടക്കുന്ന നൊവേനയില്‍ പങ്കെടുക്കാനും തിരുശേഷിപ്പു വണങ്ങാനും ധാരാളം ആളുകള്‍ എത്തുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഏഴു ദിവസത്തെ നൊവേനത്തിരുനാളും പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഇടവകയുടെ ആത്മീയോത്സവമാണ്. അനുഗ്രഹമാരി ചൊരിയുന്ന പരിശുദ്ധ അമ്മയും തിരുശേഷിപ്പിലൂടെ അനുഗ്രഹം വര്‍ഷിക്കുന്ന വിശുദ്ധ ഗീവര്‍ഗീസുമാണ് ചിറ്റാറിന്റെ കൃപാചൈതന്യം.
നിര്‍മാണം പൗരസ്ത്യസുറിയാനി രീതിയില്‍
പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദൈവാലയവും അള്‍ത്താരയും നിര്‍മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുംവിധം രാജാധിരാജനായ യേശുക്രിസ്തുവിന്റെ ചിത്രമാണ് അള്‍ത്താരയിലുള്ളത്. ഇരുവശങ്ങളിലുമായി മാര്‍ത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ മാതാവിന്റെയും മാര്‍ യൗസേപ്പിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും രൂപങ്ങളുമുണ്ട്.
അള്‍ത്താരയുടെ ഇടതുവശത്തായി ക്രൂശിതരൂപവും വലതുവശത്തായി യേശുവിന്റെ ജ്ഞാനസ്‌നാനവും ചിത്രീകരിച്ചിരിക്കുന്നു. അന്ത്യത്താഴം, പെന്തക്കുസ്ത, സ്വര്‍ഗറാണി എന്നീ കാന്‍വാസ് പെയിന്റിങ്ങുകള്‍ ദൈവാലയത്തെ മനോഹരമാക്കുന്നു. ഈശോയുടെ ജനനംമുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള സംഭവങ്ങള്‍ ഗ്ലാസ് പെയിന്റിങ്ങില്‍ ആലേഖനം ചെയ്തിട്ടുï്. പള്ളിയുടെ മുമ്പില്‍ ക്രിസ്തുരാജന്റെ അതികായരൂപം സ്ഥാപിച്ചിരിക്കുന്നു. പിന്നില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും ഇരുവശങ്ങളിലുമായി മാതാവിന്റെയും മാര്‍ യൗസേപ്പിതാവിന്റെയും രൂപങ്ങളുമുണ്ട്. ഇതു കൂടാതെ കല്‍ക്കുരിശ്, കൊടിമരം, മണിമാളിക, പള്ളിയുടെ മുമ്പിലുള്ള നടയുടെ സമീപത്തായി പിയാത്ത, ഗ്രോട്ടോ എന്നിവയും ദൈവാലയത്തെ മനോഹരമാക്കുന്നു. കല്ലില്‍ തീര്‍ത്ത 40000 ചതുരശ്രയടി കെട്ടും പശ്ചാത്തലവുമാണുള്ളത്.