പാസ്‌വേര്‍ഡുകളില്ലാതെ, ഫിംഗര്‍ടച്ചില്ലാതെ, പാറ്റേണുകളില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രപേരുണ്ടാവും നമുക്കിടയില്‍? മറ്റൊരാളുടെ കൈയിലേക്കു ധൈര്യപൂര്‍വം പരിശോധനയ്ക്കായി സ്വന്തം മൊബൈല്‍ വച്ചുകൊടുക്കാന്‍മാത്രം സുതാര്യതയുള്ളവര്‍ എത്രപേരുണ്ടാവും? ആരുംതന്നെയുണ്ടാവില്ല എന്നതാണ് ഏറ്റവും സത്യസന്ധമായ മറുപടി.
കാരണം, മൊബൈല്‍ വെറും ഫോണല്ല നമുക്ക്. സാമ്പത്തികകാര്യങ്ങള്‍ മാത്രമല്ല ഓരോരുത്തരുടെയും സ്വകാര്യതകളുടെ, രഹസ്യങ്ങളുടെ ലോകംതന്നെയാണു മൊബൈല്‍ ഫോണുകള്‍. അന്യര്‍ക്കു പ്രവേശനമില്ല എന്നു ചില സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും അതിരുകളില്‍ താക്കീതിന്റെ ബോര്‍ഡുകള്‍ വയ്ക്കുന്നതുപോലെതന്നെ എന്റെ മൊബൈല്‍ പരിശോധിക്കാനോ ചാറ്റുകള്‍ വായിക്കാനോ അധികാരമില്ലെന്ന് ഭാര്യ/ ഭര്‍ത്താവ്/ കാമുകന്‍/ കാമുകി/ മക്കള്‍ പറയുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ, നമ്മുടെ സ്വകാര്യലോകം മറ്റുള്ളവര്‍ക്ക് അജ്ഞാതമാണ്. ഞാന്‍ എന്തു കാണുന്നു, ആരോടു ചാറ്റ് ചെയ്യുന്നു എന്നിവയെല്ലാം എന്റെ ജീവിതപങ്കാളിയോ മക്കളോ അറിയുന്നില്ല. എന്റെ സ്വകാര്യതകളില്‍ ഞാന്‍ എനിക്കിഷ്ടമുള്ള അഭിരുചികള്‍തേടിയലയുന്നു. ഇതാണ് ഇന്നത്തെ ഭൂരിപക്ഷം ആളുകളുടെയും മട്ടും ഭാവവും.
നമ്മുടെ സ്വകാര്യതകള്‍ നഗ്‌നമാക്കപ്പെടുന്ന ഒരു ഇടമുണ്ടെങ്കില്‍ അത് സൈബര്‍ ഇടങ്ങളാണ്. പുറമേയ്ക്കു നാം നല്ലവരെപ്പോലെ പ്രത്യക്ഷപ്പെടുമ്പോഴും സ്വകാര്യലോകങ്ങളില്‍ അത്രത്തോളം നല്ലവരല്ല എന്നതും പച്ചപ്പരമാര്‍ത്ഥം. അതുകൊണ്ടാണ്, പാസ്‌വേര്‍ഡുകള്‍ കൊടുത്തും ഫിംഗര്‍ ടച്ചും പാറ്റേണും നല്കിയും നാം നമ്മുടെ മൊബൈല്‍ ഫോണുകളെ സംരക്ഷിച്ചുപോരുന്നത്.
ദാമ്പത്യജീവിതത്തിലുള്‍പ്പെടെ മൊബൈല്‍ വില്ലനായികൊണ്ടിരിക്കുന്ന കാലമാണ് ഇത്. മുമ്പു പറഞ്ഞതുപോലെ മാതൃകാദമ്പതികളെന്ന നിലയിലായിരിക്കാം നമ്മുടെ പരസ്യജീവിതങ്ങള്‍. പരസ്പരം ഒളിക്കാന്‍ ഒന്നുമില്ലെന്ന അതിരുകടന്ന ആത്മവിശ്വാസം പങ്കാളികള്‍ക്കുണ്ടായിരിക്കാം.
എന്നാല്‍, ഒരൊറ്റ നിമിഷംകൊണ്ട് തകര്‍ന്നുവീഴുന്നതേയുള്ളൂ അത്തരം ധാരണകള്‍. അങ്ങനെയുളള പൊളിച്ചെഴുത്തു നടത്തിയ ഒരു സിനിമയാണ് അടുത്തകാലത്ത് ഒടിടി റീലിസായി വന്ന ട്വല്‍ത്ത് മാന്‍. ജിത്തുജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്നതാണ് പ്രസ്തുത സിനിമ.
സുഹൃത്തുക്കളും ദമ്പതികളുമായ പതിനൊന്നുപേര്‍ ഒരു റിസോര്‍ട്ടില്‍ ഒത്തുകൂടുന്നതും തുടര്‍ന്ന് അവിടെ ഒരു കൊലപാതകം അരങ്ങേറുന്നതും കുറ്റവാളിയെ കണ്ടുപിടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു മണിക്കൂര്‍ നേരത്തേക്ക് ഓരോരുത്തരും തങ്ങള്‍ക്കു വരുന്ന കോളുകളും മെസേജുകളും പരസ്യപ്പെടുത്താന്‍ തയ്യാറാകുന്ന രീതിയിലുളള ഒരു കളിയിലേക്കു പ്രവേശിക്കുന്നതോടെയാണ് പതിഞ്ഞ താളത്തില്‍ ആരംഭിച്ച സിനിമ ഉച്ചസ്ഥായിയിലേക്കു കയറുന്നത്. ഭാര്യ അറിയാത്ത പല രഹസ്യങ്ങള്‍ ഭര്‍ത്താവും ഭര്‍ത്താവ് അറിയാത്ത പല രഹസ്യങ്ങള്‍ ഭാര്യയും അറിയുന്നതോടെ പലരുടെയും പൊള്ളത്തരങ്ങള്‍ വെളിച്ചത്താകുന്നു, പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നു. സിനിമ ശരാശരിയിലും താണനിലവാരമാണു കാഴ്ചവയ്ക്കുന്നതെങ്കിലും നമ്മുടെ ദാമ്പത്യത്തിലും ഇതരബന്ധങ്ങളിലും വന്നുവീണുകൊണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ചു വ്യക്തമായ ചിത്രമാണ് ട്വല്‍ത്ത് മാന്‍ കാഴ്ചവയ്ക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഇടറിപ്പോകുന്ന കുടുംബബന്ധങ്ങള്‍ക്ക്, പുറമേയ്ക്കു നോക്കുമ്പോള്‍ സുന്ദരമെന്നു തോന്നുമെങ്കിലും അകമേ ചീഞ്ഞുനാറുന്ന ബന്ധങ്ങള്‍ക്ക് എല്ലാം നേരേയുള്ള കണ്ണാടിച്ചിത്രമായി അതു മാറുന്നുണ്ട്. അതുകൊണ്ടാണ് ആരംഭത്തില്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത്. മറ്റൊരാളുടെ കൈയിലേക്കു മൊബൈല്‍ വച്ചുകൊടുക്കാന്‍ യാതൊരു മടിയുമില്ലാത്തവരായി എത്ര പേരുണ്ടാവുമെന്ന്...
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് - മോഹന്‍ലാല്‍ ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും സമാനമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. കുടുംബനാഥനാണെങ്കിലും ഭാര്യയ്ക്കു പുറമേ പലതരത്തിലുള്ള ബന്ധങ്ങളും കൊണ്ടുനടക്കുന്ന വ്യക്തിയാണ് അയാള്‍. മൊബൈല്‍ ഫോണിന്റെ സ്വകാര്യതകളെ താഴിട്ടുസൂക്ഷിക്കുന്ന ആള്‍. ഒരു അപകടത്തില്‍പ്പെട്ട് അയാളെ വിളിക്കാനോ അയാള്‍ക്കു വിളിക്കാനോ കഴിയാത്തവിധത്തിലുളള ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് തന്റെ ചെയ്തികളുടെ ഭവിഷ്യത്ത് അയാള്‍ തിരിച്ചറിയുന്നത്.
അമ്മയുടെ മൊബൈല്‍ ചാറ്റുകളില്‍നിന്ന് അമ്മ മറ്റൊരാളുമായി തീവ്രപ്രണയത്തിലാണെന്നു മനസ്സിലാക്കി ഒരു സൈക്കോളജിസ്റ്റിനെ കാണാന്‍ കൗമാരക്കാരനായ മകന്‍ വന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഏതാനും ദിവസംമുമ്പു വായിച്ചത് ഓര്‍മിക്കുന്നു. സ്നേഹനിധിയായ ഭര്‍ത്താവും രണ്ടു മക്കളും ഉള്ളപ്പോഴാണ് മധ്യവയസ്സിലെത്തിയ ആ സ്ത്രീ മറ്റൊരു പ്രണയത്തിലാവുന്നത്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിക്കുമ്പോഴും സ്വന്തം കുടുംബത്തിലേക്ക് ഇത്തരത്തിലുള്ള വഴിവിട്ട ബന്ധങ്ങള്‍ കടന്നുവരുമ്പോഴേ അതിന്റെ ദുരന്തങ്ങള്‍ നാം തിരിച്ചറിയുകയുളളൂ.
വിവാഹേതരപ്രണയങ്ങളുടെയും സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട് സൗഹൃദത്തിലായി ഭര്‍ത്താവിനെയും മക്കളെയുംവരെ ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുന്ന ഭര്‍ത്തൃമതികളുടെയും വാര്‍ത്തകള്‍ ദിനവും നാം കേള്‍ക്കുന്നുണ്ട്. പ്രൊഫൈല്‍ പിക്ചറിലെ മനോഹരമായരൂപവും ചാറ്റുകളിലെ സ്നേഹവും തെറ്റിദ്ധരിച്ചാണ് ഇവരില്‍ പലരും വീടുവിട്ടിറങ്ങുന്നത്. നേര്‍ക്കുനേര്‍ കണ്ടുമുട്ടുമ്പോഴാണ് പലരും അപകടം തിരിച്ചറിയുന്നത്. വിജയംവരിക്കാതെ പോയെങ്കിലും നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പു പുറത്തിറങ്ങിയ ഷൈന്‍ കുര്യന്റെ ആക്ച്വലി എന്ന സിനിമയില്‍ അഞ്ജലി എന്ന നടി ഫേസ്ബുക്കിലെ കാമുകനെത്തേടി ഇറങ്ങിത്തിരിക്കുന്നതും ഒടുവില്‍ തന്റെ കാമുകന്‍ വൃദ്ധനായ ഒരാളായിരുന്നുവെന്നു തിരിച്ചറിയുന്നതുമായ ഒരു രംഗമുണ്ട്. യശ്ശശരീരനായ നാടക - തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രനായിരുന്നു കാമുകന്‍. പ്രതിപാദ്യംകൊണ്ട് കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരു സിനിമയായിരുന്നു അത്. ഇന്നത്തേതുപോലെ സോഷ്യല്‍മീഡിയ പ്രണയങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ലാത്ത കാലംകൂടിയായിരുന്നു അതെന്നുമോര്‍മിക്കുക.
പ്രതി പൂവന്‍കോഴി എന്ന സിനിമയില്‍ അനുശ്രീയുടെ കഥാപാത്രവും ഇത്തരമൊരു ട്രാപ്പില്‍ കുടുങ്ങുന്നുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ചെല്ലാനംകാരനായ കാമുകനെയാണ് അവള്‍ കോട്ടയത്തേക്കു വിളിച്ചുവരുത്തുന്നത്. കാമുകന്റെ രൂപവും ഭാവവും കണ്ടപ്പോള്‍ തനിക്ക് അക്കിടിപറ്റിയെന്നു മനസ്സിലാക്കിയ അവള്‍ രക്ഷപ്പെടാനായി സ്വന്തം സ്ത്രീത്വത്തെത്തന്നെ അപമാനിച്ചുകൊണ്ടു കള്ളം പറയുന്നുണ്ട്. പക്ഷേ, ആ കള്ളംപോലും വിശ്വസിച്ച് അങ്ങനെയെങ്കില്‍ അതേരീതിയില്‍ വാണിഭം നടത്തി നമുക്കു ജീവിക്കാമെന്നാണ് കാമുകന്റെ ഉദാരമനസ്സ്. ഒടുവില്‍ വല്ലവിധേനയുമാണ് അവളും കൂട്ടുകാരിയുംകൂടി ആ കാമുകനെ ചെല്ലാനത്തേക്കു തിരിച്ചയയ്ക്കുന്നത്.
മൊബൈല്‍ ഫോണ്‍വഴി മറ്റുള്ളവരെ, പ്രത്യേകിച്ച് പോലീസ് സംഘത്തെ വഴിതെറ്റിക്കാമെന്നും അന്വേഷണം വഴിതിരിച്ചുവിടാമെന്നും മലയാളികള്‍ക്ക് ആദ്യം പറഞ്ഞുകൊടുത്തത് ജോര്‍ജുകുട്ടിയായിരുന്നു (ദൃശ്യം സിനിമ). കൊല്ലപ്പെട്ട വരുണിന്റെ മൃതദേഹം മറവു ചെയ്തുകഴിയുമ്പോള്‍ അവന്‍ യാത്രയിലാണെന്നു വരുത്തിത്തീര്‍ക്കാനായി നാഷനല്‍ പെര്‍മിറ്റ് വണ്ടിയിലേക്ക് വരുണിന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് വരുണിന്റെ അമ്മയും ഐജിയുമായ ഗീതാപ്രഭാകര്‍ ഉള്‍പ്പടെയുളള പോലീസ് സംഘത്തെ ജോര്‍ജുകുട്ടി വട്ടംകറക്കുകയായിരുന്നു. തുടര്‍ന്ന്, സമാനമായരീതിയില്‍ പല കേസുകള്‍ ഉണ്ടായപ്പോഴും കുറ്റവാളികള്‍ക്കു പ്രചോദനമായത് ദൃശ്യമായിരുന്നു. മൊബൈല്‍ ക്യാമറയില്‍ താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍തന്നെയായിരുന്നു വരുണിന്റെ ജീവനെടുക്കാന്‍ കാരണമായത് എന്നും ഓര്‍ക്കുന്നതു നന്ന്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തില്‍ മൊബൈല്‍ ഫോണ്‍ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന് മികച്ച ഉദാഹരണമായിരുന്നു സുരാജ് വെഞ്ഞാറമ്മൂട് - സൗബിന്‍ ടീമിന്റെ വികൃതി.
കാണുന്ന കാഴ്ചകളും സെല്‍ഫിയും എല്ലാം പോസ്റ്റ് ചെയ്യുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ അടിമത്തം പിടികൂടിയ ചില വ്യക്തികളാണ് ഇതിനു പിന്നിലുള്ളത്. ആശുപത്രിയിലെ കൂട്ടിരിപ്പിന്റെ തളര്‍ച്ചകാരണം ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയില്‍ തളര്‍ന്നുറങ്ങിയ വ്യക്തിയെയാണ്, സുരാജിന്റെ കഥാപാത്രം - സൗബിന്റെ കഥാപാത്രം മദ്യപനായി ചിത്രീകരിച്ച് വീഡിയോ ചെയ്തത്. ഇത് സുരാജിന്റെ ജീവിതത്തെ മാത്രമല്ല സൗബിന്റെ ജീവിതത്തെപ്പോലും തകര്‍ക്കുന്നവിധത്തിലേക്കുള്ള സംഭവഗതികള്‍ക്കു കാരണമായി മാറുന്നു.
മൊബൈല്‍/ സോഷ്യല്‍ മീഡിയ ഒരുപാട് നന്മകള്‍ നല്കുന്നുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്നും നല്ല രീതിയില്‍ മൊബൈല്‍/ സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ടതുണ്ടെന്നുമാണ് മേല്പറഞ്ഞ സിനിമകളെല്ലാം പറയാതെ പറയുന്നത്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവരവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണം ചെയ്യാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുക. ആത്മരതിയുടെ ഭാരപ്പെടുത്തുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കുറയ്ക്കുക.
നല്ല രീതിയില്‍, സുതാര്യതയോടെ മൊബൈല്‍ ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കാം. ബന്ധങ്ങള്‍ തകരുന്നതിനും മുഖംമൂടികള്‍ വലിച്ചുനീക്കുന്നതിനും ആധുനിക സാങ്കേതികമാര്‍ഗങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എല്ലാ കണ്ടുപിടിത്തങ്ങളും ദൈവം മാനവരാശിക്കു നല്കിയിരിക്കുന്നത് സദുദ്ദേശ്യത്തോടെയാണ്. പക്ഷേ, നമ്മുടെ സ്വാര്‍ത്ഥതയും തിന്മയോടുളള ആഭിമുഖ്യവും ചേര്‍ന്ന് അവയെ തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!