സിനിമകളില്‍ ഏതെങ്കിലും വികാരതീക്ഷ്ണമായ രംഗങ്ങള്‍ വരുമ്പോള്‍ ചിലര്‍ കണ്ണുനീര്‍ വാര്‍ക്കാറുണ്ട്. നമുക്കു ചുറ്റിലുമുള്ളവര്‍ക്ക് എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ നമ്മുടെ കണ്ണു നിറയും. മറ്റൊരാളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു മിഴി നിറയുന്നുവെങ്കില്‍ ദൗര്‍ബല്യത്തിന്റെ ലക്ഷണമായി കാണേണ്ടതില്ല. ലോലഹൃദയത്തിന്റെ അടയാളമാണത്. ''നമ്മെ അന്ധരാക്കുന്ന ഈ ഭൂമിയിലെ പൊടിപടലങ്ങള്‍ക്കു മേലെ, കഠിനഹൃദയങ്ങള്‍ക്കുമേലെ പെയ്തിറങ്ങുന്ന മഴയാണു കണ്ണുനീര്‍! അതേക്കുറിച്ചു നാം ഒരിക്കലും ലജ്ജിതരാവേണ്ടതില്ല' എന്നാണ് ചാള്‍സ് ഡിക്കന്‍സ് തന്റെ 'ഗ്രേറ്റ് എക്‌സ്‌പെക്‌ടേഷന്‍സ്'' എന്ന പുസ്തകത്തില്‍ പറയുന്നത്.
നമുക്കറിയാം, മനുഷ്യന്റെ വൈകാരികപ്രക്ഷുബ്ധതയുടെ ഒരു ബാഹ്യസ്ഫുരണമാണ്, പ്രകാശനമാണു കരച്ചില്‍. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്കു നാം അത്ര പെട്ടെന്ന് ഒരര്‍ത്ഥം കണ്ടെത്താന്‍ വരട്ടെ. അങ്ങനെയെങ്കില്‍, ഒരു നടി ഒഴുക്കുന്ന കണ്ണുനീരും നമുക്കു യഥാര്‍ത്ഥമായി സ്വീകരിക്കേണ്ടിവരുമല്ലോ. മനസ്സിന്റെ അടിത്തട്ടിലുള്ള വികാരങ്ങളെയും പുറംലോകത്തിനു നാം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെയും ഒക്കെ ആസ്പദമായിട്ടാവും ചിലപ്പോള്‍ ഈ കണ്ണുനീര്‍പ്രവാഹം. ഉദാഹരണമായി, അമ്മായിയമ്മയുടെ വിയോഗത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു വിഷമവും ഇല്ലാത്ത ഒരു മരുമകളെ എടുക്കാം.
സാധാരണഗതിയില്‍ നമ്മുടെ ഉറ്റവര്‍ മരിക്കുമ്പോള്‍ അല്ലെങ്കില്‍ അവര്‍ രോഗഗ്രസ്തരാകുമ്പോള്‍ അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു നാം കരയും. ഏറെ തിമിര്‍ത്തു ചിരിക്കുമ്പോഴും കണ്ണുകള്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കും. ഏകാന്തമായ ഒരു രാത്രിയില്‍ ഞാന്‍ മദര്‍ തെരേസയെക്കുറിച്ചുള്ള ഒരു പുസ്തകം വിവര്‍ത്തനം ചെയ്യുകയായിരുന്നു. വലിയ വേദന തോന്നിയ ചില അനുഭവങ്ങള്‍! അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഞാന്‍ വല്ലാതെ കരഞ്ഞുപോയി. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങള്‍ നിങ്ങളെയും പലപ്പോഴും മിഴിനീരണിയിച്ചിരിക്കും. വിഷമിക്കുമ്പോള്‍ മാത്രമല്ല ഏറെ ആഹ്ലാദകരമായ വാര്‍ത്ത കേള്‍ക്കുമ്പോഴും കണ്ണു നിറഞ്ഞേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ മകനോ മകളോ യൂണിവേഴ്‌സിറ്റിയില്‍ നല്ല റാങ്കു കരസ്ഥമാക്കുന്നു എന്നു വിചാരിക്കുക; നിങ്ങളുടെ കണ്ണു നിറഞ്ഞേക്കാം.
മനഃശാസ്ത്രജ്ഞമാര്‍ മറ്റു ചില കണ്ടെത്തലുകള്‍ കൂടി പ്രായമായവരുടെ കരച്ചിലിനെ സംബന്ധിച്ചു നടത്തിയിട്ടുണ്ട്. ബാല്യകാലങ്ങളില്‍ നാം ബോധപൂര്‍വം അടക്കിവച്ച ചില സ്വകാര്യദുഃഖങ്ങളുടെ ഒരു ബഹിര്‍സ്ഫുരണം ചിലപ്പോള്‍ നാമറിയാതെ അണപൊട്ടിയൊഴുകും. പിന്നോട്ടു നടന്നു നമ്മുടെ ബാല്യകാലാനുഭവങ്ങളില്‍, എന്തിന് ചിലപ്പോള്‍ നാം ഗര്‍ഭാവസ്ഥയില്‍ ആയിരുന്നപ്പോള്‍വരെ എത്തിനില്‍ക്കും എന്നാണ് അവര്‍ പറയുക.
മനോസമ്മര്‍ദങ്ങളെ കുറയ്ക്കാം
ചിരി എത്രകണ്ട് നമുക്കു പ്രയോജനപ്രദമാകുന്നുവോ അത്രകണ്ട് കണ്ണുനീരും ഉപകാരപ്രദമാണ്. അത് നമ്മുടെ മനോസമ്മര്‍ദങ്ങളെ കുറച്ച് മനസ്സിനെ സ്വച്ഛമാക്കുന്നു. നമുക്ക് എന്തെങ്കിലും തീവ്രമായ വികാരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ ഒഴുക്കിക്കളയാനുള്ള ഒരു നീര്‍ച്ചാലാണിത്. അതീന്ദ്രിയമായ ദ്രവങ്ങളെ വാല്‍വുകള്‍ തുറന്ന് നമ്മുടെ ശരീരത്തില്‍നിന്ന് ഒഴുക്കിമാറ്റുന്നു. അവിടെ കരച്ചിലാണ് നമുക്കു പ്രതിവിധിയാവുക. തലച്ചോറില്‍ ഉദ്ഭൂതമാകുന്ന ക്ഷോഭവും വിഹ്വലതയും ഒഴുക്കിമാറ്റാന്‍ കണ്ണുനീര്‍തന്നെ വേണം.
പ്രാചീനകാലംമുതലേ ഗ്രീസിലെയും റോമിലെയും ഭിഷഗ്വരന്മാര്‍ തറപ്പിച്ചുപറഞ്ഞിട്ടുണ്ട്, കണ്ണുനീര്‍ ഒരു വിരേചനഗുളികപോലെ ദുഃഖം ഒലിപ്പിച്ചു കളഞ്ഞു നമ്മെ ശുദ്ധീകരിക്കുമെന്ന്. നമ്മുടെ മനോസമ്മര്‍ദങ്ങള്‍ക്ക് ആക്കംകൂട്ടുന്ന വിഷവസ്തുക്കളെയും ഹോര്‍മോണുകളെയും നമ്മള്‍ കരച്ചിലിലൂടെയാണു പുറംതള്ളുന്നത്. അതോടെ, നമുക്കു സുഖമായി ഉറങ്ങാനും സാധിക്കുന്നു. രക്തസമ്മര്‍ദത്തെ കുറയ്ക്കാനും കരച്ചിലിനു ശക്തിയുണ്ട്.
സത്യത്തില്‍ ആനന്ദാശ്രുക്കള്‍ എന്നൊന്നുണ്ടോ?
കുട്ടികളുണ്ടാവാതിരുന്ന് ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആ വീട്ടില്‍ എല്ലാവരും സന്തോഷത്താല്‍ കണ്ണു നിറയ്ക്കും. വര്‍ഷങ്ങള്‍ക്കുശേഷം നമുക്കു വേണ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടുമ്പോള്‍, ഫുട്‌ബോള്‍ കളിയില്‍ ഇന്ത്യയ്ക്കു ജയം ഉണ്ടാകുമ്പോള്‍, മക്കള്‍ക്ക് ആദ്യമായി ഒരു ജോലി ലഭിക്കുമ്പോള്‍ എല്ലാം നാം ആനന്ദാതിരേകത്താല്‍ കണ്ണു നിറയ്ക്കും. ഫെല്‍ഡ്മാന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ പറയുന്നതു കേള്‍ക്കൂ: ''ആനന്ദാശ്രു എന്നൊന്ന് ഇല്ലേയില്ല. കഴിഞ്ഞുപോയ ദുഃഖകരമായ ഘടനകള്‍ എങ്ങനെയോ തരണം ചെയ്തു വിജയിച്ചു നില്‍ക്കുമ്പോഴും നാം കരയുന്നതു വരാനിരിക്കുന്ന വിയോഗങ്ങളെയും ശോകപര്യവസായിയായ അനുഭവങ്ങളെയും ഓര്‍ത്തിട്ടാണ്. അതുകൊണ്ട് ആനന്ദാശ്രു എന്നൊന്ന് ഇല്ല. ശോകത്തിന്റെ കണ്ണുനീര്‍മാത്രമാണ് സത്യമായുള്ളത്.'
കണ്ണുനീരില്ലാതെ ജീവിതമില്ല
കണ്ണുനീര്‍ എന്നെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നാം കാണുന്ന കടലുകള്‍ എല്ലാം മനുഷ്യ ജീവിതങ്ങളുടെ കണ്ണുനീര്‍സമാഹാരമാണ് എന്ന് വളരെ രസകരമായി കുട്ടികളുടെ കഥകള്‍ എഴുതുന്ന ലെമോണി സ്‌നിക്കറ്റ് എന്ന ഗ്രന്ഥകാരന്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. കരഞ്ഞുകൊണ്ടു നാം ജന്മമെടുക്കും, കരയിപ്പിച്ചുകൊണ്ടു നാം ഒരിക്കല്‍ കടന്നുപോകും.