2022 മേയ് 15-ാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ഉറുഗ്വേയുടെ പ്രഥമവിശുദ്ധ മരിയ ഫ്രന്‍ചേസ്‌കാ ദി ജേസു (1844 - 1904)
''പാവപ്പെട്ടവരെ ശുശ്രൂഷിക്കാന്‍ മാത്രമല്ല സ്വയം പാവപ്പെട്ടവളാകാനും ഞാന്‍ പഠിച്ചു'' എന്നു പറഞ്ഞ വി. മരിയ ഫ്രന്‍ചേസ്‌കാ ജനിച്ചത് വടക്കേ ഇറ്റലിയിലെ ഒരു പ്രധാനനഗരമായ ടൂറിനു സമീപമുള്ള കര്‍മഞ്ഞോള എന്ന സ്ഥലത്താണ്. 1844 ഫെബ്രുവരി 14-ാം തീയതിയായിരുന്നു ജനനം. അന്ന മരിയ റുബാത്തോ എന്നായിരുന്നു സന്ന്യാസിനിയാകുന്നതിനു മുമ്പുള്ള പേര്. പില്‍ക്കാലത്തും അവര്‍ മദര്‍ റുബാത്തോ എന്ന് അറിയപ്പെട്ടിരുന്നു. അവര്‍ സ്ഥാപിച്ച കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സിന്റെ മൂന്നാംസഭ എന്ന സഖ്യത്തിന്റെ ഇപ്പോഴത്തെ പേര് കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സ് ഓഫ് മദര്‍ റുബാത്തോ എന്നാണ്.
ജീവിതചരിത്രം
അന്ന മരിയയ്ക്കു നാലു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പത്തൊന്‍പതാംവയസ്സില്‍ അമ്മയും നഷ്ടമായി. അമ്മയില്‍നിന്ന് ദൈവസ്‌നേഹാധിഷ്ഠിതമായ ആഴമുള്ള ഒരാധ്യാത്മികത സ്വായത്തമാക്കാന്‍ അന്ന മരിയയ്ക്കു സാധിച്ചു.
അനാഥയായ അവള്‍ ടൂറിന്‍ നഗരത്തിലെ മരിയാന്ന സ്‌കൊഫോണെ എന്ന കുലീനയായ സ്ത്രീയുടെ സഹായിയായും അവരുടെ ഭൂസ്വത്തുക്കളുടെ മേല്‍നോട്ടക്കാരിയായും വര്‍ത്തിച്ചു. അതേസമയം, പാവപ്പെട്ടവരെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു. ഇപ്രകാരം 18 വര്‍ഷം കടന്നുപോയി.
അന്ന മരിയ റുബാത്തോയുടെ ജീവിതചരിത്രത്തില്‍ ഒരു യാദൃച്ഛികസംഭവം വിവരിക്കുന്നുണ്ട്.
1883 ല്‍ ലൊവാനോ എന്ന കടല്‍ത്തീരസുഖവാസസ്ഥലത്തു കഴിയവേ, ഒരു ദൈവാലയത്തില്‍നിന്നു പ്രാര്‍ത്ഥിച്ചിറങ്ങുമ്പോള്‍ അന്ന മരിയ ഒരപകടത്തിനു സാക്ഷിയായി. നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒരു ചെറുപ്പക്കാരനായ പണിക്കാരന്റെ തലയില്‍ ഒരു കല്ലു വന്നു വീണു. അതു കണ്ട നിമിഷത്തില്‍ത്തന്നെ അവിടെ ഓടിയെത്തി അവന്റെ തലയിലെ മുറിവ് കഴുകിക്കെട്ടി രണ്ടു ദിവസം പണിയെടുത്താല്‍ കിട്ടാമായിരുന്ന കൂലിയും നല്കി വീട്ടില്‍പോയി വിശ്രമിക്കണമെന്നു പറഞ്ഞ് അവനെ യാത്രയാക്കി.
ഇതെല്ലാം കണ്ടുനിന്ന കപ്പൂച്ചിന്‍ വൈദികനായ അഞ്ചെലിക്കോ മര്‍ത്തീനി, ആ കെട്ടിടത്തില്‍ ആരംഭിക്കാനിരുന്ന ഒരു ആത്മീയസംഘടനയ്ക്കു നേതൃത്വം കൊടുക്കാന്‍ അനുയോജ്യയായ സ്ത്രീയാണ് ഇവരെന്നു തീരുമാനിച്ചു. അതിനായി അന്നമരിയായെ സമീപിച്ചു. നാല്പതു വയസ്സായ അവര്‍ക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിയായിരുന്നു. എങ്കിലും, ആധ്യാത്മികോപദേഷ്ടാവിന്റെ അഭിപ്രായം ആരായുകയും പല ദിവസങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും ചെയ്തശേഷം ഈ ചുമതല ഏറ്റെടുത്തു. അഞ്ചു ഭക്തസ്ത്രീകള്‍ ചേര്‍ന്ന് 1885 ല്‍ ആരംഭിച്ച സമൂഹത്തിനു നല്കിയ പേര് കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സിന്റെ മൂന്നാം സഭ എന്നായിരുന്നു.
മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ സന്ന്യാസിനീസഭയ്ക്ക് ഇറ്റലിയിലും തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലും ശാഖകള്‍ ഉണ്ടായി. ഉറുഗ്വേയുടെ തലസ്ഥാനമായ മൊന്തെവീദെയോയിലാണ് തെക്കേ അമേരിക്കയിലെ ആദ്യഭവനം സ്ഥാപിച്ചത്. താമസിയാതെ, അര്‍ജന്റീനായിലും ബ്രസീലിലും ശാഖകള്‍ സ്ഥാപിച്ചു. 1899 ലാണ് ബ്രസീലിലെ ആള്‍ത്തോ അലേഗ്രേ എന്ന സ്ഥലത്ത് കപ്പൂച്ചിന്‍ വൈദികരുടെ സഹായത്തോടെ ഒരു ഭവനം ആരംഭിച്ചത്. 1901 ല്‍ അവിടെ നടന്ന ഒരു കൂട്ടക്കൊലയില്‍ ആ ഭവനത്തില്‍ ആകെയുണ്ടായിരുന്ന ഏഴു സിസ്റ്റേഴ്‌സും കൊല്ലപ്പെട്ടു. മദര്‍ ഫ്രന്‍ചേസ്‌കായെ വളരെയധികം പിടിച്ചുലച്ച ഒരു സംഭവമായിരുന്നു അത്. ദൈവത്തിലാശ്രയിച്ചുകൊണ്ട് വീണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ജെനോവായിലുള്ള മദര്‍ ഹൗസില്‍നിന്ന് ഏഴു തവണ കപ്പല്‍യാത്ര ചെയ്ത് തെക്കേ അമേരിക്കയിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും അവസാനം മൊന്തെ വീദെയോയിലെത്തുന്നത് 1902 ലാണ്. 1904 ഓഗസ്റ്റ് ആറാംതീയതി അവര്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മൊന്തെവീദോയില്‍ത്തന്നെ ആ പൂജ്യദേഹം അടക്കം ചെയ്തു.
നമ്മുടെ കര്‍ത്താവീശോമിശിഹായ്ക്ക് സമ്പൂര്‍ണസമര്‍പ്പണം ചെയ്ത ഈ പുണ്യജീവിതം അതേസമയം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കായും സമര്‍പ്പിതമായിരുന്നു.
മൊന്തെവീദെയോയിലും ജനോവായിലുമായി നാമകരണനടപടികള്‍ നടന്നു. 1993 ഒക്‌ടോബര്‍ 10-ാം തീയതി റോമില്‍വച്ച് പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്‍ മദര്‍ മരിയ ഫ്രന്‍ചേസ്‌കായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9 തിരുനാള്‍ ദിനമായി നിശ്ചയിക്കുകയും ചെയ്തു.