•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിവാഹിതരേ ഇതിലേ

നേകമനേകം ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും വക നല്കിയ വലിയൊരു സംഭവമാണ് ടൈറ്റാനിക് കപ്പലപകടം. 1912 ഏപ്രില്‍ 14-ാം  തീയതിയാണ് അതു സംഭവിച്ചത്. രാത്രി 11.45 ന് ഭീമാകാരമായ ഒരു മഞ്ഞുകട്ടയില്‍ തട്ടി അതു തകര്‍ന്നുപോയി. കപ്പലിലുണ്ടായിരുന്ന 2224 പേരുടെയും ഉള്ളില്‍ തീകത്തി.
എന്താണു ചെയ്യുക? പകുതിപ്പേര്‍ക്കു കയറാന്‍പോലും ബോട്ടുകള്‍ കപ്പലില്‍ കരുതിയിരുന്നില്ല. അവസരത്തിനൊത്തുയര്‍ന്ന് ക്യാപ്റ്റന്‍ സ്മിത്ത്  കല്പന പുറപ്പെടുവിച്ചു: ''എല്ലാവരും ഡക്കിലേക്ക്.'' അടുത്ത ആജ്ഞയും ഉടനെ വന്നു: ''സ്ത്രീകളും കുട്ടികളും ആദ്യം ബോട്ടുകളില്‍ കയറട്ടെ.'' ക്യൂനിന്ന് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്ന ബോട്ടുകളില്‍ കയറിപ്പറ്റി.
യാത്രക്കാരില്‍ പ്രമുഖരായ രണ്ടു വ്യക്തികളായിരുന്നു മിസ്റ്റര്‍ ഇസിദോര്‍ സ്റ്റ്രാവുസും ഭാര്യയും. ബോട്ടില്‍ കയറാതെ മാറി നില്ക്കുന്നതായിക്കണ്ട മിസ്സിസ് സ്റ്റ്രാവുസിനോടു ക്യാപ്റ്റന്‍ കല്പിച്ചു: ''മാഡം, എത്രയും വേഗം ബോട്ടില്‍ കയറുക.''
''ഇല്ല, എന്റെ ഭര്‍ത്താവിനെ വിട്ടുപോകുന്ന പ്രശ്‌നമില്ല.'' അതായിരുന്നു ആ മഹതിയുടെ മറുപടി. കൂട്ടത്തില്‍നിന്ന ചിലര്‍ ചോദിച്ചു: ''ഇതെന്താണു മാഡം? മറ്റു സ്ത്രീകള്‍ കയറിയതു കണ്ടില്ലേ?''
''ഇല്ല, ഞാന്‍ കയറുന്നില്ല.''
മിസ്റ്റര്‍ ഇസിദോറും പറഞ്ഞു: ''പ്രിയേ, നീയും ബോട്ടില്‍ കയറണം. നമുക്കു ന്യൂയോര്‍ക്കില്‍ എണ്ണിയാലൊടുങ്ങാത്ത നിക്ഷേപങ്ങളുണ്ടല്ലോ. നീ പോയി അവയെ കാത്തുസംരക്ഷിക്കണം.''
''ഇല്ല ഇസിദോര്‍. നമ്മള്‍ വളരെ വലിയ വിലകൊടുത്തു വിജയിപ്പിച്ചതാണു നമ്മുടെ വിവാഹജീവിതം. പട്ടിണി കിടന്നു പണിയെടുത്തും രോഗങ്ങള്‍ പിന്നിട്ടും നേടിയത്. അവ ഒറ്റയ്ക്ക് അവിടെപ്പോയി അനുഭവിക്കുന്ന പ്രശ്‌നമേയില്ല.'' അതു മാഡം സ്റ്റ്രാവുസിന്റെ ഉറച്ച തീരുമാനമായിരുന്നു.
ആഴങ്ങളിലേക്കു കപ്പല്‍ ഊര്‍ന്നിറങ്ങുമ്പോഴും അവര്‍ കൈകോര്‍ത്തു പിടിച്ചുനിന്നിരുന്നതായി ബോട്ടില്‍ കയറിയ ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
മാഡം സ്റ്റ്രാവുസിന്റെ വാക്കുകള്‍ ഒരു ധീരാത്മാവിന്റേതാണ്,  രക്തസാക്ഷിയുടേതാണ്; വിവാഹജീവിതത്തിന്റെ രക്തസാക്ഷിയുടേത്. കപ്പലിലുണ്ടായിരുന്ന അധികം സ്ത്രീകള്‍ക്കും അങ്ങനെ പറയാനായില്ല, ചെയ്യാനായില്ല. എന്തുകൊണ്ടാണ് അവര്‍ക്കുമാത്രം അങ്ങനെ പറയാന്‍ കഴിഞ്ഞത്? മരണത്തെ മുഖാഭിമുഖം കണ്ടിട്ടും അതുപോലെ സധൈര്യം നിലയുറപ്പിക്കാന്‍ സാധിച്ചത്? ഉത്തരം മാഡം സ്റ്റ്രാവുസിന്റെ വാക്കുകളില്‍ത്തന്നെയുണ്ട്: ''വളരെ വലിയ വിലകൊടുത്തു വിജയിപ്പിച്ചതാണ് ഈ വിവാഹജീവിതം.
മാഡം സ്റ്റ്രാവുസ് പറയുന്നതുപോലെ, വിവാഹജീവിതത്തില്‍ വളരെ വലിയ വില കൊടുത്തു വിജയിപ്പിക്കേണ്ട ഘട്ടങ്ങളുണ്ട്, വിശേഷിച്ചും പ്രതിസന്ധികളില്‍.
''വധൂവരന്മാരെ ബന്ധിക്കുന്ന ഈ കുരിശിനെ ദയാപൂര്‍വ്വം ആശീര്‍വദിക്കേണമേ'' എന്ന പ്രാര്‍ത്ഥന ഉദ്ധരിച്ചുകൊണ്ട് ഒരു വൈദികന്‍ ഒരിക്കല്‍ തന്റെ സന്ദേഹം പ്രകടമാക്കി: ''വധു ധരിക്കാന്‍ പോകുന്ന ഈ കുരിശ് ആരുടെ കുരിശാണ്? വധുവിന്റേതോ, വരന്റേതോ?'' വധുവിനു വരന്‍ വച്ചുനീട്ടുന്ന ആ കുരിശ് ഭാവിജീവിതത്തില്‍ അവള്‍ക്കു ലഭിക്കാന്‍ പോകുന്ന കുരിശിന്റെ ലഘുരൂപമാകാം; വരനുള്ളതുമാകാം.
മിക്കപ്പോഴും അതു വധുവിന്റെ ഭാവിഭാഗധേയമായിരിക്കും. മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും വിട്ടുപിരിഞ്ഞ്, താന്‍ എത്തിച്ചേര്‍ന്ന വീട്  മുമ്പ് ഒരിക്കല്‍പ്പോലും താന്‍ കണ്ടിട്ടില്ലാത്ത ഭര്‍ത്തൃഗൃഹം, വധുവിനു ശിഷ്ടകാലംമുഴുവന്‍ അനുഭവിക്കേണ്ടിവരുന്ന കുരിശായിരിക്കും. 
പ്രതീക്ഷകളെല്ലാം വിവാഹജീവിതത്തില്‍ പൂവണിയാതെ വരുമ്പോള്‍ അസംതൃപ്തനാകുന്ന വരന്‍ തിരിയുക ഭാര്യയുടെ നേരേയായിരിക്കും. എല്ലാറ്റിന്റെയും പഴി അവള്‍ക്കായിരിക്കും. ഭര്‍ത്തൃഗൃഹത്തില്‍ ഏതാണ്ടു ബന്ധിതയെപ്പോലെ കഴിയേണ്ടിവരുന്ന ആ അബലയ്ക്ക് വിവാഹജീവിതം മധുരതരമായിരിക്കുകയില്ല. സ്ത്രീപീഡനം ചരിത്രം തുടങ്ങിയ കാലംമുതല്‍ ഉള്ളതാണല്ലോ.
വധു, വരനു കുരിശാകുന്ന രംഗങ്ങളുമുണ്ട്. ഭാര്യയുടെ വിധേയത്വവും ആദരവുമാണ് ഒരു പുരുഷന്‍ പ്രതീക്ഷിക്കുക. അതൊരിക്കലും ലഭിക്കാതെപോയ വ്യക്തിയാണ് വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയി. ലളിതജീവിതം നയിക്കാനാഗ്രഹിച്ചിരുന്ന ആ മനുഷ്യന്റെ തീരാക്കുരിശായിരുന്നു ഭാര്യ സോഫിയാ. എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ ആരോരുമില്ലാതെ റഷ്യയിലെ അസ്റ്റാപോവൊ റയില്‍വേ സ്റ്റേഷനില്‍ കിടന്ന് അദ്ദേഹം മരണമടഞ്ഞു! മഹാനായ എബ്രാഹം ലിങ്കന്റെ 23 വര്‍ഷക്കാലത്തെ വിവാഹജീവിതം കയ്പുനിറഞ്ഞതായിരുന്നു. ആ വലിയ മനുഷ്യനെ വിലമതിക്കാന്‍ ഭാര്യയായിരുന്ന മേരിക്ക് ഒരിക്കല്‍പോലും കഴിഞ്ഞില്ല.
ജീവിതം ഒരു കലയാണ്. വിശേഷിച്ചും വിവാഹജീവിതം. കഠിനാധ്വാനത്തിലൂടെയും കായക്ലേശത്തിലൂടെയുമല്ലേ ഏതു കലയും വിജയത്തിലെത്തുക. ആയാസംകൊണ്ടും അഭ്യാസംകൊണ്ടും നേടിയെടുക്കേണ്ട പദവി. അതുപോലെയാണു വിവാഹജീവിതമെന്ന കലയും. ദമ്പതിമാര്‍ പലതും പരിത്യജിച്ചും പരിശീലിച്ചും ജീവിക്കേണ്ടതുണ്ട്. 
ഇവിടെയാണ് സ്റ്റ്രാവുസ് ദമ്പതികള്‍ വിജയിച്ചത്. അതിരറ്റ ആദര്‍ശധീരതയോടെ, ത്യാഗബുദ്ധിയോടെ ജീവിതത്തില്‍ അവര്‍ മുന്നേറി. അവര്‍ കോടീശ്വരന്മാരായിത്തീര്‍ന്നതിന്റെ പിന്നിലും കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളുണ്ടാകും. അതാണ് മരണത്തിലും അവരെ ഒന്നിപ്പിച്ചുനിറുത്തിയത്.
ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിവാഹമോചനത്തിന്റേതാണ്. മിക്ക വിവാഹബന്ധങ്ങളും ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് പൊട്ടിപ്പൊളിയുന്നു, തെറ്റിപ്പിരിയുന്നു. പലരും അന്ന് ഭര്‍ത്താക്കന്മാരെ വിട്ട് ബോട്ടില്‍ കയറിയവരുടെ മക്കളുടെ മക്കളും മരുമക്കളുമൊക്കെ ആണെന്നതും കേവലം യാദൃച്ഛികമാകാം. എങ്കിലും അതൊരു സത്യമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)