•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വത്വം മറക്കുന്ന മലയാളി!

നിരവധിയാളുകള്‍ മലയാളഭാഷയുടെ ഉയിര്‍ത്തെഴുന്നേല്പിനായി പ്രവര്‍ത്തിക്കുമ്പോഴും അത്രകണ്ട് വിജയം കാണാത്തവിധം മലയാളഭാഷ പിന്നോട്ടുപോകുന്നു. തൊഴിലും ഭാഷയും തമ്മിലുള്ള ചിന്ത രൂഢമൂലമായതും സ്വന്തം നാട്ടില്‍ തൊഴിലില്ലെന്ന  യുവതയുടെ കാഴ്ചപ്പാടും മലയാളഭാഷയെ പിന്നോട്ടടിച്ചു. അക്ഷരമാലയും വ്യാകരണവും വൃത്തവും അലങ്കാരവും രചനാബുക്കും ഒക്കെ ഓര്‍മകളായി. ഈയിടെയായി പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും അത് എല്ലാ വിദ്യാലയങ്ങളുടെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെന്നതുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരാപഠനത്തില്‍ മാതൃഭാഷയുടെ പ്രാധാന്യമുണ്ടാകുന്നില്ല.
2012 ഡിസംബര്‍ 19 ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധസമിതി മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി നല്‍കുന്നത് തത്ത്വത്തില്‍ അംഗീകരിക്കുകയും 2013 മേയ് 23 നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുകയും ചെയ്തു. തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കും പിന്നാലെ നമ്മുടെ മലയാളവും ശ്രേഷ്ഠഭാഷയിലേക്കെത്തുമ്പോഴും മലയാളിക്കു മലയാളത്തോടു പുച്ഛമല്ലേ?! 2300 വര്‍ഷത്തെ പാരമ്പര്യവും പൈതൃകവും ഉള്‍ച്ചേരുന്ന മലയാളത്തെ എന്തുകൊണ്ടു നാം തള്ളിപ്പറയുന്നു?
മലയാളിയും മലയാളവും
സംസാരിക്കുന്നവരുടെ എണ്ണംകൊണ്ട് മുപ്പതാമത്തെ സ്ഥാനമാണു മലയാളത്തിനുള്ളത്. ഉപയോഗിക്കുന്നവരുടെ എണ്ണം  കുറയുന്നതനുസരിച്ച് മലയാളം പിന്‍തള്ളപ്പെടും. പഠിക്കാനേറെയുള്ളതും ആഴത്തില്‍ പഠിക്കേണ്ടതുമാണ് മലയാളമെന്ന നമ്മുടെ മാതൃഭാഷ. ശൈശവബാല്യകൗമാരങ്ങളില്‍ പഠിച്ചുവളരേണ്ടത് മാതൃഭാഷയിലാണ്. അമ്മയുടെ അക്ഷരങ്ങളില്‍ തുടര്‍ജീവിതത്തിനുള്ള 'അമൃത്' ഒളിഞ്ഞിരിപ്പുണ്ട്; മറക്കരുത്.
മക്കള്‍ക്കു മലയാളം അറിയില്ലെന്നു ഗര്‍വോടെ പറയുന്ന മാതാപിതാക്കളുണ്ട്. ഇതു നല്ല ലക്ഷണമല്ല; കാരണം, തലമുറകള്‍ തമ്മിലുള്ള സ്വാഭാവികവിടവിന്റെമേല്‍ കൂടുതല്‍ വിടവ് തീര്‍ക്കുമെന്നറിയുക. ഭാവിയില്‍ കൊച്ചുമക്കളോടു സംസാരിക്കാനാകാതെ അന്യരെപ്പോലെയിരിക്കുന്നതും ജീവിക്കുന്നതുമായ കുടുംബാന്തരീക്ഷം ചിന്തനീയമാണ്.
മലയാളത്തിന്റെ പദസമ്പത്ത് ഏതു ഭാഷയെയും അതിശയിപ്പിക്കുന്നതാണ്. ഈ പദസമ്പത്ത് സുഖകരവും സുദൃഢവുമായ ആശയവിനിമയത്തിനു സഹായകമാകുന്നു. നട്ടിടത്തു പുഷ്പിക്കുന്നുവെന്ന ചൊല്ല് ഭാഷയോടു ചേര്‍ത്തുവായിച്ചാല്‍ ശരിയാണെന്നു ബോധ്യമാകും. സ്വന്തം ഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍ ഇതരഭാഷയിലും പ്രാവീണ്യം നേടുക ദുഷ്‌കരമാണ്; ഒരുപക്ഷേ, തൊഴില്‍ നേടുന്നതിനുതകുന്ന 'പോയിന്റുകള്‍' നേടി ഭാഷയുമായി തൊഴില്‍മേഖലയില്‍ വിരാജിച്ചേക്കാം;'അപ്പോഴും എന്തു പറയണം, എങ്ങനെ പറയണം, പറയുന്നതിന്റെ അര്‍ത്ഥവും ആഴവും എന്താണ്; സ്ഥലകാലബോധം ഇതൊക്കെ തപ്പിത്തടയുന്ന അവസ്ഥയിലാകും. ആവശ്യം പറയാന്‍ മാത്രമുള്ളതല്ല ഭാഷ; പറയാന്‍ ആവശ്യമുള്ളതെല്ലാം പറയുന്നതിലേക്കും ആവശ്യമായതിലെല്ലാം ആകുന്നത്ര സൗന്ദര്യവും ഹൃദ്യതയും ഉള്‍പ്പെടുത്താനുമാകണം; ഭാഷയെന്നതിന് അന്തരാര്‍ത്ഥങ്ങളും ഹൃദയത്തെ തൊടുന്ന ആത്മീയതയുമുണ്ട്; മാതൃഭാഷ നമ്മുടെ ഉള്‍ക്കരുത്തിനെയും വ്യക്തിപ്രഭാവത്തെയും ശക്തിപ്പെടുത്തുമെന്നു തീര്‍ച്ച.
സാമൂഹികാവസ്ഥയുടെ മുഖ്യധാര കംപ്യൂട്ടര്‍ ഏറ്റെടുത്തപ്പോള്‍ അതിനൊപ്പം നമ്മുടെ ഭാഷയിലും ചില മാറ്റങ്ങള്‍ കടന്നുകൂടി. തുണ്ടുസന്ദേശങ്ങളാല്‍ വാട്‌സാപ്പും ഫേസ്ബുക്കും തുടങ്ങി നവമാധ്യമങ്ങള്‍ നിറയുകയാണ്. എല്ലാം ഹൃദയമില്ലാത്ത വാക്കുകളുടെ രൂപം മാത്രം! അക്ഷരത്തെറ്റും ആശയദാരിദ്ര്യവുമുണ്ടെങ്കിലും 'ആധുനികര്‍' കാര്യം മനസ്സിലാക്കും, അത്രമാത്രം. ഹൃദ്യതയില്ലാത്തതും ഭാഷാദാരിദ്ര്യം തന്നെയെന്നറിയണം. നമ്മുടെ കഥകളും സംഗീതവും മറ്റും ദ്രുതതാളത്തിന്റെ ചില അര്‍ത്ഥശൂന്യതുണ്ടുപദങ്ങള്‍കൊണ്ടു സമൃദ്ധമാകുന്നു; ഹൃദയമറിയാത്തവയെന്നു പറയേണ്ടിവരുന്ന അവസ്ഥയിലേക്കു ഭാഷയെ കൊണ്ടെത്തിച്ചിരിക്കുന്നു. മാതൃഭാഷയിലുള്ള 'ദാരിദ്ര്യം' ഇതരഭാഷയിലും നാം നേരിടുമെന്നു തീര്‍ച്ച. എന്തിനാണു സാഹിത്യവും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിക്കുന്നത്?! ജോലിയല്ലേ പ്രധാനം?! എന്നുള്ള പുതുതലമുറയുടെ വീക്ഷണം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ വൈഷമ്യങ്ങളുണ്ടാവും. ആശയാവിഷ്‌കാരമെല്ലാം നമ്മുടെ മൂലഭാഷയോടു ചേര്‍ന്നുപോകുന്നുവെങ്കില്‍ കേള്‍ക്കുന്നവരിലും അനുഭവിക്കുന്നവരിലും ഹൃദ്യത നിറയും. നമ്മുടെ വ്യക്തിത്വം കൂടുതല്‍ പ്രശോഭിക്കും; തൊഴില്‍മേഖലയിലും വിജയപഥം താണ്ടും.
ഒരു പുതിയ അധ്യയനവര്‍ഷത്തിനു തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍, വളരെ ആഴത്തില്‍ പഠനവിധേയമാകേണ്ടതാണ് നമ്മുടെ മാതൃഭാഷാപരിജ്ഞാനം. ബാലമനസ്സുകളില്‍ നാടിന്റെ പൊലിമയും പ്രകൃതിരമണീയതതയും കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളുമൊക്കെ മലയാളഭാഷയിലൂടെ പിച്ചവയ്ക്കട്ടെ. അമ്മേയെന്നു വിളിച്ച് ഒന്നു കരയാനെങ്കിലും മക്കള്‍ക്കു കഴിയട്ടെ; രാരീരം പാടി താരാട്ടുപാട്ടിന്റെ ഈണത്തിന്റെ ലയത്തില്‍ മാതൃത്വം മക്കളുമായി ഇഴചേരട്ടെ. കണക്കും കണക്കുപട്ടികയും നമ്മുടെ പഠനത്തില്‍നിന്നു ചോര്‍ന്നുപോയോ; ഹരണപ്പട്ടികയും ഗുണനപ്പട്ടികയും വ്യവകലനപ്പട്ടികയും അധികപ്പട്ടികയുമൊക്കെയിന്നുണ്ടോ; ഒരു മനക്കണക്കു ചെയ്യാന്‍ നമ്മുടെ മക്കള്‍ക്കു കഴിയുമോ?
നന്മ പഠിക്കാനും നന്മയില്‍ വളരാനും നല്ലതു ചിന്തിക്കാനും നല്ലതു പകര്‍ന്നുനല്കാനും, കര്‍മരംഗത്ത് നന്മയിലും സത്യസന്ധതയിലും മനഃസാക്ഷിയിലും സജീവമാകാനും നാളെയുടെ തലമുറയ്ക്കു മാതൃഭാഷയും മാതൃപിതൃബന്ധങ്ങളും സഹായിക്കണം. സകല വിദ്യാലയങ്ങളിലും മാതൃഭാഷയുടെ ആഴമേറിയ പഠനം ഉണ്ടാകണം. മലയാളി മലയാളത്തെ വെറുത്താല്‍ പിന്നെ ആരാണു മലയാളത്തെ സ്‌നേഹിക്കുക?! വാളാകാനും വീണയാകാനും ഭാഷയ്ക്കു ശക്തിയുണ്ട്; പക്ഷേ, വാളിന്റെയും വീണയുടെയും 'താളം' വിവേകത്തോടെ തിരിച്ചറിഞ്ഞ് ഉപയോഗിക്കണമെങ്കില്‍ ഏതൊരു വ്യക്തിക്കും ആദ്യം വേണ്ടത്  മാതൃഭാഷയിലുള്ള പരിജ്ഞാനമാണ്; മലയാളിക്കു മലയാളംതന്നെ ആദ്യം അഭ്യസിക്കേണ്ട ഭാഷ; മലയാളി മലയാളത്തന്മയില്‍ അഭിമാനംകൊള്ളണം; മക്കളെ ഈ അഭിമാനബോധത്തില്‍ വളര്‍ത്തണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)