•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജ്വലിക്കുന്ന ഓര്‍മകളോടെ

കാര്‍ഗില്‍ നമുക്കു സുപരിചിതമായ ഒരു പേരാണ്. ആ പേര് ഒരു സ്ഥലത്തിന്റെ മാത്രം പേരല്ല. നമ്മുടെ രാജ്യം, ഭാരതഭൂമി നേടിയെടുത്ത ഒരു വലിയ യുദ്ധവിജയത്തിന്റെ പേരാണ്. അത് ഒരു ചതിക്കുമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന, ജ്വലിക്കുന്ന സ്മരണകള്‍ ഉണര്‍ത്തുന്ന നാമമാണ്.

നമ്മുടെ കരളുറപ്പുള്ള പട്ടാളക്കാര്‍ ചങ്കിലെ ചോരയും ജീവനും കൊടുത്ത് രാജ്യത്തിനു നേടിത്തന്ന കാര്‍ഗില്‍ യുദ്ധവിജയത്തിന് ജൂലൈ 26 ന് 21 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. സേന കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. ഡല്‍ഹിയിലെ യുദ്ധസ്മാരകത്തില്‍ രാജ്യത്തിന്റെ അഭിമാനം കാക്കുന്നതിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പുഷ്പചക്രം സമര്‍പ്പിച്ചു. 
1999 മേയ് മൂന്നിന് താഴ്‌വരയില്‍ ആടുമേയ്ക്കാന്‍ പോയ താഷിം എന്ന ചെറുപ്പക്കാരന്‍ അതിര്‍ത്തിയിലായി കണെ്ടത്തിയ ചില അസാധാരണ നീക്കങ്ങള്‍ സമീപത്തെ സൈനികക്യാമ്പില്‍ അറിയിക്കുകയും, ആര്‍മി ഓഫീസര്‍മാര്‍ അതില്‍ ഗൗരവമായി ഇടപെടുകയും ചെയ്തത് രാജ്യത്തിന്റെ പരമാധികാരത്തിനു നേര്‍ക്കുണ്ടായ ശത്രുരാജ്യത്തിന്റെ വികലമായ ഇടപെടല്‍ കൃത്യസമയത്തു ചെറുത്തുതോല്പിക്കാന്‍ സഹായകമായി. 
സാധാരണമായി ശൈത്യമേറുമ്പോള്‍ ഇരുസൈന്യങ്ങളും നിയന്ത്രണരേഖയിലെ കാവല്‍ താത്കാലികമായി അവസാനിപ്പിച്ചു മലയിറങ്ങുകയാണു പതിവ്. എന്നാല്‍, 1999 ല്‍ മലയിറങ്ങിയ പാക്‌സൈന്യം, ഒരുപറ്റം തീവ്രവാദികളുമായി തിരികെക്കയറുകയായിരുന്നു. അവര്‍ 130 ല്‍പ്പരം സൈനികപോസ്റ്റുകളില്‍ നുഴഞ്ഞുകയറി പിടിമുറുക്കി. ഈ നീക്കമറിഞ്ഞ് 18000 അടി ഉയരെയുള്ള ദ്രാസ് സെക്ടറിലെ സൈനികപോസ്റ്റിലേക്ക് പട്രോളിംഗിനുപോയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെയും സഹപ്രവര്‍ത്തകരുടെയും മൃതദേഹങ്ങളാണ് പിന്നീട് ഇന്ത്യയ്ക്കു ലഭിച്ചത്.
ഇന്ത്യ തിരിച്ചടി പ്ലാന്‍ചെയ്തു. ഇന്ത്യന്‍ കരസേനയുടെ ഓപ്പറേഷന്‍ വിജയ്‌യും വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗറും, നാവികസേനയുടെ ഓപ്പറേഷന്‍ തല്‍വാറും രൂപംകൊണ്ടു. രണ്ടുലക്ഷത്തില്‍പ്പരം പട്ടാളക്കാര്‍ സൈനികനീക്കത്തില്‍ പങ്കാളികളായി. യുദ്ധത്തിന്റെ മുന്‍നിരയില്‍ മുപ്പതിനായിരത്തില്‍പ്പരം സൈനികര്‍ നേരിട്ടെത്തി. ഇന്ത്യന്‍ പീരങ്കിപ്പട ബൊഫോഴ്‌സ് പീരങ്കികളുമായി കാര്‍ഗില്‍, ദ്രാസ്, കാക്‌സര്‍, മുഷ് കോഹ് തുടങ്ങിയ മേഖലകളില്‍ അണിനിരന്നു. ഏതാണ്ട് ഇരുനൂറ്റിയമ്പതില്‍പ്പരം പീരങ്കികള്‍ തുടര്‍ച്ചയായി ശത്രുനിരയിലേക്കു നിറയൊഴിച്ചു. മിഗ്, മിറാഷ് ശ്രേണികളില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു പിന്തുണയുമായി എത്തി. നാവികസേന തന്ത്രപ്രധാന തുറമുഖങ്ങളുടെ ഉപരോധത്തിനു തയ്യാറായി.
ഇതോടൊപ്പം അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ശക്തമായി. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പാക്കിസ്ഥാന്‍സേനയോടു പിന്മാറാന്‍ ശക്തമായി ആവശ്യപ്പെട്ടു. ജൂലൈ നാലിന് ഏറ്റവും ഉയരെയുള്ള ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചുപിടിച്ചു. 
ഇന്ത്യയ്ക്കു ധീരരായ 527 യോദ്ധാക്കളെ നഷ്ടമായി. 
വെറും 83 ദിവസംകൊണ്ടു ശത്രുരാജ്യത്തിന്റെ അഹങ്കാരത്തിനു നാം മറുപടികൊടുത്തു. പോരാട്ടത്തിനവസാനം 1999 ജൂലൈ 26 ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വിജയദിനമായി പ്രഖ്യാപിച്ചപ്പോള്‍ അതു രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ നിമിഷമായിരുന്നു, ഓരോ ഇന്ത്യാക്കാരനും അഭിമാനത്തിന്റെ നിമിഷമായിരുന്നു. 
1999 മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 ന് അവസാനിക്കുമ്പോള്‍ ആ യുദ്ധം നിരവധി സ്ത്രീകളെ വിധവകളാക്കിയിരുന്നു, അനേകം കുഞ്ഞുങ്ങള്‍ക്ക് അവരുടെ പിതാക്കന്മാരെയും അനേകം മാതാപിതാക്കള്‍ക്ക് മക്കളെയും നഷ്ടമായിരുന്നു. 
വിവാഹത്തിന്റെ നാല്പതാംനാള്‍ യുദ്ധഭൂമിയിലേക്കു പോയി പാക്കിസ്ഥാനിശത്രുവിനു കനത്ത നാശം വിതച്ച് ഒടുവില്‍ ജ്വലിക്കുന്ന ഓര്‍മയായ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ക്യാപ്റ്റന്‍ ജെറി പ്രേംരാജ് ഉള്‍പ്പടെ വീരമൃത്യു വരിച്ച ധീരരായ സൈനികരുടെ ദീപ്തസ്മരണയ്ക്കുമുന്‍പില്‍ നമുക്ക് ആദരാഞ്ജലികളര്‍പ്പിക്കാം.
മരണാനന്തരപുരസ്‌കാരങ്ങള്‍ ലഭിച്ചവരും ലഭിക്കാത്തവരുമായ 527 വീരസൈനികരുടെ ജീവന്‍ നഷ്ടമായ ആ യുദ്ധദിവസങ്ങളിലേക്കു തിരികെപ്പോകാം. 
അവരെ രാജ്യത്തിനു സമ്മാനിച്ച പ്രിയപ്പെട്ടവരെ ഓര്‍മിക്കാം. അവരുടെ വേദനയില്‍ പങ്കുചേരാം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)