പണ്ടു നമ്മുടെ പേര് ശങ്കരച്ചാര്‍.
ഇന്നു നമ്മുടെ പേര് ഗോപകുമാര്‍.
നന്നേ മെല്ലിച്ച ചെറുപ്പക്കാരനായ ബഹദൂര്‍ സൈക്കിള്‍ ചവിട്ടിവരുമ്പോള്‍ പാടുന്ന പാട്ടാണ് ഇത്.
വീരനല്ലെങ്കിലും വിരലൊന്നില്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി എന്നാണ് സാമാന്യത്തിലധികം തടിച്ച അടൂര്‍ ഭാസിയെ നോക്കി സുകുമാരി പാടുന്നത്.
അടൂര്‍ ഭാസിയും ബഹദൂറും. മലയാളസിനിമയിലെ ഒരു കാലത്തെ ചിരിയുടെ രണ്ടു രൂപങ്ങളായിരുന്നു ഇവര്‍. രണ്ടു രീതിയില്‍ ചിരിയുണര്‍ത്താനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. മെല്ലിച്ച രൂപത്തിലുള്ള ചിരിയുടെ പേരായിരുന്നു ബഹദൂറെങ്കില്‍ തടിച്ച ചിരിയുടെ പേരായിരുന്നു അടൂര്‍ഭാസി. അതുകൊണ്ടാണ് ബഹദൂറിനൊരിക്കലും തടിക്കാനോ ഭാസിക്കൊരിക്കലും മെലിയാനോ കഴിയാതിരുന്നത്. ആ രീതിയിലായിരുന്നു അവരുടെ നിലനില്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്.
ഇന്നു മികച്ച നടനായി പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്ന ഇന്ദ്രന്‍സിന്റെ തുടക്കകാലത്തെ കഥാപാത്രങ്ങളെ ഓര്‍മയില്ലേ? കൊടക്കമ്പി എന്ന വട്ടപ്പേരിന്റെ ആവര്‍ത്തനംപോലെയുളള എത്രയോ കഥാപാത്രങ്ങള്‍! കഴുത്തു നീണ്ടതിന്റെ പേരില്‍ കൊക്ക് എന്നും വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളുമുണ്ടായിരുന്നു.
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെ കാര്യവും വ്യത്യസ്തമൊന്നുമല്ല. ശരീരത്തിന്റെ പ്രത്യേകതകളും കുറവുകളുംകൊണ്ട് ഫലിതം ഉണ്ടാക്കാനുള്ള കാരണക്കാര്‍ മാത്രമായിരുന്നു ഇവര്‍. ഇ വി കൃഷ്ണപിള്ളയുടെ കാലത്തെ പ്രഹസനങ്ങളിലെ കഥാപാത്രസൃഷ്ടിയില്‍നിന്നു വളര്‍ച്ച പ്രാപിക്കാത്തവരായിരുന്നു മലയാളസിനിമയിലെ ഭൂരിപക്ഷം കോമഡിതാരങ്ങളും. സിനിമ സാങ്കേതികമായി വികസിച്ചുവെങ്കിലും കഥാപാത്രരൂപവത്കരണത്തില്‍ പഴയ വാര്‍പ്പുമാതൃകകളെയാണു മലയാളസിനിമ അടുത്തകാലംവരെ പിന്തുടര്‍ന്നിരുന്നത്. ബോഡി ഷെയിമിങ്ങിന്റെ ഫ്രെയിമില്‍പെട്ടുപോയവരായി ഇങ്ങനെ മലയാളസിനിമയിലെ ഒരുപാടു താരങ്ങളെയും കഥാപാത്രങ്ങളെയും നമുക്കു കണ്ടെത്താന്‍ കഴിയും.
ഞാനും ഈ നാട്ടില്‍ ജനിച്ചുവളര്‍ന്നവനാണെന്നാണ് മീശമാധവന്‍ സിനിമയില്‍ ഗിന്നസ് ഉണ്ടപ്പക്രുവിന്റെ മറുപടി. ജനിച്ചു എന്നു പറഞ്ഞാല്‍ മതി നീ വളര്‍ന്നിട്ടില്ല എന്നാണ് ഹരിശ്രീ അശോകന്റെ കഥാപാത്രം അതിനോടു പ്രതികരിക്കുന്നത്. ജോക്കര്‍ സിനിമയില്‍ അടുത്ത പറമ്പില്‍നിന്നു തേങ്ങ മോഷ്ടിച്ചെടുക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ഉണ്ടപ്പക്രുവിന്റെ കഥാപാത്രം വിനിയോഗിക്കപ്പെടുന്നത്. കുള്ളത്തം എന്ന അവസ്ഥയെ ചിരിക്കാന്‍ മാത്രമുള്ള കാരണമായി മാറ്റുകയായിരുന്നു ഇത്തരം സിനിമികള്‍. പക്ഷേ, അദ്ഭുതദ്വീപുപോലെയുള്ള സിനിമകളിലേക്കു വന്നപ്പോള്‍ ഇതേ കുള്ളത്തം മനുഷ്യത്വത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതായി നാം കാണുന്നുണ്ട്. ഇത് ശാരീരികാവസ്ഥകളോടുള്ള സിനിമക്കാരുടെതന്നെ വീക്ഷണത്തില്‍ വന്ന പ്രകടമായ മാറ്റത്തിന്റെ തെളിവാണ്.
തുളസിക്കതിര്‍ ചൂടിയ, സമൃദ്ധമായ കേശഭാരമുള്ള നടിമാരെ മാത്രം നായികമാരായി അംഗീകരിച്ചിരുന്ന കാലമുണ്ടായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, അത്തരം സൗന്ദര്യസങ്കല്പങ്ങളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് അവതാരികയായും നടിയായും പേളി മാണി, മെറീന മൈക്കിള്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ കടന്നുവന്നിരിക്കുന്നത്. കാപ്പിരിമുടിയാണു തങ്ങളുടെ തനതുവ്യക്തിത്വമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സീറോ സൈസ്, സൗന്ദര്യമികവായി വാഴ്ത്തപ്പെടുന്ന കാലത്താണ് ഭീമന്റെ വഴി, തമാശ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ സിനിമകളിലെ തടിച്ച നായികമാര്‍ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. കഥാപാത്രം ആവശ്യപ്പെട്ടാല്‍മാത്രം തടി കുറയ്ക്കും; അല്ലാതെ സൗന്ദര്യസങ്കല്പത്തിന്റെ വാഴ്ത്തിപ്പാടലിനുവേണ്ടി വണ്ണം കുറയ്ക്കാന്‍ തയ്യാറല്ലെന്നാണ് വിന്‍സി അലോഷ്യസിന്റെ പ്രഖ്യാപനവും. വിദ്യാബാലനെപ്പോലെയുള്ള നടിമാരും സീറോ സൈസ് സങ്കല്പത്തില്‍നിന്നു പുറംതിരിഞ്ഞുനില്ക്കുന്നവരാണ്.
ആകാരഭംഗിയുള്ള സുന്ദരപുരുഷന്മാര്‍ നായകന്മാരും അംഗലാവണ്യം പ്രത്യേകമായി അടയാളപ്പെടുത്തി സൗന്ദര്യം കവിഞ്ഞൊഴുകുന്ന നായികമാരും മാത്രമായിരുന്നു ഒരു കാലത്ത് മലയാളസിനിമയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നത്. വിരൂപരായ കഥാപാത്രങ്ങള്‍ നായകരായി പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അവയില്‍ പലതും പുരുഷസൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി വിരാജിച്ചിരുന്ന നായകന്മാരുടെ ഫാന്‍സിഡ്രസ് വേഷങ്ങളായിരുന്നു (മമ്മൂട്ടിയുടെ സൂര്യമാനസം, പൊന്തന്‍മാട, ദിലീപിന്റെ കുഞ്ഞിക്കൂനന്‍ തുടങ്ങിയവ ഉദാഹരണം).
പക്ഷേ, പുതിയ കാലത്തെ സിനിമയില്‍ ഇത്തരമൊരു അവസ്ഥയ്ക്കു പ്രകടമായ മാറ്റം വന്നിട്ടുണ്ട്.
ഡാ തടിയാ, തമാശ തുടങ്ങിയ സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങള്‍ എന്താണോ ആ രീതിയില്‍ത്തന്നെയാണു നടന്മാരും പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്. തടിയനായ ശേഖര്‍, തടിയന്റെ സംഘര്‍ഷങ്ങളെ അവതരിപ്പിച്ചപ്പോള്‍ കഷണ്ടിയായതിന്റെ പേരില്‍ അപകര്‍ഷത അനുഭവിക്കുന്ന തമാശയിലെ കഥാപാത്രത്തെ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചു. യഥാര്‍ത്ഥജീവിതത്തില്‍ നിന്ന് അകന്നുനില്ക്കുന്ന കഥാപാത്രങ്ങളായിരുന്നില്ല ഇവയൊന്നും.
ഞാന്‍ ഇങ്ങനെയാണു ഭായ്, അതിനു നിനക്കെന്താണ് ഭായ് എന്നാണ് ഡാ തടിയന്‍ ചോദിക്കുന്നത്. ഇത് അവരവരെ അംഗീകരിക്കാനുള്ള ആഹ്വാനമായിരുന്നു. ഒരുപാടു പേരെ സ്വന്തം ശരീരത്തിന്റെ അപകര്‍ഷതയില്‍നിന്നു മോചിപ്പിച്ചെടുക്കാനുള്ള ചെറിയ വിത്തുപാകലുകള്‍ക്ക് ഇത്തരം സിനിമകള്‍ കാരണമായിട്ടുണ്ട്.
മലയാളസിനിമ ആശയപരതയിലും അവതരണത്തിലും ഇതുപോലെ മാറിയിട്ടില്ലാത്ത ഒരു കാലത്തായിരുന്നുവെങ്കില്‍ ശേഖറിന്റെ തടി ചിരിക്കുള്ള ഒരു സാധ്യതയായിട്ടാകുമായിരുന്നു ചിത്രീകരിക്കപ്പെടുക.
സ്റ്റില്‍ ഫോട്ടോഗ്രാഫറും നടനുമായ എന്‍ എല്‍ ബാലകൃഷ്ണനെ ഓര്‍ക്കാപ്പുറത്ത്, പട്ടണപ്രവേശം തുടങ്ങിയ സിനിമകളില്‍ അവതരിപ്പിച്ചതു നോക്കൂ. അദ്ദേഹത്തിന്റെ ഓരോ ചലനവും കോമഡിയുണര്‍ത്താന്‍ സഹായകരമായ വിധത്തിലായിരുന്നു.
ഒരു പ്രായം കഴിഞ്ഞാല്‍ ഒട്ടുമിക്ക ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും തുടര്‍ന്നുള്ള കഷണ്ടിയും. കഷണ്ടിക്കാരന്റെ പ്രശ്നങ്ങളെയാണു തമാശ സംബോധന ചെയ്തത്. മുടിയുള്ള ഒരു താരത്തെ തിരഞ്ഞെടുത്തു വിഗു വച്ച് കഷണ്ടിക്കാരനായി അഭിനയിപ്പിക്കുകയല്ല, പകരം, കഷണ്ടിക്കാരനായ ഒരുവനെത്തന്നെ നായകനായി അവതരിപ്പിച്ചുവെന്നതാണ് തമാശയുടെ വിജയം. മുമ്പായിരുന്നെങ്കില്‍ ഇത്തരമൊരു പരീക്ഷണം വിജയിക്കുമായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ശാരീരികാവസ്ഥകള്‍ പരിഹാസവിധേയമാക്കപ്പെടുമ്പോള്‍ അവിടെ വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടമാകുകയാണു ചെയ്യുന്നത്.
ശരീരത്തെ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലും വലിയ കാര്യം വേറേയൊന്നില്ല. നമുക്കു നമ്മുടെ വ്യക്തിത്വത്തെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ കഴിയാത്തതുപോലെ തന്നെ ശരീരത്തെയും മറ്റൊരാളുടേതായി മാറ്റിയെടുക്കാന്‍ കഴിയില്ല. നാം നമ്മെ അംഗീകരിക്കുന്നതിന്റെ ഭാഗമാണ് സ്വന്തം ശരീരത്തോടുള്ള മതിപ്പും ആദരവും. നാം വെളുത്തതോ മെല്ലിച്ചതോ കറുത്തതോ തടിച്ചതോ എന്തുമായിരുന്നുകൊള്ളട്ടെ, മുടി ചുരുണ്ടതോ ഇല്ലാത്തതോ ആയിക്കോട്ടെ എല്ലാ കുറവുകളോടുംകൂടി സ്വയം സ്‌നേഹിക്കുകയും അംഗീകരിക്കുകയും ജീവിതത്തെ ആശ്ലേഷിക്കുകയും ചെയ്യുക. അതിനുള്ള പ്രചോദനമാണ് മേല്പറഞ്ഞ സിനിമകളും വര്‍ത്തമാനകാലത്തെ നടീനടന്മാരും നല്കുന്നത്.
ഒരുകാലത്ത് മലയാളസിനിമ നടീനടന്മാരുടെ ശരീരത്തിന്റെ സൗന്ദര്യത്തെയും അവയവങ്ങളുടെ പ്രത്യേകതകളെയും അടിസ്ഥാനമാക്കിയായിരുന്നു വിപണനതന്ത്രം ആവിഷ്‌കരിച്ചിരുന്നതെങ്കില്‍, ഇന്ന് അഭിനയിക്കുന്നതിന് സൗന്ദര്യം അത്ര അടിസ്ഥാനഗുണമൊന്നുമല്ല എന്ന വിധത്തിലായിരിക്കുന്നു. ഭരത് ഗോപിയുടെയും നെടുമുടിവേണുവിന്റെയും അച്ചന്‍കുഞ്ഞിന്റെയും കടന്നുവരവ് അത്തരമൊരു മാറ്റത്തെ അടയാളപ്പെടുത്തിത്തുടങ്ങിയിരുന്നുവെങ്കിലും മുഖ്യധാരാസിനിമയിലേക്ക് അവ അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നില്ല. ജീവിതവീക്ഷണമായോ സമീപനമായോ ശരീരപ്രത്യേകതകളെ അംഗീകരിക്കാനുളള ആഹ്വാനമായോ പുതിയകാലത്തെ സിനിമകള്‍ വളര്‍ന്നിരിക്കുന്നു.
നാം ആയിരിക്കുന്ന അവസ്ഥയെ നമുക്ക് അംഗീകരിക്കാം, സ്‌നേഹിക്കാം. സിനിമകള്‍ അന്ധമായി വിമര്‍ശിക്കപ്പെടേണ്ടവ മാത്രമല്ല അംഗീകരിക്കപ്പെടേണ്ടവകൂടിയാണ്. അവയിലെ നന്മകളെ നാം സ്വാംശീകരിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം.