കൊവിഡിനെത്തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു. നിരത്തുകള്‍ നിറഞ്ഞു പിഞ്ചുകുട്ടികളടക്കം യാത്ര ചെയ്യുന്ന കാഴ്ചയാണെങ്ങും. റോഡുകളിലാകെ തിരക്കോടു തിരക്ക്, മഴയും വരവറിയിച്ചിരിക്കുന്നു. റോഡുസുരക്ഷയെ സംബന്ധിച്ച് ഏറെ ബോധവാന്മാരാകേണ്ട സമയമാണിതെന്ന് ഈ തിരക്ക് നമ്മെ ഓര്‍മിപ്പിക്കുന്നു. കുരുതിക്കളങ്ങളാകുന്ന റോഡുകളിലെ ദാരുണമായ അപകടങ്ങളുടെ ചിത്രങ്ങളേറെ നമുക്കു മുന്നിലുണ്ട്. ഗതാഗതനിയമങ്ങള്‍ സംബന്ധിച്ചും വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും ഗതാഗതവകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ ബോധവത്കരണങ്ങളും പഠനക്ലാസുകളും ജാഗ്രതയോടെ നടക്കേണ്ടതിന്റെ ആവശ്യകത ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു, എങ്കില്‍ മാത്രമേ രാവിലെ വീടു വിട്ടിറങ്ങുന്ന കുട്ടികളടക്കമുള്ളവര്‍ സുരക്ഷിതരായി വീട്ടിലെത്തൂ.
ആരോഗ്യരംഗത്തു നാട് മുന്‍പന്തിയിലാണെങ്കിലും ഇവിടെ റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തിരക്കു നിറഞ്ഞ റോഡുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു, മത്സരയോട്ടം നടത്തുന്ന ബസുകള്‍ക്കിടയിലൂടെയുള്ള യാത്രയും അപകടസാധ്യത കൂട്ടുന്നു. ഇതിനിടയിലാണ് ന്യൂജെന്‍ ബൈക്കുമായി യുവാക്കള്‍ തലങ്ങും വിലങ്ങും പായുന്നത്.
വര്‍ഷംതോറും കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും റോഡപകടങ്ങള്‍ കുറയുന്നേയില്ല. വാഹനാപകടനിരക്കും മരണനിരക്കും ഭീതിദമാംവിധം വര്‍ദ്ധിക്കുകയാണ്. 2020 ല്‍ മാത്രം 27,877 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നാണു കണക്ക്. 11,831 ഇരുചക്രവാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 1,239 ജീവനുകള്‍. കൊറോണയെത്തുടര്‍ന്ന് മാസങ്ങളോളം വാഹനഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും അപകടങ്ങളില്‍ കാര്യമായ കുറവൊന്നും സംഭവിച്ചില്ല. നിരത്തുകളിലൂടെ അതിവേഗബൈക്കുകള്‍ കാരണം പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് കാല്‍നടയാത്രക്കാരും മറ്റു വാഹനങ്ങളും. ഗതാഗതച്ചട്ടങ്ങള്‍ക്കു വില കല്പിക്കാത്ത വേഗവും രൂപഘടനയില്‍പ്പോലും മാറ്റംവരുത്തിയുള്ള ബൈക്കുകളുടെ ഉപയോഗവുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. വാഹനങ്ങളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കപ്പെടുകതന്നെവേണം. കട്ടപ്പനയില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു മറിഞ്ഞത് അടുത്ത ദിവസമാണ്. ഈ സംഭവത്തില്‍, ബൈക്ക്‌യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഓര്‍ഡര്‍ നല്‍കിയ ബുള്‍സൈ ഭക്ഷണമേശയിലെത്തുംമുമ്പേ മടങ്ങിയെത്തുമെന്നു പറഞ്ഞു സംസ്ഥാനപാതയില്‍ റേസിങ് നടത്തിയ സംഭവം അടുത്തിടെ നെടുങ്കണ്ടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മതിയായ പരിശോധനകള്‍ റോഡില്‍ നടക്കാത്തതിനാലാണ് നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നതെന്നു പരാതികളുണ്ട്. ബൈക്കുകളുടെ വേഗം നിയന്ത്രിക്കുന്നത് അമിതവേഗംമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കും. നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം ഭയാനകമായ രീതിയിലാണു കൂടിവരുന്നത്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ നാട്ടിലെ റോഡുകള്‍ക്കിടമില്ലതാനും.
കേരളത്തിലെ വാഹനാപകടങ്ങളില്‍ 90 ശതമാനവും അമിതവേഗവും അശ്രദ്ധയുംകൊണ്ടാണെന്നാണ് കണ്ടെത്തിയത്. അശ്രദ്ധമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കൊപ്പം കുണ്ടും കുഴികളും നിറഞ്ഞ റോഡുകളും റോഡപകടങ്ങള്‍ക്കു മുഖ്യകാരണമാണ്.
റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കു നടപ്പാതകള്‍ നിര്‍മിച്ചുനല്‍കണം. എങ്കിലേ കുട്ടികള്‍ക്കടക്കം സുരക്ഷിതമായി റോഡിലൂടെ യാത്ര സാധ്യമാവൂ. നടപ്പാതകള്‍ കൈയേറി കച്ചവടകേന്ദ്രങ്ങളാക്കുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കണം. റോഡുനിയമങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ബാധകമാണെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. കാല്‍നടയാത്രക്കാര്‍ക്ക് നിശ്ചിതസ്ഥലങ്ങളില്‍ റോഡു മുറിച്ചുകടക്കുന്നതിനായി സീബ്രാക്രോസിംഗ് ഇട്ടു നല്‍കേണ്ടതാണ്. സിഗ്‌നല്‍ പോയിന്റുകളിലും പ്രധാന കവലകളിലും റോഡു മുറിച്ചുകടക്കുന്നതിനു സംവിധാനം വേണം.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പരിശോധനകള്‍ വ്യാപകമാക്കണം.
വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തിനനുസരിച്ചു റോഡിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കാത്തതും അപകടനിരക്കും മരണനിരക്കും കുതിച്ചുകയറുന്നതിനു കാരണമായിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ പോലീസും മറ്റും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ജീവനുകള്‍ പൊലിഞ്ഞുകൊണ്ടേയിരിക്കുന്നു. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കരാണ്, അവര്‍ക്ക് റോഡുനിയമങ്ങളെക്കുറിച്ച് വേണ്ട ധാരണ കാണില്ല, മുതിര്‍ന്നവരാണ് അവരുടെ രക്ഷയ്‌ക്കെത്തേണ്ടത്. റോഡുകള്‍ അവര്‍ക്കുകൂടി ഉള്ളതാണെന്ന ബോധ്യത്തോടെവേണം ഉപയോഗിക്കാന്‍. എങ്കിലേ ഈ അധ്യയനവര്‍ഷം നിരത്തുകളില്‍ ചോര വീഴാതെ കടന്നുപോകൂ.