•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പങ്കുവയ്ക്കലിന്റെ അഭാവം

''അനുമോള്‍ രണ്ടാഴ്ചയായി സ്‌കൂളില്‍ പോയിട്ട്. എന്താണെന്നറിയില്ല. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ടു റെഡിയാകും. സ്‌കൂള്‍ ബസ് വരുമ്പോള്‍ തലവേദന, വയറുവേദന, ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍. ഹോസ്പിറ്റലില്‍ പല തവണ കൊണ്ടുപോയി. ഡോക്ടര്‍ പറയുന്നത് ഒരു പ്രശ്‌നവും ഇല്ല എന്നാണ്.'' അനുവിന്റെ അമ്മ വിഷമത്തോടെ പറഞ്ഞുനിര്‍ത്തി.
അനുമോളെ നോക്കിയപ്പോള്‍, അഞ്ചാം ക്ലാസുകാരിയായ അവള്‍, വളരെ ക്ഷീണിതയായിരുന്നു. ഒരു ഉത്സാഹവും ഇല്ലാതെയുള്ള ഇരിപ്പ്. ''അമ്മ പറഞ്ഞതൊക്കെ നേരാണോ മോളേ'' എന്നു ചോദിച്ചപ്പോള്‍ തലകുലുക്കി. ''മോള്‍ക്ക് എന്താ പറയാനുള്ളത്'' എന്ന ചോദ്യത്തിനു തോള് മുകളിലേക്കുയര്‍ത്തി ഒന്നുമില്ല എന്നു കാണിച്ചു. അനുമോളുടെ അച്ഛന്‍ വിദേശത്താണ്. അമ്മയെ പുറത്തിരുത്തി അനുമോളോടു വിശദമായി സംസാരിച്ചു. അനുമോള്‍ക്കു ബിന്ദുമിസിനെ പേടിയാണ്. 
'സ്‌കൂള്‍ തുറന്നിട്ട് നാല് ആഴ്ചയേ ആയിട്ടുള്ളൂ. അതില്‍ രണ്ടാഴ്ച സ്‌കൂളില്‍ പോയില്ല. പിന്നെ മിസ്സിനെ എന്തിനാ പേടിക്കുന്നെ?' എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു തുടങ്ങി: ''ബിന്ദുമിസ് എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്നു, കഴിഞ്ഞവര്‍ഷം മിസ്സിന് എന്നെ തീരെ ഇഷ്ടമില്ലായിരുന്നു. മിസ്സ് മലയാളമാണു പഠിപ്പിച്ചുകൊണ്ടിരുന്നത്. മലയാളത്തിന്റെ പരീക്ഷയ്ക്ക് എനിക്ക് അമ്പതില്‍ 44 മാര്‍ക്കാണ് ആദ്യം കിട്ടിയത്. അപ്പോള്‍ മറ്റു വിഷയങ്ങള്‍ക്കു ഫുള്‍ വാങ്ങിക്കുന്ന ആള്‍ക്കു മലയാളം അറിയില്ലേ, എന്നു പറഞ്ഞ് കളിയാക്കുകയും വഴക്കു പറയുകയും ചെയ്തു.  അമ്മയോട്, ബിന്ദുമിസ് പഠിക്കാത്ത കുട്ടി എന്നു വിളിച്ചു പരാതി പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: ശരിയാ മിസ് പറഞ്ഞത്, നീ ഒന്നും പഠിക്കുന്നില്ല. പോയിരുന്ന് വായിച്ചു പഠിക്ക് എന്ന്. മറ്റൊരു ദിവസം മഴയായതുകൊണ്ട് യൂണിഫോം ഉണങ്ങിയില്ല, അതുകൊണ്ട് വേറേ ഡ്രസ്സ് ഇട്ടു. അതിനു കാരണം ബിന്ദുമിസ് ചോദിച്ചപ്പോള്‍, ഞാന്‍ പേടിച്ച് ഒന്നും മിണ്ടിയില്ല. മിസ് വീട്ടില്‍ വിളിച്ചു കാര്യം അന്വേഷിച്ചു.''
അന്നു വീട്ടില്‍ വന്നപ്പോള്‍ ക്ലാസില്‍ മിണ്ടാതിരുന്നതിന് അമ്മ ശകാരിച്ചു. അന്നുമുതല്‍ അനുമോള്‍ അമ്മയോട് ഒരു കാര്യവും പറയാതെയായി. പിന്നീട് ചില കുഞ്ഞുപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അത് അടുത്തിരുന്ന കൂട്ടുകാരിയോടു പറഞ്ഞു. അവള്‍ പറഞ്ഞു: ബിന്ദുമിസ് ഈ വര്‍ഷം കൂടിയേ ഉള്ളൂ. അഞ്ചാം ക്ലാസില്‍ വേറേ മിസുമാരാണു നമ്മളെ പഠിപ്പിക്കുന്നതെന്ന്. അത് അനുമോള്‍ക്ക് ആശ്വാസമായി. കൂട്ടുകാരിയുടെ ഈ ഉറപ്പിലാണ് അനുമോള്‍ ഈ വര്‍ഷം സ്‌കൂളില്‍പ്പോയിത്തുടങ്ങിയത്.
ഈ വര്‍ഷത്തെ രണ്ടാമത്തെ ദിവസം അനുമോള്‍ ബിന്ദുമിസ്സിനെ കണ്ടു. ഓടിപ്പോയി കൂട്ടുകാരിയോടു പറഞ്ഞു. അവള്‍ പറഞ്ഞു: ''അടുത്ത ക്ലാസില്‍ പഠിപ്പിക്കും, നമ്മളെ പഠിപ്പിക്കില്ല.'' അങ്ങനെ ഒരാഴ്ച കഴിഞ്ഞു രണ്ടാമത്തെ ആഴ്ചയില്‍ ഒരു ദിവസം സ്‌കൂള്‍ ബസ് വരാന്‍ വൈകി. അനുമോള്‍ താമസിച്ച് ക്ലാസിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍, അടുത്ത ക്ലാസിലേക്കു പോയ ബിന്ദുമിസ് ചോദിച്ചു: ''താമസിച്ചാണോ സ്‌കൂളില്‍ വരുന്നത്?'' അനുമോള്‍ ഒന്നും മിണ്ടാതെ ക്ലാസില്‍ കയറിയിരുന്നു. ആ കുഞ്ഞുബുദ്ധിയില്‍ അവള്‍ ചിന്തിച്ചു. ഈ വര്‍ഷവും മിസ് എന്നെ നോട്ടമിട്ടിരിക്കുകയാണ്. ഇത് അമ്മയോടു പറയാന്‍ പേടിയായതുകൊണ്ടുതന്നെയാണ് ക്ലാസില്‍ പോകാത്തതെന്ന് അനുമോള്‍ സമ്മതിച്ചു. വളരെ ക്ഷീണത്തിലും നിരാശയിലും ആയിരുന്നു അനുമോള്‍.
അമ്മ കുട്ടിയെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ''ഒരുപാടു വായിക്കുന്ന കുട്ടി. ഇപ്പോള്‍ ബുക്ക് എടുക്കാറേയില്ല. ഉറങ്ങാറില്ല, ഭക്ഷണം കഴിക്കില്ല. ആരോടും സംസാരിക്കില്ല (പുറത്തും വീട്ടിലും). എപ്പോഴും കസേര, ജനലരികിലേക്കു വലിച്ചിട്ട് എന്തോ ചിന്തിച്ചുകൊണ്ടിരിക്കും. അനുമോള്‍ വിഷാദത്തിന്റെ ലക്ഷണങ്ങളാണു കാണിച്ചുകൊണ്ടിരിക്കുന്നത്.''
ബിന്ദുമിസിനോട് ഒന്നു സംസാരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ നമ്പര്‍ തന്നു. കുട്ടിയുടെ അവസ്ഥ അല്പം മോശമാണെന്നും മിസിന്റെ സഹായം ആവശ്യമുണ്ടെന്നും, ഇല്ലെങ്കില്‍ കുട്ടിയെ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിച്ച് മെഡിക്കല്‍ എടുപ്പിക്കണം എന്നും പറഞ്ഞപ്പോള്‍ മിസ് ഒരു കരച്ചിലോടെ പറഞ്ഞു: എന്റെ ക്ലാസിലെ ഏറ്റവും നല്ല കുട്ടിയായിരുന്നു അനുമോള്‍, അവളെ സ്‌കൂളിലേക്കു വിട്ടേക്ക്. ഞാന്‍ നോക്കിക്കൊള്ളാം. അങ്ങനെ പിറ്റേന്ന് അമ്മയും അനുമോളും സ്‌കൂളില്‍ ചെന്നു. അവരെ കണ്ടതും മിസ് ഓടിവന്ന് കെട്ടിപ്പിടിച്ച് നിറുകയില്‍ ചുംബിച്ച് ക്ലാസില്‍ കൊണ്ടാക്കി. സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി  അനുമോളെ പരിചയപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടം, അനുമോളെയാെണെന്നും. ഇവള്‍ മിടുക്കിയാണെന്നും ടീച്ചേഴ്‌സിനോടും പറഞ്ഞു. ഇന്ന് അനുമോള്‍  സ്‌കൂളിലെ ഒരു മികച്ച വിദ്യാര്‍ത്ഥിനിയാണ്. 
പ്രിയ മാതാപിതാക്കളേ, ഇവിടെ അനുമോളെ വിഷാദരോഗത്തിന്റെ വക്കോളം എത്തിച്ചത് ബിന്ദുമിസ് ആണോ? മോളുടെ അമ്മ ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അമ്മയോട് എല്ലാം പറയുന്ന കുട്ടിയായിരുന്നു അനുമോള്‍. പക്ഷേ, അമ്മ രണ്ടുമൂന്നു തവണ അവളെ ബ്ലോക്ക് ചെയ്തപ്പോള്‍, പിന്നീട് അവള്‍ ഒന്നും പറയേണ്ട എന്നു തീരുമാനിച്ചു. ചിലപ്പോള്‍ ഇളയകുട്ടിയുടെ വഴക്കും, അപ്പന്‍ വിദേശത്തു ജോലിയായതിന്റെ വിഷമവും വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതിന്റെ തിരക്കുമാകാം, അനുമോളെ വേണ്ടവിധം കേള്‍ക്കാന്‍ ആ അമ്മ കൂട്ടാക്കാഞ്ഞത്. അവളുടെ പരാതിയില്‍ കുറച്ചുകൂടി ശ്രദ്ധിക്കുകയും ഒന്നു പിന്തുണച്ചു സംസാരിക്കുകയും ചെയ്തിരുന്നെങ്കില്‍ അനുമോള്‍ ഒരുപക്ഷേ, സന്തോഷത്തോടെ മുന്നോടു കുതിച്ചേനെ.
ഇന്നു മിക്ക അമ്മമാരും ഇങ്ങനെയൊക്കെത്തന്നെയാണ്. ഇളയ കുട്ടി ഉണ്ടാകുമ്പോള്‍, അഞ്ചോ ആറോ വയസ്സുള്ള അവരുടെ മൂത്തകുട്ടി പ്രായപൂര്‍ത്തിയായവരെപ്പോലെ, പ്രവര്‍ത്തിക്കണമെന്നു വാശിപിടിക്കുന്നു. നീ വലിയ കുട്ടിയല്ലേ, നിനക്കു മിണ്ടാതിരുന്നുകൂടേ, അവന്‍ കുഞ്ഞല്ലേ (ഇളയകുട്ടി), കളിപ്പാട്ടം അവനു കൊടുക്ക്, എന്നൊക്കെ പറഞ്ഞ് ആറു വയസ്സുകാരനെ പതിനെട്ടു വയസ്സുകാരനെപ്പോലെയാക്കാന്‍ ശ്രമിക്കുന്നു. ഇത് മൂത്തകുട്ടികളില്‍ നിരാശയും ദേഷ്യവും അപകര്‍ഷതയും വളരാന്‍ കാരണമാകുന്നു. അമ്മയുടെ സപ്പോര്‍ട്ട് ഇല്ല, അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല എന്നു വിചാരിച്ച് കുട്ടി പിറകോട്ടു വലിയുന്നു. അതുപോലെ ഇളയകുട്ടിയെപ്പോഴും 'എന്റെ കുട്ടീ, എന്റെ കുട്ടീ' എന്നു സംബോധന ചെയ്തു സംസാരിക്കുന്നതും മൂത്തകുട്ടികളെ ദേഷ്യക്കാരും സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുന്നവരുമൊക്കെയാക്കിത്തീര്‍ക്കും. ഈ സാഹചര്യങ്ങളില്‍ കുട്ടികള്‍ മറ്റുള്ളവരോട് ഉപദേശം തേടും. അനുമോളെപ്പോലെ അടുത്തിരിക്കുന്ന കൂട്ടുകാരോടോ തങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കുന്ന ബസ് ഡ്രൈവറോടോ ഒക്കെ. ഇത് ചിലപ്പോള്‍ അപകടങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍, നിങ്ങളുടെ കുട്ടികളെ കേള്‍ക്കാന്‍, അവരുടെ ഭയത്തില്‍ ധൈര്യം കൊടുക്കാന്‍, നിരാശയില്‍ പ്രത്യാശ പകരാന്‍, പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകാന്‍, മാതാപിതാക്കള്‍ക്കു കഴിയണം.
പണ്ടുള്ള കുടുംബങ്ങളില്‍ കുറഞ്ഞത് നാലു കുട്ടികളെങ്കിലും കാണും. അപ്പോള്‍ ഇളയകുട്ടിക്ക് അപ്പന്റെയോ അധ്യാപകരുടെയോ രണ്ടടി കിട്ടിയാല്‍ മൂത്തകുട്ടികളോട് ഓടി വന്നു പറയാം. അവരില്‍ ഒരാള്‍ എനിക്കും ഇന്ന് അടികിട്ടി എന്നു പറയുമ്പോള്‍ വേദനയുടെ അളവ് പകുതിയായി കുറയും. ഇന്നു കുട്ടികള്‍ക്ക് ഇതുപോലെ പങ്കുവയ്ക്കാന്‍ ആരുണ്ട്? പ്രായവ്യത്യാസം കൂടുതല്‍ ഉള്ളപ്പോഴും കുട്ടികള്‍ പരസ്പരം ഷെയര്‍ ചെയ്യാന്‍ മടിക്കും. ഇവിടെ മാതാപിതാക്കള്‍ക്കു വിവേകത്തോടും ദീര്‍ഘവീക്ഷണത്തോടുംകൂടി കുട്ടികളെ തിരുത്താനും ശിക്ഷിക്കാനും സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം. ചേട്ടനെ അനിയന്‍ അടിച്ചാല്‍ അതു പാടില്ല അവന്‍ ചേട്ടനാണ് എന്നു പറഞ്ഞ് ബഹുമാനിക്കാനും ചേട്ടനോട് അനിയനെ സ്‌നേഹിക്കാനും പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ഇന്ന് ചെറുപ്പക്കാരായ മാതാപിതാക്കള്‍ മിക്കവരും ഫോണിന്റെ ഉപയോഗംമൂലം കുടുംബത്തില്‍ പക്വതയോടെ ചിന്തിക്കുവാന്‍ പ്രാപ്തരല്ലാതാകുന്നു. പകരം, വീട്ടിലുള്ള സമയം കുട്ടികളോടു കൂടുതല്‍ സംസാരിക്കാന്‍ സമയം കണ്ടെത്തുക. മറുപടി പറയാന്‍വേണ്ടി കേള്‍ക്കാതെ, കാര്യങ്ങള്‍ ഗ്രഹിക്കാന്‍വേണ്ടി മറ്റുള്ളവരെ ശ്രവിക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)