നൂറ്റിയിരുപത്തിയൊന്‍പതു വര്‍ഷം മുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് 'വാങ്ക' എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ കഥ. മോസ്‌കോ നഗരത്തിലെ മനുഷ്യത്വരഹിതനായ ഷൂനിര്‍മാതാവ് അലിയാഖിന്റെ ജോലിക്കാരനാണ് അവന്‍. അയാളുടെ മാത്രമല്ല സഹജീവനക്കാരുടെയും കൊടിയമര്‍ദനങ്ങള്‍ക്കിരയായി, അസ്ഥി തുളയ്ക്കുന്ന ഡിസംബര്‍ ശൈത്യത്തെ ചെറുക്കാന്‍ പുതപ്പില്ലാതെ, ആഹാരമില്ലാതെ വിഷമിക്കുന്ന വാങ്ക, മുത്തച്ഛന്‍ കോണ്‍സ്റ്റാന്റിന്‍ മക്കറിച്ചിന്, തന്നെ രക്ഷിക്കണമെന്നു യാചിച്ചുകൊണ്ട് കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തെഴുതുന്നു. പണിയിടങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന ബാല്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ കത്ത്.
ഒരിക്കലും ലഭിക്കാനിടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് വാങ്കയുടെ ജീവിതം. കടുത്ത ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ആ കുഞ്ഞുമനസ്സാണു നമ്മുടെ ഇന്നത്തെ ബാലവേലയെടുക്കുന്ന ഓരോ കുഞ്ഞിന്റെയും ജീവിതം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ചെക്കോവ് ചൂണ്ടിക്കാണിച്ച ബാലവേലയുടെ പ്രശ്‌നം ഇന്നും സജീവമാണ്. ബാലവേല നിരോധനനിയമമൊക്കെയുണ്ട്. പക്ഷേ, അതൊക്കെ എത്ര ഫലപ്രദമായി നടപ്പാക്കപ്പെടുന്നു? ഏതു നിമിഷവും മരണമോ ഗുരുതരപരിക്കോ ഏല്‍ക്കാവുന്ന സാഹചര്യങ്ങളില്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കുന്ന അഞ്ചു വയസ്സു മുതലുള്ള ഭാഗ്യഹീനരായ കുരുന്നുകളുണ്ട് നമ്മുടെ ഇന്ത്യയില്‍ മാത്രം.
ബാലവേലയ്ക്കുനേരേ ലോകം കണ്ണടയ്ക്കുന്നു
ഏറ്റവും പുതിയ യു.എന്‍. കണക്കുകളനുസരിച്ച് 160 ദശലക്ഷം കുട്ടികള്‍(63 ദശലക്ഷം പെണ്‍കുട്ടികളും 97 ദശലക്ഷം ആണ്‍കുട്ടികളും) ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൊവിഡിന്റെയും ലോകസംഘര്‍ഷങ്ങളുടെയും ഫലമായി ഒമ്പതു ദശലക്ഷം കുട്ടികള്‍കൂടി ബാലവേലയിലേക്കു തിരിയുമെന്ന് അന്താരാഷ്ട്ര തൊഴില്‍സംഘടനയും യുണിസെഫും മുന്നറിയിപ്പു നല്‍കുന്നു. അവരില്‍ പലരും മുഴുവന്‍സമയം ജോലി ചെയ്യുന്നു. അവര്‍ സ്‌കൂളില്‍ പോകുന്നില്ല, കളിക്കാന്‍ സമയമോ സൗകര്യങ്ങളോ ഇല്ല. പലര്‍ക്കും ശരിയായ പോഷകാഹാരമോ പരിചരണമോ ലഭിക്കുന്നില്ല.
കുട്ടികളായി ജീവിക്കാനുള്ള അവസരം അവര്‍ക്കു നിഷേധിക്കപ്പെടുന്നു. അപകടകരമായ ചുറ്റുപാടുകളിലെ ജോലി, അടിമത്തം അല്ലെങ്കില്‍ മറ്റു നിര്‍ബന്ധിതതൊഴിലുകള്‍, മയക്കുമരുന്നു കടത്ത്, വേശ്യാവൃത്തി എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സായുധപോരാട്ടത്തില്‍ ഏര്‍പ്പെടല്‍ എന്നിങ്ങനെയുള്ള ഏറ്റവും മോശം ബാലവേലകളാണ് അവരില്‍ പകുതിയിലധികവും ചെയ്യുന്നത്.
ലോകത്തെ നിലവിലെ ബാലവേലയുടെ അവസ്ഥ ആശങ്കാജനകമാണ്. കൊവിഡ്-19 ന്റെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതു കുട്ടികളെയാണ്. 2019 ല്‍ കൊവിഡ് ആരംഭിച്ചതിനു ശേഷം 100 ദശലക്ഷം കുട്ടികള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കു വീണുവെന്ന് യു.എന്‍. പഠനങ്ങള്‍ കണക്കാക്കുന്നു. കുട്ടികളുടെ ദാരിദ്ര്യനിരക്കു വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബാലവേലയുടെ സാധ്യതയും വര്‍ദ്ധിക്കുന്നു. 30 ദശലക്ഷം കുട്ടികള്‍ ജനിച്ച രാജ്യത്തിനുപുറത്തു ജീവിക്കുന്നു. ലൈംഗികചൂഷണത്തിനും മറ്റു ജോലികള്‍ക്കുമായി കടത്തപ്പെടാനുള്ള സാധ്യത ഇതു വര്‍ദ്ധിപ്പിക്കുന്നു.
2000 നുശേഷം ആദ്യമായിട്ടാണ് ആഗോളതലത്തില്‍ പത്തിലൊന്നായി ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് യു.എന്‍. കാണുന്നത്. ഈ കുട്ടികളില്‍ പകുതിയോളം പേരും അപകടകരമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്രനിയമവും ദേശീയ നിയമനിര്‍മാണവും ലംഘിച്ചുകൊണ്ടു ചെയ്യുന്ന, കുട്ടികളുടെ ജീവിതംതന്നെ അപകടത്തിലാക്കുന്ന ക്രിമിനല്‍ കുറ്റമാണ് ബാലവേല. ഇത് ഒന്നുകില്‍ സ്‌കൂള്‍വിദ്യാഭ്യാസത്തെ നഷ്ടപ്പെടുത്തുന്നു അല്ലെങ്കില്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും ഇരട്ടഭാരം ഏറ്റെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കുന്നു.
ഭീകരമായ മാനസിക ശാരീരിക പീഡനങ്ങളാണ് തൊഴിലിടങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്നത്. ഇവരില്‍ പലരുടെയും സ്ഥിതി അടിമകളെക്കാളും പരിതാപകരമാണ്. വിദ്യാഭ്യാസവും മറ്റ് അടിസ്ഥാനാവകാശങ്ങളും നഷ്ടപ്പെടുന്ന കുട്ടികള്‍ കൂടുതല്‍ അപകടകരവും മോശവുമായ അവസ്ഥയില്‍ ജോലി ചെയ്യുന്നത് ലോകത്തെവിടെയാണെന്നു വിശകലനം ചെയ്ത ആഗോളകണ്‍സള്‍ട്ടിങ് സ്ഥാപനമായ മാപ്പിള്‍ ക്രോഫ്റ്റിന്റെ പുതിയ റിപ്പോര്‍ട്ടുപ്രകാരം, എറിത്രിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാന്‍മര്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സിംബാബ്‌വേ, യെമന്‍, നൈജീരിയ എന്നിവയാണ് ബാലവേല ഏറ്റവും കൂടുതല്‍ നടക്കുന്ന പത്തു സ്ഥലങ്ങളായി തിരിച്ചറിയുന്നത്.
ഉയര്‍ന്ന ദാരിദ്ര്യനിരക്കുള്ള രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ കുടുംബവരുമാനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കാരണം ബാലവേല സൂചിക വര്‍ധിക്കുന്നു. എന്നാല്‍, സാമ്പത്തികമായി പ്രധാനപ്പെട്ട രാജ്യങ്ങളായ ചൈന, ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കടുത്ത അപകടസാധ്യതകളുള്ളതായി കണ്ടെത്തി, കാരണം, ബാലവേലനിയമങ്ങള്‍ പലപ്പോഴും മോശമായി നടപ്പിലാക്കുന്ന രാജ്യങ്ങളാണിവ.
ബാലവേല ഇന്ത്യയില്‍
ശരാശരി 29 വയസ്സുള്ള ചെറുപ്പക്കാര്‍ കൂടുതലുള്ള ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ജനസംഖ്യയുടെ 54 ശതമാനത്തിലധികം 25 വയസ്സിനു താഴെയാണ്. എന്നിട്ടും, ഇന്ത്യ ഇപ്പോഴും ഏറ്റവും അപകടകരമായ സാമൂഹികതിന്മകളിലൊന്നായ ബാലവേലയുമായി പോരാടുകയാണ്. ഇന്ത്യന്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 7-17 വയസ്സിനിടയിലുള്ള ഏകദേശം 12.9 ദശലക്ഷം കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ജനസംഖ്യയുടെ 39 ശതമാനം വരുന്ന 472 ദശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. 472 ദശലക്ഷം കുട്ടികളില്‍, ഏകദേശം 143 ദശലക്ഷം കുട്ടികള്‍ (30.3%) വളരെ ദരിദ്രരും മെച്ചപ്പെട്ട അവസരങ്ങളുടെ അഭാവംമൂലം തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരായവരുമാണ്. ഇന്ത്യന്‍ സര്‍ക്കാറിനു കീഴിലുള്ള മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, ഓണ്‍ലൈനായി ബാലവേലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ബാലവേലയുടെ വിവിധ കാരണങ്ങള്‍ ദാരിദ്ര്യം, വിദ്യാഭ്യാസവിഭവങ്ങളുടെ അഭാവം, സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ, ആസക്തികള്‍, രോഗം അല്ലെങ്കില്‍ വൈകല്യം, കുറഞ്ഞ വേതനം കൊടുക്കാനുള്ള സൗകര്യം, കുടുംബപാരമ്പര്യം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വിവേചനം എന്നിവയാണ്. യുണിസെഫിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ ബാലവേല കേസുകളുടെ എണ്ണം 54 ശതമാനം വര്‍ദ്ധിച്ചു, ഗ്രാമീണമേഖലകളില്‍ 80 ശതമാനം ബാലവേലക്കാരാണ്. ഈ സംഖ്യകള്‍ ഭയപ്പെടുത്തുന്നതും ബാലവേലപ്രശ്‌നം രാജ്യത്തു വളരെ മോശമാണെന്നു വെളിപ്പെടുത്തുന്നതുമാണ്.
കേരളം തമ്മില്‍ ഭേദം
കേരളത്തില്‍ ബാലവേല താരതമ്യേന വളരെ കുറവാണ്. എന്നാല്‍, കേരളത്തിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്കു വര്‍ദ്ധിച്ചതോടെ ബാലവേല കൂടിവരികയാണ്. കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മഹാമാരി ബാലവേല പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയിലെ ബാലവേല കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ആശ്വസിക്കാമെങ്കിലും ഹോട്ടലുകള്‍, റോഡുനിര്‍മാണം, ആഭരണനിര്‍മാണം, കെട്ടിടനിര്‍മാണം, കേബിള്‍ കുഴിയെടുക്കല്‍ തുടങ്ങിയ തൊഴില്‍മേഖലകളിലേക്ക് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കുടുംബത്തോടൊപ്പം കുട്ടികള്‍ ജോലിയെടുക്കാനെത്തുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ എടുക്കുന്നുണ്ടെന്നുള്ളത് ഏറെ ആശ്വാസകരമാണ്.
സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ബാലവേല സംബന്ധിച്ചു വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്. ബാലവേല നിയമപരമായി നിരോധിക്കുകയും അതു ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍) നിയമപ്രകാരം പതിന്നാലു വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. പതിന്നാലു വയസ് കഴിഞ്ഞതും പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ലായെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു. പല കാരണങ്ങള്‍കൊണ്ട് കുട്ടികള്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കുന്നു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യവിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.phpഎന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥന്‍, തൊഴില്‍, പോലീസ്, മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. അര്‍ഹരായവര്‍ക്ക് രഹസ്യസ്വഭാവത്തോടെ പാരിതോഷികത്തുക നല്‍കുന്നതാണ്.
ബാലവേല പല അദൃശ്യരൂപങ്ങളിലും നിലനില്‍ക്കുന്നു. ലോകം മുഴുവനുമുള്ള രാജ്യങ്ങളുടെ ഭാവിയെയും വികസനത്തെയും ദുര്‍ബലപ്പെടുത്തുന്നു. ദശലക്ഷക്കണക്കിനു കുട്ടികള്‍ ദിവസേന ചൂഷണം നേരിടുകയും ആളുകളാല്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ബാലവേലയെ നിശ്ശബ്ദമായി അവഗണിക്കുന്നത് ഈ കുറ്റകൃത്യത്തിന് അംഗീകാരം നല്‍കുക മാത്രമാണ്. ചുരുക്കത്തില്‍ ബാലവേല മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്.
സ്വപ്നസാക്ഷാത്കാരത്തിനുള്ള കുട്ടികളുടെ കഴിവ് മുതിര്‍ന്നവര്‍ തട്ടിയെടുക്കരുത്. അവരുടെ ജീവിതസ്വപ്നങ്ങള്‍ വളരുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നൊരു ചുറ്റുപാടു വളര്‍ത്തിയെടുക്കാന്‍ നമുക്കു പരിശ്രമിക്കാം. കുട്ടികളുടെ പങ്കുവയ്ക്കപ്പെട്ട സ്വപ്നങ്ങള്‍ ജീവിതത്തില്‍ നവമായ പാതകള്‍ അവര്‍ക്കായി തുറക്കട്ടെ.