•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൃപാഭിഷേകത്തിന്റെ ഏഴു പതിറ്റാണ്ട്


പാലാ രൂപത സ്ഥാപിതമായിട്ട് ജൂലൈ 25 ന് എഴുപതു വര്‍ഷം പൂര്‍ത്തിയായി


പാറേമ്മാക്കലച്ചന്റെ കാലംമുതല്‍ ആരംഭിച്ച ഒരു പ്രക്ഷോഭണത്തിന്റെ യുക്തിഭദ്രമായ തുടര്‍ച്ചവഴിയിലെ ഒരു നാഴികക്കല്ലായിരുന്നു 1950 ജൂലൈ 25 ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 'ക്വോ എക്ലേസിയാരും പൊന്തിഫിച്ചേ' എന്ന കല്പനവഴി അന്നത്തെ ചങ്ങനാശേരി രൂപത വിഭജിച്ചും ഫാദര്‍ എമ്മാനുവേല്‍ സെബാസ്റ്റ്യന്‍ വയലിനെ പാലാ രൂപതയുടെ പ്രഥമബിഷപ്പായി നിയമിച്ചും പുറപ്പെടുവിച്ച ബൂളാ വഴി സ്ഥാപിച്ച പാലാ രൂപത. ദൈവകൃപയുടെ ഏഴു പതിറ്റാണ്ടുകള്‍ പാലാ രൂപത പൂര്‍ത്തിയാക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ കടന്നുപോന്ന വഴികളില്‍ രൂപതയ്ക്കു ലഭിച്ച ദൈവകാരുണ്യത്തിന്റെ അനുഗ്രഹമഴകള്‍ക്ക് ഇവിടത്തെ വിശ്വാസിസമൂഹം സ്വര്‍ഗ്ഗത്തിനുനേരേ കൈകൂപ്പിനില്ക്കുന്ന സന്ദര്‍ഭമാണിത്.
ഇവിടത്തെ വിശ്വാസികളുടെ ഒരു ചിരകാലസ്വപ്നമായിരുന്നു സ്വന്തമായ ഒരു ഭദ്രാസനമെന്നത്. അന്നത്തെ ചങ്ങനാശേരി രൂപതയുടെ വളരെ വിപുലമായ ഭൂവിഭാഗങ്ങളും അതിലുണ്ടായിരുന്ന എണ്ണമറ്റ ദൈവാലയങ്ങളും ഭരണപരമായ ഭാരത്തിനും അനുബന്ധപ്രയാസങ്ങള്‍ക്കും കാരണമാകുന്നു എന്ന അടിസ്ഥാനത്തിലാണ് ചങ്ങനാശേരി രൂപത വിഭജിക്കാനും പാലാ രൂപത സ്ഥാപിക്കാനും അന്നത്തെ പൗരസ്ത്യതിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ടിസറന്റിന്റെ ഉപദേശപ്രകാരം പരിശുദ്ധ സിംഹാസനം തീരുമാനിക്കുകയുണ്ടായത്. ചങ്ങനാശേരി ബിഷപ്പായിരുന്ന മാര്‍ ജെയിംസ് കാളാശേരിയുടെ അപ്രതീക്ഷിതവിയോഗംമൂലം ചങ്ങനാശേരിയിലും ഒഴിവു വന്നതിനാല്‍ പാലായിലെയും ചങ്ങനാശേരിയിലെയും മെത്രാന്‍നിയമനങ്ങളും ഒന്നിച്ചാണുണ്ടായത്. പുതിയ പാലാ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍നിന്നുതന്നെ രണ്ടു മെത്രാന്മാരും നിയമിക്കപ്പെട്ടതും പാലായ്ക്കു ലഭിച്ച ഇരട്ടഭാഗ്യങ്ങളായി എന്നു പറയാം. മാര്‍ മാത്യു കാവുകാട്ടും മാര്‍ സെബാസ്റ്റ്യന്‍ വയലിലും ആലുവ സെമിനാരിയില്‍ സതീര്‍ത്ഥ്യരുമായിരുന്നു. ''ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പൂക്കള്‍'' എന്നായിരുന്നു മെത്രാന്‍നിയമനത്തെക്കുറിച്ചുള്ള അന്നത്തെ മാധ്യമവിശേഷണം.
പാലാ ആസ്ഥാനമായി ഒരു പ്രത്യേക രൂപത വേണമെന്നാവശ്യപ്പെട്ട് റോമിലേക്കുണ്ടായ ഒട്ടേറെ നിവേദനങ്ങളും റോം ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ടാവണം. മാണിക്കുട്ടിയച്ചന്‍ എന്നറിയപ്പെട്ട മാണി(എമ്മാനുവേല്‍) സെബാസ്റ്റ്യന്‍ വയലിലാവും ബിഷപ്പെന്ന സംസാരം നിയമനം വരുന്നതിനു വളരെ മുമ്പുതന്നെ പാലായിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായി ഉണ്ടായിരുന്നുവെന്നതായിരുന്നു യാഥാര്‍ത്ഥ്യം. രൂപതാസ്ഥാപനത്തിനു മുമ്പുതന്നെ പാലായില്‍ വലിയ പള്ളിയുടെ ചുമതലയില്‍ ഒരു കോളജാരംഭിക്കാനുള്ള പരിശ്രമങ്ങള്‍ സജീവമായ സമയത്തു കോളജുകമ്മിറ്റിയുടെ ചുമതലക്കാരനെന്നനിലയില്‍ അതിന്റെ അധ്യക്ഷനായി കാളാശേരിപ്പിതാവ് നിര്‍ദ്ദേശിച്ചതും മാണിക്കുട്ടിയച്ചനെയായിരുന്നു. പാലാ സെന്റ് തോമസ് ട്രെയിനിംഗ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന മാണിക്കുട്ടിയച്ചന്‍ ഒന്നാന്തരം പ്രഭാഷകനായും ജനപ്രീതി നേടിയിരുന്നു.
1950 ജൂലൈ 25 ന് കല്പനയില്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ ഒപ്പുവച്ചിരുന്നെങ്കിലും അത് ചങ്ങനാശേരിയിലും പാലായിലുമെത്തിയത് ഓഗസ്റ്റ് ഏഴിനു മാത്രമായിരുന്നു. പാലാ കോളജിന്റെ ആദ്യമന്ദിരത്തിന്റെ വെഞ്ചരിപ്പും കോളജിന്റെ ഉദ്ഘാടനവും നടന്ന ദിവസംതന്നെയാണ് കോളജ് കമ്മിറ്റി ചെയര്‍മാനായിരുന്ന മാണിക്കുട്ടിയച്ചന്‍ പാലാ രൂപതയുടെ പ്രഥമബിഷപ്പായി നിയമിക്കപ്പെട്ട വാര്‍ത്തയും എത്തിച്ചേര്‍ന്നത്!
രണ്ടു മെത്രാന്മാരുടെയും അഭിഷേകച്ചടങ്ങ് റോമിലായിരുന്നു. കര്‍ദ്ദിനാള്‍ ടിസറന്റ് തന്നെ അതിന്റെ മുഖ്യകാര്‍മ്മികനുമായി. 1951 ജനുവരി നാലിനായിരുന്നു വയലില്‍പ്പിതാവിന്റെ സ്ഥാനാരോഹണം. കത്തീഡ്രല്‍പ്പള്ളിയായി ഉയര്‍ത്തപ്പെട്ട പാലാ വലിയ പള്ളിയില്‍വച്ചായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകള്‍ നടത്തപ്പെട്ടത്. അത് പാലായുടെ ചരിത്രത്തിലെ ഒരു സംഭവമായി.
മൂന്നു പതിറ്റാണ്ടുകാലം പാലാ രൂപതയെ അതിസമര്‍ത്ഥമായി നയിച്ചശേഷമാണ് വയലില്‍പ്പിതാവ് ചുമതലയൊഴിഞ്ഞത്. ഉറച്ച ആത്മീയാടിത്തറമാത്രമല്ല, ഭൗതികമായ വികസനവും ഉറപ്പാക്കിയശേഷമാണ് പിതാവ് പദവിയൊഴിഞ്ഞത്.
പാലാ സെന്റ് തോമസ് കോളജിനുപുറമേ വയലില്‍പ്പിതാവ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അല്‍ഫോന്‍സാകോളജും അധ്യാപകപരിശീലനത്തിനായി ബിഎഡ് കോളജും സ്ഥാപിച്ചു. അരുവിത്തുറപ്പള്ളിയുടെ ചുമതലയില്‍ സെന്റ് ജോര്‍ജ് കോളജും കുറവിലങ്ങാടുപള്ളിയുടെ ചുമതലയില്‍ ദേവമാതാകോളജും ആരംഭിച്ചതും വയലില്‍പ്പിതാവുതന്നെയായിരുന്നു. ഒട്ടേറെ സ്‌കൂളുകളും ഹൈസ്‌കൂളുകളും മാത്രമല്ല സാങ്കേതികപരിശീലനസ്ഥാപനങ്ങളും തുടങ്ങുന്നതിനും വയലില്‍പ്പിതാവു മുന്‍കൈയെടുത്തു. പിതാവിന്റെ ഭരണനടപടികളെല്ലാം വലിയ ദീര്‍ഘവീക്ഷണത്തോടെയായിരുന്നുവെന്നതാണു സത്യം.
അധ്യാപകജോലിക്ക് ബി.എഡ്. ബിരുദം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ മുന്‍ഗണനാക്രമത്തില്‍ മാറ്റംവരുത്തിയാണ് വയലില്‍പ്പിതാവ് ബിഷപ്‌സ് ഹൗസ് പണിയുംമുമ്പേ ബിഎഡ് കോളജ് പണിയുന്നതിനു തീരുമാനിച്ചത്. അതുമൂലം മീനച്ചില്‍ക്കാരായ ഒട്ടേറെ യുവാക്കള്‍ക്ക് - ജാതിമതഭേദമെന്യേ സര്‍ക്കാര്‍ സര്‍വ്വീസിലും സ്വകാര്യമേഖലയിലും അക്കാലത്ത് അധ്യാപകരാകുവാന്‍ അവസരം ലഭിച്ചു.
രൂപതയാരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും എന്തുകൊണേ്ടാ പണിതുടങ്ങുവാന്‍ കാലതാമസം വന്നു. എങ്കിലും വയലില്‍പ്പിതാവ് ചുമതലയൊഴിയുംമുമ്പേ കത്തീഡ്രല്‍പള്ളിയും പണി പൂര്‍ത്തിയാക്കി കൂദാശ ചെയ്തു. പാലാ രൂപതയുടെ വകയായി 'ദീപനാളം' പ്രസിദ്ധീകരണമാരംഭിച്ചതും വയലില്‍പ്പിതാവിന്റെ കാലത്തുതന്നെ. ഒട്ടേറെ പള്ളികളും പിതാവിന്റെ കാലത്തു പണി പൂര്‍ത്തിയാക്കി കൂദാശ ചെയ്തു.
ദൈവവിളിയുടെ കാര്യത്തിലും സമര്‍പ്പിതരുടെ സംഖ്യയിലും പാലാ രൂപത ആദ്യംമുതല്‌ക്കേ മുന്നിലായിരുന്നു. ഏറ്റവും കൂടുതല്‍ മിഷണറിമാരെ മാത്രമല്ല, ഏറ്റവുമധികം മെത്രാന്മാരെയും സഭയ്ക്കു നല്‍കിയതിന്റെ ക്രെഡിറ്റും പാലാ രൂപതയ്ക്ക് അവകാശപ്പെട്ടതാണ്.
പാലാ രൂപത തുടങ്ങുംമുമ്പേ കന്യാകുമാരി മിഷനിലും മറ്റും പാലായില്‍നിന്നുമുള്ള വൈദികരും കന്യാസ്ത്രീകളും മിഷണറിപ്രവര്‍ത്തനത്തിനു പോയിരുന്നു. പില്ക്കാലത്ത് വയലില്‍പ്പിതാവ് 'മിഷണറി സൊസൈറ്റി ഓഫ് സെന്റ് തോമസ്' (എം.എസ്.ടി.) സ്ഥാപിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പാലാ രൂപതയില്‍നിന്നുള്ള മിഷണറിമാര്‍ സുവിശേഷവേലയ്ക്കായി യാത്രയായി. ഇപ്പോള്‍ മാണ്ഡ്യയിലും അദിലാബാദിലും ഷംഷാബാദിലുമൊക്കെ, ഉജ്ജയിനും സാത്‌നയ്ക്കും പുറമേ, പാലാ രൂപതയില്‍നിന്നുള്ള വൈദികരുടെയും സമര്‍പ്പിതസന്ന്യസ്തരുടെയും സജീവസാന്നിധ്യമുണ്ട്.
ഇതിനും വളരെ മുമ്പുതന്നെ മലബാറിലും കിഴക്കന്‍ മലയോരപ്രദേശങ്ങളിലും (ഹൈറേഞ്ച്) പാലായില്‍നിന്നു മിഷണറി വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യമുണ്ടായി. തലശേരി രൂപതയുടെ ആരംഭത്തോടെ കുടിയേറ്റമേഖലയില്‍ പാലാ രൂപതയില്‍പ്പെട്ട വൈദിക-സമര്‍പ്പിതസാന്നിധ്യം പതിന്മടങ്ങായിത്തീര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രിക്കയിലും യുഎസിലും തെക്കേ അമേരിക്കയിലും കാനഡയിലുമൊക്കെ എണ്ണമറ്റ വൈദികരും സന്ന്യാസിനികളും മിഷണറി പ്രവര്‍ത്തനത്തിനു സന്നദ്ധരായി. വടക്കുകിഴക്കനിന്ത്യയിലും (ആസ്സാം, മേഘാലയ, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സ്ഥലങ്ങള്‍) പാലായിലെ മണ്ണിന്റെ മണം പരന്നു. പില്ക്കാലത്ത് ജര്‍മ്മനിയിലും ബ്രിട്ടനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലുമൊക്കെ പാലാ രൂപതയില്‍നിന്നുള്ള വൈദികര്‍ ദൈവികശുശ്രൂഷയ്‌ക്കെത്തി. ഇന്ന് ഒരുപക്ഷേ, ആഗോളസഭയില്‍ ഏറ്റവും കൂടുതല്‍ വൈദിക-സമര്‍പ്പിതസാന്നിധ്യം അവകാശപ്പെടുവാന്‍ കഴിയുന്നതും പാലാ രൂപതയ്ക്കുതന്നെയാവണം.
വയലില്‍പ്പിതാവിന്റെ കാലത്തുതന്നെയാണ് രണ്ടാം വത്തിക്കാന്‍കൗണ്‍സിലിന്റെ ചൈതന്യത്തില്‍ പാസ്റ്ററല്‍ കൗണ്‍സിലും പ്രിസ്ബിറ്ററല്‍ കൗണ്‍സിലും രൂപീകരിക്കപ്പെട്ടത്. പാലാ രൂപതയില്‍ മാത്രമാണ് പാസ്റ്ററല്‍ കൗണ്‍സിലിന് ബിഷപ് പ്രസിഡന്റിനുപുറമേ ഒരു അല്മായചെയര്‍മാനെക്കൂടി വയ്ക്കുവാനുള്ള വകുപ്പും നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. പാസ്റ്ററല്‍ കൗണ്‍സിലും സുവര്‍ണജൂബിലി കഴിഞ്ഞിരിക്കുന്നു.
അഭിവന്ദ്യ വയലില്‍പ്പിതാവിനെത്തുടര്‍ന്ന് ബിഷപ്പായി നിയോഗം വന്നത് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനാണ്. ആദ്യം സഹായമെത്രാനായിട്ടായിരുന്നു നിയമനം. വടവാതൂര്‍ അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍പദവിയില്‍നിന്നാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ബിഷപ്പായി ഉയര്‍ത്തപ്പെട്ടത്. വയലില്‍പ്പിതാവിനെത്തുടര്‍ന്ന് കാല്‍നൂറ്റാണ്ടു കാലത്തോളം പാലാ രൂപതയെ നയിച്ചത് പള്ളിക്കാപറമ്പില്‍ പിതാവായിരുന്നു. പിതാവിന്റെ ശുശ്രൂഷാകാലവും പാലാ രൂപതയ്ക്ക് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചു. ചൂണ്ടച്ചേരിയില്‍ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജ് പള്ളിക്കാപറമ്പില്‍ പിതാവിന്റെ ഒരു ബ്രെയിന്‍ ചൈല്‍ഡായിരുന്നുവെന്നു പറയണം. പിന്നെ പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടും. രണ്ടു സ്ഥാപനങ്ങളും ഇപ്പോള്‍ പാലാ രൂപതയുടെ ഫ്‌ളാഗ്ഷിപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നു പറയുന്നതില്‍ തെറ്റില്ല. സംയുക്തക്രൈസ്തവമദ്യവര്‍ജ്ജനസമിതിയുടെ ചെയര്‍മാനായും മദ്യവിരുദ്ധജനകീയമുന്നണിയുടെ പ്രസിഡന്റായും പന്ത്രണ്ടു വര്‍ഷത്തോളം പിതാവു പ്രവര്‍ത്തിച്ചു. ദൈവവിളികളുടെ എണ്ണത്തിലെ റിക്കോര്‍ഡ് പിതാവിന്റെ കാലത്തും നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. ഒട്ടേറെ പുതിയ പള്ളികളും സ്ഥാപനങ്ങളും നിലവില്‍വന്നു. പൊതുവേ ശാന്തമായ ഒരു കാലഘട്ടമായിരുന്നു പള്ളിക്കാപറമ്പില്‍പിതാവിന്റെ ശുശ്രൂഷാകാലം. 
കീഴ്‌വഴക്കമനുസരിച്ച് എഴുപത്തഞ്ചാം വയസില്‍ പള്ളിക്കാപറമ്പില്‍ പിതാവ് ചുമതലയൊഴിഞ്ഞപ്പോഴാണ് 2004 ല്‍ വടവാതൂര്‍ സെമിനാരിയിലെ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായിരുന്ന ഡോ. ജോസഫ് കല്ലറങ്ങാട്ട് പിന്‍ഗാമിയായി നിയമിക്കപ്പെട്ടത്. പൗരസ്ത്യപാരമ്പര്യങ്ങളില്‍ ഉറച്ച വിശ്വാസവും നിലപാടുകളുമുള്ള മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനിഭാഷയിലും വേദശാസ്ത്രവിജ്ഞാനീയത്തിലും പ്രഗല്ഭനായ പണ്ഡിതനാണ്. പ്രഭാഷണകലയില്‍ വയലില്‍പ്പിതാവിന്റെ സ്‌കൂളില്‍പ്പെടുന്നയാളായാണ് ബിഷപ് കല്ലറങ്ങാട്ട് പരിഗണിക്കപ്പെടുന്നത്. പിതാവിന്റെ സുറിയാനിയിലെ റാസക്കുര്‍ബാന അവിസ്മരണീയമായ ഒരനുഭവമാണെന്നു പറയണം. ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആനുകാലികലേഖനങ്ങളും പ്രൗഢവും പണ്ഡിതോചിതവുമാണെന്നുള്ളതില്‍ തര്‍ക്കമേതുമില്ല. പിതാവിന്റെ പ്രസംഗങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും പിന്നില്‍ നല്ല ഹോംവര്‍ക്കുണെ്ടന്ന് അതു കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും പെട്ടെന്നു മനസ്സിലാകുമെന്നതിലും തര്‍ക്കംവേണ്ട.
പ്രളയക്കെടുതിയും കൊവിഡ് മഹാമാരിയുമുണ്ടായപ്പോള്‍ മറ്റെല്ലാം മറന്നും മാറ്റിവച്ചും സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസയജ്ഞങ്ങളിലും കൊവിഡ് പ്രതിരോധപരിശ്രമങ്ങളിലും പാലാ രൂപത ആത്മാര്‍ത്ഥമായി പങ്കുചേരുകയുണ്ടായി. പാലാ രൂപതവക ഒട്ടേറെ സ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്തു.
കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്കും പ്രതിസന്ധികള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നതില്‍ രൂപതയിലെ സംഘടനകളോടും പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് അവയ്ക്കു നേതൃത്വം നല്‍കിയും പാലാ രൂപത മറ്റു രൂപതകള്‍ക്കു മാതൃകയായി.
സാമ്പത്തികസമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദേശീയ കത്തോലിക്കാമെത്രാന്‍ സമ്മേളനത്തിന് ആതിഥ്യമരുളിയ പാലാ രൂപത അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പണിയും പൂര്‍ത്തിയാക്കുകയുണ്ടായി. ഇതിനെല്ലാം പുറമേയാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതും സാധാരണക്കാര്‍ക്കു മിതമായ ചെലവില്‍ വിദഗ്ധചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയതും. ആദ്യകാലത്തൊക്കെ അതിനെതിരേ ഒട്ടേറെ വിമര്‍ശനമുയര്‍ത്തിയവര്‍പോലും പിന്നീടു ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയുടെ ചികിത്സാസംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് അതിനൊപ്പം നില്ക്കാന്‍ തയ്യാറായി എന്നതു കല്ലറങ്ങാട്ടുപിതാവിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള മറ്റൊരു സാക്ഷ്യപത്രമായി.
ആര്‍ച്ചുബിഷപ്പുമാര്‍മാത്രം കമ്മീഷന്‍ ചെയര്‍മാന്‍മാരാവുക എന്ന സിബിസിഐ കീഴ്‌വഴക്കം വിട്ട് ആദ്യമായി സിബിസിഐ ദൈവശാസ്ത്രകമ്മീഷന്റെ ചെയര്‍മാനായി ഒരു ബിഷപ്പിനെ തിരഞ്ഞെടുത്തപ്പോള്‍ ആ പദവി നിയോഗം വന്നതും കല്ലറങ്ങാട്ടുപിതാവിനായിരുന്നു. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികള്‍ ഉണ്ടായതും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമകരണനടപടികള്‍ കൂടുതല്‍ മുന്നോട്ടുപോയതും ഇക്കാലത്തുതന്നെ. ധന്യന്‍ കദളിക്കാട്ടിലച്ചന്റെ നാമകരണനടപടികളും റോമില്‍ കൂടുതല്‍ മുന്നോട്ടുപോയിട്ടുള്ളതായാണ് മനസ്സിലാകുന്നത്.
ഒരേസമയം മൂന്നു പിതാക്കന്മാരുടെ സാന്നിധ്യത്തിന്റെ അനുഗ്രഹം വളരെ ചുരുക്കം രൂപതകള്‍ക്കു മാത്രമേ സിദ്ധിക്കാറുള്ളൂ. ഇപ്പോള്‍ ചങ്ങനാശേരി, പാലാ, തൃശൂര്‍ രൂപതകള്‍ക്കാണ് ആ ഭാഗ്യമുള്ളത്. പാലാ രൂപതയില്‍ വലിയ പിതാവും, പിതാവും, കൊച്ചുപിതാവുമായിരിക്കുന്നു. പള്ളിക്കാപറമ്പില്‍ പിതാവിന്റെ പ്രസാദാത്മകതയും നര്‍മ്മബോധവും പണേ്ട പ്രസിദ്ധമാണ്. കല്ലറങ്ങാട്ടു പിതാവിന്റെ പാണ്ഡിത്യവും നേതൃസിദ്ധിയും സീറോമലബാര്‍ സഭയ്ക്കുതന്നെ ഒരു മുതല്‍ക്കൂട്ടും വാഗ്ദാനവുമാണ്. 
പാലാ രൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജേക്കബ് മുരിക്കന്‍പിതാവ് രൂപതയുടെ കോര്‍പറേറ്റ് മാനേജരായിരുന്ന കാലത്തുതന്നെ നേര്‍നയങ്ങള്‍ക്കും സുതാര്യതയ്ക്കും പ്രസിദ്ധി നേടിയിരുന്നു. ലാളിത്യമാണ് മുരിക്കന്‍പിതാവിന്റെ മുഖമുദ്ര. അന്യമതസ്ഥനായ ഒരു സഹോദരന് തന്റെ വൃക്കകളിലൊന്നു ദാനം ചെയ്തുകൊണ്ടാണ് മുരിക്കന്‍പിതാവു ചരിത്രത്തിലേക്കു നടന്നുകയറിയത്. തികഞ്ഞ പ്രകൃതിസ്‌നേഹിയും പരിസ്ഥിതിവാദിയുമായ പിതാവു സന്ന്യാസത്തിലേക്കു മാറുവാനുള്ള തന്റെ ആഗ്രഹമറിയിച്ചു സഭാനേതൃത്വത്തെ സമീപിച്ചുകൊണ്ടാണിപ്പോള്‍ മറ്റൊരു ചരിത്രംകൂടി വിരചിച്ചിരിക്കുന്നത്.
സമര്‍ത്ഥമായ ഒരു വൈദിക-അല്മായനേതൃത്വവും എക്കാലത്തും പാലാ രൂപതയ്ക്കു സ്വന്തമായിരുന്നു. രാഷ്ട്രീയ-സാമുദായികസാമൂഹികരംഗങ്ങളിലെല്ലാം പാലാ രൂപത തന്റേതായ നിര്‍ണായകസാന്നിധ്യം കാലാകാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും പില്ക്കാലത്തു വിമോചനസമരത്തിലും പാലാ രൂപതയില്‍നിന്നുള്ള അല്മായനേതൃത്വത്തിന്റെ പങ്ക് താരതമ്യമില്ലാത്തതായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തും.
അന്നും ഇന്നും രൂപതാദ്ധ്യക്ഷന്മാര്‍ക്കു സമര്‍ത്ഥരായ വൈദികനേതൃത്വത്തിന്റെ ശക്തമായ പിന്‍ബലമുണെ്ടന്നതും പാലാ രൂപതയുടെ പ്രത്യേക ഭാഗ്യംതന്നെയെന്നതിലും സംശയമൊന്നുമില്ല. സന്ന്യാസ-സന്ന്യാസിനീസഭാസമൂഹങ്ങളുടെ നേതൃനിരയിലും പാലാ രൂപതയുടെ സജീവസാന്നിധ്യം അന്നും ഇന്നുമുണ്ട്.
സപ്തതിയിലെത്തുമ്പോള്‍ ദൈവതിരുമുമ്പാകെ പാലാ രൂപതയ്ക്കു പരാതികളൊന്നും പറയാനില്ല എന്നു മാത്രമല്ല, നന്ദി പറയുവാന്‍ മാത്രമേ കാര്യമുള്ളൂ, കാരണങ്ങളും. അഭിവന്ദ്യ വയലില്‍പ്പിതാവ് ആത്മകഥയ്ക്കു നല്‍കിയ പേരു മാത്രം നാം ആവര്‍ത്തിച്ചാല്‍ മതിയാകും: ''ദൈവമേ! നിന്റെ വഴികള്‍ എത്ര സുന്ദരം!''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)