''മൂവായിരത്തിഒരുനൂറ്റിയിരുപത്തി രണ്ടു കോടി രൂപയുടെ ബാധ്യത വരുത്തിവച്ചു നിങ്ങളുണ്ടാക്കിയ പുലിവാലിന് ഇവിടത്തെ ജനങ്ങള്‍ എന്തു പിഴച്ചു? ജനങ്ങളുടെ പണം ഖജനാവില്‍നിന്നു ചോര്‍ത്താന്‍ നിങ്ങള്‍ക്കെങ്ങനെ മനസ്സുവന്നു? സര്‍ക്കാരിന്റെ ഔദാര്യത്തില്‍ നിങ്ങള്‍ എത്രകാലം മുന്‍പോട്ടു പോകും? ബസുകളെ ക്ലാസ്സുമുറികളും കാരവനുമാക്കാന്‍ ആരാണു തീരുമാനിച്ചത്? നിരത്തുകളിലൂടെ സര്‍വീസ് നടത്തിയല്ലേ ബസുകള്‍ പണമുണ്ടാക്കേണ്ടത്?''''
ഇവയെല്ലാം കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെതിരേ ചില ജീവനക്കാര്‍ നല്കിയ പരാതികളില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ ചിലതു മാത്രം. ജീവനക്കാര്‍ ഇപ്പോള്‍ നടത്തുന്ന സമരങ്ങളെക്കുറിച്ചു പരാമര്‍ശിക്കവേ, സമരം ചെയ്തു ജനങ്ങളെ ദുരിതത്തിലാക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോര്‍പ്പറേഷന്റെ നഷ്ടക്കണക്കുകള്‍ പരിശോധിച്ചതില്‍ സമീപഭാവിയിലെങ്ങും മാറ്റം ഉനാകുമെന്നോ സ്വയം പര്യാപ്തത കൈവരിക്കുമെന്നോ കരുതാന്‍ വകയില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കുകള്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സ്റ്റോര്‍ കീപ്പര്‍മാര്‍ തുടങ്ങിയ ജീവനക്കാരുടെ ശമ്പളം നല്‍കാതെ ഉയര്‍ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കു വേതനം നല്‍കേണ്ടതില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിച്ചു.
എല്ലാ മാസവും 30 കോടി രൂപ നല്‍കി കെഎസ്ആര്‍ടിസിയെ നിലനിറുത്താമെന്ന സര്‍ക്കാര്‍വാഗ്ദാനം പരാമര്‍ശിക്കവേയാണ് 'ഇത്തരത്തില്‍ എത്രകാലം മുമ്പോട്ടുപോകുമെന്നു ജഡ്ജി ആരാഞ്ഞത്. കഴിയുന്നത്ര സഹായിക്കുന്നുണ്ട്'എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് എല്ലാ കാലവും നോക്കുമോ'എന്ന മറുചോദ്യമുണ്ടായി. സംസ്ഥാനത്തിന്റെ താത്പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സംസാരിക്കുന്നതു സര്‍ക്കാര്‍വിരുദ്ധതയായി കാണേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആര്‍ടിസി ക്ക് ഒരു മുഴുവന്‍സമയ മാനേജിങ് ഡയറക്ടറില്ലെന്ന വെളിപ്പെടുത്തലില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഡപ്യൂട്ടേഷനില്‍ തത്കാലത്തേക്കു നിയമിക്കപ്പെട്ടയാളാണ് എം.ഡിയെന്നു പറഞ്ഞപ്പോഴായിരുന്നു പ്രതികരണം. ഗതാഗതമേഖലയില്‍ വൈദഗ്ധ്യവും മറ്റു ജോലിബാധ്യതകള്‍ ഇല്ലാത്തതുമായ ഒരാളെയാണു ചുമതല ഏല്പിക്കേണ്ടത്. ഡിപ്പോകളില്‍ കിടന്നു തുരുമ്പെടുത്തു നശിക്കുന്ന നൂറുകണക്കിനു വാഹനങ്ങളുടെ ഉത്തരവാദിത്വവും ആരെങ്കിലും ഏറ്റെടുക്കണം.
വണ്ടികള്‍ ക്ലാസ്സ്മുറികളാക്കിയത് ഒരു സ്ഥിരം സംവിധാനമാക്കാന്‍ കഴിയില്ല. അടിസ്ഥാനസൗകര്യങ്ങള്‍തുലോം കുറവായ സ്വകാര്യബസ് മേഖല തഴച്ചുവളരുന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലേയെന്നും കോടതിചോദിച്ചു. കാടുപിടിച്ച യാര്‍ഡുകളില്‍ തുരുമ്പിച്ചുകിടക്കുന്ന ബസുകള്‍ മുതല്‍ ശുചിമുറികളിലെ വൃത്തികേടുകള്‍വരെ പരാമര്‍ശിച്ച ന്യായാധിപന്‍ മാനേജുമെന്റിന്റെ കെടുകാര്യസ്ഥതയിലേക്കാണു വിരല്‍ചൂണ്ടിയത്.
കോര്‍പ്പറേഷന്റെ ഇന്നത്തെ ദുരവസ്ഥയുടെ കാരണങ്ങളിലൊന്ന് ജീവനക്കാരുടെയും യൂണിയനുകളുടെയും നിസ്സഹകരണമാണെന്ന വിശദീകരണത്തില്‍ നീരസം പ്രകടിപ്പിച്ച കോടതി, കൊടിതോരണങ്ങള്‍ക്കും ജയ്‌വിളികള്‍ക്കും കുറവില്ലല്ലോയെന്നു പരിഹസിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയെ നന്നാക്കും
കോര്‍പറേഷനെ മികവുള്ളതാക്കാനും സര്‍വീസുകള്‍ മെച്ചപ്പെടുത്താനും ഡല്‍ഹിയില്‍നിന്നു പ്രഫഷണല്‍സംഘത്തെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ പൊതുഗതാഗതം ഏകോപിപ്പിക്കുന്ന ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായിട്ടാണു ധാരണയിലെത്തിയത്. ഡല്‍ഹിയില്‍ 3500 സ്വകാര്യബസുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ് നടത്തുന്നതുപോലെ ഇവിടെയും നടപ്പാക്കാനാകുമോയെന്നാണു ചിന്തിക്കുന്നത്. ഐടി ഡേറ്റ അനലിസ്റ്റ്, ട്രാഫിക് സര്‍വീസ് ഓപ്പറേഷന്‍ തുടങ്ങിയ മേഖലകളില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള നാലുപേരെ 15 ലക്ഷം രൂപ പ്രതിമാസശമ്പളത്തില്‍ നിയമിക്കും. അതോടൊപ്പം, കോര്‍പ്പറേഷനില്‍നിന്നുള്ള ഒരു വിദഗ്ധസംഘവും ആഡിറ്റര്‍മാരും സഹായത്തിനുണ്ടാകും.
വേണ്ടത് ശാശ്വതപരിഹാരം
ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാരുടെ എണ്ണം കുറച്ചാല്‍ കോര്‍പ്പറേഷനെ ലാഭത്തിലാക്കാമെന്നു വിലയിരുത്തുന്നവരുണ്ട്. 1:8.30 എന്ന അനുപാതത്തില്‍നിന്ന് 1:5 എന്ന കണക്കിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പിച്ചുവെന്നു പറയാനാകും. ഒരു വണ്ടിക്ക് 13 ജോലിക്കാരെന്ന അവസ്ഥയില്‍നിന്ന് 8.30 ലേക്കു താഴ്ത്തിക്കൊണ്ടുവന്നത് ശുഭസൂചനയാണ്. രോഗികളും അംഗവൈകല്യമുള്ളവരുമായ ജീവനക്കാരെ മതിയായ നഷ്ടപരിഹാരം നല്‍കി സ്വയംപിരിയലിനു പ്രേരിപ്പിക്കാം. കൃത്യവിലോപം കാട്ടുന്നവര്‍ക്കും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നടക്കുന്നവര്‍ക്കും മദ്യപന്മാര്‍ക്കും നിര്‍ബന്ധിതപിരിച്ചുവിടലാണ് അഭികാമ്യം.
കെഎസ്ആര്‍ടിസിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ച കൊല്‍ക്കത്ത ഐഐഎമ്മിലെ പ്രഫസര്‍ സുശീല്‍ ഖന്നയുടെ അഭിപ്രായങ്ങള്‍ ശ്രദ്ധേയങ്ങളായിത്തോന്നി: ''മാനേജുമെന്റിന്റെ കഴിവുകേടാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. എന്റേതുള്‍പ്പെടെ നൂറോളം പഠനറിപ്പോര്‍ട്ടുകളാണ് ട്രേഡുയൂണിയന്‍ നേതാക്കളുടെ എതിര്‍പ്പുമൂലം ചുവപ്പുനാടയില്‍ കുരുങ്ങിയത്. യൂണിയന്‍ പ്രവര്‍ത്തനം മോശമായ കാര്യമാണെന്നു ഞാന്‍ പറയില്ല. എന്നാല്‍, ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്ന കാര്യത്തില്‍ മാനേജുമെന്റ് പരാജയപ്പെട്ടു.
''സംപൂര്‍ണ കംപ്യൂട്ടര്‍വത്കരണം എന്റെ ശിപാര്‍ശകളില്‍ പ്രധാനപ്പെട്ടതായിരുന്നെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. എംഡിമാരുടെ തുടരെത്തുടരെയുള്ള സ്ഥാനമാറ്റം വളരെയേറെ ദോഷം ചെയ്തിട്ടുണ്ട്. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും മാനേജിങ് ഡയറക്ടറെ സ്വസ്ഥാനത്തിരുത്തണം. എന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനകാര്യം ക്രമീകരിക്കണം. ഏതൊരു സ്ഥാപനവും നന്നാകണമെങ്കില്‍ നല്ല മാനേജുമെന്റ് അനിവാര്യമാണ്. മികവും വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിച്ചാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാനാകും. ബോര്‍ഡംഗത്വം ഒരു പാര്‍ട്‌ടൈം ജോലിയല്ല. ഒരു സ്ഥാപനത്തെ നിലനിറുത്തുന്നതും മുന്‍പോട്ടുകൊണ്ടുപോകുന്നതും ബോര്‍ഡംഗങ്ങളാണ്.''
കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകള്‍ ഇപ്രകാരമായിരുന്നു: ''ഒരു ബസില്‍നിന്ന് ദിവസവരുമാനമായി ലഭിക്കുന്നത് ശരാശരി 16,000 രൂപയാണ്. എന്നാല്‍, ഈ വരുമാനംകൊണ്ട് ശമ്പളം കൊടുക്കേണ്ടത് എട്ടില്‍ക്കൂടുതല്‍ ആളുകള്‍ക്കാണ്. ഇവരുടെ ശമ്പളവും ഡീസല്‍വിലയും ചേര്‍ത്താല്‍ 20,000 രൂപയാണു ദിവസവും വേണ്ടത്. അതായത്, ഒരു ബസ് 4,000 രൂപ നഷ്ടത്തിലാണ് ഓടുന്നത്. ഏപ്രില്‍മാസത്തെ ദിവസവരുമാനം 165 കോടി ആയിരുന്നെങ്കില്‍ ചെലവ് 250 കോടിയായിരുന്നു. ബസോടിച്ച് കോര്‍പ്പറേഷനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞതിനാലാണ് ഇതരവരുമാനമാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുത്തും പരസ്യങ്ങള്‍ പതിച്ചുമൊക്കെ 500 കോടിയെങ്കിലും സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. ബസ് സ്റ്റാന്‍ഡുകള്‍ക്കുവേണ്ടി പണിത ഒരു കെട്ടിടവും മാര്‍ക്കറ്റിങ് കാഴ്ചപ്പാടോടെയല്ല നിര്‍മിച്ചിട്ടുള്ളത്. അവയിലുള്ള നിര്‍മാണങ്ങളെല്ലാം 'ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍' വ്യവസ്ഥയില്‍ സ്വകാര്യകമ്പനികളെയാണ് ഏല്പിക്കുക. ഇതിലേക്കായി മാര്‍ക്കറ്റിങ് സ്റ്റാഫിനെയും ഉപദേശകരെയും നിയമിച്ചുകഴിഞ്ഞു.
''എല്‍എന്‍ജി, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഗ്യാസിനും ഡീസലിനും വില വര്‍ദ്ധിച്ചതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചാണു ചിന്തിക്കുന്നത്. ഇപ്രകാരം 35 കോടിയും കംപ്യൂട്ടര്‍വത്കരണത്തിലൂടെയും ജീവനക്കാരെ പുനര്‍വിന്യസിച്ചും 25 കോടിയും ചെലവു കുറക്കാമെന്നു കരുതുന്നു. ഡ്രൈവറുള്ളപ്പോള്‍ കണ്ടക്ടര്‍ ഉണ്ടാകാറില്ല, കണ്ടക്ടര്‍ ഉള്ളപ്പോള്‍ ഡ്രൈവറും. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റംമൂലം 500 ഷെഡ്യൂളുകളെങ്കിലും ദിവസവും മുടങ്ങുന്നുണ്ട്. കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ വരുമാനവും വര്‍ദ്ധിക്കും. ജീവനക്കാരുടെ സഹകരണമില്ലാതെ കോര്‍പ്പറേഷനെ മുന്നോട്ടു കൊണ്ടുപോവുക സാധ്യമല്ല. ഖജനാവില്‍നിന്നു പണം വിഴുങ്ങി എത്രനാള്‍ മുന്‍പോട്ടു പോകാമെന്ന് ഒരു നിശ്ചയവുമില്ല. 2016 മുതല്‍ 2021 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ 6,962 കോടിയും 2021 -2022 സാമ്പത്തികവര്‍ഷത്തില്‍ 2,038 കോടിയുമാണ് സര്‍ക്കാരില്‍നിന്നു സഹായമായി നല്‍കിയത്. ഇപ്പോഴത്തെ നിലയില്‍ മുമ്പോട്ടുപോയാല്‍ 2030 കടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളെ കയറ്റിയില്ലെങ്കിലും ശമ്പളം കിട്ടുമെന്ന മനോഭാവത്തില്‍നിന്നു ജീവനക്കാര്‍ മാറിയാലേ കോര്‍പ്പറേഷന്‍ രക്ഷപ്പെടൂ. നിറയെ യാത്രക്കാരുമായി പോകുന്ന സ്വകാര്യബസുകള്‍ക്ക് അകമ്പടി പോകുന്ന സര്‍ക്കാര്‍ ബസുകള്‍ സ്ഥിരം കാഴ്ചയാണ്. ഇത് 'അഡ്ജസ്റ്റുമെന്റ് ഓട്ടം' അല്ലാതെന്താണ്? ഇന്ത്യന്‍ കോഫി ഹൗസിന്റെ മാതൃകയില്‍ സഹകരണസംഘം രൂപീകരിച്ച് നടത്തിപ്പ് തൊഴിലാളികളെത്തന്നെ ഏല്പിക്കുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കണമെന്നു ചിന്തിക്കുന്നവരും ഏറെയാണ്. സ്വകാര്യബസ് സര്‍വീസുകളെല്ലാം ലാഭത്തില്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ വണ്ടിക്കു മാത്രം നഷ്ടമുണ്ടാകുന്നതെങ്ങനെയെന്നാണ് അക്കൂട്ടര്‍ ചോദിക്കുന്നത്. കോര്‍പ്പറേഷനെ മൊത്തം ഉടച്ചുവാര്‍ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വണ്ടികള്‍ വൃത്തിയാക്കാന്‍ ഒട്ടേറെ തൊഴിലാളികളുണ്ടെങ്കിലും വൃത്തിയുടെ കാര്യത്തില്‍ എവിടെ നില്ക്കുന്നുവെന്നും ചിന്തിക്കണം. സ്വകാര്യപങ്കാളിത്തത്തോടെ വിജയകരമായി മുന്നേറുന്ന 'സിയാല്‍' (ഇകഅഘ) മാതൃകയിലുള്ള പങ്കാളിത്തം ഉറപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാകുമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഇവിടെയും പരീക്ഷിക്കാവുന്നതല്ലേ?
2010 ല്‍ കെഎസ്ആര്‍ടിസിക്കെതിരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ യുവജനസംഘടന നടത്തിയ അക്രമസമരത്തെക്കുറിച്ച് അക്കാലത്തെ എംഡിയായിരുന്ന ജയിംസ് കെ. ജോസഫ് ഓര്‍മിച്ചെടുക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ മൂന്നൂറോളം ബസുകളാണ് അന്നു തല്ലിത്തകര്‍ത്തത്. 'മാനിഷാദ' എന്ന ബോര്‍ഡും എഴുതിവച്ച് തകര്‍ന്ന വണ്ടികളുമായി തലസ്ഥാനനഗരിയിലൂടെ അന്നു നടത്തിയ വിലാപയാത്രകണ്ട് കേരളമനഃസാക്ഷി വിതുമ്പിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കെഎസ്ആര്‍ടിസി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍, മറ്റൊരു വിലാപയാത്രയ്ക്കുകൂടി കേരളം സാക്ഷിയാകേണ്ടിവരുമെന്നും അദ്ദേഹം കുറിച്ചുവയ്ക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ഉപജാപകസംഘത്തില്‍നിന്നു ജീവനുപോലും ഭീഷണിയുണ്ടായിരുന്ന ദുരനുഭവത്തെപ്പറ്റി കെഎസ്ആര്‍ടിസിയുടെ മുന്‍ എംഡിയും മുന്‍ ഡിജിപിയുമായിരുന്ന ടിപി സെന്‍കുമാര്‍ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. കോര്‍പ്പറേഷനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളവര്‍ തലപ്പത്തു കയറിക്കൂടിയുണ്ട് എന്ന യാഥാര്‍ത്ഥ്യവും ആശങ്കയോടെയേ കാണാനാകൂ.