•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സിസ്റ്ററേ, എനിക്കു രക്ഷപ്പെടാന്‍ കഴിയുമോ?

സിസ്റ്റര്‍, എന്റെ മോന്‍ അച്ചുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം  എന്നു പറഞ്ഞാണ് തമ്പിസാര്‍ മുറിയിലേക്കു വന്നത്. കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, മോന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ്. മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു, എവിടെയെങ്കിലും കൗണ്‍സലിങ്ങിനു കൊണ്ടുപൊയ്‌ക്കോ എന്നു പറഞ്ഞ് ഡോക്ടര്‍ വിട്ടിരിക്കുകയാണത്രേ.
മോന് ഇങ്ങനെ തോന്നാന്‍ കാരണം എന്തായിരിക്കുമെന്ന് ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അറിയില്ല, അവന്‍ ഒന്നും പറയാറില്ല, ഒന്നു പഠിക്കുന്നില്ല. എന്നൊക്കെയാണ് ഉത്തരം പറഞ്ഞത്.
പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള ഒരു മിടുക്കന്‍. പക്ഷേ, അവന്റെ കണ്ണുകളില്‍ പേടിയും നിരാശയും ദുഃഖവും നിറഞ്ഞുനിന്നിരുന്നു. സാറിനെ പുറത്തിരുത്തി മോനോടു സംസാരിക്കാന്‍ ശ്രമിച്ചു.
അപ്പന്‍ പുറത്തേക്കുപോയപ്പോള്‍, മസിലുപിടിച്ചിരുന്ന അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. വെറുതെ ഞാന്‍ ചോദിച്ചു: ''മോനെന്താ പറ്റിയെ? മോന്‍ ജീവിച്ചു മടുത്തോടാ ഇപ്പൊഴേ?'' അപ്പോള്‍ അവന്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. ഒരു പത്തുമിനിറ്റ് വിങ്ങിപ്പൊട്ടി കരഞ്ഞതിനുശേഷം അച്ചു സംസാരിക്കാന്‍ തുടങ്ങി: ''ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല സിസ്റ്ററേ, ഞാന്‍ ചീത്തക്കുട്ടിയായതുകൊണ്ടാണ്. എന്റെ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കനുസരിച്ച് എനിക്കിനി പഠിച്ചുയരാന്‍ പറ്റാത്തതുകൊണ്ട്, എന്റെ കുഞ്ഞനുജത്തിക്ക് ഒന്നും വരാതിരിക്കാനാണ് ഞാന്‍ മരിക്കാന്‍ പോയത്.''
ആദ്യം അവന്‍ പറഞ്ഞ ചീത്തക്കുട്ടിയില്‍നിന്നു തുടങ്ങാം എന്നു വിചാരിച്ച് എങ്ങനെയാണ് അച്ചു ചീത്തയായത് എന്നു ചോദിച്ചു. മെല്ലെയൊന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട് അവന്‍ പറഞ്ഞുതുടങ്ങി. ''ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലെ ഒരു ആഘോഷറാലിയില്‍ അവന്‍ പങ്കെടുക്കുകയായിരുന്നു. അതിലെ ഒരു കൊടി പിടിക്കാന്‍ അവന്‍ നിയോഗിക്കപ്പെട്ടു. അതുമായി മുമ്പോട്ടു പോയപ്പോള്‍ പെട്ടെന്ന് ആരോ അവന്റെ സ്വകാര്യഭാഗത്തു പിടിക്കുന്നതായി അവനു തോന്നി. പേടിച്ചു വിറച്ചു കൊടി, അടുത്തുനിന്ന ആരുടെയോ കൈയില്‍ കൊടുത്തിട്ട് അവന്‍ ഓടി ഒരു കടത്തിണ്ണയില്‍ പോയിനിന്നു. തന്നെ ഉപദ്രവിച്ച ആളെ അവന്‍ കണ്ടിരുന്നു. പക്ഷേ, അത് അവന്‍ ആരോടും പറഞ്ഞില്ല.
ആ സമയങ്ങളില്‍ അച്ചു ഒരിക്കലും തനിയെ പുറത്തു പോകാറില്ല. സ്‌കൂള്‍ബസില്‍ അല്ലെങ്കില്‍ മാതാപിതാക്കളോടൊപ്പം. അതുകൊണ്ട് ഈ മനുഷ്യനെ അവന്‍ പിന്നീട് ഒരിക്കലും കണ്ടില്ല. അത് അവന്‍ പതിയെ മറന്നുതുടങ്ങി.
പത്താംക്ലാസില്‍നിന്ന് 91% മാര്‍ക്കോടെ പാസായ അച്ചുവിന് അച്ഛന്‍ ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തു. പത്താംക്ലാസ് കഴിഞ്ഞല്ലോ, രാവിലെ ജോലിക്കു പോകുന്ന മാതാപിതാക്കള്‍ സന്ധ്യകഴിഞ്ഞേ മടങ്ങിയെത്താറുള്ളൂ. അതുവരെ അച്ഛമ്മയും അനിയത്തിയും അച്ചുവുമാണ് വീട്ടില്‍. സൈക്കിള്‍ വാങ്ങിയ അന്നുമുതല്‍ അച്ചു സൈക്കിളില്‍ പാല്‍ വാങ്ങാന്‍ പോയിത്തുടങ്ങി. ഒരു ദിവസം വഴിയില്‍വച്ച് പണ്ട് തന്നെ ഉപദ്രവിച്ച ചേട്ടനെ കണ്ടു. അല്പം ഭയം തോന്നിയെങ്കിലും അവന്‍ മുമ്പോട്ടു പോയി.  ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം അയാള്‍ സൈക്കിള്‍ നിറുത്താന്‍ കൈ കാണിച്ചു. അച്ചു നിര്‍ത്താതെ പോയി.
പിറ്റേ ദിവസം അയാള്‍ സൈക്കിള്‍ തടഞ്ഞുനിര്‍ത്തി സൗഹൃദപൂര്‍വം കാര്യങ്ങള്‍ തിരക്കി. നിഷ്‌കളങ്കനായ അച്ചു വിവരങ്ങളൊക്കെ പറഞ്ഞു. പിന്നീട് അതു പതിവായി. ഒരു ദിവസം  അയാള്‍ പറഞ്ഞു: ക്ലാസ് കഴിഞ്ഞു ക്ഷീണിച്ചു വരുന്നതല്ലേ. മാതാപിതാക്കള്‍ താമസിച്ചല്ലേ വരൂ. അതുകൊണ്ട് അടുത്തുള്ള പറമ്പിലേക്കു കയറിയിരുന്നു നമുക്കു സംസാരിക്കാം.'' പിന്നീട് അത് അടുത്തുള്ള ആളൊഴിഞ്ഞ ഒരു വീടിന്റെ പിറകിലേക്കായി. കാമംകൊണ്ട് ഒരു പുരുഷന്‍ സ്ത്രീയോടു ചെയ്യുന്നതൊക്കെ അച്ചുവിനോട് അയാള്‍ ചെയ്തു. അതുപോലെയൊക്കെ ചെയ്യാന്‍ അയാള്‍ കുട്ടിയെ നിര്‍ബന്ധിച്ചു. ഇതു തുടര്‍ന്നുകൊണ്ടിരുന്നു. ക്ലാസിലെ പരീക്ഷകള്‍ക്ക് അച്ചു തോറ്റു തുടങ്ങി. അതിന് അച്ഛന്റെ കൈയില്‍നിന്ന് അടിയും കിട്ടിക്കൊണ്ടിരുന്നു. പ്ലസ് വണ്‍  എക്‌സാം കഴിഞ്ഞപ്പോള്‍ അച്ചു തനിക്കു ക്ലാസിലെ ഒരു പെണ്‍കുട്ടിയോട് അടുപ്പമാണെന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ അയാള്‍ കുപിതനായി പറഞ്ഞു:  നിനക്കിനി വിവാഹം കഴിക്കാന്‍ പറ്റില്ല. വിവാഹം കഴിച്ചാലും ശരിയാകില്ല. നിനക്ക് ഇനി ഇങ്ങനെയേ ജീവിക്കാന്‍ പറ്റൂ. ഇതു നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ അനിയത്തിയെ ഞാന്‍ ഉപദ്രവിക്കും. നീ മടുത്തെങ്കില്‍ ക്ലാസിലെ വേറേ കുട്ടികളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാനും അയാള്‍ നിര്‍ബന്ധിച്ചു. ഇവിടെയാണ് അച്ചു തളര്‍ന്നുപോയത്. അവന്‍ വല്ലാതെ പേടിച്ചു. പഠിച്ച് എന്‍ജിനീയര്‍ ആകണമെന്ന ആഗ്രഹം സാധിക്കാതെ വരും. അതുപോലെ വിവാഹം കഴിക്കാന്‍ പറ്റില്ല. ഇനി രക്ഷപ്പെടാനാവില്ല എന്ന ചിന്ത അവനെ വലിയ ഭയത്തിലേക്കും നിരാശയിലേക്കും നയിച്ചു. ഇതിനിടയില്‍ റിസള്‍ട്ട് വന്നു. അച്ചു മൂന്നു വിഷയത്തിനു തോറ്റുപോയി. അച്ഛന്‍ അച്ചുവിനെ ഒരുപാട് അടിച്ചു. ഇവിടെ നിനക്ക് എന്തിന്റെ കുറവാണ് എന്നു ചോദിച്ചായിരുന്നു അടിയെന്ന് അവന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.
അവന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: ''അച്ഛന്‍ അടിച്ചതുകൊണ്ടാണ് ഞാന്‍ വിഷം കഴിച്ചത് എന്നാണ് പാവം അച്ഛന്‍ വിചാരിക്കുന്നത്. പക്ഷേ, എനിക്കിനി രക്ഷപ്പെടാനാവില്ലെന്ന് എനിക്കു മാത്രമല്ലേ അറിയൂ.'' എന്താ മോന്‍ ഇതു തുടക്കം മുതലേ മാതാപിതാക്കളോടു പറയായിരുന്നത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''അച്ഛനും അമ്മയ്ക്കും എപ്പോഴും തിരക്കാണ്; അമ്മ വില്ലേജ് ഓഫീസറാണ്. രണ്ടുപേരും വരുമ്പോള്‍ ഒത്തിരി വൈകും. അമ്മ ഒന്നും കേള്‍ക്കാറില്ല. പഠിക്കാന്‍ പറയും, അച്ഛന്‍ മാര്‍ക്കു കുറയുമ്പോള്‍ അടിക്കും. അച്ഛമ്മയ്ക്ക് ഞാന്‍ പറയുന്നതു മനസ്സിലാകില്ല. ആകെ കൂട്ടുള്ളത് വീട്ടില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന അനിയത്തിയാണ്. അവളോട് എന്തു പറയാനാണ്.''
അച്ചുവിന് 18 വയസ് പൂര്‍ത്തിയാകാത്തതുകൊണ്ട് അവന്റെ അനുവാദം ഇല്ലാതെതന്നെ തമ്പിസാറിനെ വിളിച്ച് കാര്യം പറഞ്ഞു. പാവം ആ പിതാവ് തന്റെ മോനെ കെട്ടിപ്പിടിച്ചു കരയുന്നത് വേദനയോടെയാണു കണ്ടുനിന്നത്. നാട്ടുകാരെ മുഴുവന്‍ നേരേയാക്കുന്ന തനിക്ക് ഇതു വന്നല്ലോ എന്നായിരുന്നു പരാതി. സാരമില്ല എന്ന് മകനെ ആശ്വസിപ്പിച്ചു. അച്ചുവിനെ ഉപദ്രവിച്ച ചേട്ടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ആ പ്രദേശത്തുള്ള എട്ടു കുട്ടികള്‍ അയാളുടെ അടിമകളാണെന്നു മനസ്സിലായി. ആ കുട്ടികളുടെ മാതാപിതാക്കളില്‍നിന്നു പരാതി വാങ്ങി നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു.
ഇതുപോലൂള്ള അച്ചുമാര്‍ നമ്മുടെ വീടുകളിലും നാട്ടിലും ഉണ്ടോയെന്നു നാം സൂക്ഷിച്ചു വീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമ്പാദിക്കാനുള്ള വ്യഗ്രതയില്‍, തങ്ങള്‍ സമ്പാദിച്ചു കൂട്ടുന്നത് അനുഭവിക്കാനുള്ള മക്കള്‍ നിങ്ങളുടെ കൂടെത്തന്നെ ഉണ്ടോയെന്ന് ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍, മാതാപിതാക്കളേ, നിങ്ങള്‍ മറക്കരുത്. ഇന്ന് പീഡിപ്പിക്കപ്പെടുന്ന ഒരുപാട് ആണ്‍കുട്ടികള്‍ ഉണ്ടെന്ന സത്യം മനസ്സിലാക്കി, പെണ്‍കുട്ടികളെപ്പോലെതന്നെ ശ്രദ്ധ നിങ്ങളുടെ ആണ്‍കുട്ടികള്‍ക്കും നല്കണമെന്ന് അച്ചു നമ്മെ ഓര്‍മപ്പെടുത്തുന്നു.
നിങ്ങളുടെ കുട്ടികള്‍ പെട്ടെന്നു മ്ലാനവദനരായാല്‍, സംസാരം നിറുത്തിയാല്‍, ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നതായിക്കണ്ടാല്‍, പഠനത്തില്‍ പിറകോട്ടുപോയാല്‍, കൂടക്കൂടെ ഞാന്‍ ചീത്തയാണ്, മോശമാണ് എന്നു പറയുന്നുണ്ടെങ്കില്‍ പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ തിരക്കുകള്‍ മാറ്റിവച്ച്, കുട്ടിയെ ഒന്നുചേര്‍ത്തുപിടിച്ച് കാരണം അന്വേഷിക്കാന്‍ മടിക്കരുതേ. അച്ചു അവസാനം ചോദിച്ചത്, 'സിസ്റ്ററേ, എനിക്കു രക്ഷപ്പെടാന്‍ കഴിയുമോ?' എന്നാണ്. അച്ചുവിന് ആവശ്യം 'നിനക്ക് എല്ലാം സാധിക്കും' എന്ന ഒരു ഉറപ്പു മാത്രമായിരുന്നു. 'നീ എന്ത് ആഗ്രഹിക്കുന്നുവോ അതായിത്തീരാന്‍ നിനക്കു സാധിക്കും' എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കമുണ്ടായിരുന്നു. ഈ ഒരുറപ്പ് മക്കള്‍ക്കു കൊടുക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)