ലോകത്തില്‍ ഹോസ്പിറ്റല്‍ എന്ന ആശയം ആദ്യം പ്രാവര്‍ത്തികമാക്കിയത് കത്തോലിക്കരായിരുന്നു. ഗവണ്‍മെന്റുകള്‍ കഴിഞ്ഞാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ആതുരസേവനം ചെയ്യുന്നതു കത്തോലിക്കാസഭയാണ്. ആശുപത്രികളും ക്ലിനിക്കുകളും മറ്റു ചികിത്സാലയങ്ങളും ലോകത്തിന്റെ ഏത് ഓണംകേറാമൂലയിലും കാണാം. ഇതില്‍ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് അവികസിതരാഷ്ട്രങ്ങളിലാണ് എന്നതാണ് മറ്റൊരു സവിശേഷത. ലോകത്തിലെ സ്വാസ്ഥ്യകേന്ദ്രങ്ങളുടെ ഏതാണ്ട് 30 ശതമാനവും കാത്തലിക് സംരംഭങ്ങളാണ്.
ഏതാണ്ട് 5000 ബിസി മുതല്‍തന്നെ ഈജിപ്റ്റ് പോലുള്ള രാജ്യങ്ങളില്‍ മരുന്നും ചികിത്സയും സാധാരണമായിരുന്നു. യഹൂദന്മാര്‍ക്കും പാഷണ്ഡമതവിശ്വാസികള്‍ക്കും മരുന്നുകള്‍ സുപരിചിതമായിരുന്നു. പക്ഷേ, ദീനാനുകമ്പയുടെ, സ്‌നേഹത്തിന്റെ മേമ്പൊടി അവര്‍ക്കതില്‍ ചേര്‍ക്കാനായില്ല എന്നു മാത്രം.
യേശുവാണ് ആദ്യമായിപ്പറഞ്ഞത്, രോഗികളോടുദയ കാണിക്കാനും അവരെ സുഖപ്പെടുത്താനും. നല്ല സമരിയാക്കാരന്റെ വിശ്വപ്രസിദ്ധമായ ഉപമയിലൂടെ നമ്മെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചുതന്നതും അവന്‍തന്നെ. ആദിമക്രിസ്ത്യാനികള്‍ രോഗികളെയും അശരണരെയും ശുശ്രൂഷിക്കാന്‍ അതീവതാത്പര്യമുള്ളവരായിരുന്നു. പ്രയോഗത്തിലാക്കിയ അത്തരം കാരുണ്യപ്രവര്‍ത്തനമാണ് പില്‍ക്കാലത്തു രോഗീശുശ്രൂഷ, ആശുപത്രി എന്നീ ആശയങ്ങളിലേക്ക് അവരെ എത്തിച്ചത്. നേരത്തേ പറഞ്ഞതുപോലെ സ്‌നേഹം മേമ്പൊടി ചേര്‍ത്ത ഒരു ബൃഹത്പ്രസ്ഥാനത്തിനു സഭ തുടക്കം കുറിച്ചത് അങ്ങനെയാണ്.
പഴയ റോമാക്കാര്‍ക്കു ശാസ്ത്രജ്ഞാനവും ചികിത്സാവിധികളും അറിയാമായിരുന്നിട്ടും അവരുടെ ചികിത്സകള്‍ പലപ്പോഴും ഫലപ്രദമായിരുന്നില്ല. കറുത്ത മുഖമുള്ള ഡോക്ടര്‍മാര്‍ പകര്‍ച്ചവ്യാധികള്‍ ഏഴയലത്തു വന്നപ്പോഴൊക്കെ അപകടം മനസ്സിലാക്കി ഓടിമറഞ്ഞു. ലോക്കല്‍ വൈദ്യന്മാര്‍ ബാഗും തൂക്കി ലാഭമുള്ളിടത്തു മാത്രം കച്ചവടത്തിനായി എത്തി. അവര്‍ അവരുടെ അടുത്ത തലമുറയ്ക്കുമാത്രം അവരുടെ പരമ്പരാഗതവൈദ്യരഹസ്യങ്ങള്‍ പകര്‍ന്നുനല്‍കി. പലപ്പോഴും വലിയ പരാജയങ്ങളായി അവര്‍ തുടരുമ്പോഴാണ് ക്രിസ്ത്യന്‍ ആശുപത്രികളുടെ രംഗപ്രവേശം.
മൂന്നാം നൂറ്റാണ്ടിലാണ് ലോകത്തെ പിടിച്ചടക്കാനെന്നവണ്ണം പ്ലേഗ് എത്തുന്നത്. ഏതായാലും ഇതിന്റെ അണുക്കള്‍ വര്‍ഷങ്ങളോളം ലോകത്തെ വല്ലാതെ ഞെരിച്ചുകളഞ്ഞു. ചില നാടുകളില്‍ മൂന്നില്‍ രണ്ടു ഭാഗം ജനം മരണമടഞ്ഞു. ക്രിസ്ത്യാനികള്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ വണങ്ങാത്തത്തിന്റെ ശാപമാണ് ഈ പ്ലേഗ് എന്നു റോമാക്കാര്‍ വിധിച്ചു. ക്രിസ്തുമതം നിഷിദ്ധമായിരുന്ന, ക്രൂരമായി ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്ന ഒരുകാലത്തു ധീരതയോടെ രോഗികളെ ശുശ്രൂഷിക്കാനാണ് ക്രിസ്ത്യാനികള്‍ തീരുമാനിച്ചത്.
ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സൃഷ്ടിച്ച അദ്ഭുതം
ക്രിസ്തീയമൂല്യങ്ങളില്‍ അധിഷ്ഠിതമായ, മനുഷ്യസ്‌നേഹത്തിലും ഭൂതദയയിലും വേരൂന്നിയ, ഒരു ഉത്കൃഷ്ടാശയമായിരുന്നു ഹോസ്പിറ്റല്‍. നാളിതുവരെ ലോകം കാണാത്ത ഒരാശയമായിരുന്നു അത്.
പ്ലേഗുകാലത്ത് മരണാസന്നരായ ഒട്ടേറെ രോഗികള്‍ക്ക് ആശ്രയമായിരുന്നതു ക്രിസ്ത്യന്‍ദൈവാലയങ്ങള്‍ മാത്രമായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മറ്റാരും അവരെ തിരിഞ്ഞു നോക്കാന്‍ പോലുമുണ്ടായിരുന്നില്ല. ആന്റിബയോട്ടിക് മരുന്നുകളെക്കുറിച്ച് അന്നു കേട്ടുകേള്‍വിപോലുമില്ല. സാംക്രമികരോഗങ്ങള്‍ ഭീതിയും നടുക്കവും സൃഷ്ടിച്ചുകൊണ്ടിരുന്ന ലോകത്ത് ആശ്വാസത്തിന്റെ ഏക ആശ്രയമായിരുന്നു കത്തോലിക്കര്‍.
ബിഷപ്‌സ് ഹൗസുകള്‍ കേന്ദ്രീകരിച്ചുള്ള കാരുണ്യപ്രവൃത്തികള്‍ക്കു സമ്പന്നരായ ക്രിസ്ത്യാനികള്‍ ധനസഹായം നല്‍കി. കൂടാതെ, കടമുള്ള പ്രവൃത്തിയായിക്കരുതി അവര്‍ നേരിട്ടു ശുശ്രൂഷയ്ക്കിറങ്ങി. റോമില്‍ എഡി 250 ആയപ്പോഴേക്കും ധാരാളം കരുണാലയങ്ങള്‍ രൂപംകൊണ്ടു. നാനൂറാമാണ്ടില്‍ സെന്റ് ഫാബിയോള ഒരു ആശുപത്രി സ്ഥാപിച്ചു. വഴിയോരങ്ങളില്‍നിന്നു രോഗികളെ വാരിയെടുത്ത് അവരുടെ മുറിവുകള്‍ വച്ചുകെട്ടി, അവരുടെ വിശപ്പടക്കി, അവര്‍ക്കു മരുന്നു കൊടുത്തു. അവരുടെ പഴുത്തു ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങള്‍ വെച്ചുകെട്ടുന്നതു കണ്ടുനില്‍ക്കാന്‍പോലും സാധിക്കുമായിരുന്നില്ല. വൃത്തിയുള്ള, തുറന്ന, ശ്വാസം മുട്ടാത്ത മുറികളില്‍ സജ്ജീകരിച്ച കിടക്കകള്‍ രോഗികള്‍ക്കു ലഭിച്ചുവെന്നത് ഒരു വലിയ കാര്യമായിരുന്നു. നല്ല ഭക്ഷണവും മരുന്നും നല്‍കി അവരെ പരിചരിച്ച നഴ്സുമാരിലും ഡോക്ടര്‍മാരിലും അവര്‍ ദൈവത്തെ കണ്ടു. പലരും മാനസാന്തരപ്പെട്ടു ക്രിസ്ത്യാനികളായി.
പില്‍ക്കാലത്തെ വികസനം
മതപീഡനത്തിന്റെ കാലം കഴിഞ്ഞപ്പോള്‍ നഴ്‌സിങ് ഹോമുകളും ആശുപത്രികളും കൂടുതല്‍ വ്യവസ്ഥാനുസൃതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സഭയുടെ അംഗങ്ങള്‍ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും രംഗങ്ങളില്‍ മികവുകള്‍ കരസ്ഥമാക്കി. ഇറാസ്മസിനെപ്പോലുള്ള പ്രഗല്ഭര്‍ ഈ വികാസത്തിന്റെ വേഗം കൂട്ടി. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി, സിസ്റ്റേഴ്‌സ് ഓഫ് മേഴ്സി, സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് തുടങ്ങിയ സന്ന്യാസിനീസമൂഹങ്ങള്‍ അത്യാധുനികങ്ങളായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കി. ഓസ്ട്രേലിയയില്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്, സെന്റ് മേരി മാക്കിലൊപ്പിന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റലുകള്‍ തുടങ്ങി. അവര്‍ അവിടത്തെ മറ്റൊരു മദര്‍ തെരേസയായി.