ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ ഒരു പൊതുയോഗം നടന്നു. വമ്പിച്ചൊരു കണ്‍വെന്‍ഷനായിരുന്നു അത്. ഏകദേശം ഒരു ലക്ഷം പേര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം രാത്രി എട്ടുമണിയോടെയാണു യോഗം ആരംഭിച്ചത്. സമ്മേളനസ്ഥലത്തു ഘടിപ്പിച്ച നൂറുകണക്കിനു വൈദ്യുതദീപങ്ങള്‍ അവിടെങ്ങും പകലിന്റെ പ്രകാശം ചൊരിഞ്ഞു.
പ്രസിദ്ധനും പ്രഗല്ഭനുമായ ഒരു വാഗ്മിയാണ് സമ്മേളനാധ്യക്ഷന്‍. അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എല്ലാവരും കാതുകൂര്‍പ്പിച്ചിരിക്കയാണ്. അദ്ധ്യക്ഷന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റു. എങ്ങും പരിപൂര്‍ണ നിശ്ശബ്ദത. തികഞ്ഞ അച്ചടക്കത്തോടും അതീവതാത്പര്യത്തോടുംകൂടിയിരിക്കുന്ന ജനസഞ്ചയത്തെക്കണ്ട് അദ്ദേഹം സന്തുഷ്ടനായി.
അധ്യക്ഷന്‍ തന്റെ പ്രസംഗം ആരംഭിക്കുന്നതിനുമുമ്പായി ഉച്ചഭാഷിണിയിലൂടെ ഒരറിയിപ്പു നല്‍കി. ''ആരും അന്ധാളിച്ചു പോകരുത്. ഇവിടത്തെ വൈദ്യുതി വിളക്കുകള്‍ അല്പനേരത്തേക്ക് അണയാന്‍ പോകുന്നു. അല്പനേരത്തേക്കുമാത്രം.'' അടുത്തനിമിഷത്തില്‍ എല്ലാ ദീപങ്ങളും പൊലിഞ്ഞു. സമ്മേളനസ്ഥലമാകെ അന്ധകാരനിബിഡമായി. തൊട്ടടുത്തിരിക്കുന്നവരെപ്പോലും തിരിച്ചറിയാനാവാത്തവിധം കട്ടപിടിച്ച ഇരുട്ട്. ജനം കാര്യമറിയാതെ പകച്ചിരുന്നു.
ഈ സമയത്ത് അധ്യക്ഷന്‍ പോക്കറ്റില്‍നിന്നു തീപ്പെട്ടിയെടുത്ത് ഒരു കൊള്ളി ഉരച്ചുകത്തിച്ചു ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ടു സദസ്യരോടു പറഞ്ഞു: ''നിങ്ങള്‍ക്ക് ഈ പ്രകാശം കാണാമെങ്കില്‍ എല്ലാവരും 'കാണാം' എന്ന് ഉച്ചത്തില്‍ വിളിച്ചു പറയണം.''
ഉടനെ ഒരു ലക്ഷം കണ്ഠനാളങ്ങളില്‍നിന്ന് 'കാണാം, കാണാം' എന്ന സ്വരം ഒരാരവംപോലെ ഉയര്‍ന്നുപൊങ്ങി. ആ ഘോരശബ്ദത്തിന്റെ മുഴക്കം ആ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
പിന്നെയും അധ്യക്ഷന്റെ സ്വരം: ''അതേ. ഇങ്ങനെയാണ് ഇരുളടഞ്ഞു ദുഷ്ടതനിറഞ്ഞ ഈ സമൂഹത്തില്‍ ഒരു നല്ല കാര്യം പ്രശോഭിക്കുക. ചതിയും വഞ്ചനയും പകയും വിദ്വേഷവുംമൂലം അന്ധകാരനിര്‍ഭരമായ ഈ ലോകത്തില്‍ ഇതുപോലെയാണ് ഒരു നല്ല പ്രവൃത്തി പ്രകാശം പരത്തുക. ഇരുട്ടിനെ ശപിക്കുന്നതിനെക്കാള്‍ നല്ലത് ഒരു കൈത്തിരി കത്തിക്കുകയാണ്.
തുടര്‍ന്ന് അദ്ദേഹം സദസ്സിനോട് അഭ്യര്‍ത്ഥിച്ചു: ''ഇവിടെ കൂടിയിരിക്കുന്നവരില്‍ തീപ്പെട്ടി കൈവശമുള്ളവര്‍ ഓരോ കൊള്ളി ഉരച്ച് ഉയര്‍ത്തിപ്പിടിക്കുക.'' തൊട്ടടുത്തനിമിഷത്തില്‍ ഏതാണ്ട് അമ്പതിനായിരത്തോളം തീപ്പെട്ടിക്കൊള്ളികള്‍ ഉരച്ചുയര്‍ത്തപ്പെട്ടു. ഒരു പ്രകാശപ്രളയംതന്നെ അവിടെ സംജാതമായി. നേരത്തെ അണഞ്ഞുപോയ വൈദ്യുതദീപങ്ങളെക്കാള്‍ പതിന്മടങ്ങു ശക്തിയുള്ള പ്രകാശം!
ഉടനെ ദീപങ്ങളെല്ലാം തെളിഞ്ഞു. ചിന്താമധുരവും പ്രൗഢസുന്ദരവും കാര്യപ്രസക്തവുമായ ഈ ആശയത്തെ മുന്‍നിര്‍ത്തി, നന്മകള്‍ ചെയ്തു മാതൃകകാട്ടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അധ്യക്ഷന്‍ തന്റെ ഉജ്ജ്വലമായ പ്രഭാഷണം നടത്തിയത്.
അന്ന് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയ അവസ്ഥ മറ്റൊരു രൂപത്തില്‍ അതിനെക്കാള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഓരോ ദിവസവും പത്രമെടുത്തു നോക്കിയാല്‍ കാണാന്‍ കഴിയുന്നത് അക്രമം, അഴിമതി, കൊലപാതകം, ആത്മഹത്യ, പിടിച്ചുപറി, ഭവനഭേദനം, ചെയിന്‍പൊട്ടിക്കല്‍, ബലാത്സംഗം, പെണ്‍വാണിഭം, സ്ത്രീപീഡനം, സ്ത്രീധനപീഡനം മുതലായവയാണ്. ഇതുപോലെ ധാര്‍മികാപചയം സംഭവിച്ച ഒരു കാലം ഉണ്ടായിട്ടുണ്ടോ? എല്ലാ രംഗത്തും മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും നമുക്കു റോള്‍ മോഡലുകള്‍ ഇല്ലാതായി വരുന്നു.
എന്താണിതിനൊരു പ്രതിവിധി? ഏതാണു പരിഹാരമാര്‍ഗം? ആരാണിതിനു മുന്‍കൈ എടുക്കേണ്ടത്? മുമ്പോട്ടുവരേണ്ടതും മുന്‍കൈ എടുക്കേണ്ടതും സമൂഹത്തിലെ മൂല്യസ്‌നേഹികളും ആദര്‍ശശാലികളുമാണ് - നമ്മള്‍ ഓരോരുത്തരുമാണ്; വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നല്ല മനുഷ്യര്‍ അവരവരുടെ കര്‍മമണ്ഡലങ്ങളില്‍ നിന്നുകൊണ്ടു സത്യത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും ധാര്‍മികമൂല്യങ്ങളുടെയും കൈത്തിരികള്‍ ഉയര്‍ത്തിപ്പിടിക്കട്ടെ. അപ്പോള്‍ ക്രമേണ അന്ധകാരം അപ്രത്യക്ഷമാകും. എങ്ങും പ്രകാശം പരക്കും.
ഒരു നാടകകൃത്തെന്ന നിലയില്‍ ഇതേ ആശയവും ആദര്‍ശവും സന്ദേശങ്ങളുമാണ് ഇതുവരെയുള്ള എന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഓരോ നാടകവും ഏകാങ്കവും റേഡിയോ നാടകവും സമൂഹത്തിന് അല്പമെങ്കിലും വെളിച്ചം പകരുന്ന കൈത്തിരികളാണെന്നു ഞാന്‍ വിശ്വസിക്കുന്നു.