യേശുവിന്റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിച്ചതേയുള്ളൂ അപ്പോഴേക്കും ഒരു സ്ത്രീ രോഗവിമുക്തയാകുന്നു. യേശു കുഷ്ഠരോഗിയെ സ്പര്‍ശിച്ചപ്പോള്‍ അവന്‍ അദ്ഭുതകരമാംവിധം സുഖപ്പെടുന്ന സംഭവവും നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നു. അവന്‍ ചെന്നിടങ്ങളിലെല്ലാം മനുഷ്യര്‍ അവനു ചുറ്റിലും കൂടി, അവനെ ഒന്നു സ്പര്‍ശിക്കാന്‍ എന്നാണ് ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്നത്.
നാം ഈ ജീവിതത്തില്‍ ആദ്യം അനുഭവിക്കുന്ന പ്രേമവായ്പാണ് 'സ്പര്‍ശനം'. ഒരു ഇളംകുഞ്ഞായി ജനിച്ചുവീഴുമ്പോഴേ നമ്മുടെ ശരീരം അമ്മയുടെ സ്‌നേഹത്തലോടലിനായി പുളകത്തോടെ കാത്തുനില്‍ക്കും. അതാണു നമുക്കു കിട്ടുന്ന ആദ്യത്തെ ജീവശ്വാസം. അതു ജീവിതത്തിന്റെ പലവഴികളിലായി പൂത്തുലഞ്ഞു നമ്മുടെ ഞരമ്പുകളില്‍, മജ്ജയില്‍ ഊര്‍ജമായി നിലകൊള്ളും. ഒടുവില്‍ അവസാനശ്വാസം വലിക്കുമ്പോഴും നമ്മെ സമാശ്വസിപ്പിക്കാന്‍ ഉയരുന്ന ഏതെങ്കിലും കരങ്ങളെ മനസ്സുകൊണ്ടെങ്കിലും ആശ്ലേഷിക്കും.
ഗര്‍ഭപാത്രത്തില്‍ പതിനാറ് ആഴ്ച വളര്‍ച്ചയെത്തിയ ശിശുവിന് ശരീരത്തിലാകമാനം ലനുഗോ ലോമികകള്‍ വളരാന്‍ തുടങ്ങും. മൃദുവായ സ്പര്‍ശനത്തിന്റെ സുഖാനുഭവങ്ങളിലൂടെ കടന്നുപോകാന്‍ ഈ രോമങ്ങള്‍ കുഞ്ഞിനെ പ്രാപ്തനാക്കുന്നു.
മാതാപിതാക്കന്മാരുടെ സ്പര്‍ശനം
മനുഷ്യശരീരത്തിലെ പരമപ്രധാനമായ ഒരു ഇന്ദ്രിയമാണ് ത്വക്കിലെ സ്പര്‍ശനേന്ദ്രിയങ്ങള്‍. മനുഷ്യന്‍ ജനിക്കുന്നത് ഏറെ പരിമിതികളോടെയാണ്. ഭക്ഷണത്തിനും ശാരീരികതാപം നിലനിര്‍ത്താനും അവന് ഒരമ്മയുടെ ആവശ്യമുണ്ട്. അമ്മയാണ് അവന്റെ ശരീരത്തിലെ ചൂടും അവന്റെ വിശപ്പും അറിയുന്നത്. അവനെ കുളിപ്പിക്കുമ്പോഴും പാലൂട്ടുമ്പോഴും, താരാട്ടുപാടി ഉറക്കുമ്പോഴുമൊക്കെ ആ സ്‌നേഹസ്പര്‍ശമുണ്ട്. ഇതൊന്നും കിട്ടാതെ വളരുന്ന ദൗര്‍ഭാഗ്യവാന്മാരായ കുഞ്ഞുങ്ങള്‍ക്കു ജീവിതത്തിലുടനീളം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.
കുഞ്ഞുങ്ങളെ നാം ആലിംഗനം ചെയ്യുമ്പോഴും അവര്‍ക്ക് ഉമ്മകൊടുക്കുമ്പോളും നമ്മുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍ ഒരേപോലെ ഓക്‌സിടോസിനിന്റെ അളവു വര്‍ധിക്കുന്നുണ്ട്. സന്തുഷ്ടി വളര്‍ത്തുന്ന അനുഭൂതികളിലേക്കു നമ്മെ കൈപിടിച്ചുയര്‍ത്താന്‍ ഇതിനു കഴിയും. നാം വെറുതെ ഒരു മൊബൈലിലോ മേശയിലോ തൊടുമ്പോള്‍ നമുക്ക് ഇത്തരം ഒരു അനുഭൂതി വരുന്നില്ല; കാരണം, നമ്മുടെ ന്യൂറോസയന്റിസ്റ്റുകള്‍ പറയുന്നത് നമ്മുടെ തലച്ചോറില്‍ അത്തരം സ്പര്‍ശനവും ശാരീരികമായ സ്പര്‍ശനവും വേര്‍തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്.
പക്ഷേ, ജീവിതത്തിന്റെ ഏതെങ്കിലും ഒരു സ്റ്റേജില്‍ നാം മക്കളെ അകറ്റി നിര്‍ത്തുന്ന, അകലം പുലര്‍ത്തുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ട്. 'തന്‍ പിള്ളയായാലും തന്നോളമായാല്‍ താനെന്നു കാണണം' എന്നൊക്കെ പഴമക്കാര്‍ പറയുമെങ്കിലും, അവര്‍ നമ്മുടെ ചോരയാണ് എന്ന സത്യം മറക്കാതെ അവരെ മരണംവരെ തഴുകിത്തലോടി നില്‍ക്കുന്നതാവട്ടെ നമ്മുടെ സ്‌നേഹം. അവരെ ഒന്നു കെട്ടിപ്പിടിക്കാനോ വല്ലപ്പോഴും ഒരു ഉമ്മകൊടുക്കാനോ തലോടാനോ ഒന്നും പലപ്പോഴും നമുക്കു സാധിക്കാറില്ല. 'ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്, നിങ്ങളുടെ സുഖദുഃഖങ്ങള്‍ എല്ലാറ്റിലും ഞങ്ങള്‍ പങ്കാളികളാണ്' എന്നൊക്കെയുള്ള സന്ദേശം അവരിലെത്തിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം നാം പാഴാക്കുകയാണ്. അത്തരം സ്‌നേഹവായ്പു പകര്‍ന്നുകൊടുക്കുന്ന കുടുംബങ്ങളില്‍ മക്കള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത തീരെ കുറവാണെന്നത് മറ്റൊരു സത്യം.
ചികിത്സാരംഗത്ത്
തിരുമ്മ്, പിഴിച്ചില്‍, മര്‍മചികിത്സ, ഫിസിയോതെറാപ്പി എന്നീ ചികിത്സാവിധികളിലെല്ലാം സ്പര്‍ശനത്തിനു വലിയ ഒരു പങ്കുണ്ട്. മരുന്നുകളെക്കാളേറെ സ്പര്‍ശനം ഒരുക്കുന്ന മായാജാലം അവിടെ വലുതാണ്. ന്യൂറോസയന്റിസ്റ്റുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്, മമതയോടെയുള്ള തലോടലിനും സ്‌നേഹസ്പര്‍ശനത്തിനും ഒരു തീരാരോഗിയെപ്പോലും സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന്. മസാജ് തുടര്‍ച്ചയായി ചെയ്ത്, ഒരിക്കലും നടക്കുകയില്ല എന്നുപറഞ്ഞ് എഴുതിത്തള്ളിയവരെപ്പോലും നടത്തിച്ചതായി ചരിത്രമുണ്ട്.
മേല്പറഞ്ഞ ചികിത്സാവിധികളില്‍ ഉള്‍പ്പെടാത്ത മറ്റു ഡോക്ടര്‍മാരും നേഴ്‌സുമാരും രോഗികളെ കാരുണ്യത്തോടെ സ്‌നേഹത്തോടെ ഒന്നു പുറത്തു തട്ടി സമാശ്വസിപ്പിക്കുമ്പോഴും അവര്‍ക്കു കൂടുതല്‍ മനോബലം ലഭിക്കുന്നു, ആശ്വാസം ലഭിക്കുന്നു. സ്പര്‍ശനം നല്ല വിധത്തില്‍ ഉപയോഗിച്ചാല്‍ ചികിത്സയ്ക്കുള്ള ഉത്തമോപകരണമായി അതു പരിണമിക്കുന്നു, പരസ്പരബന്ധം കുറെക്കൂടി അരക്കിട്ടുറപ്പിച്ചുകൊണ്ടു രോഗിയെ തന്റെ ദുരവസ്ഥകളില്‍നിന്നു കൈപിടിച്ചുയര്‍ത്താന്‍ അപ്പോള്‍ ഡോക്ടര്‍ ശക്തനാവുന്നു.
സ്പര്‍ശനത്തിന്റെ ശാസ്ത്രം
നമ്മുടെ സുഖദുഃഖങ്ങളും പ്രേമവികാരങ്ങളും ലൈംഗികമായ ഉദ്ദീപനങ്ങളുമെല്ലാം സ്പര്‍ശനങ്ങളിലൂടെ ഉച്ചസ്ഥാനത്തെത്തുന്നു; വാചാലങ്ങളാകുന്നു. സ്പര്‍ശനത്തിനു മനോസമ്മര്‍ദങ്ങളെ നിയന്ത്രിക്കുന്ന രക്തസമ്മര്‍ദം, കോര്‍ട്ടിസോളിന്റെ നിലവാരം ഇതിനെയൊക്കെ നിയന്ത്രിക്കാനാകും. ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ പ്രവാഹം ത്വരിതപ്പെടുത്തി കുടുംബാന്തരീക്ഷത്തില്‍ ശാന്തിയും ഉല്ലാസവും വിശ്രാന്തിയും സാധ്യമാക്കാന്‍ സ്പര്‍ശനം ശക്തമാണ്.
സ്പര്‍ശനത്തിനായി കാത്തിരിക്കുന്നവര്‍
ഓര്‍ഫനേജുകളിലും അഗതിമന്ദിരങ്ങളും ഒക്കെ കഴിയുന്നവര്‍ പലപ്പോഴും സ്പര്‍ശനത്തിനായി കൊതിക്കുന്നവരാണ്. അവരെത്തേടി വല്ലപ്പോഴും എത്തുന്നവര്‍ നീട്ടുന്ന കരങ്ങളെ ഒന്നു സ്പര്‍ശിക്കാന്‍ അവര്‍ വെമ്പുന്നുണ്ടാവും. സാമൂഹികമായ ഇടപാടുകള്‍ ഒന്നുമില്ലാതെ കൂട്ടിലടച്ചതുപോലെ കഴിയുന്നവര്‍ക്കു വേഗത്തില്‍ മരണമടയാനുള്ള സാധ്യത ഏറെയാണെന്നു നമുക്കറിയാം.
ഒരു കൊച്ചു സംഭവകഥകൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ലേഖനം ഉപസംഹരിക്കാം. ജാംനഗറിനടുത്തു സിക്കയിലെ സിമന്റ് ഫാക്ടറിയില്‍ ഒരുകാലത്തു കോസ്റ്റ് അക്കൗണ്ടന്റായി ഒരു മേനോന്‍ ഉണ്ടായിരുന്നു. വാര്‍ദ്ധക്യത്തില്‍ അദ്ദേഹത്തിന് തളര്‍വാതം പിടിപെട്ടു കിടപ്പിലായി. പലപ്പോഴും ഒരു കുടുംബസുഹൃത്ത് എന്ന നിലയ്ക്ക് ഞാന്‍ അവരുടെ ഭവനത്തില്‍ പോകാറുണ്ടായിരുന്നു. മേനോന്റെ രണ്ടു പേരക്കുട്ടികള്‍ അക്കാലമത്രയും കിടക്കയില്‍ ഇരുവശങ്ങളിലും അപ്പൂപ്പനെയും കെട്ടിപ്പിടിച്ചാണ് ഉറങ്ങിയിരുന്നത്. ഇടയ്ക്കിടെ മേനോന്റെ കൈകാലുകള്‍ അവര്‍ തിരുമ്മിക്കൊടുക്കുമായിരുന്നു. ആ സ്‌നേഹം ഒന്നു കാണേണ്ട കാഴ്ചയായിരുന്നു. ഇന്നത്തെക്കാലത്തു മക്കള്‍ക്ക് വൃദ്ധരുടെ മുറിയിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കാന്‍പോലും ചിലപ്പോള്‍ സമയം കിട്ടാറില്ല.
നമുക്കു ദൈവം തന്ന ഇന്ദ്രിയങ്ങളില്‍ വച്ചേറ്റവും ശക്തമായതും അതീവപ്രാധാന്യം അര്‍ഹിക്കുന്നതുമാണ് സ്പര്‍ശനം. അതൊരു കുളിര്‍മഴയാണ്, രോമാഞ്ചജനകമാണ് അത്. നമുക്ക് ആശ്വാസം പകരുന്ന, വിരല്‍ത്തുമ്പുകളെ ഇക്കിളിപ്പെടുത്തുന്ന വലിയൊരു ഊര്‍ജപ്രവാഹമാണത്. വിശുദ്ധമാണ് സ്പര്‍ശനം, മാലാഖമാര്‍ ഒരുക്കുന്ന സാന്നിധ്യമാണത്. വാചാലമാണ് ഓരോ സ്പര്‍ശനവും. സ്പര്‍ശനം നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു എന്നാണ് ജോണ്‍ കീറ്റ്‌സ് പറയുക. നമുക്കെല്ലാം വേണ്ടുവോളം ലഭിക്കേണ്ട, അതോടൊപ്പം മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടുന്ന ഈ ദിവ്യശക്തിയെ നമുക്ക് നല്ല രീതിയില്‍ ഉപയോഗിക്കാം.