ദേവസഹായംപിള്ളയോടൊപ്പം 2022 മേയ് 15-ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന ഷാര്‍ള് ദ് ഫൂക്കോയുടെ ജീവിതവഴികളിലൂടെ
II
മാനസാന്തരത്തിനുശേഷവും സംഭവബഹുലമായ ജീവിതമാണ് ചാള്‍സ് നയിച്ചത്. ഇനി, തന്റെ ജീവിതം ദൈവത്തിനുമാത്രമെന്നു തീരുമാനിച്ച ചാള്‍സ് മുഴുവന്‍ സമയവും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കര്‍ശനമായ ദാരിദ്ര്യത്തിലും ജീവിക്കാനായി ഒരാശ്രമത്തില്‍ ഉടന്‍തന്നെ ചേരാനാഗ്രഹിച്ചു. ആദ്ധ്യാത്മികനിയന്താവായ അബെ യുവ്‌ളെന്റെ ഉപദേശപ്രകാരം ആശ്രമപ്രവേശനം മൂന്നു വര്‍ഷം താമസിപ്പിക്കാന്‍ ചാള്‍സ് തയ്യാറായി. സന്ന്യാസസഭകളുടെ നിയമാവലി പഠിക്കുന്നതിനുപകരം സുവിശേഷം പഠിക്കാനും ഈശോയെ സ്‌നേഹിക്കാനുമാണ് അബെ യുവ്‌ളെന്‍ ഉപദേശിച്ചത്. അദ്ദേഹത്തിന്റെ തന്നെ ഉപദേശപ്രകാരം വിശുദ്ധനാടു സന്ദര്‍ശനവും നടത്തി. ഏകനായിട്ടാണ് ഈ തീര്‍ത്ഥാടനം നടത്തിയത്. ഫ്രാന്‍സിലുള്ള ബനഡിക്‌റ്റൈന്‍ സിസ്റ്റേഴ്‌സൈന്‍ ആശ്രമവും സന്ദര്‍ശിച്ചു.
ത്രാപ്പിസ്റ്റ് ആശ്രമത്തില്‍
ഈശോയുടെ നസ്രത്തിലെ ജീവിതമാണ് ഷാര്‍ള് ദ് ഫൂക്കോയെ ആകര്‍ഷിച്ചത്. അറിയപ്പെടാത്ത ജീവിതം - ജോലിയെടുത്തു ജീവിക്കുക - ദാരിദ്ര്യം അതിന്റെ പൂര്‍ണതയില്‍ പാലിക്കുക ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍. സിസ്റ്റേഴ്‌സൈന്‍ സന്ന്യാസഭവനത്തില്‍നിന്നു പിരിഞ്ഞ് ലത്രാപ് എന്ന സ്ഥലത്തു കൂടുതല്‍ നിഷ്ഠയോടെ സന്ന്യാസനിയമങ്ങള്‍ പാലിക്കാനായി പുതിയ ഭവനം തുടങ്ങിയവരെ ത്രാപിസ്റ്റ് എന്നു വിളിക്കുന്നു. ഒരു ത്രാപിസ്റ്റ് സന്ന്യാസഭവനത്തില്‍ ചേരുന്നതായിരിക്കും നല്ലതെന്ന് ആദ്ധ്യാത്മികനിയന്താവിന്റെ അനുവാദത്തോടെ ചാള്‍സ് തീരുമാനിച്ചു. എങ്കിലും ദൈവഹിതം അറിയാനായി രണ്ടിടങ്ങളില്‍ ധ്യാനം നടത്തി. ഒരിടത്തുനിന്നു ധ്യാനം കഴിഞ്ഞു പോരുമ്പോള്‍ സന്ന്യാസഭവനത്തിന്റെ പ്രിയോരച്ചന്‍ പറഞ്ഞു: ''ദുഃഖങ്ങളില്‍ രണ്ടു കാര്യങ്ങള്‍ സ്മരിക്കുക. ഒന്ന്, ദൈവം എന്നെ സ്‌നേഹിക്കുന്നു. രണ്ട്, ഈ ലോകജീവിതം ശാശ്വതമല്ല.''
തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം സഹോദരിക്ക് എഴുതിക്കൊടുത്തശേഷം 1890 ജനുവരിമാസത്തില്‍ സിറിയയില്‍ ശാഖാഭവനം ഉണ്ടായിരുന്ന 'നോത്ര് ദാം ദ് നിയേഷ്' എന്ന പേരുള്ള ത്രാപിസ്റ്റ് മൊണാസ്റ്ററിയില്‍ ചേര്‍ന്നു. ബ്രദര്‍ അല്‍ബെരിക് എന്ന പേരാണ് ചാള്‍സിന് സന്ന്യാസഭവനത്തില്‍ നല്കപ്പെട്ടത്. ആറുമാസത്തിനുശേഷം ബ്രദര്‍ അല്‍ബെരിക് സിറിയയിലെ ശാഖാഭവനത്തിലേക്കു മാറ്റം വാങ്ങി. ഈ ആശ്രമം വളരെ ദാരിദ്ര്യത്തിലാണു കഴിഞ്ഞിരുന്നത്. അപ്രകാരം ഒരു ജീവിതമാണ് ചാള്‍സ് ആഗ്രഹിച്ചിരുന്നത്. പരിപൂര്‍ണ നിശ്ശബ്ദതയിലാണു സന്ന്യാസികള്‍ കഴിഞ്ഞിരുന്നത്. രാത്രിയും പകലും നിശ്ചിതസമയങ്ങളില്‍ ഒന്നിച്ചു പ്രാര്‍ത്ഥന നടത്തിയിരുന്നു. ജോലികള്‍ക്കായി നിശ്ചിതസമയം നീക്കിവച്ചിരുന്നു. നോവിഷ്യറ്റുകാലത്ത് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മികത ആഴത്തില്‍ മനസ്സിലാക്കി. 'എനിക്ക് ദൈവം മാത്രം മതി' എന്ന അമ്മ ത്രേസ്യായുടെ വാക്യം തന്റെ നോട്ടുബുക്കിലെ ഓരോ പേജിലും അദ്ദേഹം ആദ്യമേ എഴുതിയിരുന്നു. ആശ്രമജീവിതം സന്തോഷത്തോടെ നയിക്കുകയും 1892 ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു.
എങ്കിലും, ഈശോയുടെ ദാരിദ്ര്യം ഇവിടെയും ചാള്‍സിനു കണ്ടെത്താനായില്ല. 'സമ്പന്നരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ദരിദ്രരാണ്. നമ്മുടെ കര്‍ത്താവോ ഫ്രാന്‍സിസ് അസ്സീസിയോ ആയിരുന്നതുപോലെ ദരിദ്രരല്ല ഞങ്ങള്‍' എന്ന് അബെ യുവ്‌ളെന് എഴുതി. ഒരു പുതിയ ഭവനം ആരംഭിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. നിയമാവലിയും തയ്യാറാക്കി. അതിന്റെ ഒരു കോപ്പി അബെ യുവ്‌ളെന് അയച്ചുകൊടുത്തു. ഇത് അസാധ്യമായ ജീവിതക്രമമാണെന്നും അധികാരികള്‍ അനുവദിച്ചാല്‍ ഏതെങ്കിലും ഒരാശ്രമത്തിന്റെ പടിവാതിക്കല്‍ അജ്ഞാതനായ ഒരു ജോലിക്കാരനായി ജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും അബെ യുവ്‌ളെന്‍ ഉപദേശിച്ചു.
പക്ഷേ, അധികാരികള്‍ ഉടനെ റോമില്‍ ജനറല്‍ ഹൗസില്‍ എത്താന്‍ ആവശ്യപ്പെട്ടു. അവിടെ മൂന്നു വര്‍ഷം തിയോളജി പഠിച്ചു. എന്നാല്‍, വൈദികനാകാനോ നിത്യവ്രതം ചെയ്യാനോ അദ്ദേഹം ആഗ്രഹിച്ചില്ല. സുപ്പീരിയര്‍ ജനറല്‍തന്നെ ബ്രദര്‍ അല്‍ബെരികിനു പ്രാഥമികവ്രതങ്ങളില്‍നിന്ന് ഒഴിവുനല്കി 'നസറത്ത്' ജീവിതം നയിക്കുവാന്‍ യാത്രയാക്കി.
നസ്രത്തില്‍ത്തന്നെ ഒരു സന്ന്യാസിനീഭവനത്തിന്റെ ജോലിക്കാരനായി 'നസ്രത്ത്' ജീവിതം നയിച്ചു. ധ്യാനചിന്തകള്‍ ഒരു നോട്ടുബുക്കില്‍ എഴുതാന്‍ അബെ യുവ്‌ളെന്‍ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിത്തുടങ്ങി. ഈ കുറിപ്പുകളും കത്തുകളുമെല്ലാം ശേഖരിച്ച് ഴാന്‍ ഫ്രന്‍സ്വാസിസ് എന്ന ഗ്രന്ഥകാരന്‍ 1966 ല്‍ പ്രസിദ്ധീകരിച്ചു. ദരിദ്രനായി ജീവിക്കാനും രക്തസാക്ഷിയായി മരിക്കാനുമുള്ള ആഗ്രഹം ഈ കുറിപ്പുകളില്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഈശോയുടെ ബ്രദര്‍ ചാള്‍സ് എന്ന പേരു സ്വീകരിച്ച് പലസ്തീനായിലെ ഒരു യാചകന്റെ വേഷത്തിലാണ് ചാള്‍സ് കഴിഞ്ഞിരുന്നത്. ജോലികഴിഞ്ഞു കിട്ടുന്ന സമയം മുഴുവന്‍ ആരാധനയിലും പ്രാര്‍ത്ഥനയിലും ചെലവഴിച്ചു. ഏകദേശം മൂന്നു വര്‍ഷം ഇപ്രകാരം ജീവിച്ചു. ഇതേ സമൂഹത്തിന്റെ ജറുസലേമിലുള്ള ഭവനത്തിലും വീട്ടുവേലക്കാരനായി കഴിഞ്ഞു. ആ ഭവനത്തിന്റെ അധിപ ചാള്‍സിനോട് വൈദികനായി വിശുദ്ധ നാട്ടില്‍ താപസജീവിതം നയിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ നിര്‍ദേശിച്ചു. വൈദികനായാല്‍ അനുയായികളെ കിട്ടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.
തന്റെ ആദ്ധ്യാത്മികനിയന്താവിനോട് ആലോചിക്കാനായി ഫ്രാന്‍സില്‍ തിരിച്ചെത്തി. വൈദികനാകാന്‍ തീരുമാനം എടുത്തു.
പുരോഹിതന്‍
1901 ജൂണ്‍ 9-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. സ്‌നേഹത്തിന്റെ സുവിശേഷം അറിയിക്കുക എന്നതാണു തന്റെ ദൗത്യമെന്നു തിരിച്ചറിഞ്ഞു തനിക്കു പരിചിതമായ മറോക്കന്‍ മരുഭൂമിയില്‍ താമസമാക്കാന്‍ ആഗ്രഹിച്ചു. ആഫ്രിക്കയിലെ അള്‍ജിയേഴ്‌സിലെ മെത്രാന്റെ അനുവാദത്തോടെ മരുഭൂമിയില്‍ ഓവാസീസിനു സമീപം ചെറിയ കുടിലുകെട്ടി താമസിച്ചു. ഫ്രഞ്ച് അധീനതയിലായിരുന്ന പ്രദേശങ്ങളായിരുന്നതുകൊണ്ട് ഫ്രഞ്ചു പട്ടാളക്കാരുമായി ബന്ധപ്പെട്ടിരുന്നു. ആ നാട്ടില്‍ നടമാടുന്ന അടിമക്കച്ചവടംപോലുള്ള അനീതികളെക്കുറിച്ചു ബ്രദര്‍ ചാള്‍സ് അധികാരികളോടു പരാതിപ്പെട്ടിരുന്നു.
'തൗരേശ്' എന്ന ഏറ്റവും ദരിദ്രരായ നാടോടിവംശജരുടെ ഇടയിലാണ് അദ്ദേഹം ജീവിച്ചത്. മിശിഹായുടെ സ്‌നേഹത്തിന് നിശ്ശബ്ദസാക്ഷിയാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സാര്‍വത്രികസാഹോദര്യത്തിന്റെ വക്താവായിരുന്ന ചാള്‍സ് ഡിശ്‌ലൃമെഹ ആൃീവേലൃ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ആ ജനതിയുടെ ഭാഷ പഠിക്കുകയും ഒരു നിഘണ്ടു തയ്യാറാക്കുകയും ചെയ്തു. ആ പ്രദേശത്തുകൂടി കടന്നുപോകുന്നവര്‍ക്ക് ആതിഥ്യം നല്കുക എന്നതായിരുന്നു ബ്രദര്‍ ചാള്‍സിന്റെ പ്രവര്‍ത്തനശൈലി.
അബ്ദ് ഈസാ, അതായത്, ഈശോയുടെ ദാസന്‍ എന്ന പേരു സ്വീകരിച്ചുകൊണ്ട് മരുഭൂമിയിലൂടെ കാല്‍നടയായി യാത്ര ചെയ്ത് മറോക്കന്‍ അതിര്‍ത്തിയില്‍ 'തമന്റസേറ്റ്' എന്ന സ്ഥലത്തു താമസമുറപ്പിച്ചു. അദ്ദേഹം എഴുതിത്തയ്യാറാക്കി അനുസരിച്ചുപോന്ന സമയക്രമം: രാവിലെ 3.30 - 6. പ്രാര്‍ത്ഥന, ധ്യാനം, വിശുദ്ധ കുര്‍ബാന, 6 - പ്രഭാതഭക്ഷണം, 11.30 വരെ ജോലികള്‍, 11.30 - 12.30 വരെ പ്രാര്‍ത്ഥന, 12.30 - 6 വരെ ജോലികള്‍, 6-8 വരെ പ്രാര്‍ത്ഥന, 8 ന് ഭക്ഷണം. ഞായറാഴ്ച കുറച്ചു സമയം വായനയ്ക്കായി മാറ്റിവച്ചിരുന്നു.
എല്ലാവര്‍ക്കും സ്‌നേഹം മാത്രം പകര്‍ന്നു നല്കിയിരുന്ന ബ്രദര്‍ ചാള്‍സിനെ 1916 ഡിസംബര്‍ മാസം ഒന്നാംതീയതി വെള്ളിയാഴ്ച രാവിലെ അക്രമികള്‍ വളഞ്ഞു. അദ്ദേഹം അവരുടെ നടുവില്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചു. നിശ്ശബ്ദനായി മരണത്തിനൊരുങ്ങി. ഒരു പതിനഞ്ചു വയസ്സുകാരന്‍ ഷാര്‍ള് ദ് ഫുക്കോയുടെ നേരേ നിറയൊഴിച്ചു. തത്സമയം അദ്ദേഹം അവിടെ മരിച്ചുവീണു.
ജീവിച്ചിരുന്നപ്പോള്‍ ഒരു സന്ന്യാസസമൂഹം തുടങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും ചാള്‍സിന് അതു സാധിച്ചിരുന്നില്ല. ഷാര്‍ള് ദ് ഫുക്കോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്'ഈശോയുടെ ചെറുസഹോദരന്മാര്‍' എന്നും 'ചെറുസഹോദരികള്‍' എന്നും രണ്ടു സന്ന്യാസസമൂഹങ്ങള്‍ രൂപംകൊണ്ടു. 2005 നവംബര്‍ 13 ന് ഷാര്‍ള് ദ് ഫുക്കോ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
(അവലംബം: ഴാന്‍ ഫ്രന്‍സ്വാസിസ് എഴുതിയ ജീവചരിത്രം).