അടിമുടി മാറ്റം വരു ത്തിയാല്‍ ഗ്രാമവും നഗരവും ഒരുപോലെ മെച്ചപ്പെടുന്ന അനന്തമായ തൊഴില്‍സാധ്യതകളുള്ള ഒരു വ്യവസായമേഖലയാണു ടൂറിസം. ഇതിലൂടെ നമുക്കു കൈവരിക്കാന്‍ സാധിക്കുന്ന നേട്ടങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ, പൈതൃകത്തെ ഊട്ടിയുറപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്.
അതിഥികളെ ദൈവതുല്യരായിക്കണ്ടു പരിചരിക്കുകയെന്നതാണു നമ്മുടെ സംസ്‌കാരം. ഓരോ നാടിനും തനതായ സ്പന്ദനങ്ങളുണ്ട്, അവരവരുടെ പെരുമയെ വിളിച്ചോതാന്‍ പോന്നവ. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഇത്തരം ദേശപ്പെരുമകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, അതിലൂടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും വിനോദസഞ്ചാരത്തിന് ഒരു വേറിട്ട മുഖം നല്കാനും സാധിക്കും.
ടൂറിസംമേഖലയെ പരിപോഷിപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ്; പ്രധാനമായും പൊതുഗതാഗതസൗകര്യങ്ങള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയവ. സുതാര്യമായ സമീപനം ഈ മേഖലയില്‍ അത്യന്താപേക്ഷിതമാണ്. മനോഹരമായ വഴികളാണു സഞ്ചാരികളുടെ മനം കവരുന്നത്. പൊതുവഴിയിടങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ത്തന്നെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും.
ലോകജനതയെ മുഴുവന്‍ ലോക്കിട്ടു പൂട്ടിയ കൊറോണ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു. അതില്‍ സാരമായ നഷ്ടം സംഭവിച്ചത് ടൂറിസ്റ്റുമേഖലയ്ക്കും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്കുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം ഒരു സഞ്ചാരമാണ്. ജീവിക്കാനുള്ള സഞ്ചാരം. നയനമനോഹരമായ ഒരു ഭൂപ്രകൃതി നമുക്കുണ്ട്. ആ പ്രകൃതിയെ ചൂഷണം ചെയ്യാതെ എങ്ങനെ വിനിയോഗിക്കാമെന്നതും പ്രചരിപ്പിക്കാമെന്നതും നാം പഠിക്കണം.
ടൂറിസം മേഖലയിലെ നിക്ഷിപ്തതാത്പര്യക്കാരുടെ കടന്നുകയറ്റം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഒരു വിഭാഗം ആളുകളുടെ പുരോഗതിയല്ലാതെ നാടിന്റെ വികസനം ചോദ്യമുനയില്‍ത്തന്നെയാണ്. സാമൂഹികക്കൂട്ടായ്മയിലൂടെ സംസ്‌കാരപ്പെരുമയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന ഒരു സമൂഹം വിസ്മൃതിയില്‍ ആണ്ടുപോകുകയാണ്. ഉദാഹരണത്തിന്, കൈത്തൊഴിലുകള്‍, നാടന്‍ രുചിക്കൂട്ടുകള്‍, നാടന്‍ കലാരൂപങ്ങള്‍, ഗോത്രകലകളും കലാകാരന്മാരുംഎല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. വിപണനത്തെക്കാളുപരി നിര്‍മാണവും കലാസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ഇത്തരം കലാരൂപങ്ങളും കലാകാരന്മാരും ഇതര തൊഴില്‍മേഖലകളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടെന്ന പെരുമയുള്ള കേരളത്തിനു ലോകസഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തിരുന്നത്, കേരളത്തിന്റെ തനതു കലകളും സംസ്‌കാരവുമാണ്.
കേരളീയ ഭക്ഷ്യവിഭവങ്ങള്‍ ഒട്ടും മായം ചേര്‍ക്കാതെതന്നെ രാജ്യാന്തരപ്രശസ്തി നേടിയെടുത്തിട്ടുണ്ട്. കോഴിക്കോടന്‍ ഹല്‍വയും പാലക്കാടന്‍ മട്ടയും രാമശ്ശേരി ഇഡ്ഡലിയും എല്ലാം ഉദാഹരണങ്ങളാണ്. കൂടാതെ, കലാസൃഷ്ടികളായ ആറന്മുളക്കണ്ണാടിയും കരകൗശലവസ്തുക്കളും എല്ലാം.
വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കായികകലകള്‍ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഒപ്പമുണ്ട് കഥകളി, മോഹിനിയാട്ടം, ചാക്യര്‍ക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളും.
കൊറോണ എന്ന മഹാമാരി നാടന്‍ കലാകാരന്‍മാരില്‍ പലരെയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ടൂറിസംസാധ്യതകള്‍ മുന്നില്‍ക്കണ്ട് ഇത്തരം കലകള്‍ പുതുതലമുറയെ പരിശീലിപ്പിക്കാന്‍ സാധിച്ചാല്‍ പ്രദേശികമായ പുരോഗതി കൈവരിക്കാന്‍ കഴിയും.
ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട കലകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരം തുടങ്ങിയ പല പ്രാദേശിക ഉത്സവങ്ങളുടെയും നിറപ്പകിട്ടുകളും മേളങ്ങളുമെല്ലാം നമ്മുടെ നാടിന്റെ പൈതൃകസംസ്‌കാരത്തെ വിളിച്ചോതുന്നു.
കൈത്തറിയാണ് കൊറോണമൂലം ഏറെ നഷ്ടങ്ങള്‍ നേരിട്ട ഒരു വ്യവസായമേഖല. കേരള ഹാന്‍ഡ്‌ലൂം എന്ന ബ്രാന്‍ഡ് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മേഖലയാണ്.
ആദിവാസി ഊരുകളെ അതേ സ്വാഭാവികതയോടെ നിലനിര്‍ത്തിക്കൊണ്ടുതന്നെ, അവരുടെ കലാരൂപങ്ങളെയും അറിവുകളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിച്ചാല്‍ അവര്‍ക്കും നാടിനും നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഉള്ള വിഭവങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ മാത്രമേ സ്തംഭിച്ചുപോയ ജീവിതങ്ങളെ പച്ചപിടിപ്പിക്കാന്‍ സാധിക്കുകയുള്ളു. നാടിന്റെ വികസനം ഇനി കൂട്ടായ്മയിലൂടെയേ സാധിക്കൂ.