•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിറത്തിന്റെ രാഷ്ട്രീയം

 നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ചില തീക്ഷ്ണതകളെയും ആസുരതകളെയും ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ച ഒരു സിനിമയാണ് അടുത്തകാലത്തിറങ്ങിയ ജനഗണമന. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവരെന്ന് അഭിമാനിക്കുന്നവരും  തങ്ങളെക്കാള്‍ മീതെ ആരും ഉയര്‍ന്നുവരേണ്ടതില്ലെന്നു ശഠിക്കുന്നവരുമായ വരേണ്യവര്‍ഗത്തിന്റെ മനുഷ്യത്വരഹിതമായ മുഖമായിരുന്നു സമകാലിക വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഈ സിനിമ വലിച്ചുകീറിയത്. വ്യക്തമായ രാഷ്ട്രീയം കാഴ്ചവയ്ക്കുന്ന സിനിമകൂടിയാണിത്. മുറിവേറ്റവനെന്നും മാറ്റിനിര്‍ത്തപ്പെട്ടവനെന്നും വേര്‍തിരിക്കപ്പെട്ട ദളിത്‌സമൂഹത്തിന്റെ പ്രശ്നങ്ങളെ സംബോധന ചെയ്തു എന്നതാണ് ഈ സിനിമയുടെ പ്രധാന മഹത്ത്വം. തമിഴില്‍ ജയ്ഭീം, കര്‍ണന്‍ തുടങ്ങി  കീഴാളസമൂഹത്തിന്റെ പരിത്യക്തതകളെയും അവഗണനകളെയും മുറിവേല്ക്കലുകളെയും ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ പുറത്തിറങ്ങുമ്പോഴും മലയാളസിനിമ അത്തരമൊരു വിഷയത്തിലേക്കു പൂര്‍ണശ്രദ്ധ തിരിച്ചിരുന്നില്ല. (സിദ്ധാര്‍ത്ഥ് ശിവയുടെ 'വര്‍ത്തമാന'ത്തില്‍ നായികയുടെ കൂട്ടുകാരിയുടെയും സഹോദരന്റെയും പോലെയുള്ള ചില സൂചനകളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നതും. ഫാസിസത്തിനെതിരേ രണ്ടു രീതിയില്‍ പ്രതികരിച്ച സിനിമകളാണ് ജനഗണമനയും വര്‍ത്തമാനവും.)
കറുപ്പിന്റെ രാഷ്ട്രീയമാണ് ജനഗണമന ചര്‍ച്ച ചെയ്യുന്നത്. ബാംഗ്ലൂരിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പിഎച്ച് ഡി ചെയ്തിട്ടും അതു പൂര്‍ത്തിയാക്കാന്‍ അംഗീകാരം നല്കാന്‍ തയ്യാറാകാത്ത ഗൈഡിന്റെ മാനസികപീഡനംമൂലം ആത്മഹത്യ ചെയ്യുന്ന ദളിത് പെണ്‍കുട്ടിയാണ് സിനിമയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത്. അവളുടെ മരണമാണ് അധ്യാപികയായ സഫയുടെ കൊലപാതകത്തിലേക്കും പിന്നീട് സംഘര്‍ഷഭരിതമായ നിമിഷങ്ങളിലേക്കും സിനിമയെ കൊണ്ടുപോകുന്നത്. ദളിത് പ്രശ്നം - കറുപ്പ് - മുന്നോട്ടുവയ്ക്കുന്ന സിനിമയെന്ന് അവകാശപ്പെടുമ്പോഴും മറ്റൊരര്‍ത്ഥത്തില്‍ ഈ ചിത്രം ദളിതരുടെ അസ്തിത്വത്തെ വില കുറച്ചു കാണുകയാണു ചെയ്യുന്നതെന്നു ജനഗണമനയോടുള്ള എല്ലാ ആദരവോടുംകൂടി പറയട്ടെ. വിവിധ രീതിയിലാണ് ഇതു സംഭവിക്കുന്നത്.
ഒരു ഭാഗത്ത് വിദ്യ എന്ന ദളിത് പെണ്‍കുട്ടിയെ, അവളുടെ നിസ്സഹായതയെ ഏറ്റവും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുമ്പോഴും ഇതിനു സമാന്തരമായി ചലച്ചിത്രകാരന്മാര്‍ അറിഞ്ഞോ അറിയാതെയോ അവതരിപ്പിക്കുന്ന മറ്റൊരു കാര്യം എതിര്‍ഭാഗത്ത് തിന്മയുടെ ഭാഗത്തുള്ളതും കറുത്ത നിറമുളള വ്യക്തിയാണെന്നതാണ്. അതായത്, അധികാരത്തിനുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരനാണ് ഈ സിനിമയിലെ വില്ലന്‍. അയാളുടെ ദുഷ്‌ചെയ്തികളുടെ ഫലമാണ് സിനിമയിലെ നായകനുള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്നത്.
കറുപ്പിനോടുള്ള അസ്പൃശ്യത സിനിമകളുടെയെല്ലാം പൊതുസ്വഭാവമാണ്. നീലക്കുയില്‍ തുടങ്ങിയുള്ള സിനിമകളുടെ ചരിത്രം വെളിച്ചപ്പെടുത്തുന്നത് അതാണ്. മാത്രവുമല്ല, ഭാഷാവ്യത്യാസമില്ലാതെ സിനിമകളെ അപഗ്രഥിച്ചുനോക്കുമ്പോഴും ഇക്കാര്യം മനസ്സിലാകും, ഭൂരിപക്ഷം സിനിമയിലും  നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളാകുന്നത് കറുത്ത നിറമുള്ള വ്യക്തികളായിരിക്കും.  കറുപ്പിനെ തിന്മയുടെ പ്രതിരൂപമായിട്ടാണു സിനിമകളില്‍ പൊതുവെ അവതരിപ്പിക്കുന്നത്, അല്ലെങ്കില്‍ പരിഹാസകഥാപാത്രമായി. ഇതിനു രണ്ടിനും നടുവില്‍ അല്ലാതെയുള്ള, മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ തുലോം കുറവാണ്.
അതിജീവനത്തിന്റെയോ സ്വയംവളര്‍ച്ചയുടെയോ ഭാഗമായി അവതരിപ്പിക്കാതെ ഇരകളാകേണ്ടിവരുന്നവര്‍ എന്ന മട്ടിലാണ് കറുത്ത നിറമുള്ള പല കഥാപാത്രങ്ങളും കടന്നുവരുന്നത്.  കറുപ്പു നിറമുള്ളവരെല്ലാം പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന, താഴേക്കിടയിലുള്ളവരാണെന്ന സവര്‍ണ അധമബോധമാണ് ഇക്കാര്യത്തില്‍ നയിക്കപ്പെടുന്നത്. വീട്ടുജോലിക്കാരിയോ  നാടോടിയോ ഒക്കെയായ നായകകഥാപാത്രങ്ങളെ മേക്കപ്പിലൂടെ വികൃതമായി ചിത്രീകരിക്കുന്നതാണു പൊതുരീതി. അതുകൊണ്ടാണ് ഉദാഹരണം സുജാതയില്‍ സുന്ദരിയായ മഞ്ജുവാര്യര്‍ക്കും കറുത്തപക്ഷികളില്‍ പത്മപ്രിയയ്ക്കും ഡള്‍ മേക്കപ് ഉപയോഗിക്കേണ്ടിവന്നത്. കാക്കോത്തിയായി വരുമ്പോള്‍ രേവതിയും (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍) പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ മകളായിരുന്നിട്ടും നാടുവിട്ടോടിപ്പോകുമ്പോള്‍ നാടോടിപ്പെണ്‍കുട്ടിയുടെ വേഷം ധരിക്കേണ്ടിവരുന്ന നിത്യാദാസും (ഈ പറക്കുംതളിക) പോലെയുള്ള നിരവധി ഉദാഹരണങ്ങള്‍ വേറേയുമുണ്ട്. കറുത്തമ്മ എന്ന പേരുണ്ടായിരുന്നിട്ടും  മുക്കുവത്തിപ്പെണ്‍കുട്ടിയായി വെളുത്ത ഷീലയെ അവതരിപ്പിച്ചതാണ് (ചെമ്മീന്‍) ഇതിനെല്ലാം അപവാദമായി പെട്ടെന്നു മനസ്സിലേക്കു കടന്നുവരുന്ന ഉദാഹരണം. കെ.ജി ജോര്‍ജിന്റെയും ലെനിന്‍ രാജേന്ദ്രന്റെയും സിനിമകളില്‍ശ്രദ്ധേയവേഷം ചെയ്ത കറുത്ത നിറമുളള സൂര്യ എന്നൊരു നടിയുണ്ട്. കീഴാളജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം വരുമ്പോള്‍ പ്രസ്തുത നടിക്കുവേണ്ടിയായിരുന്നു അതു നീക്കിവച്ചിരുന്നത്. അപൂര്‍വം ചില സിനിമകളിലൊഴികെ സൂര്യയെ ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുമില്ല.
ജയറാം നായകനായുള്ള പഴയകാല സിനിമകളില്‍ നായകന്റെ കൂട്ടുകാരനായി വരുന്ന കലാഭവന്‍ മണിയുടെയും ദിലീപ് നായകനായ സിനിമകളില്‍ കൂട്ടുകാരായിവരുന്ന സലിം കുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരുടെയും കാര്യങ്ങളും പരാമര്‍ശിക്കേണ്ടതുണ്ട്. രണ്ടാം കിടയോ മൂന്നാം കിടയോ ആയിട്ടാണ് ഈ കൂട്ടുകാരന്മാരെല്ലാം അവതരിപ്പിക്കപ്പെടുന്നത്. സുന്ദരനും വെളുത്തനിറമുള്ളവനും ഉന്നതകുലജാതനുമായ നായകന്റെ അടി മേടിക്കുകയും അവര്‍ക്കുവേണ്ടി അബദ്ധങ്ങളില്‍ ചെന്നുചാടുകയും ചെയ്യുന്നവരാണ് ഇവരെല്ലാം. മാടമ്പിയോ വല്യേട്ടനോ പ്രമാണിയോ നരസിംഹമോ ഒക്കെയായി വെളുത്തവര്‍ വരുമ്പോള്‍, അവര്‍ നന്മയുടെ അവതാരങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍ അവരുടെ അടിമകളായി, ഇരകളായി കറുത്ത നിറമുള്ളവര്‍ മാറുന്ന രീതി തെല്ലും ആശാസ്യമല്ല. കരുമാടിക്കുട്ടന്‍ എന്നായിരുന്നു കലാഭവന്‍ മണി നായകനായ ഒരു ചിത്രത്തിന്റെ പേര്. നൂറ്റാണ്ടുകളായി പുലര്‍ത്തിവരുന്ന സവര്‍ണമേല്‍ക്കോയ്മയുടെയും അടിച്ചമര്‍ത്തലിന്റെയും ഭാഗമാണ് ഇതെല്ലാം.
കറുത്തവര്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിലും അവകാശസമരത്തിലും മുന്നിട്ടിറങ്ങുന്നത്  വെളുത്തവരും സുന്ദരന്മാരുമാണ് എന്നതും കറുത്തവരെ രക്ഷിക്കാന്‍ വെളുത്തവര്‍ വേണ്ടിവരുന്നു എന്നതുമാണ് ഇത്തരം സിനിമകളിലെ മറ്റൊരു വൈചിത്ര്യം. വെളുപ്പിന്റെ വിജയംതന്നെയാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. അതാവട്ടെ, പ്രതിലോമകരവുമാണ്. കറുത്തവരെ ഇരയുടെ തലത്തിലേക്ക് ഇകഴ്ത്തിക്കാണിച്ച് അവരെ രക്ഷിക്കാന്‍ സവര്‍ണരും സുന്ദരന്മാരും സുന്ദരിമാരും വരുന്നതിലൂടെ പല സിനിമകളുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കപ്പെടുന്നു.  വെളുത്തവരുടെ പിച്ചക്കാശും ചില്ലറയുമാണ് സ്വന്തം അവകാശങ്ങള്‍പോലും നേടിയെടുക്കാന്‍ സഹായിക്കുന്നത് എന്നുവരുമ്പോള്‍ കറുത്തവരുടെ ആത്മാഭിമാനം വീണ്ടും ഹനിക്കപ്പെടുകയാണ്. ജനഗണമനയും ജയ്ഭീമുംതന്നെ ഇവിടെ ഉദാഹരിക്കപ്പെടണം. അഡ്വ ചന്ദ്രുവും (സൂര്യ-ജയ്ഭീം) അഡ്വ. അരവിന്ദ് സ്വാമിനാഥ(പൃഥ്വിരാജ്)നും സഫ(മംമ്താ മോഹന്‍ദാസ്) യുമാണ് ഇതിലെ രക്ഷകര്‍. ദിവ്യയെ പിന്തുണയ്ക്കാന്‍ എത്തുന്ന സഫയെ ഒരു മാലാഖയെപ്പോലെ അതീവസുന്ദരിയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു പകരമായി ഒരു കറുത്ത നിറമുള്ള ഒരു അഭിനേത്രിയെ പ്ലേസ് ചെയ്യാന്‍ ചലച്ചിത്രകാരന്മാര്‍ തയ്യാറായില്ല. അഡ്വ. അരവിന്ദ് സ്വാമിനാഥന്‍ എന്ന പേരിലൂടെ സവര്‍ണമേല്‍ക്കോയ്മയും അരക്കിട്ടുറപ്പിക്കുന്നു. കൃത്യമായ ജാതീയതയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ആര്‍എസ്എസ് ബിജെപി നയങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നു എന്ന പ്രതീതി ഉണര്‍ത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത് എന്നതാണ് ഏറെ ഖേദകരം.
സമൂഹത്തിന്റെ ചിന്താധാരയില്‍ ആഴത്തില്‍ വേരുറപ്പിക്കപ്പെട്ടുപോയതാണ് ജാതീയതയും വര്‍ണവിവേചനവും. എത്ര വിദ്യാഭ്യാസവും ഉന്നതപദവിയും ഉള്ളവരുടെ ഇടയില്‍പോലും ഇത് ഏറ്റക്കുറച്ചിലോടെ നിലനിന്നുപോരുന്നുണ്ട്. സഭയില്‍പ്പോലും ദളിത് സമൂഹം വിവേചനം നേരിടുന്നുണ്ടെന്നാണ് ചില പക്ഷങ്ങള്‍. മനുഷ്യരെല്ലാവരും തുല്യജോലിക്ക് അര്‍ഹരല്ലെങ്കിലും തുല്യജീവിതത്തിന് അര്‍ഹരാണെന്നാണല്ലോ പറയുന്നത്. അതേ, നിറവും ജാതിയും മതവും നോക്കാതെ മനുഷ്യന്‍ എന്ന പൊതുസംജ്ഞയില്‍ മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനും സ്‌നേഹിക്കാനും നമുക്കു കഴിയണം. ഒരേ ഈശ്വരചൈതന്യമാണ് എല്ലാവരെയും പ്രകാശിപ്പിക്കുന്നതെന്ന അറിവിലേക്കു നാം വളരണം.  അതിനു വരുംകാലങ്ങളില്‍ സാമൂഹികാവബോധവും പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന, സദുദ്ദേശ്യത്തോടെയുളള നല്ല സിനിമകള്‍ പുറത്തിറങ്ങണം. വരുംതലമുറയെങ്കിലും ജാതിയുംമതവും വര്‍ണവുംചേര്‍ന്ന് അന്ധരാക്കപ്പെടുന്ന അവസ്ഥയില്‍നിന്നു പുറത്തുകടക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)