പാരീസിന്റെ പ്രൗഢി നിര്‍ണയിക്കുന്ന പല കാര്യങ്ങളില്‍ ഒന്ന് അതിന്റെ വിശാലമായ രാജകീയവീഥികളാണ്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഹോസ്മാന്‍(HAUSMANN) എന്ന ആര്‍ക്കിടെക്റ്റ് രൂപകല്പന ചെയ്ത വിശാലവീഥികളിലൊന്നാണ് ''ബുളുവാര്‍ ദ് മാലെര്‍ബ്.'' ഇരുവശങ്ങളിലും തഴച്ചുവളരുന്ന ചോലവൃക്ഷങ്ങളുള്ള ഈ വീഥി ചെന്നവസാനിക്കുന്നത് ബ്രഹ്‌മാണ്ഡമായ താഴികക്കുടത്തോടുകൂടിയ സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചിലേക്കാണ്. 1868 ല്‍ ഈ ദൈവാലയനിര്‍മാണം പൂര്‍ത്തിയായി.
ജീവിതമാനസാന്തരത്തിന്റെ അതുല്യമാതൃകയായ വി. ആഗസ്തീനോസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിലേക്ക് 1886 ഒക്‌ടോബര്‍ മാസം 30-ാം തീയതി രാവിലെ, 28 വയസ്സുള്ള ഒരു യുവാവ് കടന്നുചെല്ലുന്നു. അദ്ദേഹത്തിന്റെ പേരാണ് ഷാര്‍ള് ദ് ഫുക്കോ.
അപ്പോള്‍ ആ ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായ അബേ യുവ്‌ളെന്‍ കുമ്പസാരിപ്പിക്കുകയായിരുന്നു. ഷാര്‍ള് ദ് ഫുക്കോ അദ്ദേഹത്തെ സമീപിച്ചു തനിക്കു ചില സംശയങ്ങള്‍ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ഉടന്‍തന്നെ മുട്ടുകുത്തി കുമ്പസാരിക്കാനാണ് ആ വൈദികന്‍ ആവശ്യപ്പെട്ടത്. തന്നിഷ്ടക്കാരനായിരുന്നെങ്കിലും ആ യുവാവ് അതനുസരിച്ചു. കുമ്പസാരത്തിനുശേഷം വി. കുര്‍ബാനയും സ്വീകരിച്ചു പൂര്‍ണമാനസാന്തരം പ്രാപിച്ചവനായിട്ടാണ് ഷാര്‍ള് ദ് ഫുക്കോ സെന്റ് അഗസ്റ്റിന്‍സ് ദൈവാലയത്തിനു പുറത്തേക്കിറങ്ങുന്നത്. ആ ജീവിതത്തിന് ഇനി മാനസാന്തരത്തിനു മുമ്പും പിമ്പും എന്ന ചരിത്രമാണുള്ളത്. മാനസാന്തരത്തിനുശേഷം അബേ യുവ്‌ളെന്‍ (Huvelin) ആയിരുന്നു 28 വര്‍ഷത്തേക്ക് ദ് ഫുക്കോയുടെ ആദ്ധ്യാത്മികനിയന്താവ്. (ഫ്രാന്‍സില്‍ രൂപതവൈദികരെ പൊതുവായി(L'abb'e)) എന്നും സന്ന്യാസവൈദികരെ(Pe're) എന്നും വിളിക്കുന്നു. വികാരിയെ (Cure)) എന്നും അസി. വികാരിയെ (Vicaire എന്നും).
ജനനം, ബാല്യം, വിദ്യാഭ്യാസം
1858 സെപ്റ്റംബര്‍ മാസം 15-ാം തീയതി ഫ്രാന്‍സിലെ സ്ത്രാസ്ബുര്‍ഗ് നഗരത്തിലാണ് ഷാര്‍ള് ദ് ഫുക്കോ (ഇവമൃഹല െറല എീൗരമൗഹ)േ ജനിച്ചത്. ചാള്‍സിന്റേത് സമ്പന്നമായ ഒരു പ്രഭുകുടുംബമായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം മരീ എന്ന സഹോദരിയും ജനിച്ചു. നിര്‍ഭാഗ്യവശാല്‍ ചാള്‍സിന് അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പേ പിതാവും മാതാവും ഇഹലോകവാസം വെടിഞ്ഞു. ഗവണ്മെന്റുദ്യോഗസ്ഥനായിരുന്ന പിതാവ് ക്ഷയരോഗം ബാധിച്ചാണു മരിച്ചത്. മാതാവ് മൂന്നാമത്തെ പ്രസവത്തോടെയും. അനാഥരായ കുഞ്ഞുങ്ങളെ വളര്‍ത്തിയത് മാതൃപിതാവ് കേണല്‍ ദ് മൊര്‍ളേ(റല ങീൃഹല)േയാണ്.
ചാള്‍സിന്റെ സ്‌കൂള്‍വിദ്യാഭ്യാസം സ്ത്രാസ്ബുര്‍ഗിലും നാന്‍സിയിലുമായി നടന്നു. മാതാപിതാക്കളുടെ വിയോഗത്തില്‍ ദുഃഖിതനായിരുന്ന കുട്ടിക്കു പിതൃസഹോദരിയുടെ ഭവനം അവധിക്കാലത്ത് അഭയമായിത്തീര്‍ന്നു. അന്തര്‍മുഖനായിരുന്ന ഈ ബാലന് പിതൃസഹോദരിയുടെ മകള്‍ മരിയ ഒരു നല്ല സുഹൃത്തായി മാറി. തന്നെക്കാള്‍ ഒമ്പതു വയസ്സ് കൂടുതലുണ്ടായിരുന്ന ദൈവഭക്തയായ മരിയയെ അമ്മയുടെ സ്ഥാനത്തായിരുന്നു ചാള്‍സ് കണ്ടത്.
1870 ല്‍ ജര്‍മനിയുമായുള്ള യുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടു. സ്ത്രാസ്ബുര്‍ഗ് ജര്‍മന്‍ അധീനതയിലായി. തിടുക്കത്തില്‍ മിസ്റ്റര്‍ മൊര്‍ളേ കുട്ടികളുമായി നാന്‍സിയിലേക്കു താമസം മാറ്റി. അവിടെയുള്ള ഒരു പ്രധാനപ്പെട്ട സ്‌കൂളില്‍ ചാള്‍സ് പഠനം തുടര്‍ന്നു. 1872 ഏപ്രില്‍ 28-ാം തീയതി 14-ാം വയസ്സില്‍ തന്റെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തില്‍ ചാള്‍സ് ആഘോഷപൂര്‍വമായ ദിവ്യകാരുണ്യസ്വീകരണം നടത്തി. ഫ്രാന്‍സില്‍ അടുത്തകാലംവരെ ഒരാള്‍ക്കു രണ്ടു പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഉണ്ടായിരുന്നു. ആദ്യത്തേത് ഏകദേശം ഏഴാം വയസ്സിലായിരുന്നു. രണ്ടാമത്തേത് 12 - 14 വയസ്സിനിടയില്‍. ഇപ്പോള്‍ രണ്ടാമത്തേത് 'വിശ്വാസപ്രഖ്യാപനദിന'മായി മാറ്റിയിട്ടുണ്ട്. സ്ഥൈര്യലേപനവും ഇതോടൊപ്പമാണു നല്കുന്നത്. ചാള്‍സിന്റെ ആഘോഷപൂര്‍വമായ ദിവ്യകാരുണ്യസ്വീകരണത്തില്‍ പങ്കെടുക്കാന്‍ പാരീസില്‍നിന്ന് ഇളയമ്മയും മകള്‍ മരിയായും എത്തിയിരുന്നു. ലൂയി പതിന്നാലാമന്‍ രാജാവിന്റെ കൊട്ടാരത്തിലെ പ്രഗല്ഭ വാഗ്മിയായിരുന്ന ഴാക് ബൊസ്വേ(1627-1704)യുടെ 'ദിവ്യരഹസ്യപരിചിന്തനങ്ങള്‍' എന്ന ഗ്രന്ഥമാണ് മരിയ ചാള്‍സിനു സമ്മാനമായി നല്കിയത്. വര്‍ഷങ്ങള്‍ക്കുശേഷം ചാള്‍സിന്റെ സത്യാന്വേഷണകാലത്ത് ഈ ഗ്രന്ഥം ഒരു പിടിവള്ളിയായി ഭവിച്ചു.
വളരെ വലിയ വിശ്വാസത്തോടും തീക്ഷ്ണതയോടുംകൂടിയാണ് ചാള്‍സ് ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. എങ്കിലും ഫ്രഞ്ചുവിപ്ലവകാലത്താരംഭിച്ച മതവിരോധവും ഈശ്വരനിഷേധവും ഹൈസ്‌കൂള്‍പഠനകാലത്ത് ഈ ചെറുപ്പക്കാരനെ സ്വാധീനിച്ചു. അവന്‍ വായിച്ച പുസ്തകങ്ങളെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയായിരുന്നു. അവനെ നിയന്ത്രിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ അവന്‍ വിശ്വാസജീവിതത്തില്‍നിന്ന് അകന്നു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം എഴുതി: ''പതിനഞ്ചാം വയസ്സില്‍ ഒന്നിനും ആവശ്യത്തിനു തെളിവുകളില്ലെന്നു ഞാന്‍ കരുതി. പല മതങ്ങളുടെ സാന്നിധ്യം ഒന്നും സത്യമല്ലെന്നുള്ളതിനു തെളിവായി ഞാന്‍ കരുതി.'' പിതാമഹന് ചാള്‍സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനായില്ല.
അവനെ സഹായിക്കാന്‍ സാധിക്കുമായിരുന്ന കസിന്‍ മരിയ ഇതിനോടകം ഒരു പ്രഭുകുടുംബത്തിലേക്കു വിവാഹിതയായിപ്പോയിരുന്നു.
സൈനികസ്‌കൂളില്‍
ഏകാകിയും അലസനുമായിത്തീര്‍ന്ന ചാള്‍സ് എളുപ്പം പ്രവേശനപ്പരീക്ഷ ജയിക്കാമെന്നു കരുതപ്പെട്ടിരുന്ന സൈനികസ്‌കൂള്‍ പ്രവേശനത്തിനായി രണ്ടു വര്‍ഷം പഠിച്ചു പരീക്ഷ ജയിച്ചു. സാന്‍സീര്‍ എന്ന പ്രശസ്ത സൈനികസ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. വലിയ പിതൃസ്വത്തിന് അവകാശിയായ ചാള്‍സ് സുഖലോലുപനും അച്ചടക്കരഹിതനുമായി ജീവിച്ചു. ഈ പരിശീലനകാലത്തിന്റെ രണ്ടാംവര്‍ഷം 1878 ല്‍ സ്‌നേഹനിധിയായ പിതാമഹന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ചാള്‍സിനെ തീരാദുഃഖത്തിലാഴ്ത്തി. എല്ലാക്കാര്യത്തിലും അശ്രദ്ധനായി മാറിയ ചാള്‍സ് 386 പേരില്‍ 333-ാമനായി പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അശ്വാരൂഢസേനയില്‍ ചേര്‍ന്നു. അവിടെ 87 പേരില്‍ 87-ാമനായിട്ടാണു ജയിച്ചത്! ചാള്‍സിന്റെ ബ്രിഗേഡിനെ വടക്കേ ആഫ്രിക്കയിലേക്കു നിയോഗിച്ചപ്പോള്‍ ഒരു യുവസുന്ദരിയെയും കൂട്ടിയാണു കപ്പല്‍ കയറിയത്. ഈ സ്ത്രീ ചാള്‍സിന്റെ ഭാര്യയല്ലെന്നു മനസ്സിലാക്കിയ അധികാരികള്‍ ചാള്‍സിനെ ഫ്രാന്‍സിലേക്കു തിരിച്ചയച്ചു. സുഖലോലുപജീവിതം തുടര്‍ന്നെങ്കിലും ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെട്ട ചാള്‍സ്, താന്‍ അംഗമായിരുന്ന ബ്രിഗേഡ് യുദ്ധമുഖത്താണെന്നറിഞ്ഞപ്പോള്‍ പട്ടാളത്തില്‍ തിരികെയെടുക്കണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്കി. അനുവാദം ലഭിച്ചപ്പോള്‍ ആഫ്രിക്കയിലെത്തി യുദ്ധമുഖത്ത് സധൈര്യം വ്യാപരിച്ചു. മതപരമായ കാര്യങ്ങളിലുള്ള പുച്ഛവും പരിഹാസവും വോള്‍ട്ടയറിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചാസ്വദിച്ചിരുന്ന ചാള്‍സ് തുടര്‍ന്നുപോന്നു. തനിക്കിഷ്ടപ്പെട്ട ഒരു കുതിര ചത്തപ്പോള്‍, മറവു ചെയ്യുന്ന അവസരത്തില്‍ ചാള്‍സ് ഒരു ചരമപ്രസംഗം നടത്തി: ''നീ ഒരു നല്ല കുതിരയാണ്. നീ നേരേ സ്വര്‍ഗത്തില്‍ പോകും. എനിക്കതില്‍ കുണ്ഠിതമുണ്ട്, കാരണം, നമ്മള്‍ ഇനി ഒരിക്കലും കണ്ടുമുട്ടുകയില്ല.''
എങ്കിലും ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന ആഗ്രഹത്തോടെ സാഹസികമായ പര്യവേക്ഷണങ്ങള്‍ക്കായി സഹാറാമരുഭൂമിയില്‍ ഒറ്റയ്ക്കു ചുറ്റിസഞ്ചരിക്കാന്‍ തീരുമാനിച്ചു. 1883 ല്‍ അധികാരികളുടെ അനുവാദത്തോടെ ഈ സാഹസികയാത്രയും പര്യവേക്ഷണവും ആരംഭിച്ചു. ഒരു കൊല്ലം കഴിഞ്ഞ് പാരീസില്‍ തിരിച്ചെത്തി. തന്റെ ഇളയമ്മയുടെ കുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. തന്റെ മരുഭൂമിയാത്രയുടെ കുറിപ്പുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.
ദൈവികകാര്യങ്ങളും ചാള്‍സിനെ മഥിച്ചുകൊണ്ടിരുന്നു. ദൈവമേ, അങ്ങ് ഉണ്ടെങ്കില്‍ എന്നെ സഹായിക്കണമേ എന്ന് 'പ്രാര്‍ത്ഥിച്ചു'കൊണ്ട് പള്ളികള്‍ കയറിയിറങ്ങി. അങ്ങനെയാണ് ഈ ലേഖനത്തില്‍ ആദ്യം പറയുന്നതുപോലെ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെത്തുന്നത്.
(തുടരും)