•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മൂല്യനിരാസങ്ങളുടെ ദൃശ്യവിരുന്നുകള്‍

''നീ ഏതു വിധേനയും പണക്കാരനാകണം. മാര്‍ഗമേതായാലും സാരമില്ല, ലക്ഷ്യം പണസമ്പാദനമായിരിക്കണം.'' കേരളക്കരപോലും ആഘോഷമായി ഏറ്റെടുത്ത അന്യഭാഷാചിത്രമായ കെജിഎഫ് പരമ്പരയിലെ ഒന്നാം ഭാഗത്ത്, ദരിദ്രയായ അമ്മ പത്തുവയസ്സുകാരനായ മകനു കൊടുക്കുന്ന ഉപദേശവും നിര്‍ദേശവുമാണത്. വെട്ടും കുത്തും കൊലയുമായി മുന്നോട്ടുകുതിക്കാന്‍ പിന്നീട് റോക്കിഭായ് ആയി വളര്‍ന്ന ആ ബാലനെ അമ്മയുടെ വാക്കുകള്‍  തെല്ലൊന്നുമല്ല സ്വാധീനിച്ചത്.
കെജിഎഫ് രണ്ടാം ഭാഗവും റിക്കോര്‍ഡ് കളക്ഷന്‍ ഭേദിച്ചു മുന്നേറുമ്പോള്‍ അതിനൊപ്പം രൂപപ്പെടുന്നത് പുതിയ തലമുറയിലെ കുട്ടികള്‍ക്കു പുതിയ ബോധ്യങ്ങളാണ്. കെജിഎഫ് ഹിറ്റാക്കിക്കൊടുത്തത് നമ്മുടെ പുതിയ തലമുറയാണ്. പുതിയ തലമുറയെന്നു പറയുമ്പോള്‍ കൊച്ചുകുട്ടികള്‍മുതല്‍ നാല്പതുവരെ പ്രായമുള്ളവരെന്നു പ്രത്യേകം  പറയണം.
തീയേറ്ററുകളില്‍ പോയി കണ്ടിട്ടില്ലാത്തവര്‍ക്കുപോലും  ടിവി ചാനലുകള്‍വഴി റോക്കിഭായ് പരിചിതനാണ്. അയാളുടെ വീരസ്യങ്ങള്‍ക്ക് അവര്‍ വേണ്ടതിലധികം കൈയടി കൊടുത്തിട്ടുമുണ്ട്.
രണ്ടാം തരംഗം അലയടിച്ചപ്പോഴാണ് മൊബൈലില്‍ ആദ്യഭാഗം കണ്ടത്. കാണാന്‍ താത്പര്യമില്ലാത്തതുകൊണ്ട് തീയേറ്ററില്‍നിന്ന് ഒഴിവാക്കിക്കളഞ്ഞ സിനിമയായിരുന്നു. പക്ഷേ, ഇത്രയധികം കൊട്ടിഘോഷിക്കാന്‍(സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓര്‍മിക്കുക) ഇതിലെന്താണിരിക്കുന്നതെന്ന സ്വാഭാവികമായ ചിന്തയായിരുന്നു ആദ്യഭാഗം കാണാന്‍ പ്രേരിപ്പിച്ചത്. വ്യക്തിപരമായി ഒട്ടും തൃപ്തിപ്പെടുത്താതിരുന്ന സിനിമയെക്കുറിച്ച് പിന്നീട് മറ്റു ചിലരുമായി നിഷേധാത്മകമായി സംസാരിച്ചപ്പോള്‍ അതെല്ലാം കേട്ടുനില്ക്കുകയായിരുന്ന എട്ടുവയസ്സുകാരനായ രണ്ടാമത്തെ മകന്‍ പറഞ്ഞ ന്യായീകരണം വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.
ഖനിയില്‍നിന്ന് അവരെ രക്ഷിക്കാന്‍ വേണ്ടിയല്ലേ അപ്പേ റോക്കിഭായ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്നായിരുന്നു അവന്റെ മറുപടി. അപ്പോഴാണ് ടിവി ചാനല്‍വഴി എനിക്കുമുമ്പേ അവന്‍ പല തവണ പ്രസ്തുത സിനിമ കണ്ടുകഴിഞ്ഞു എന്നു മനസ്സിലായത്.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ചിന്തയിലേക്ക് ഈ കുഞ്ഞുമക്കള്‍ ഉള്‍പ്പെടെയുളളവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരാശയം പുതിയതൊന്നുമല്ല. പക്ഷേ, ഇതുപോലെ യുവതലമുറയെ ആകമാനം സ്വാധീനിക്കാന്‍ അവയ്ക്കു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ലക്ഷ്യം നന്നായാല്‍ മതി മാര്‍ഗം ഏതായാലും കുഴപ്പമില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. മണി, ഫെയിം... ഇതാണ് യുവതലമുറയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍. പണം ഉണ്ടാക്കുന്നതാകട്ടെ അടിച്ചുപൊളിച്ചു ജീവിക്കാന്‍. കഞ്ചാവും ലഹരിവസ്തുക്കളുടെ വില്പനയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൊക്കെ പ്രതിഭാഗത്തുള്ളത് കൂടുതലും ചെറുപ്പക്കാരാണ്. കുടുംബം പോറ്റാനൊന്നുമല്ല അവര്‍ ഇപ്പണി ചെയ്യുന്നത്, ആഡംബരജീവിതം നയിക്കാനാണ്.  ഏതു മാര്‍ഗത്തിലൂടെയും പണമുണ്ടാക്കി സുഖിച്ചുജീവിക്കുക എന്ന തത്ത്വം പ്രാബല്യത്തില്‍ വരുത്താന്‍ സിനിമപോലെയുള്ള മാധ്യമങ്ങള്‍ കൈമാറുന്ന സന്ദേശങ്ങള്‍ അവരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നു.
അങ്ങനെ മൂല്യങ്ങളൊക്കെ കടപുഴകി വീണുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്.  വിശുദ്ധ ഗ്രന്ഥം ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കരുതെന്ന്. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
അതുകൊണ്ടാണ്, കായങ്കുളം കൊച്ചുണ്ണിയും റോബിന്‍ഹുഡുമൊക്കെ  പഴയ വീഞ്ഞായിരുന്നിട്ടും പുതിയ കുപ്പിയില്‍ നിറയ്ക്കപ്പെടുകയും അവരുടെ പ്രവൃത്തികള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നത്. കൊല എന്നും കൊലയാണെന്നും മോഷണം എന്നും മോഷണമാണെന്നുമുള്ള ചിന്തകള്‍ ഇവിടെ മാഞ്ഞുപോകുന്നു. മറിച്ച്, നായകന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍പോലും നീതീകരിക്കപ്പെടുന്നു. അവയെല്ലാം നന്മയുടെ മുഖംമൂടി അണിയുന്നു.
കെജിഎഫിലെ അമ്മ മകനു കൊടുക്കുന്ന ഉപദേശത്തെക്കുറിച്ചുതന്നെ ആലോചിക്കൂ.  നന്മയുടെ വഴിക്കല്ല ആ അമ്മ മകനെ നയിക്കുന്നത്. പണമാണു ലോകത്തിലെ ഏറ്റവും വലിയ സംഗതിയെന്നും അതു നേടാന്‍ ഏതു വഴിയും സ്വീകരിക്കാമെന്നുമാണ് അമ്മ പറഞ്ഞുകൊടുക്കുന്നത്.
പണത്തിനു പ്രാധാന്യമുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. പക്ഷേ, പണം മൂല്യമുള്ളതാകുന്നത് അത് ശരിയായ രീതിയില്‍ സമ്പാദിക്കുകയും മാന്യമായ രീതിയില്‍ ചെലവഴിക്കുകയും ചെയ്യുമ്പോഴാണ്. അതുപോലെ കൂലിക്കാരന് അര്‍ഹതപ്പെട്ട വേതനം നല്കാതെ പിടിച്ചുവച്ച് സ്വന്തം പോക്കറ്റു നിറയ്ക്കുന്നതും നീതിയുടെ പ്രവൃത്തിയല്ല.
നന്നേ ചെറുപ്പം മുതല്‍തന്നെ വീരസ്യം പ്രകടിപ്പിക്കുന്നവരാണ് ഇത്തരത്തിലുളള നായകന്മാര്‍. നഗരത്തെ വിറപ്പിച്ച ഒരു പോലീസുകാരനെ തന്റെ പത്താം വയസ്സില്‍ തലയ്ക്കടിച്ചുവീഴ്ത്തിയാണ് റോക്കി നായകനാകുന്നത്. അടിച്ചുവീഴ്ത്തിയിട്ട് ഓടി രക്ഷപ്പെടുകയല്ല, താനാണ് അതു ചെയ്തതെന്ന് കുറ്റബോധം തെല്ലുമില്ലാതെ പറയാനും റോക്കി തയ്യാറാകുന്നു. പത്താം വയസ്സില്‍, പ്രായത്തില്‍ കവിഞ്ഞ വലിയൊരു ക്രൈം ചെയ്ത വ്യക്തി മുതിര്‍ന്നുകഴിയുമ്പോള്‍ അതിനെക്കാള്‍ വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനെ സ്വാഭാവികമായും കാണികള്‍ അംഗീകരിക്കുകയും അതു വിശ്വസിക്കുകയും ചെയ്യും.
വലിയ വലിയ വീരസ്യങ്ങള്‍ നായകനില്‍നിന്ന് ഉണ്ടായാലും അതെല്ലാം രജിസ്റ്റര്‍ ചെയ്യാന്‍ ഏറെ സഹായകരമാണ് ചെറുപ്പത്തില്‍ത്തന്നെ കൊടുക്കുന്ന ഇത്തരം ബില്‍ഡപ്പുകള്‍.  ശിവലിംഗം ഒറ്റയ്ക്കു പിഴുതെടുത്ത് സാഹസികമായി വരുന്ന ബാഹുബലിയും ചെറുപ്രായത്തില്‍ത്തന്നെ പുലിവേട്ടയ്ക്കിറങ്ങിയ മുരുകനും (പുലിമുരുകന്‍) സഹപാഠിയുടെ കൈവെള്ളയില്‍ കോമ്പസ് കുത്തിയിറക്കി നാടുവിടുന്ന തോമായും (സ്ഫടികം) ചില ഉദാഹരണങ്ങള്‍. സിനിമയിലെ നായകന് ഇതെല്ലാം അനുകൂലഘടകങ്ങളാണെങ്കിലും സിനിമ കാണുന്ന പുതുതലമുറയെ സംബന്ധിച്ച് ഇവയൊന്നും ആശാസ്യമല്ല.
ചൈനയില്‍പ്പോലും തരംഗമായി മാറിയ ദൃശ്യം സിനിമയുടെ കാര്യം ഇതിനകം പല വിധത്തില്‍ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അറിയാതെയാണെങ്കിലും ഒരു കൊലപാതകം നടത്തിയ റാണിക്കും മക്കള്‍ക്കും  ഒപ്പംതന്നെയാണ് പ്രേക്ഷകരെല്ലാം. അവര്‍ ശിക്ഷിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല. പക്ഷേ, അതിനു വേണ്ടി നുണകള്‍ക്കു മീതേ നുണകള്‍ നിരത്തി നുണയെ സത്യമായി അവതരിപ്പിക്കുകയാണു നായകനായ ജോര്‍ജുകുട്ടി. ജോര്‍ജുകുട്ടിയുടെ ഈ നായകത്വമാണ് സിനിമയുടെ വിജയവും. എന്നാല്‍, അകന്നുനിന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവും, അയാള്‍ ചെയ്തതു മുഴുവന്‍ മൂല്യനിരാസങ്ങളാണെന്ന്. പലതവണ നുണ ആവര്‍ത്തിച്ചാല്‍, കൃത്യതയോടെയും തെളിവുകളോടെയും നുണ സ്ഥാപിച്ചാല്‍, ആ നുണ സത്യമായി മാറുമെന്നാണ് ജോര്‍ജുകുട്ടി  പ്രേക്ഷകരോടു പറഞ്ഞത്. ലക്ഷ്യത്തിനുവേണ്ടി മാര്‍ഗത്തെ സാധൂകരിക്കുന്ന പ്രവണതയാണ് ഇവിടെയും നാം കണ്ടത്.  ഈ സിനിമ തുറന്നുവിട്ട മൂല്യനിരാസങ്ങളുടെയും നിഷേധാത്മകതയുടെയും അലയൊലികള്‍ ഒരിക്കലും അടങ്ങുകയില്ല.
ചെയ്ത കുറ്റം ഏറ്റെടുത്ത് നിയമത്തിനു കീഴടങ്ങുന്ന പോലീസുദ്യോഗസ്ഥനായ ആന്റണി മോസസിനെ(മുംബൈ പോലീസ്) ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. ഒരിക്കല്‍ നിയമത്തെ കബളിപ്പിക്കുകയും കൂട്ടുകാരനെ കൊല്ലുകയും ചെയ്തതാണെങ്കിലും കുറ്റബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ തുടങ്ങുമ്പോള്‍ തന്റെ നായകപരിവേഷം ഉപേക്ഷിച്ച് അയാള്‍ സാധാരണക്കാരനായി മാറുന്നു. ശിക്ഷിക്കപ്പെടാന്‍ തയ്യാറായി അറസ്റ്റു വരിക്കുന്നതിലൂടെ അയാള്‍ സമൂഹത്തിനു നല്കുന്ന മാതൃകയും പ്രചോദനവും പ്രശംസിക്കപ്പെടേണ്ടതുമാണ്. പക്ഷേ, പ്രേക്ഷകര്‍ക്കു വേണ്ടത് ഇത്തരം മാനുഷികതയുളള നായകരെയല്ല കള്ളത്തിനു മീതെ കള്ളം അടുക്കിവയ്ക്കുന്ന ജോര്‍ജുകുട്ടിമാരെയും മനുഷ്യരെ കൊന്നുതള്ളുന്ന റോക്കിഭായിമാരെയുമാണ്, കഷ്ടം!
വയലന്‍സ് വിതയ്ക്കുന്ന വിനകള്‍
അക്രമരംഗങ്ങള്‍ നിറഞ്ഞ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവും. ഇപ്പോഴത്തെ മുതിര്‍ന്ന തലമുറ അഡല്‍റ്റ് കണ്ടന്റ് ഉള്ള ചിത്രങ്ങള്‍ കാണാനാണ് കൗമാരയൗവനങ്ങളില്‍ ആഗ്രഹിച്ചിരുന്നത്. അവരെ സംബന്ധിച്ച് അതു ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷേ, ഇന്റര്‍നെറ്റ് വന്നതോടെ അത്തരമൊരു  ദൗര്‍ലഭ്യം ഇല്ലാതായി. വയലന്‍സ് രംഗങ്ങളുള്ള സിനിമയിലേക്കു കൗതുകങ്ങള്‍ ചേക്കേറിയ പുതിയ തലമുറയാണു നമ്മുടേത്.  വലിയ സ്‌ക്രീനില്‍ കൊലയും കൊള്ളയും കാണാന്‍ ആഗ്രഹിക്കുന്നവരാണ് കെജിഎഫും പുഷ്പയും ആര്‍ആര്‍ആറും വിജയമാക്കിയത്. കൊവിഡിനുമുമ്പ് തിയേറ്ററുകളെ നിറച്ച ചില സിനിമകള്‍ നോക്കൂ. അഞ്ചാം പാതിരായും ഫോറന്‍സിക്കുംപോലെയുള്ള സിനിമകള്‍ സൈക്കിക് പ്രശ്‌നങ്ങളുടെ പേരിലാണെങ്കിലും വയലന്‍സായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വയലന്‍സ് എന്ന പേരില്‍ത്തന്നെ ഒരു മലയാളസിനിമ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ രംഗങ്ങളുടെ അതിപ്രസരംമൂലം സ്റ്റോപ്പ് വയലന്‍സ് എന്ന് ചിത്രത്തിന് പിന്നീട് പേരു മാറ്റേണ്ടിവന്നു. അക്രമാസക്തമായ സിനിമകള്‍ തുടര്‍ച്ചയായി കാണുമ്പോള്‍ അതു കുട്ടികളിലും കൗമാരക്കാരിലും നിഷേധാത്മകമായ പ്രവണതകള്‍ക്കു വഴിതെളിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ആക്രമണസ്വഭാവവും ദേഷ്യപ്രകൃതിയും ഇത്തരത്തിലുള്ള സ്വഭാവവൈചിത്ര്യത്തിന്റെ തീരെ ചെറിയ പ്രതികരണങ്ങളാണ്. കൊളംബിയയിലെ മെഡിക്കല്‍ സെന്റേഴ്സ് ഫങ്ഷണല്‍ മാഗ്‌നെറ്റിക് റിസോണസ് ഇമേജിങ് റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനം പറയുന്നത് വയലന്റ് രംഗങ്ങള്‍ അടങ്ങിയ സിനിമ കാണുന്നത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)