2014ല്‍ അധികാരമേറ്റതിനുശേഷം നടത്തിയ ഒട്ടേറെ നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും ഭരണത്തോടൊപ്പം നിരന്തരമുള്ള നിയമനിര്‍മാണത്തിലും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്റെ നേര്‍രേഖകളാണ്. ഇപ്പോഴിതാ അണിയറയില്‍ ഒരുക്കിവച്ചിരിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആനുകാലിക സംഭവവികാസങ്ങളും തുടര്‍ന്നുള്ള കോടതിനിരീക്ഷണങ്ങളും വിധികളും പുതിയ നിയമനിര്‍മാണങ്ങളിലേക്കു രാജ്യത്തെ തള്ളിവിടുമെന്നുറപ്പായി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സമയമായെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് 2022 ഫെബ്രുവരി 11ന് പ്രഖ്യാപിച്ചിരിക്കുന്നതും മുഖവിലയ്ക്കെടുക്കേണ്ടിവരുന്നു.
വിവിധ സംസ്‌കാരങ്ങളും ഭാഷകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും മുഖമുദ്രയാക്കിയുള്ള ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ ഒരിന്ത്യ ഒരൊറ്റ നിയമം എന്ന യൂണിഫോം സിവില്‍ കോഡ് ഒരുപക്ഷേ, താത്കാലിക വെല്ലുവിളികളുയര്‍ത്തിയേക്കാം. അതേസമയം കാശ്മീര്‍വിഷയം, മുത്തലാഖ്, സാമ്പത്തികസംവരണം, പൗരത്വഭേദഗതി, വിവാഹ
പ്രായം തുടങ്ങിയ ഭരണഘടനാഭേദഗതികളില്‍ ഉറച്ച നിലപാടുകളെടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി മുന്നോട്ടുപോയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
ഏകീകൃത സിവില്‍ കോഡ് എന്ത്?
ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഏതൊരു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം തുടങ്ങിയ വിവിധ വ്യക്തിനിയമങ്ങള്‍ ഇല്ലാതാക്കി ഇവയ്ക്കായി പൊതുനിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.
ചരിത്രപശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് ഏകീകൃത സിവില്‍ കോഡ് വേണമെന്ന ആവശ്യം ഉയരുന്നത്. ഇത് പ്രധാനമായും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, സമത്വം, മതേതരത്വം എന്നിവയായിരുന്നു ഇവയ്ക്കു പിന്നില്‍. 1940ല്‍ ഏകീകൃത പൗരനിയമം എന്ന ആശയം കോണ്‍ഗ്രസ് നിയോഗിച്ച ആസൂത്രണ കമ്മീഷന്‍ രാജ്യത്തെ സ്ത്രീകളുടെ ജീവിതസാഹചര്യം പരിശോധിക്കുന്നതിനും ലിംഗസമത്വത്തിനുമായി വ്യക്തിഗതനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു ശിപാര്‍ശ ചെയ്തു.
1947 ല്‍ ഏകീകൃത സിവില്‍ കോഡ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1948 ല്‍ ഇന്ത്യയുടെ ഭരണഘടന നിര്‍മാണസഭയിലാണ് ഏകീകൃത സിവില്‍ കോഡ് വീണ്ടും ഉയര്‍ന്നുവന്നത്. ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നിട്ടും സമവായത്തിലെത്താനായില്ല. തുടര്‍ന്ന്, ഈ വിഷയം ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിനകത്തെ നിര്‍ദേശകതത്ത്വത്തില്‍ ഉള്‍പ്പെടുത്തി. മറ്റൊരുവിധത്തില്‍ സൂചിപ്പിച്ചാല്‍, മൗലികാവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഏകീകൃത പൗരനിയമം തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ മാര്‍ഗനിര്‍ദേശകതത്ത്വത്തിലേക്കു തള്ളിവിട്ടു. അങ്ങനെയാണ് ഏകീകൃത സിവില്‍കോഡ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് എന്ന നിര്‍ദേശത്തില്‍ വന്നത്.
ഏകീകൃതനിയമം
വിവിധ രാജ്യങ്ങളില്‍മറ്റു രാജ്യങ്ങളുടെ നിയമങ്ങളെ വില യിരുത്തി ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്നതു ശരിയാവണമെന്നില്ല. വിവിധ രാജ്യ
ങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുംമതപരവുമായ പശ്ചാത്തലങ്ങള്‍ വ്യത്യസ്തങ്ങളാണ്.
ഇസ്ലാമിക രാജ്യങ്ങളുടേത് ഏകീകൃതനിയമമെന്നു വാദിക്കുമ്പോള്‍ ശരിഅത്ത് മാത്രമാണ് ഇതിന് അടിസ്ഥാനമെന്നത് ഓര്‍മ്മിക്കണം. മതം നോക്കാതെ ശരിഅത്ത് നിയമം രാജ്യങ്ങളിലുള്ളവര്‍ക്കെല്ലാം ബാധകമാണ്. ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിയമം മതേതരമാണെങ്കിലും സുപ്രധാന കാര്യങ്ങള്‍ ശരിഅത്ത് കേന്ദ്രീകൃതമാണ്.
അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ മതേതര നിയമമാണ് നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ ക്രിസ്ത്യന്‍ ജനസംഖ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ത്തന്നെ വിവിധ മതവിഭാഗങ്ങളുടെ ആവശ്യങ്ങളും തടസ്സവാദങ്ങളും ഉയര്‍ന്നിരുന്നില്ല. അതേസമയം പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മതത്തിന് ഒരു പങ്കുമില്ലെന്ന നിലപാടാണ് കാലങ്ങളായി ഈ രാജ്യങ്ങള്‍ തുടരുന്നത്.
ഭരണഘടനാശില്പികളുടെ കാഴ്ചപ്പാട്
വിവിധ മതവിഭാഗങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സര്‍വ്വോപരി വിഭിന്നസംസ്‌കാരങ്ങളുമുള്ള രാജ്യമെന്ന നിലയിലാണ് വ്യക്തിനിയമങ്ങള്‍ രാജ്യത്തു നിലനില്‍ക്കുന്നത്. ഭരണഘടനാശില്പികള്‍പോലും ഏകീകൃത സിവില്‍കോഡ് തങ്ങള്‍ രൂപം നല്‍കിയ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാതെ ഭരണഘടനയുടെ 44-ാം അനുച്ഛേദപ്രകാരം ഏകീകൃത സിവില്‍ കോഡിനായി സ്റ്റേറ്റ് ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. വിവിധ മതവിഭാഗങ്ങളുടെ ആചാരപരവും സാംസ്‌കാരികപരവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള നിയമനിര്‍മ്മാണംമാത്രമേ ജനാധിപത്യരാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു ഭരണഘടനാരൂപവത്കരണവേളയിലെ ഈ നിലപാടിനു പിന്നില്‍.
സുപ്രധാന വഴിത്തിരിവ്
1985ലെ ഷാബാനോ കേസിലെ വിധി വ്യക്തിനിയമത്തിന്റെ സുപ്രധാന വഴിത്തിരിവാണ്. മുഹമ്മദ് അഹമ്മദ് ഖാനെന്ന നിയമജ്ഞന്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ 62 വയസ്സുള്ള ഭാര്യ ഷബാനു ബീഗത്തെ ശരിയത്ത് നിയമപ്രകാരം മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലി ബന്ധം ഒഴിഞ്ഞു. ഷബാനു ബീഗം തനിക്കു ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കീഴ്ക്കോടതി അനുകൂലമായി വിധിച്ചു. 1985 ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പുപ്രകാരം 500 രൂപ പ്രകാരം മാസംതോറും ജീവനാംശം നല്‍കണമെന്നാണ് വിധി. താന്‍ മുസ്ലീമാണെന്നും ശരിയത്ത് നിയമമാണ് തനിക്കു ബാധകമെന്നും ക്രിമിനല്‍ നിയമത്തിലെ 125-ാം വകുപ്പ് തനിക്കു ബാധകമല്ലെന്നും കാണിച്ച് അഹമ്മദ്ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡനാകട്ടെ വിവാഹബന്ധം വേര്‍പെടുത്തിയാലും മുസ്ലീംസ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും വിധിച്ചു. വ്യക്തിനിയമങ്ങളേക്കാളുപരി ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഏകീകൃത സിവില്‍ കോഡ് വേണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. വിധിക്കെതിരേ മുസ്ലീം സംഘടനകള്‍ തെരുവിലിറങ്ങി. കോടതിവിധിയെ മറികടക്കാന്‍ 1986-ല്‍ രാജീവ് ഗാന്ധി മുസ്ലീം വനിതാ സംരക്ഷണ നിയമം കൊണ്ടുവന്ന് ഈ വിധിയെ അപ്രസക്തമാക്കി.
1995 ലെ സരളമുഗ്ദള്‍ കേസിലും, ഫാ.ജോണ്‍ വള്ളമറ്റം കേസിലും വിധിന്യായത്തില്‍ ഏകീകൃത സിവില്‍ കോഡ് നിര്‍മ്മിക്കുന്നതിന് പാര്‍ലമെന്റ് മുന്‍കൈ എടുക്കണമെന്ന പരാമര്‍ശമുണ്ടായി. തുടര്‍ന്നിങ്ങോട്ട് വ്യക്തിനിയമം സംബന്ധിച്ച് വിവിധ വിധിന്യായങ്ങളില്‍ ഉന്നത നീതിപീഠം ഇതാവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഗോവയിലെ ഏകീകൃത സിവില്‍ കോഡ്
ഗോവ മാത്രമാണ് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം. മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കാന്‍ ഗോവ സ്വീകരിച്ച നടപടികള്‍ മികച്ച ഉദാഹരണമാണെന്നും സു്രപീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗോവനിവാസികളുടെ പിന്തുടര്‍ച്ചാവകാശവും ആദായക്രമവും നിര്‍ണ്ണയിക്കുന്ന 1867ലെ പോര്‍ച്ചുഗീസ് വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഗോവന്‍ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോര്‍ച്ചുഗീസ് വ്യക്തിനിയമം ഇന്ത്യന്‍ നിയമമോ രാജ്യാന്തരനിയമമോ എന്ന വിഷയമാണ് കോടതി പരാമര്‍ശിച്ചത്.
ഗോവയിലെ ഏകീകൃതകുടുംബനിയമങ്ങള്‍ക്കു പിന്നില്‍ പോര്‍ച്ചുഗീസ് തത്ത്വശാസ്ത്രമാണുള്ളത്. കുടുംബത്തെ സമൂഹത്തിന്റെ നട്ടെല്ലായി ഉയര്‍ത്തിക്കാട്ടി ഭാര്യാ ഭര്‍തൃ ബന്ധത്തിലെ സഹിഷ്ണുത പ്രോത്സാഹിപ്പിക്കപ്പെടണമെന്നതാണ് ഇവര്‍ പറയുന്നത്. ഗോവയിലെ കുടുംബ സമൂഹ ബന്ധങ്ങളും മതനിരപേക്ഷതയും എത്രമാത്രം ഫലപ്രദമായിട്ടുണ്ടെന്നുള്ളത് കൂടുതല്‍ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട ഈ നിയമങ്ങള്‍ എല്ലാ ഗോവക്കാര്‍ക്കും ബാധകമാണ്. ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രങ്ങളിലൊന്നാണ് ഗോവയെന്നതും ഓര്‍മ്മിക്കുക.
നിയമപരിഷ്‌കരണ ശുപാര്‍ശകള്‍
2017 ഒക്ടോബറില്‍ ഏകീകൃത സിവില്‍ കോഡിനായുള്ള നിയമപരിഷ്‌കരണ കമ്മീഷന്റെ ഉപസമിതി കേന്ദ്രസര്‍ക്കാരില്‍ ശിപാര്‍ശകള്‍ സമര്‍പ്പിച്ചു. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഒഷ്യന്ത് അറോറ അദ്ധ്യക്ഷനായ എട്ടംഗ ഉപസമിതിയാണ് ശിപാര്‍ശകള്‍ നല്‍കിയത്. ഇന്ത്യയില്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ അസാധുവാക്കണം. സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കണം. ഒരുമിച്ച് ജീവിക്കാന്‍ നിശ്ചയിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതില്‍ തടസ്സമുണ്ടാകരുത്. അവര്‍ക്ക് നിയമസംരക്ഷണവും നല്‍കണം. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും കരടുറിപ്പോര്‍ട്ടിലുണ്ട്. ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ള എല്ലാ വ്യക്തിനിയമങ്ങളും അസാധുവാകുമെന്നും വ്യക്തമാക്കുന്നു. 2016 ല്‍ ഇതോടനുബന്ധിച്ച് 16 വ്യത്യസ്ത വിഷയങ്ങളടങ്ങുന്ന ചോദ്യാവലിയും നിയമപരിഷ്‌കരണ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു. ക്രിസ്ത്യന്‍ വിവാഹമോചനത്തിനുള്ള കാലയളവ് എടുത്തുകളയേïതുണ്ടോ? ഹിന്ദുസ്ത്രീകള്‍ക്ക് സ്വത്തവകാശത്തില്‍ തുല്യപരിഗണന ഉറപ്പാക്കേണ്ടതല്ലേ? വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നിവയെല്ലാം ഏകീകൃത സിവില്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ടോ? ഏകീകൃത പൗരനിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുമോ? എന്നിവയെല്ലാം ചോദ്യാവലിയില്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ ഒരു നടപടിക്രമത്തിനും ന്യായവാദത്തിനുമപ്പുറം ഈ ചോദ്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് വേണ്ടരീതിയില്‍ എത്തിച്ചേര്‍ന്നില്ലന്നുള്ളതാണ് വാസ്തവം.
വാദമുഖങ്ങളും മറുപടിയും
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ബിജെപി നടത്തുന്ന ഗൂഢാലോചനയെന്നാണ് ഏകീകൃത പൗരനിയമത്തിനെതിരേ ഉയരുന്ന പ്രധാന ആരോപണം. ഇതിനെ പ്രതിപക്ഷത്തിന്റെ സ്ഥിരം പല്ലവിയെന്നുപറഞ്ഞ് തള്ളിക്കളയാം. എന്നാല്‍, മറ്റുചില വാദമുഖങ്ങളുമുണ്ട്. 1) ഭരണഘടന ഉറപ്പാക്കിയിരിക്കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാകും. 2) സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടും. 3) ബഹുസ്വരതയെ വെല്ലുവിളിക്കും. 4) ഹിന്ദു കോഡ് അടിച്ചേല്‍പ്പിക്കപ്പെടും. മേല്‍പറഞ്ഞ നാലുകാര്യങ്ങള്‍ക്കും വ്യക്തമായ മറുപടികളുണ്ടാകണം. ഏകീകൃത പൗരനിയമം എന്താണെന്നുള്ള കരടുരൂപരേഖ പൊതുസമൂഹത്തില്‍ ഇതിനായി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് സര്‍ക്കാരുകള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മറവില്‍ തീവ്രവാദപ്രസ്ഥാനങ്ങളും സാമൂഹ്യവിരുദ്ധരും അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുന്നത് ഇന്ത്യയിലുടനീളം ആവര്‍ത്തിക്കുന്നത് നാം ദിവസേന കാണുന്നതാണ്.
കോടതിക്കുമുമ്പില്‍ സര്‍ക്കാര്‍
രാജ്യത്ത് മൂന്നുമാസത്തിനുള്ളില്‍ ഏകീകൃത പൗരനിയമം നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ കോടതിയെ സമീപിക്കുകയുണ്ടായി. അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ ഏകീകൃത സിവില്‍ കോഡ് വൈകാരികമായ വിഷയമായതുകൊണ്ട് ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നിയമങ്ങള്‍ രൂപവത്കരിക്കാനുള്ള പരമാധികാരം പാര്‍ലമെന്റിനാണെന്നും പുറത്തുനിന്ന് ഏതെങ്കിലും നിയമങ്ങള്‍ നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ടകളില്‍ സംശയമുണ്ട്. അതിനാല്‍തന്നെ ഇത്തരം കേസുകളുടെ ലക്ഷ്യം സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളിലൂടെ ഏകീകൃത സിവില്‍ കോഡിലേക്ക് എത്രയുംവേഗം എത്തിച്ചേരുകതന്നെ.
മതനിരപേക്ഷതയെ വെല്ലുവിളിക്കുമോ?
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ പരമാധികാര രാഷ്ട്രമാണ്. ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതനിരപേക്ഷത ഏകീകൃത സിവില്‍ കോഡ് വന്നാല്‍ ബലികഴിക്കപ്പെടുമോ എന്ന ആശങ്ക പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. രാഷ്ട്രത്തിന് ഒരു മതവും ഇല്ല. എന്നാല്‍, ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും, വിശ്വസിക്കാതിരിക്കുന്നതിനും, വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും മതപരവും ധാര്‍മ്മികവുമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കളുകളില്‍ ഉറപ്പുനല്‍കുന്നുണ്ട്. അതേസമയം പൊതുജീവിതത്തിലെ ക്രമത്തിനും മൂല്യബോധത്തിനും പൊതുജനാരോഗ്യത്തിനും അനുസൃതമായ തരത്തിലായിരിക്കണം ഈ അധികാരങ്ങള്‍ വിനിയോഗിക്കപ്പെടേണ്ടതെന്ന് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ ഉദ്ദേശിക്കുന്നതാകട്ടെ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാരോട് വിവേചനം കാണിക്കാത്തതാണ് മതനിരപേക്ഷതയെന്നാണ്. വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കുകയും അവയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആരാധനക്രമങ്ങളെയും ഹനിക്കാതിരിക്കുകയും പൗരന്റെ ആത്മീയതയും രാഷ്ട്രത്തിന്റെ പരമാധികാരവും കൃത്യമായി വേര്‍തിരിച്ചുകാണുകയും ചെയ്യുമ്പോഴാണ് വിശാലമായ അര്‍ത്ഥത്തില്‍ മതനിരപേക്ഷത യാഥാര്‍ത്ഥ്യമാക്കുക. വ്യക്തികളുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാതെ ആ വിശ്വാസത്തെ രൂപപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നിയമസംവിധാനമാണ് ഏറ്റവും ഉചിതം.
വ്യക്തിനിയമങ്ങളിലെ വ്യവസ്ഥകള്‍
പിന്‍തുടര്‍ച്ചാവകാശത്തിന്മേല്‍ വ്യത്യസ്തമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. ജീവനാംശത്തിലും വ്യവസ്ഥകളുണ്ട്. മരണപത്രം എഴുതിവയ്ക്കാതെ ഒരുവ്യക്തി മരിക്കുകയാണെങ്കില്‍ പിന്‍തുടര്‍ച്ചാവകാശികള്‍ ആരാണെന്ന കാര്യത്തിലും മരണപത്രവ്യവസ്ഥകളുടെ കാര്യത്തിലും വിവിധ വ്യവസ്ഥകളാണ് നിലവിലുള്ളത്. സെക്കുലറിസം നിലനില്‍ക്കുന്ന രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പാക്കുന്ന മതനിരപേക്ഷത അവകാശമായയിരിക്കുമ്പോള്‍ അതില്‍ കൈകടത്തുന്നത് ശരിയാണോയെന്ന വാദവും ഉയരുന്നു. അതിനാല്‍തന്നെ ഏകീകൃത നിയമനിര്‍മ്മാണത്തിനുമുമ്പ് സമൂഹത്തെ വിശ്വാസത്തിലെടുക്കേണ്ടത് ജനാധിപത്യഭരണസംവിധാനത്തിലെ സര്‍ക്കാരുകളുടെ സമീപനമാന്യതയാണ്.
ഭാരതജനതയെ വിശ്വാസത്തിലെടുക്കുക
ജനാധിപത്യഭരണസംവിധാനത്തിലെ ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിളില്‍ സൂചിപ്പിക്കുന്ന മനഃസാക്ഷിസ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കല്‍ എന്നീ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുവാന്‍ പാടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നിയമനിര്‍മ്മാണങ്ങളാണ് വേണ്ടത്. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. മതേതരത്വമെന്ന മഹത്തായ ആശയത്തിന് ഇന്ത്യയില്‍ ഒട്ടേറെ മാനങ്ങളുണ്ട്. എല്ലാ മതങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശാലതയുടെയും സഹിഷ്ണുതയുടെയും മണ്ണാണിത്. അതിനാല്‍ത്തന്നെ ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഒട്ടേറെ കടമ്പകളെ അതിജീവിക്കേണ്ടിവരും.
മതാചാരങ്ങളും വിശ്വാസങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതും അടിയുറച്ച ചരിത്രപാരമ്പര്യങ്ങളുമുള്ളതുമായ ഒരു ഒരു ജനസമൂഹമാണ് ഇന്ത്യയിലേത്. കാലാനുസൃത നിയമപരിഷ്‌കാരങ്ങള്‍ സ്വാഭാവികമായിരിക്കാം. വിവിധ വിഭാഗം ജനങ്ങളുടെ വിശ്വാസജീവിതത്തെയും ആരാധനാരീതികളെയും ഹനിക്കുന്ന രീതിയില്‍ ഏകീകൃത നിയമങ്ങള്‍ വരുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. തുറന്ന ചര്‍ച്ചകളിലൂടെ സമവായമാണ് ഇക്കാര്യത്തില്‍ ആദ്യം ഉണ്ടാവേണ്ടത്. അതിന് പുത്തന്‍ നിയമങ്ങള്‍ രഹസ്യമാക്കിവച്ച് പ്രഖ്യാപിക്കുകയല്ല, കരടുരേഖ അഥവാ രൂപരേഖ പ്രഖ്യാപിച്ച് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണു കരണീയം. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഭിന്നതകള്‍ രൂപപ്പെടുന്നതും ആവര്‍ത്തിക്കുന്നതും വലിയ തകര്‍ച്ചയ്ക്കിടനല്‍കും. ആചാരപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും നിലനില്‍ക്കണം.