•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലാളിത്യത്തിന്റെ രത്‌നശോഭ

എഴുത്തുകാരനും വാഗ്മിയും ഗാന്ധിയനുമായ  ഇടമറ്റം രത്‌നപ്പന്‍ ഇനി ഓര്‍മകളില്‍

നുപമമായ ജീവിതശൈലികൊണ്ടും അനിതരസാധാരണമായ വാങ്മയങ്ങള്‍കൊണ്ടും അന്യാദൃശമായ സഹജീവിസ്‌നേഹംകൊണ്ടും സമകാലികജീവിതത്തില്‍ നിറദീപമായി ശോഭിച്ചിരുന്ന ഇടമറ്റം രത്‌നപ്പന്‍ സാര്‍ 2022 ഏപ്രില്‍ 20 ന് നമ്മോടു വിടപറഞ്ഞു. താന്‍ വിശ്വസിച്ചതും പ്രചരിപ്പിച്ചതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതുമായ ആശയത്തില്‍നിന്നും ആദര്‍ശങ്ങളില്‍നിന്നും അണുവിട വ്യതിചലിക്കാതെ ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജനനംകൊണ്ട് ഇടമറ്റംകാരനായി അറിയപ്പെടത്തക്ക രീതിയില്‍ തൂലികാനാമം സ്വീകരിച്ച അദ്ദേഹം മരണം കൊണ്ട് പൂവരണിക്കാരനായി. ഗാന്ധിയന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെ ഏതെല്ലാം മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവോ അവിടെയെല്ലാം രത്‌നപ്രഭ തൂകാന്‍ അദ്ദേഹത്തിനായി.
1936 ഏപ്രില്‍ 7-ാം തീയതി മേവട വല്യാത്ത് അയ്യപ്പന്‍നായരുടെയും പാര്‍വതിയമ്മയുടെയും മകനായാണ് രത്‌നപ്പന്‍ ജനിച്ചത്. വിളക്കുമാടം ഗവ. എല്‍.പി.എസ്, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇടമറ്റം ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചത്.
രത്‌നപ്പന്‍സാര്‍ അറിയപ്പെടുന്നത് ഗാന്ധിയന്‍ എന്ന പേരിലാണ്. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്‍' എന്ന കവിത പഠിച്ചതിലൂടെ ഗാന്ധിജി ആവേശമായി വളരുകയായിരുന്നു. ഉയര്‍ന്ന ചിന്തയും ജീവിതലാളിത്യവും പുലര്‍ത്തിയതിലൂടെ ഗാന്ധിജിയെ സ്വജീവിതത്തിലേക്കു സ്വാംശീകരിക്കാന്‍ അദ്ദേഹത്തിനായി. പരുക്കന്‍ ഖദര്‍ ധരിച്ച് ജീവിതകാലം മുഴുവന്‍ നഗ്‌നപാദനായി ഈ ഗാന്ധിശിഷ്യന്‍ ജീവിച്ചു. ഗാന്ധിജി അദ്ദേഹത്തിനു വെറും വാക്കായിരുന്നില്ല. ഉറുമ്പിനെപ്പോലും നോവിക്കാതെയുള്ള അദ്ദേഹത്തിന്റെ നടത്തം ഭൂമിപോലും അറിയാതെയായിരുന്നു. മണ്ണിന്റെ കുളിര്‍മയും ആര്‍ദ്രതയും സ്വജീവിതത്തില്‍ അദ്ദേഹം കൊണ്ടുവന്നു. ആരോടും കോപിക്കാതെയും കയര്‍ത്തു സംസാരിക്കാതെയും അനേകരെ നേരിന്റെയും സത്യത്തിന്റെയും പാതയിലൂടെ നടക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു.
ജാതി - മത ചിന്തകള്‍ക്കപ്പുറത്തുള്ളതായിരുന്നു സാറിന്റെ ജീവിതം. താനൊരു ഹൈന്ദവനാണെന്നതില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. എന്നാല്‍, ഇതരമതങ്ങളിലെ നന്മകളെ കണ്ടെത്താനും അവയെ ആദരിക്കാനും ബോധ്യമായവയെ പ്രഘോഷിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. മധ്യതിരുവിതാംകൂറില്‍ അദ്ദേഹം പ്രസംഗിക്കാത്ത ക്രിസ്ത്യന്‍ സ്‌കൂളുകളില്ല. ഖദര്‍ വസ്ത്രവും നഗ്‌നപാദങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പും ഏറ്റവും പുതിയ ഒന്നോ രണ്ടോ പുസ്തകങ്ങളും ചേര്‍ന്നാല്‍ രത്‌നപ്പന്‍സാറായി. പ്രസംഗവേദികളില്‍ ഇളംകാറ്റിന്റെ സൗമ്യതയായി ആ ശബ്ദം നമ്മെ കീഴ്‌പ്പെടുത്തി മുമ്പോട്ടുപോകും.
സത്യത്തിന്റെ പ്രഘോഷകനായി അദ്ദേഹം അറിയപ്പെട്ടു. അഴിമതിക്കെതിരേ സാംസ്‌കാരികനായകന്മാര്‍ രൂപംകൊടുത്ത നവഭാരതവേദിയുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു അദ്ദേഹം. അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട്, ഡി.സി. കിഴക്കേമുറി, ആര്‍.എം. മനയ്ക്കലാത്ത്, സുഗതകുമാരി, എം. ടി., എന്‍.പി. മുഹമ്മദ്, ഡോ. സിറിയക് തോമസ്, ഫാ. ജോര്‍ജ് ഡി. വെള്ളാപ്പള്ളി, ജോസ് പാറക്കടവില്‍ എന്നിവരുമായി അടുക്കാനും ഒന്നിച്ചുപ്രവര്‍ത്തിക്കാനുമിടയായി. സമൂഹത്തിലെ തിന്മകള്‍ക്കെതിരേ സന്ധിയില്ലാസമരം നടത്തിയ ഈ ഗാന്ധിഭക്തന്‍ തന്റെ തൂലികകൊണ്ട് അനേകരെ പ്രചോദിപ്പിച്ചു.
1982 ല്‍ പ്രസിദ്ധീകരിച്ച 'ഞാനെന്ന ഭാവ'മാണ് ആദ്യകൃതി. 1962 ല്‍ ദേശബന്ധുവിലാണ് ആദ്യലേഖനം പ്രസിദ്ധീകരിച്ചത്. വേലുത്തമ്പിദളവയെ ക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം. അതേ വര്‍ഷംതന്നെ വിളക്കുമാടത്തുവച്ച് ചൈനീസ് ആക്രമണത്തിനെതിരേ നടത്തിയ പ്രസംഗമാണു പൊതുസദസ്സിനുമുമ്പില്‍ നടത്തിയ ആദ്യപ്രസംഗം. തുടര്‍ന്ന് എത്രയെത്ര വേദികളെ ആ ശബ്ദം ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. സത്യമേവ ജയതേ, സൗഭാഗ്യതീരത്ത്, അനന്തം അജ്ഞാതം, ഗാന്ധിജിയുടെ തിരഞ്ഞെടുത്ത കഥകള്‍, ഖലീല്‍ ജിബ്രാന്‍ ഒരു ദുഃഖോപാസകന്‍, സുഖത്തിന്റെ പിന്നാലെ, പ്രസംഗകലയ്‌ക്കൊരു കൈത്തിരി, ഇതളുകള്‍, ജീവിതതീര്‍ത്ഥം, അമൃതിന്റെ അവകാശികള്‍ എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ 80-ാം വയസ്സില്‍ രത്‌നഹാരം എന്ന പേരില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു ഗ്രന്ഥം പുറത്തിറക്കി.
അദ്ദേഹം മികച്ച ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ദീപനാളം ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അസ്സീസി, ഡോണ്‍ ബോസ്‌കോ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതി. അസ്സീസി മാസികയുടെ സബ് എഡിറ്ററായി പതിന്നാലുവര്‍ഷം ജോലിനോക്കി. അന്ന് ആ മാസികയില്‍ 'ചിത്രം വിചിത്രം' എന്ന പംക്തിയും കൈകാര്യം ചെയ്തു.
ഏതു വിഷയത്തെയും അനുവാചകമനസ്സില്‍ സന്നിവേശിപ്പിക്കത്തക്കവിധത്തില്‍ അവതരിപ്പിക്കാന്‍ രത്‌നപ്പന്‍സാറിനുള്ള കഴിവ് അപാരമാണ്. പുരാണങ്ങളില്‍നിന്നോ ഇതിഹാസങ്ങളില്‍നിന്നോ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍നിന്നോ കഥകളുപയോഗിച്ചോ സംഭവങ്ങള്‍ വിശദീകരിച്ചോ ആശയങ്ങള്‍ എളുപ്പത്തില്‍ കേള്‍വിക്കാരനിലെത്തിക്കും. വാചാടോപം എന്നതില്ല; മിതവും സാരവുമായ വാക്ക് - അതാണല്ലോ വാഗ്മിതയുടെ ലക്ഷണം.
അധ്യാപകനായും രത്‌നപ്പന്‍സാര്‍ ശോഭിച്ചു. ഈരാറ്റുപേട്ട ഭാരത് ട്യൂട്ടോറിയലിലും ഭരണങ്ങാനം അല്‍ഫോന്‍സാ കോളജിലും താന്‍ സേവനം ചെയ്ത ടി.ടി.ഐ.യിലും അധ്യാപനം നടത്തി. ആശയവിനിമയത്തിനുള്ള ഉപാധിയായി ഭാഷയെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ നിദര്‍ശനമായിരുന്നു ഓരോ ക്ലാസ്സും. അനേകരെ വിദ്യയുടെ പ്രകാശംകൊണ്ട് ശോഭിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)