•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആര്‍ക്കും തോന്നാത്ത ബുദ്ധി

ജീവിതത്തിന്റെ വിഷമഘട്ടങ്ങളില്‍ ചിലപ്പോള്‍ ആര്‍ക്കും തോന്നാത്ത ഒരു ബുദ്ധി വല്ലാതെ രക്ഷപ്പെടുത്തുന്ന, അതിശയകരമായ അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? അത്തരം ചില സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള ഏതാനും കഥകളാണു താഴെ കുറിക്കുന്നത്.
വളരെ കുറച്ചുപേര്‍ക്കുമാത്രം  അവകാശപ്പെടാവുന്ന ഒരുതരം സിദ്ധിയെക്കുറിച്ചാണ് ഇവിടെ പറയുക. എല്ലാ വഴിയും അടഞ്ഞു എന്നു കരുതുന്നിടത്ത് ഒരു ചെറിയ പഴുത് ഒരു സാധ്യതയായി രൂപം പ്രാപിക്കുന്നു. എല്ലാ വാതിലും അടഞ്ഞു എന്നു കരുതുമ്പോള്‍ എവിടെയോ ഒരു കിളിവാതില്‍ ആരോ നമുക്കായി തുറന്നുവയ്ക്കുന്നു. അതിലൂടെ നാം ലക്ഷ്യം പ്രാപിക്കുന്നു; ആശ്വാസമടയുന്നു. അതിനൊരു ജന്മസിദ്ധമായ കഴിവും നൈപുണ്യവുമൊക്കെ ചിലര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. മറ്റാരും കാണാത്തിടത്ത് അവര്‍ക്കു  മുന്നേറാനാവുന്നു. ഇംഗ്ലീഷില്‍  നാം' ''ലാറ്ററല്‍ തിങ്കിങ്'' എന്നു വിളിക്കുന്നത് ഇതേ സിദ്ധിയെത്തന്നെയാണ്. പ്രശ്‌നങ്ങള്‍ക്കു  പരിഹാരങ്ങളും ഇതരമാര്‍ഗങ്ങളും യുക്തിവിചാരത്തിലൂടെ, വിവേകപൂര്‍വം,  ക്രിയാത്മകമായ രീതിയില്‍  കണ്ടെത്താനുള്ള  ഒരു ത്വരയും വേണം ഇതിന്.  മറ്റാര്‍ക്കും തുറന്നുകിട്ടാതെ  ഒളിഞ്ഞുകിടക്കുന്ന മാര്‍ഗം നാം  കണ്ടെത്തണം. സാധാരണ യുക്തി പ്രയോഗിക്കുന്ന ഒരാള്‍ക്കു  കാണാനാവാത്ത ഒരു ഇടിവെട്ട് ആശയമായി നമുക്കു മുമ്പില്‍ അത് ഉദിക്കണം! പമ്പരവിഡ്ഢി  എന്നൊക്കെ മറ്റുള്ളവര്‍ വിശേഷിപ്പിച്ചേക്കാം സാരമില്ല; നിങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ ഏതോ കോണില്‍നിന്ന് ഈ ആശയം പുറത്തെടുക്കും; എന്നിട്ടു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും!
രണ്ട് അമ്മമാരുടെ കഥ
ബൈബിളിലെ സുപരിചിതമായ ഈ കഥയില്‍നിന്നു നമുക്കു  തുടങ്ങാം. രണ്ടു സ്ത്രീകള്‍  ഒരു കുഞ്ഞുമായി സോളമന്റെ മുമ്പിലെത്തുന്നു. വിചിത്രമാണു വാദം. രണ്ടുപേരും പറയുന്നു കുഞ്ഞ് തന്റേതാണെന്ന്. ബുദ്ധിമാനായ സോളമന്‍  യഥാര്‍ത്ഥ അമ്മയുടെ കണ്ണുകള്‍ക്കുള്ളിലെ ദയാവായ്പിന്റെ പൊന്‍തിളക്കം കാണുന്നു. രാജാവ് നമുക്കീ കുഞ്ഞിനെ രണ്ടായി  മുറിക്കാം എന്നുപറയുമ്പോള്‍ കള്ളം പറയുന്നവള്‍  അതിനു സമ്മതിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥ ''അമ്മ'' അലമുറയിട്ടു കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു, കുഞ്ഞിനെ ഒരു കാരണവശാലും കീറിമുറിക്കല്ലേ എന്ന്. കുട്ടിയെ മറ്റവള്‍ക്കു കൊടുക്കാന്‍പോലും  ആ അമ്മ തയ്യാറാകുന്നു. അങ്ങനെ സത്യം പുറത്തുകൊണ്ടുവരാനും  കള്ളിയെ ശിക്ഷിക്കാനും സോളമനു കഴിഞ്ഞു. ബുദ്ധിശാലിയും വിവേകമതിയുമായ  ഒരു  രാജാവിന്റെ  തിളക്കമാര്‍ന്ന ചിത്രമാണ് നാം ഇവിടെ കാണുക. എഡ്വേഡ് ഡെബോണോ  ലാറ്ററല്‍ തിങ്കിങ്ങിന്റെ ഒരു നല്ല ഉദാഹരണമായാണ് 1967 ല്‍ ഈ കഥ ചൂണ്ടിക്കാണിച്ചത്.
കാക്കയും മണ്‍കുടവും
ഈസോപ്പുകഥയിലെ  ദാഹിച്ചുവലഞ്ഞ  കാക്ക  കലത്തിന്റെ മൂട്ടില്‍ അല്പം വെള്ളം കാണുന്നു. അവന്‍ ആകെ നിരാശനായി; ഇതെങ്ങനെ കുടിക്കാനാവും? അവന്‍ കുറെ കല്ലുകള്‍ കൊണ്ടുവന്നു കലത്തില്‍ നിക്ഷേപിച്ചു. വെള്ളം അവനു കുടിക്കാന്‍ തക്കവണ്ണം  പൊങ്ങിവന്നു. അസാധ്യമെന്നു തോന്നിപ്പോകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചില ബുദ്ധികള്‍ എങ്ങനെ പ്രായോഗികമാക്കാം  എന്നാണു കാക്ക പഠിപ്പിക്കുന്നത്.
ബുദ്ധിമാനായ ബാലന്‍
അറേബ്യന്‍ നൈറ്റ്‌സ് എന്ന കഥാസമാഹാരത്തില്‍  രസകരമായ ഒരു കഥയുണ്ട്. ബാഗ്ദാദ്‌നഗരത്തിലെ  അലി ഒരു തീര്‍ത്ഥാടനത്തിനു പോകുന്നു. പഴയ കാലത്ത് ഇന്നത്തെപ്പോലെ ലോക്കറുകള്‍ ഒന്നുമില്ല. അയാള്‍ തന്റെ സമ്പാദ്യത്തില്‍നിന്ന്  1000 സ്വര്‍ണനാണയങ്ങള്‍ ഒരു അച്ചാര്‍ഭരണയില്‍ ഒളിപ്പിക്കുന്നു. എന്നിട്ട് അതിനുമുകളിലേക്കു കുറെ ഉപ്പിലിട്ട ഒലിവുകായ്കള്‍ നിറച്ച്  അതുമായി അയല്‍ക്കാരനെ സമീപിക്കുന്നു. താന്‍ പോയി വരുംവരെ  അച്ചാര്‍ഭരണി ഇവിടെ സൂക്ഷിക്കാന്‍ പറഞ്ഞ് അലി സ്ഥലം വിട്ടു.
കാലങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ അയല്‍ക്കാരന്റെ വീട്ടിലെ അച്ചാര്‍ തീര്‍ന്നുപോയി. പെട്ടെന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അലി കൊണ്ടുവച്ച ഭരണിയെക്കുറിച്ച് അവര്‍ ഓര്‍ത്തത്.  ഗൃഹനാഥ ഒരു തവിയിട്ടു ഭരണിയില്‍ ഇളക്കിയപ്പോള്‍ 'ഖില്‍ ഖില്‍' എന്നൊരു ശബ്ദം. അവര്‍ സ്വര്‍ണനാണയങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടു. അതെല്ലാം  ആ ദമ്പതികള്‍ അടിച്ചുമാറ്റി പകരം കുറെ പുതിയ ഒലിവുകായ്കള്‍കൊണ്ട്  ഭരണി നിറച്ചു.  
അലി തിരിച്ചു വന്നപ്പോള്‍  ഭരണി തിരിച്ചുവാങ്ങാന്‍ അയല്‍ക്കാരനെ സമീപിക്കുന്നു. അയല്‍ക്കാരന്‍ ഒന്നുമറിയാത്തവനെപ്പോലെ ഭരണി തിരിച്ചേല്പിക്കുന്നു. സ്വര്‍ണനാണയങ്ങള്‍ കാണാതായതോടെ കേസും ബഹളവുമായി. നിങ്ങള്‍ എന്നെ ഏല്പിച്ചത് ഒലിവിന്റെ അച്ചാര്‍  അല്ലേ  എന്നായി അയല്‍ക്കാരന്‍. അവസാനം കേസ് കോടതിയിലെത്തി. എത്ര ആലോചിച്ചിട്ടും ജഡ്ജിക്ക് ഇതിനൊരു തീര്‍പ്പുകല്പിക്കാനായില്ല.  
ജഡ്ജിക്ക് ഒരു  പതിവുണ്ടായിരുന്നു, വേഷപ്രച്ഛന്നനായി തെരുവിലൂടെ നടക്കുക എന്നതായിരുന്നു അത്. അങ്ങനെ ഒരു ദിവസം നടക്കുമ്പോള്‍ അവിടെ ഒരു തെരുവുനാടകം അരങ്ങേറുന്നു. അയാള്‍ മരത്തിനു പിറകില്‍ ഒളിച്ചുനിന്നു ശ്രദ്ധിച്ചു. ഏതാനും കുട്ടികള്‍ ഒരു കേസിനു തീര്‍പ്പു കല്പിക്കുന്നതാണു രംഗം. കേസ് മറ്റൊന്നുമല്ല, അലിയുടെ നഷ്ടപ്പെട്ട സ്വര്‍ണനാണയങ്ങളുടേതാണ്  സംഭവം.  അവിടെ ജഡ്ജിയായി അഭിനയിക്കുന്ന ബുദ്ധിമാനായ ബാലന്‍ പരാതികള്‍ കേള്‍ക്കുന്നു. കുറെ കുട്ടികള്‍ അച്ചാര്‍ഭരണി ചുമന്നുകൊണ്ട് വരുന്നതായും മറ്റും അഭിനയിക്കുന്നു. അയല്‍ക്കാരന്‍ തന്റെ ന്യായവാദം തുടര്‍ന്നു: ''എനിക്കെങ്ങനെ അറിയാം ഭരണിക്കുള്ളില്‍ സ്വര്‍ണനാണയങ്ങള്‍ ഉണ്ടെന്ന്?''
ജഡ്ജി ഇതിനു തീര്‍പ്പു കല്പിക്കാന്‍ കുറെ  അച്ചാര്‍ കച്ചവടക്കാരെ  വിളിപ്പിക്കുന്നു അവര്‍ ഭരണി തുറന്ന് അച്ചാര്‍ രുചിക്കുന്നതായി അഭിനയിച്ചിട്ടു  പറയുന്നു, 'ഇത് പുതിയ അച്ചാറാണ്' എന്ന്. അതോടെ അയല്‍ക്കാരന്റെ കള്ളം വെളിവാകുന്നു. അലിക്കു സ്വര്‍ണനാണയങ്ങള്‍ തിരിച്ചുനല്കാന്‍ ജഡ്ജി ഉത്തരവിടുന്നു. സാക്ഷാല്‍  ജഡ്ജി ഇതു കണ്ട് അദ്ഭുതപരതന്ത്രനാകുന്നു. അടുത്ത ദിവസം ഈ ബുദ്ധിമാനായ ബാലന്‍  കോടതിയിലേക്ക്  ആനയിക്കപ്പെടുന്നു. ജഡ്ജി അവനോട് ഈ കേസിനു വിധിപറയാന്‍  ആവശ്യപ്പെടുന്നു. അയല്‍ക്കാരന്‍ ചെയ്ത കൊള്ള തെളിയിക്കാന്‍ തെളിവ് ഒന്നുമില്ലാതിരുന്നിട്ടും അതിവിദഗ്ധമായി ആ ബാലന്‍ കേസ് തെളിയിക്കുന്നു.  അവന്റെ ബുദ്ധിയില്‍ ഉദിച്ച ഈ ആശയം ഉള്‍ക്കൊണ്ടു നീതി നടപ്പാക്കുന്നതാണു കഥ.
നിലം ഉഴുതിടാന്‍
അടുത്തതു  ജയില്‍വാസിയായ ഒരുവന്‍ ഒപ്പിക്കുന്ന സൂത്രമാണ്. അവന്റെ എല്ലാ കത്തുകളും  വരുന്നതും പോകുന്നതുമൊക്കെ പോലീസുകാര്‍ രഹസ്യമായി വായിക്കുന്നുണ്ടെന്ന് അവനു മനസ്സിലായി. നിലം മഴയ്ക്കു മുമ്പേ ഉഴുതിടാനായില്ലെന്നു ഭാര്യ പരാതി പറഞ്ഞ് ഒരു കത്തെഴുതി. അതിനു മറുപടിയായി  ജയില്‍വാസി കത്തില്‍ കുറിച്ചു: ''ഉഴുതാനൊന്നും പോകേണ്ട. അവിടെ ഞാന്‍ രഹസ്യമായി ഒരു സ്ഥാനത്തു നമ്മുടെ  സമ്പാദ്യം  മുഴുവനും കുഴിച്ചിട്ടിരിക്കുകയല്ലേ. ഞാന്‍ വന്നിട്ടാവാം ബാക്കി കാര്യം. ഇക്കാര്യം പരമരഹസ്യമായിരിക്കണം.''
കാര്യങ്ങള്‍ മനസ്സിലാക്കിയ  പോലീസുകാരുടെ  ഒരു സംഘം പിറ്റേന്നുതന്നെ വന്നു  നിലമാകെ ഉഴുതുമറിച്ചു. അവര്‍ക്കു നിധി ഒന്നും കിട്ടിയില്ല. വീട്ടമ്മ മാറിനിന്നു ചിരിക്കുന്നുണ്ടായിരുന്നു. സൂത്രക്കാരനായ തന്റെ ഭര്‍ത്താവ് ബുദ്ധിപൂര്‍വം ജയിലില്‍ ഇരുന്നുതന്നെ അതിവേഗത്തില്‍ നിലം മുഴുവന്‍ ഉഴുതു കൃഷിക്ക് യോഗ്യമാക്കിയിരിക്കുന്നു.
ആര്‍ക്കു കൊടുക്കണം ലിഫ്റ്റ്
അതിശൈത്യംകൊണ്ടു വിറകൊള്ളുന്ന കാലം ഒരു ബസ്‌സ്റ്റോപ്പില്‍,  ബസുകള്‍ വിരളമായ  ഇടത്തില്‍ ഒരു യുവാവ് മൂന്നുപേരെ കാണുന്നു. ആദ്യത്തേത്  അതിവൃദ്ധയായ, പെട്ടെന്ന് ചികിത്സ വേണ്ടുന്ന ഒരു  അമ്മൂമ്മ. അടുത്തത് യുവാവിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച ഒരു സുന്ദരി. മൂന്നാമത്തേത് തനിക്ക് ഉപേക്ഷിക്കാനാവാത്ത ഒരു ഉറ്റസുഹൃത്ത്. തന്റെ കാര്‍ രണ്ടുപേര്‍ക്കു മാത്രം കയറാവുന്ന ഒരു കുഞ്ഞിക്കാറാണ്. എന്തു ചെയ്യും? വല്ലാത്ത അസന്ദിഗ്ധാവസ്ഥ! ഈ അവസരത്തില്‍ ഒരു കിടിലന്‍ബുദ്ധി യുവാവിന്റെ തലയില്‍  ഉദിച്ചു. അയാള്‍ തന്റെ കാറ് സുഹൃത്തിനെ ഏല്പിച്ചിട്ട് അമ്മൂമ്മയെ എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ഏര്‍പ്പാടാക്കുന്നു. അതിനുശേഷം കുറെനേരം അലസമായി തന്റെ പ്രേമഭാജനവുമായി സംസാരിച്ചു ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നു. ഏറെ വൈകി ബസു വരുന്നു. അവര്‍ ഉല്ലാസത്തോടെ അതില്‍ കയറുന്നു.
ബ്ലേഡ് പലിശക്കാരനും സുന്ദരിയും
ഡെബോണോ  തന്റെ പുസ്തകത്തില്‍ ഇങ്ങനെ ചില പരാക്രമങ്ങളും അസാമാന്യബുദ്ധിയും  ചേര്‍ത്തുവയ്ക്കുന്ന മനഃശാസ്ത്രത്തെക്കുറിച്ചാണു പ്രതിപാദിക്കുക. സാമാന്യബുദ്ധിയെ തള്ളിക്കൊണ്ട്  തനിമയുള്ള പുത്തന്‍ ഉള്‍ക്കാഴ്ചയും കണ്ടെത്തലുമാണ് ഡെബോണോ ഉദ്ദേശിക്കുന്ന കാര്യം. ഇക്കാര്യം സ്ഥാപിക്കാന്‍ അദ്ദേഹം പലിശയ്ക്കു കടം കൊടുക്കുന്നവന്റെ കഥ പറയുന്നു. ആ പലിശക്കാരനു കടമെടുത്തയാളുടെ സുന്ദരിയായ മകളില്‍ ഒരു കണ്ണുണ്ടായിരുന്നു. കടമെടുത്തയാള്‍ക്കു പണം തിരിച്ചടയ്ക്കാനാവാതെ വന്നപ്പോള്‍ പലിശക്കാരന്‍ ഒരു തന്ത്രം മെനഞ്ഞു. അയാള്‍ പറഞ്ഞു, ഒരു ബെറ്റ്  വയ്ക്കാം. ഒരു സഞ്ചിയില്‍ ഞാന്‍ രണ്ടു  പാറക്കല്ലുകള്‍ വയ്ക്കും. ഒന്ന് കറുത്തത് ഒന്ന് വെളുത്തത്. മോഹിനി ഇതിലൊന്ന്  കണ്ണുമടച്ച് എടുക്കണം. കറുത്തതാണ് കയ്യില്‍ കിട്ടുന്നതെങ്കില്‍ ഞാന്‍ കടം എഴുതിത്തള്ളും;  പക്ഷേ, എന്റെ  ഭാര്യയാകണം. വെളുത്ത കല്ലാണു കിട്ടുന്നതെങ്കില്‍  കടം എഴുതിത്തള്ളുന്നതു  കൂടാതെ അച്ഛന്റെ കൂടെ സ്ഥലം വിടുകയും ചെയ്യാം.
മറ്റു പോംവഴികള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ട് ആ പിതാവും മകളും ഈ പന്തയത്തിനു  സമ്മതിച്ചു. പലിശക്കാരന്റെ പൂന്തോപ്പിലാണ്  വേദി ഒരുക്കിയിരുന്നത്. പലിശക്കാരന്‍ ഒരു സഞ്ചിയുമായി എത്തി. ശ്വാസമടക്കിക്കൊണ്ട് മോഹിനി ഒരു കല്ലെടുത്തു. അപ്പോള്‍ അവള്‍  അയാളുടെ കണ്ണുകളിലെ കുസൃതിച്ചിരി ശ്രദ്ധിച്ചു. അവള്‍ക്കു ക്ഷിപ്രത്തില്‍ മനസ്സിലായി ഇതിലെന്തോ ചതിയുണ്ട്. അയാള്‍ വാസ്തവത്തില്‍ ശേഖരിച്ച കല്ലുകള്‍  രണ്ടും കറുപ്പുനിറമുള്ളതായിരുന്നു. അപ്പോള്‍ ഏത് എടുത്താലും ജയം അയാള്‍ക്കുതന്നെ.
കുശാഗ്രബുദ്ധിയുള്ള ആ സാമര്‍ത്ഥ്യക്കാരി  എങ്ങനെ ഈ പലിശക്കാരനെ വീഴ്ത്താമെന്നാലോചിച്ചു. അവള്‍ പെട്ടെന്ന് ഒരു കല്ലെടുത്തു കൈ വിറച്ചിട്ടെന്നപോലെ അത് താഴേക്കെവിടെയോ വീഴ്ത്തിക്കളഞ്ഞു. എന്നിട്ടു പറഞ്ഞു: ഞാനെടുത്ത കല്ല് കൈയില്‍നിന്നു തെന്നിപ്പോയി. സോറി. അതു കാണാനില്ല. സാരമില്ല ബാഗിലെ ബാക്കിയുള്ള മറ്റേ കല്ല് നോക്കിയാല്‍ മതിയല്ലോ ഞാന്‍ പറയുന്നത് സത്യമാണെന്നു മനസ്സിലാക്കാന്‍. ബാഗ് തുറന്നപ്പോള്‍ അതില്‍ കണ്ട  കറുത്ത കല്ല് അയാളെ ഇളിഭ്യനാക്കി. ഇനി  കളഞ്ഞുപോയ കല്ല് വെള്ള ആയിരുന്നില്ല എന്നയാള്‍ എങ്ങനെ സമര്‍ത്ഥിക്കും?
ക്രിയാത്മകമായ ചിന്ത ഒരു  അപൂര്‍വമായ  സിദ്ധിയാണ്. പ്രശ്‌നത്തെ ഞൊടിയിടയില്‍ മറ്റൊരു വീക്ഷണത്തിലൂടെ പരിശോധിക്കാനും ഉത്തരം കണ്ടെത്താനും  അതിനെ അതിജീവിക്കാനുമുള്ള കഴിവാണത്.
നമ്മുടെ നിത്യജീവിതത്തിലും  ഇത്തരം ചില വൈതരണികളെ നാം അഭിമുഖീകരിച്ചേക്കാം. അവിടെയൊക്കെ നാം നമ്മുടെ മൂന്നാം കണ്ണ് തുറന്നു  മറ്റൊരു സാധ്യതയെക്കുറിച്ചു ചിന്തിക്കണം എന്നാണ് ഡെബോണോ  നമ്മെ പഠിപ്പിക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)