•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ബലിയര്‍പ്പകനും ബലിവസ്തുവും

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥത്തിന്റെ ഒരു അവലോകനം

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ ‘Meditations on Christian Doctrine’  എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ ബലിയെക്കുറിച്ചു നല്കുന്ന ധ്യാനമാണ് ഈ അധ്യായത്തില്‍ ഉദ്ധരിക്കുന്നത്.
''ഓ! എന്റെ കര്‍ത്താവായ ദൈവമേ, ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായ അങ്ങയുടെ പീഡാനുഭവത്തെയും കുരിശുമരണത്തെയുംപ്രതി ഞാന്‍ അങ്ങയെ അഗാധമായ ആദരവോടെ ആരാധിക്കുന്നു. അങ്ങ് അനുഭവിച്ച അവാച്യമായ വേദനകളും നിന്ദനങ്ങളും ചമ്മട്ടിയടിയും കുരിശുമരണവും എന്താണു പഠിപ്പിക്കുന്നത്? ഞങ്ങള്‍ക്ക് അളക്കാന്‍ പറ്റാത്ത ആഴമാണ് അവിടെ ദൃശ്യമാകുന്നത്. സഹനം കൂടാതെ ഒറ്റവാക്കാല്‍ അങ്ങേക്കു ലോകത്തെ രക്ഷിക്കാമായിരുന്നു. എന്നാല്‍, അങ്ങയുടെ തിരുരക്തത്തിന്റെ ശക്തിയാല്‍ ഞങ്ങളെ വീണ്ടെടുക്കാന്‍ അങ്ങു തയ്യാറായി. അപ്രകാരം ഒരു ബലി വിസ്മൃതിയില്‍ ആണ്ടുപോകാന്‍ പാടില്ല. അതുകൊണ്ടാണ്, കര്‍ത്താവ് ഈ ലോകം വിട്ടു സ്വര്‍ഗത്തിലേക്കു കരേറിയെങ്കിലും, ഈ ദിവ്യബലി അനുദിനം അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്നത്. അങ്ങനെ, അവിടുന്ന് നിത്യപുരോഹിതനായി ലോകത്തില്‍ തുടരുന്നു.''
കര്‍ദിനാള്‍ ന്യൂമാന്‍ തുടരുന്നു: ''എന്റെ കര്‍ത്താവേ, ഞാന്‍ എന്റെ ഭാഗത്തുനിന്ന്, എന്നെത്തന്നെ അങ്ങേക്കു കൃതജ്ഞതാബലിയായി അര്‍പ്പിക്കുന്നു. അങ്ങ് എനിക്കുവേണ്ടി മരണം വരിച്ചു; എന്റെ ഊഴമായി എന്നെ ഞാന്‍ അങ്ങേക്കു നല്കുന്നു. ഞാനിനിമേല്‍ എന്റേതല്ല. അങ്ങ് എന്നെ വിലയ്ക്കുവാങ്ങി. ഞാനിപ്പോള്‍ ഈ വിലയ്ക്കുവാങ്ങല്‍ പൂര്‍ണമനസ്സോടെ പൂര്‍ത്തിയാക്കുന്നു. ലോകവസ്തുക്കളില്‍നിന്നുള്ള വിടുതലാണ് ഞാന്‍ ആശിക്കുന്നത്; പാപത്തില്‍നിന്ന് എന്നെ ശുദ്ധനാക്കണമേ. അങ്ങേക്കായി ഉപയോഗിക്കപ്പെടാത്ത എല്ലാറ്റിനെയും ഞാന്‍ പരിത്യജിക്കുന്നു. ബഹുമാനവും സല്‍പ്പേരും സ്വാധീനവും അധികാരവുമെല്ലാം ഞാന്‍ വെടിയുന്നു. എന്തെന്നാല്‍, എന്റെ ശക്തിയും മഹത്ത്വവും അങ്ങില്‍ മാത്രമാണ്. ഞാനീ ഏറ്റുപറയുന്നതു നിറവേറ്റുവാന്‍ എന്നില്‍ കനിയണമേ.''
തുടര്‍ന്നു നല്കുന്നത് വി. ന്യൂമാന്റെ പ്രശസ്തമായ ഒരു പ്രാര്‍ത്ഥനയാണ്.
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
'ദൈവസേവനത്തിനായി കൃത്യമായ ഒരു ചുമതല നിര്‍വഹിക്കാന്‍ അവിടുന്ന് എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തതും എനിക്കു മാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ ഒരു ജോലി ദൈവം എന്നെ ഭരമേല്പിച്ചിരിക്കുന്നു. എനിക്കൊരു ദൗത്യമുണ്ട്. ഈ ജീവിതകാലത്ത് അതെന്തെന്നറിയാന്‍ സാധിച്ചെന്നു വരില്ല. വരും ജീവിതത്തില്‍ തീര്‍ച്ചയായും അതു വെളിപ്പെടുത്തപ്പെടും. ഞാനൊരു ചങ്ങലയിലെ കണ്ണിയാണ്. അസ്തിത്വങ്ങളെത്തമ്മില്‍ ബന്ധിക്കുന്ന കണ്ണി. അവിടുന്ന് എന്നെ വെറുതെ സൃഷ്ടിച്ചതല്ല. ഞാന്‍ നന്മ ചെയ്യും, അവിടുത്തെ ജോലി നിറവേറ്റും. ഞാന്‍ സത്യത്തിന്റെ പ്രഘോഷകനാകും.
ആയതിനാലാണ്, എന്റെ ദൈവമേ, എന്റെ ജീവിതത്തെ മുഴുവന്‍ അങ്ങയുടെ തൃക്കരങ്ങളില്‍ ഏല്പിക്കുന്നത്. അങ്ങയെ അല്ലാതെ ആരെ ഞാന്‍ ഇഹലോകത്തിലും പരലോകത്തിലും ആഗ്രഹിക്കും? എന്റെ ദേഹവും ദേഹിയും ബലഹീനമാണ്. പക്ഷേ, ദൈവം എന്റെ ഹൃദയത്തിന്റെ നാഥനും എന്നേക്കും എന്റെ ഓഹരിയുമാണ്.'
ഈ ചിന്തകളെ അടിസ്ഥാനമാക്കി കര്‍ദിനാള്‍ സറാ നല്കുന്ന പരിചിന്തനങ്ങള്‍ ഏറെ പ്രസക്തമാണ്. 'സത്കീര്‍ത്തിയും ബഹുമാനവും സ്വാധീനവും അധികാരവും പരിത്യജിക്കുന്നു' എന്ന വി. ന്യൂമാന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ പൗരോഹിത്യഹൃദയമാണു വെളിപ്പെടുത്തുന്നത്. ഈ ഹൃദയത്തെ വീഴ്ത്താനുള്ള  കെണികളാണു ബഹുമാനവും സ്വാധീനവുമെല്ലാം. ഈ പ്രലോഭനങ്ങളെ ജയിക്കാന്‍ ഒരേസമയം ബലിയര്‍പ്പകനും ബലിവസ്തുവുമാണു താനെന്ന ബോധ്യം സഹായകമാണ്. വിശുദ്ധ ബലിയില്‍ തിരുരക്തത്തിലെ ഒരു തുള്ളി വെള്ളംപോലെയാണു താനെന്ന തിരിച്ചറിവു പുരോഹിതനെ വിനയാന്വിതനാക്കുന്നു. ആരാധനക്രമത്തില്‍, കാര്‍മികന്‍ വിടുവാ പറയുകയും സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനകളോട് നിരന്തരം ഇഷ്ടംപോലെ സ്വന്തം വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് ദൈവവചനത്തിനു പിന്നില്‍ മറഞ്ഞുനില്ക്കാനുള്ള വിനയമില്ലാത്തതുകൊണ്ടാണ്. താന്‍ നിസ്സാരനാണെന്നതു വിസ്മരിച്ചുകൊണ്ട് എല്ലാവരും തന്നെ വീക്ഷിക്കണമെന്നും ശ്രവിക്കണമെന്നും ശ്രദ്ധിക്കണമെന്നും അവന്‍ താത്പര്യപ്പെടുന്നു. അള്‍ത്താരയിങ്കല്‍ വൈദികന്‍ വിസ്മരിക്കപ്പെടാനും അപ്രത്യക്ഷനാകാനും മിശിഹായുടെയും സഭയുടെയും വാക്കുകള്‍ക്കു പിന്നില്‍ ഒളിക്കാനും ആഗ്രഹിക്കണം. ദൈവികമഹത്ത്വത്തിനുമുമ്പില്‍ ഭയത്തോടും വിറയലോടും വിസ്മയത്തോടുംകൂടി സഭയുടെ മേലങ്കിക്കുള്ളില്‍ മറഞ്ഞിരിക്കാന്‍ സന്നദ്ധനാകണം. ഈ ചിന്തകള്‍ക്ക് ഉപോദ്ബലകമായി വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ കര്‍ദിനാള്‍ സറാ ഉദ്ധരിക്കുന്നുണ്ട്: ''നിങ്ങളുടെ ജീവന്‍ മിശിഹായോടുകൂടി ദൈവത്തില്‍ നിഗൂഢമായിരിക്കുന്നു'' (കൊളോ. 3:3).
തുടര്‍ന്ന്, അദ്ദേഹം ഒരു വൈദികന്‍ സ്വയം ചോദിക്കേണ്ട ഏതാനും ചോദ്യശരങ്ങള്‍ അവന്റെ നേര്‍ക്കു തൊടുത്തുവിടുന്നു. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഞാന്‍ ദൈവത്തെയാണോ അഭിസംബോധന ചെയ്യുന്നത്? ഞാന്‍ ദൈവത്തോടാണോ സംസാരിക്കുന്നത്? ഞാന്‍ അവിടുത്തെ മുഖാമുഖം വീക്ഷിക്കുന്നുണ്ടോ? ദൈവത്തിന്റെ നേത്രങ്ങള്‍ എന്റെമേല്‍ പതിയാന്‍ ഞാന്‍ അനുവദിക്കുന്നുണ്ടോ?
ജീവന്റെ ജീവന്‍
തന്റെ വിചിന്തനങ്ങളുടെ രണ്ടാം ഭാഗമെന്നോണം കര്‍ദിനാള്‍ തുടരുന്നു: ''വൈദികന്‍എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതിനുമുമ്പ് പുലര്‍കാലേ ഓരോ ദിവസവും തീക്ഷ്ണതയോടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണം. ആ ചെറിയ തിരുവോസ്തിയില്‍ നമ്മുടെ അസ്തിത്വത്തിന്റെ കേന്ദ്രവും ജീവന്റെ ജീവനുമായ മിശിഹായെ ആരാധിക്കണം. 'നിങ്ങളുടെ ശരീരങ്ങളെ പരിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍' (റോമാ. 12:1) എന്ന ആഹ്വാനപ്രകാരം തന്നെത്തന്നെ ബലിയായി അര്‍പ്പിക്കണം.''
വി. തോമസ് അക്വിനാസ് വലിയ ദിവ്യകാരുണ്യഭക്തനായിരുന്നു. തിരുസക്രാരിക്കുമുമ്പില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് എഴുതുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത്.
പൗരോഹിത്യത്തില്‍ നാം ആയിരിക്കുന്നതും ചെയ്യുന്നതും പഠിപ്പിക്കുന്നതുമെല്ലാം നമ്മുടെ കാര്യങ്ങളല്ല. എല്ലാം ദൈവത്തില്‍നിന്നു ലഭിച്ചതാണ്. അപ്പസ്‌തോലന്മാര്‍ പഠിപ്പിച്ചതല്ലാതെ ഒന്നും പഠിപ്പിക്കുവാനില്ലെന്ന് തെര്‍ത്തുല്യന്‍ പ്രസ്താവിച്ചിട്ടുണ്ട്.
കര്‍ദിനാള്‍ സറാ എഴുതുന്നു: ''സുവിശേഷത്തിന്റെ സത്യം പ്രഘോഷിക്കാന്‍ നിങ്ങള്‍ക്കു ഭയമാണെങ്കില്‍, നിര്‍മതത്വവാദികളുടെ വിമര്‍ശനങ്ങളും ശത്രുതയും നിങ്ങളെ ഭീഷണിപ്പെടുത്തുന്നെങ്കില്‍, ഗൗരവമുള്ള ധാര്‍മികാധഃപതനം ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ ലജ്ജിക്കുന്നെങ്കില്‍, ലോകത്തോടു വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ എസക്കിയേല്‍ പ്രവാചകന്റെ ശാസനകള്‍ നിങ്ങളുടെമേല്‍ പതിക്കും: ''തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല'' (എസെക്കിയേല്‍ 34:2-3). വി. ജോണ്‍  ഹെന്റി ന്യൂമാന്‍ പഠിപ്പിക്കുന്നതുപോലെ, എല്ലാവിധ അടിമത്തത്തില്‍നിന്നും പുരോഹിതര്‍ മോചിതരാകണം.
അജഗണത്തെ മേയിക്കുക എന്നത് ദൈവസ്‌നേഹത്തിന്റെ പ്രവൃത്തിയാണ്. വി. കുര്‍ബാനയാണ് ഇതിന്റെ ഏറ്റവും ഉന്നതമായ പ്രകാശനമെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)