•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

യുദ്ധത്തില്‍ നശിക്കുന്ന കീവിലെ ക്രൈസ്തവപ്രതീകങ്ങള്‍

ഷ്യയുടെ ചരിത്രവും യുക്രെയ്‌നിന്റെ ചരിത്രവും എല്ലായ്പ്പോഴും ഇഴചേര്‍ന്നു കിടക്കുന്നു. എന്നാല്‍, റഷ്യയുടെ ക്രൈസ്തവസംസ്‌കാരം പരമാധികാരത്തിന്റെയും സ്വത്വത്തിന്റെയും പോരാട്ടങ്ങള്‍ക്കിടയിലുള്ള കീവില്‍ വേരൂന്നിയതാണ്. ഒന്‍പതാം നൂറ്റാണ്ടില്‍ ബൈസന്റൈനില്‍നിന്നുള്ള ഗ്രീക്ക് മിഷനറിമാരാണ് ക്രിസ്തുമതം കിഴക്കന്‍ സ്ലാവിക് സംസ്ഥാനമായ കീവന്റസിലേക്കു കൊണ്ടുവന്നത്. പത്താം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ത്തന്നെ കീവില്‍ ഒരു സംഘടിത ക്രിസ്ത്യന്‍സമൂഹം നിലനിന്നിരുന്നതായി അറിയപ്പെടുന്നു.
ആറാം നൂറ്റാണ്ടില്‍ സ്ലാവിക് ജനത വടക്കന്‍ യുക്രെയ്‌നിലെ വനങ്ങളില്‍ താമസിച്ചിരുന്നു. ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, സ്ലാവുകള്‍ സ്‌കാന്‍ഡിനേവിയന്‍ കുടിയേറ്റക്കാരുമായി ലയിച്ചു. സ്‌കാന്‍ഡിനേവിയയ്ക്കും കോണ്‍സ്റ്റാന്റിനോപ്പിളിനും ഇടയിലുള്ള വലിയ വ്യാപാര പാതയിലെ ഒരു സ്ലാവിക് വാസസ്ഥലമായിരുന്നു കീവ്. ഒമ്പതാം  നൂറ്റാണ്ടിന്റെ മധ്യത്തില്‍ വരാന്‍ജിയന്‍സ് കീവ്  പിടിച്ചെടുത്തു.
മുഴുവന്‍ റഷ്യയുടെയും ക്രൈസ്തവവത്കരണത്തിന്റെ ഹൃദയം കൂടിയാണ് കീവ്. കത്തോലിക്കാസഭയും ഓര്‍ത്തഡോക്‌സ് സഭകളും വിശുദ്ധരായി കണക്കാക്കുന്ന റഷ്യന്‍ സുവിശേഷവത്കരണത്തിന്റെ രണ്ടു തൂണുകള്‍ ഉദ്ഭവിച്ചത് അവിടെയാണ്: വി. ഓള്‍ഗയും (ര. 905969) അവളുടെ ചെറുമകന്‍ വ്‌ളാഡിമിറും (ര. 958-1015). സ്‌നാനത്തിനുശേഷം എലീന എന്ന പേരു സ്വീകരിച്ച ഓള്‍ഗ, വരാന്‍ജിയന്‍ പ്രഭുവര്‍ഗത്തിലെ അംഗമായ കീവന്‍ റസിന്റെ രാജകുമാരിയും 912 മുതല്‍ 945 വരെ കീവന്‍ റസിന്റെ ഭരണാധികാരിയായ ഇഗോറിന്റെ (877-945) ഭാര്യയുമായിരുന്നു. കീവിലെ  ഓള്‍ഗ രാജകുമാരി, സെന്റ്ഓള്‍ഗ എന്നും അറിയപ്പെടുന്നു. ഓള്‍ഗയുടെ ചെറുമകനായ വ്ളാഡിമിറിനൊപ്പം റഷ്യന്‍ ക്രിസ്ത്യാനിറ്റി (കിഴക്കന്‍ യാഥാസ്ഥിതികതയിലെ മോസ്‌കോ പാത്രിയാര്‍ക്കേറ്റ്) എന്നറിയപ്പെട്ടതിന്റെ സ്ഥാപികയായി കണക്കാക്കപ്പെടുന്നു. അവള്‍ തന്റെ മകന്റെ റീജന്റ് എന്ന നിലയില്‍ കീവിന്റെ ഭരണാധികാരിയായിരുന്നു.
ചരിത്രത്തിന്റെ ഗതിയില്‍, കീവിലെ സ്ലാവുകളുടെ ഇടയില്‍ നിരവധി സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ക്രൈസ്തവസംസ്‌കാരംകൊണ്ടും കൂദാശകള്‍ കൊണ്ടും ആത്മീയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ച സ്‌നേഹക്കൂട്ടായ്മകൊണ്ടും ക്രൈസ്തവര്‍ പിടിച്ചുനിന്നു. സാറിസ്റ്റ് പാരമ്പര്യവും ക്രൈസ്തവമതവും തുടച്ചുനീക്കാന്‍ ശ്രമിച്ച സോവിയറ്റ് ഏകാധിപത്യത്തെപ്പോലും നേരിടാന്‍ കഴിയുന്നത്ര കരുത്തുറ്റ, ചലനാത്മകവും നിലനില്‍ക്കുന്നതുമായ റഷ്യന്‍ ക്രൈസ്തവസ്വത്വത്തിന്റെ സംസ്‌കാരമാണ് കീവിലേത്.
വിനാശകരമായ റഷ്യന്‍ ആക്രമണത്തില്‍ തകരുന്നത് യുക്രെയ്‌നിന്റെ ആത്മീയഹൃദയമാണ്.
യുക്രേനിയന്‍ തലസ്ഥാനത്ത് അപകടസാധ്യതയുള്ള സൈറ്റുകളില്‍ രാജ്യത്തിന്റെ ഏറ്റവും പവിത്രമായ ഓര്‍ത്തഡോക്‌സ് ആരാധനാലയങ്ങളും ഉള്‍പ്പെടുന്നു. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള ഈ പ്രദേശത്തെ മിക്ക ദൈവാലയങ്ങളും ക്രിസ്തുമതത്തിന്റെ ഉദയംമുതല്‍ ഉള്ളതാണ്.
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ നൂറ്റിരണ്ടോളം ആത്മീയ-സാംസ്‌കാരിക കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയതായി ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരികസംഘടനയായ യുനെസ്‌കോ ഇക്കഴിഞ്ഞ ഏപ്രില്‍ 14 നു വ്യക്തമാക്കിയിരുന്നു. മതപരമായ 47 കെട്ടിടങ്ങള്‍, 9 മ്യൂസിയങ്ങള്‍, ചരിത്രപരമായ 28 കെട്ടിടങ്ങള്‍, മൂന്നു തിയേറ്ററുകള്‍, 12 സ്മാരകങ്ങള്‍, മൂന്നു ലൈബ്രറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുവര്‍ണ താഴികക്കുടങ്ങളുള്ള സെന്റ് സോഫിയ കത്തീഡ്രലും, വിശാലമായ ഭൂഗര്‍ഭ സമുച്ചയം ഉള്‍പ്പെടുന്ന കീവ് - പെചെര്‍സ്‌ക് ലാവ്രയും(ഗുഹകളുടെ മൊണാസ്ട്രി) ഉള്‍പ്പെടുന്നതാണ് പ്രധാന ക്രൈസ്തവ പൗരാണികകേന്ദ്രങ്ങള്‍. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ് സോഫിയ കത്തീഡ്രല്‍ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി മാര്‍ച്ച് ആദ്യത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയപ്പു നല്‍കിയിരുന്നു. കുരിശുകളും, ജപമാലകളും, ചില്ലുകഷണങ്ങളും ദേവാലയങ്ങളില്‍ ചിതറിക്കിടക്കുകയാണെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  
ബഹുഗോപുരങ്ങളുള്ള സെന്റ് മൈക്കിള്‍സ് ഗോള്‍ഡന്‍ ഡോംഡ് മൊണാസ്ട്രിയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചും പ്രധാന ക്രൈസ്തവ പ്രതീകങ്ങളാണ്. ഈ ആരാധനാലയങ്ങളുടെ പ്രതീകാത്മകമൂല്യം മതവിശ്വാസം പങ്കിടാത്ത ആളുകളുടെ ഇടയില്‍പോലും ശക്തമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)