•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുടക്കച്ചിറ അന്തോനിക്കത്തനാര്‍ കേരളസഭയുടെ ധീരപുത്രന്‍

പാലാ ജന്മംനല്‍കിയ സന്ന്യാസശ്രേഷ്ഠരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് സഹദാ കുടക്കച്ചിറ അന്തോനിക്കത്തനാര്‍. 
'സഹദാ' എന്ന പേരില്‍ അറിയപ്പെടാന്‍ അദ്ദേഹം രക്തസാക്ഷി ആണോ? രക്തം ചിന്തിയില്ല എന്നു മാത്രമേയുള്ളൂ, അദ്ദേഹം രക്തസാക്ഷിതന്നെയാണ്. ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്ന് അതിനായി സധൈര്യം പോരാടി സ്വന്തം ജീവന്‍ ത്യജിച്ച ആളെ രക്തസാക്ഷി എന്നല്ലാതെ പിന്നെന്തു വിളിക്കും? അദ്ദേഹം സഹദാ തന്നെയാണ്, മാര്‍ത്തോമ്മാനസ്രാണിസഭയ്ക്കു ജീവന്‍ നല്‍കിയ വൈദികശ്രേഷ്ഠന്‍. 
അദ്ദേഹത്തിന്റെ കൃത്യമായ ജനനത്തീയതി നമുക്ക് അറിവില്ല. അരനൂറ്റാണ്ടുപോലും ജീവിച്ചില്ല എങ്കിലും അതിലേറെ കാര്യങ്ങള്‍ മാതൃസഭയ്ക്കുവേണ്ടി ചെയ്ത ആളാണ് അദ്ദേഹം. പാലായില്‍ വസൂരി പടര്‍ന്നുപിടിച്ച അവസരത്തില്‍ രോഗബാധിതരെ ശുശ്രൂഷിക്കുകയും മരിച്ചവരെ സംസ്‌കരിക്കുകയും ചെയ്തതിലൂടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ആര്‍ക്കും തോല്പിക്കാന്‍ കഴിയാതിരുന്ന വാക്ചാതുര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി അനേകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ പല നിലപാടുകളെയും എതിര്‍ത്തിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ പോലും അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെ ആദരിച്ചിരുന്നു. ചാവറയച്ചന്റെ 'നാളാഗമ'ത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്ന പേര് കുടക്കച്ചിറ അന്തോനിക്കത്തനാരുടേതാണ്. 
നസ്രാണിസഭ യുടെ സ്വാതന്ത്ര്യസമരസേനാനിയാണ് അന്തോനിക്കത്തനാര്‍. കുന്നേല്‍ മല്പാന്‍, പൂണ്ടിക്കുളം മല്പാന്‍, കട്ടക്കയം മല്പാന്‍ എന്നിവരുടെ കീഴില്‍ അദ്ദേഹം സുറിയാനി പഠിച്ചു. സന്ന്യാസത്തിനുവേണ്ടി കൊതിച്ച അദ്ദേഹം അത് മാന്നാനത്തു നടപ്പാകില്ല എന്നു മനസ്സിലായതോടെ സ്വന്തമായി ഒരു ദയറാ സ്ഥാപിക്കാന്‍ തീരുമാനിച്ചു. 'ഞാന്‍ മടലൊടിച്ചു കെട്ടിയാണെങ്കിലും ഒരു ദയറാ ഉണ്ടാക്കും' എന്ന് പറഞ്ഞ് അദ്ദേഹം മാന്നാനത്തുനിന്നിറങ്ങി. ഈജിപ്റ്റിലെ സന്ന്യാസശ്രേഷ്ഠനായ മാര്‍ അന്തോനി ബാവായുടെ സന്ന്യാസാശ്രമമാതൃകയില്‍ ഒരു സന്ന്യാസപ്രസ്ഥാനം അദ്ദേഹം പ്ലാശനാല്‍ സ്ഥാപിച്ചു. നമ്മുടെ സഭയുടെ തനതുശൈലിയിലുള്ള ഒരു ദയറാ ആയിരുന്നു അത്. നിരവധി വൈദികരും മ്ശംശാനാമാരും അദ്ദേഹത്തിന്റെകൂടെ ചേര്‍ന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ കാലശേഷം പ്രസ്തുത ദയറാ മറ്റൊരു സമൂഹം ഏറ്റെടുക്കുകയും പിന്നീടത് അപ്രത്യക്ഷമാകുകയുംചെയ്തു. 
സ്വജാതി മെത്രാന്റെ അഭാവത്തില്‍ നമ്മുടെ സഭ നാശത്തിന്റെയും അടിമത്തത്തിന്റെയും പടുകുഴിയില്‍നിന്നു കരകയറില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. സമകാലീനസഭാനേതാക്കള്‍ അപ്പോഴും വൈദേശികനേതാക്കള്‍ക്ക് ഓശാനപാടി നടന്നു. അവരുടെ ഇടയില്‍ വേറിട്ട ശബ്ദമായി, നട്ടെല്ലുള്ള നസ്രാണിയായി സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന അന്തോനിക്കത്തനാര്‍ വ്യത്യസ്തനായി. സ്വജാതിമെത്രാന്മാരെ കിട്ടാന്‍വേണ്ടി അദ്ദേഹം 1854 ലെ മലങ്കര പള്ളിയോഗത്തില്‍ സംസാരിച്ചു. അതു നടന്നത് കുറവിലങ്ങാട് പള്ളിയുടെ പള്ളിമേടയില്‍, വിളിച്ചുചേര്‍ത്തത് സാക്ഷാല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പിതാവ്, പനങ്കുഴക്കത്തനാരുടെ അധ്യക്ഷതയില്‍. അങ്ങനെ നിധീരിക്കല്‍ മാണിക്കത്തനാരുടെ പന്ത്രണ്ടാം വയസ്സില്‍ രണ്ടു മഹാന്മാര്‍ കണ്ടുമുട്ടി, നിധീരിക്കല്‍ മാണിക്കത്തനാരും കുടക്കച്ചിറ അന്തോനിക്കത്തനാരും. കുടക്കച്ചിറക്കത്തനാര്‍ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കിയത് നിധീരിക്കല്‍ മാണിക്കത്തനാര്‍ ആയിരുന്നു എന്നതും ദൈവനിയോഗം. പ്രസ്തുത പള്ളിയോഗത്തില്‍വച്ച് സ്വജാതി മെത്രാനെ കിട്ടാന്‍ വേണ്ടി ബാഗ്ദാദിനു പോകാന്‍ അദ്ദേഹം തയ്യാറായി, മലങ്കരയില്‍ മാര്‍ തോമ്മായുടെ പട്ടത്വം നിലനിര്‍ത്താന്‍. ഇതിന്റെ പേരില്‍ വരാപ്പുഴ അതിരൂപതയിലെ അധികാരികള്‍ അദ്ദേഹത്തെ മഹറോന്‍ ചൊല്ലി, അതു വകവയ്ക്കാതെ അദ്ദേഹം സുറിയാനി പ്രതിപുരുഷന്മാരുടെ ഒപ്പുകള്‍ ശേഖരിച്ച് ബാഗ്ദാദിനു യാത്രയായി. കൂടെ തൊണ്ടനാട്ട് അന്തോനിക്കത്തനാരും (പിന്നീട് മാര്‍ അബ്ദീശോ തൊണ്ടനാട്ട്/ഇളംതോട്ടം ബാവ) ഉണ്ടായിരുന്നു. ബോംബെയില്‍ എത്തിയപ്പോള്‍ ആദ്യത്തെ പ്രശ്‌നം; അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും മിഷനറിമാര്‍ അദ്ദേഹം ശേഖരിച്ച ഒപ്പുകള്‍ നശിപ്പിച്ചു കളഞ്ഞു. തുടര്‍ന്ന് 1854 ല്‍ കല്‍ദായ പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിച്ച് ആവശ്യം ഉണര്‍ത്തിച്ചു. ഒപ്പുശേഖരണാര്‍ത്ഥം 1856 ല്‍ അദ്ദേഹം തിരിച്ച് കേരളത്തിലെത്തി. കല്‍ദായ പാത്രിയാര്‍ക്കീസ് സമ്മാനിച്ച കുര്‍ബാനക്കല്ലും സ്വര്‍ണ്ണക്കാസയും പീലാസായും അടുത്തകാലംവരെ പ്ലാശനാല്‍ പള്ളിയില്‍ സൂക്ഷിച്ചിരുന്നു.
1857 ല്‍ ആരംഭിച്ച രണ്ടാം ദൗത്യയാത്രയില്‍ ഇവിടെനിന്നു ചില വൈദികരും പതിന്നാല് മ്ശംശാനാമാരും കൂടെക്കൂടി. ബാഗ്ദാദില്‍വച്ച് അസുഖം ബാധിച്ച് ഒരാളൊഴികെ എല്ലാവരും മരിച്ചു. സഭയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ച അദ്ദേഹം അവിടെ കബറടങ്ങി. ജീവനോടെ ശേഷിച്ച വൈക്കം ഇടവകക്കാരന്‍ കണിയാംപറമ്പില്‍ ജോണ്‍ കത്തനാര്‍ മാത്രം തിരിച്ചെത്തി (മരണം 1892).
എത്രയോ കാലങ്ങള്‍ കാത്തിരുന്നാണ് നമുക്ക് ഒരു നാട്ടുമെത്രാനെ കിട്ടിയത്. പക്ഷേ, അപ്പോഴേക്കും കുടക്കച്ചിറ അന്തോണിച്ചന്‍ എന്ന പേര് എല്ലാവരും മറന്നുതുടങ്ങിയിരുന്നു. ചരിത്രപുസ്തകങ്ങളില്‍ ഒന്നോ രണേ്ടാ വാക്കുകളില്‍ മാത്രമായി അദ്ദേഹം ഒതുങ്ങിപ്പോയി. 
അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ എന്നേ നമ്മുടെ നാട്ടില്‍ എത്തിക്കേണ്ടതായിരുന്നു. അര്‍ഹിക്കുന്ന ആദരവോടെ അദ്ദേഹത്തെ നമുക്കു വണങ്ങാം; ഒപ്പം, നമ്മുടെ പൂര്‍വപിതാക്കന്മാരെയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)