2022 ഏപ്രില്‍ 12 മഹാകവി കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം
ആ കണ്ടുമുട്ടല്‍ ഒരു വഴിത്തിരിവിനു നിമിത്തമായി. ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് കുമാരനാശാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അറിവും പാണ്ഡിത്യവും ബുദ്ധിവൈഭവവും നിറഞ്ഞ തിളക്കമുള്ള ജീവിതമായിരുന്നു ആശാന്റേത്. അസൂയാലുക്കളും ശത്രുക്കളും ആ ജീവിതപരിസരങ്ങളില്‍ ആവോളമുണ്ടായിരുന്നു. ധ്യാനമനനങ്ങള്‍കൊണ്ട് എല്ലാറ്റിനെയും അദ്ദേഹം അതിജീവിച്ചു. മാത്രമല്ല, പ്രക്ഷുബ്ധമായ അനേകം മനസ്സുകളെ ശാന്തതയുടെയും സംയമനത്തിന്റെയും തുറമുഖത്തെത്തിക്കാന്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്കു കഴിഞ്ഞു. വായനക്കാരന്റെ മനസ്സിന് അതിജീവനത്തിന്റെ കരുത്തേകുന്ന തരത്തിലുള്ളതാണ് ആശാന്റെ കവിതകള്‍. വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെയും വിവേകാനന്ദസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും സാന്നിധ്യവും പ്രോത്സാഹനവും ആശാനെ ആശയങ്ങളുടെ ചക്രവര്‍ത്തിയായി ഉയര്‍ത്തി. സംസ്‌കൃതം, ബംഗാളി, ഇംഗ്ലീഷ് ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
ജീവിതസമഗ്രതയിലുണ്ടായ ആത്മീയ മാനസിക സംഘര്‍ഷങ്ങളില്‍നിന്നു കടഞ്ഞെടുത്ത ആശയങ്ങളുടെ പ്രവാഹം അദ്ദേഹത്തിന്റെ കവിതകളുടെ പൊതുസ്വഭാവമായിരുന്നു.
മലയാളസാഹിത്യം പ്രമേയദാരിദ്ര്യം അനുഭവിച്ചിരുന്ന കാലത്താണ് ''വീണപൂവ്'' എന്ന ഖണ്ഡകാവ്യവുമായി ആശാന്‍ സാഹിത്യലോകത്തു രംഗപ്രവേശം ചെയ്തത്. വീണു കിടക്കുന്ന പൂവിലൂടെ ജീവിതവേദാന്തത്തെ സംക്ഷിപ്തമായി ചിത്രീകരിക്കുകയായിരുന്നു ആശാന്‍. 'ഹാ! പുഷ്പേമ...'' എന്ന സംബോധനയിലാരംഭിക്കുന്ന വീണപൂവ് എന്ന കവിത ക്ഷണികമായ മനുഷ്യജീവിതത്തെ സമഗ്രമായി വിശകലനം ചെയ്ത് 'അവനിവാഴ്‌വു കിനാവു കഷ്ടം!' എന്ന വരികളില്‍ അവസാനിക്കുമ്പോള്‍ വായനക്കാരന്റെ ചിന്തകളിലെ വേലിയേറ്റങ്ങള്‍ നിസ്സാരങ്ങളല്ല.
രാജ്ഞി യാചികയെപ്പോലെ അധഃപതിക്കുന്നതിന്റെ ചിത്രവും ആശാന്റെ മിക്ക കവിതകളിലും വായിച്ചെടുക്കാനാകും. അതുപോലെതന്നെ പതനത്തില്‍നിന്ന് ഉയര്‍ച്ചയിലേക്കുള്ള ഒരു സഞ്ചാരവും ആ കവിതകളുടെ പ്രത്യേകതയാണ്. 'ചണ്ഡാലഭിക്ഷുകി'യിലെ മാതംഗിയും 'ദുരവസ്ഥ'യിലെ സാവിത്രിയും 'കരുണ'യിലെ വാസവദത്തയും ഉയിര്‍ത്തെഴുന്നേറ്റ സ്ത്രീബിംബങ്ങളാണ്. പാതിവ്രത്യത്തിന്റെ അവതാരമായി ജീവിച്ചിട്ടും കുലടയെന്നു പറഞ്ഞ് സീതയെ ആക്ഷേപിച്ചപ്പോള്‍ സീത കരഞ്ഞില്ല. ആത്മാഭിമാനത്തോടെ അവള്‍ രാജസിംഹാസനത്തിലിരിക്കുന്ന രാമന്റെ അടുക്കലെത്തി രാമനെ നോക്കി, വിധിക്കും വിചാരണയ്ക്കും നില്‍ക്കാതെ
'നെടുനാള്‍ വിപിനത്തില്‍ വാഴുവാ-
നിടയായ് ഞങ്ങളെതെന്റെ കുറ്റമോ,
പടുരാക്ഷസചക്രവര്‍ത്തിയെ-
ന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ?'
എന്ന വിങ്ങലോടെ അപ്രത്യക്ഷയാകുകയായിരുന്നു. സ്ത്രീത്വത്തിന്റെ മഹത്ത്വവും ഔന്നത്യവും ഈ കവിതയിലൂടെ ആശാന്‍ പൊതുസമൂഹത്തിലെത്തിച്ചു; ഒരു ഫെമിനിസത്തിന്റെയും കൂട്ടില്ലാതെ. രാജകീയപ്രൗഢിയെക്കാള്‍ ആത്മാഭിമാനത്തിനു തിളക്കമുണ്ടെന്ന് സീതയിലൂടെ അന്ന് ആശാന്‍ പ്രഖ്യാപിക്കുകയായിരുന്നു.
ജാതീയമായ വേര്‍തിരിവുകളും ഉച്ചനീചത്വങ്ങളുംകൊണ്ട് ജീര്‍ണിച്ച കേരളത്തിന്റെ സംസ്‌കാരത്തിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു അദ്ദേഹത്തിന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ തുടങ്ങിയ കൃതികള്‍. സാവിത്രി അന്തര്‍ജനം ചാത്തന്‍പുലയന്റെ കരംപിടിച്ചു ജീവിതത്തിലേക്കു നടന്നടുക്കുമ്പോള്‍ ജാതിശ്രേണിയുടെ രണ്ടറ്റങ്ങളെ തമ്മില്‍ ആശാന്‍ കൂട്ടിമുട്ടിക്കുകയാണുണ്ടായത്. മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് ദുരവസ്ഥ. ജാതിപ്പേക്കൂത്തുകള്‍കൊണ്ടു പൊറുതിമുട്ടിയ ലോകത്തോടു തന്റെ കവിതകളിലൂടെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു.
ജീവിതപരിസരങ്ങളില്‍നിന്ന് ഏല്‌ക്കേണ്ടി വന്ന പരിക്കുകള്‍ ആ മനസ്സിലേല്പിച്ച പോറലുകളാണ് ഉജ്ജ്വലമായ ചിന്തകളായി കാവ്യരൂപത്തില്‍ ഒഴുകിയിറങ്ങിയത്. പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ അദ്ദേഹം തളര്‍ന്നില്ല. മറിച്ച്,
''ഒരുവേള പഴക്കമേറിയാലിരുളും
മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ''
എന്നു ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയാണുണ്ടായത്.
ബുദ്ധമതത്തിന്റെയും ബ്രഹ്‌മസമാജത്തിന്റെയും ബംഗാളിലെ നവോത്ഥാനത്തിന്റെയും സ്വാധീനം ആശാന്റെ ചിന്തകളെ പ്രബുദ്ധമാക്കി. മഹാകാവ്യം എഴുതാതെതന്നെ മഹാകവിയായി അംഗീകരിക്കപ്പെട്ട ആശാനെ ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി ആദരിച്ചു.
തിരുവനന്തപുരം കായിക്കര തൊമ്മന്‍വിളാകത്തു വീട്ടില്‍ നാരായണന്റെയും കാളിയമ്മയുടെയും ഒന്‍പതു മക്കളില്‍ രണ്ടാമനായി 1873 ഏപ്രില്‍ 12 നു ജനിച്ച കുമാരു എന്ന കുമാരാനാശാന്‍ മലയാളകാവ്യലോകത്തെ വെള്ളിനക്ഷത്രംതന്നെ. വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിഷുകി, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, പ്രരോദനം തുടങ്ങിയ കവിതകളെല്ലാം മനോചികിത്സയ്ക്കുതകുന്ന ദിവ്യൗഷധങ്ങള്‍തന്നെ.