കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം
X
ഉത്തമ കത്തോലിക്കനായ ഒരു ഫ്രഞ്ച് സാഹിത്യകാരനും നോവലിസ്റ്റുമാണ് ജോര്‍ജ് ബെര്‍ണനോസ് (1888-1948). 1936ല്‍ അദ്ദേഹം പാരീസില്‍ പ്രസിദ്ധീകരിച്ച നോവലാണ് ''ഒരു ഗ്രാമീണവികാരിയുടെ ഡയറിക്കുറിപ്പുകള്‍.'' അടുത്തവര്‍ഷംതന്നെ അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങി. വളരെയധികം വായനക്കാരെ ആകര്‍ഷിച്ച ഈ നോവലിനു പ്രധാനപ്പെട്ട പല പുരസ്‌കാരങ്ങളും ലഭിച്ചു. 1951 ല്‍ റൊബേര്‍ ബ്രസ്സോണ്‍ എന്ന ചലച്ചിത്രസംവിധായകന്‍ ഈ നോവല്‍ ഇതേപേരില്‍ സിനിമയാക്കി.
2022 ഫെബ്രുവരി 17 മുതല്‍ 19 വരെ വത്തിക്കാനില്‍ പൗരോഹിത്യത്തെപ്പറ്റി നടന്ന ഒരു സിമ്പോസിയത്തില്‍ കാര്‍ഡിനല്‍ തൊളെന്തീനോ ദെമെന്ദോസ തന്റെ കോണ്‍ഫറന്‍സ് ആരംഭിക്കുന്നതുതന്നെ ജോര്‍ജ് ബര്‍ണനോസിന്റെ ഈ നോവലിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. അദ്ദേഹത്തിന്റെതന്നെ മറ്റൊരു നോവലിനെയും കര്‍ദിനാള്‍ പരാമര്‍ശിക്കുന്നുണ്ട്. 'സാത്താന്റെ സൂര്യനു കീഴില്‍' എന്നതാണ് പ്രസ്തുത നോവല്‍.
ഉശമൃ്യ ീള മ ഇീൗിൃ്യേ ജൃശലേെ ല്‍ കത്തോലിക്കാസഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങളാണ് ഒരു ഡയറിയുടെ രൂപത്തില്‍ പ്രതിപാദിക്കുന്നത്. നിത്യരക്ഷ, പാപം, മാനസാന്തരം, ദൈവവരപ്രസാദം, പൗരോഹിത്യം, സന്ന്യാസം തുടങ്ങിയ എല്ലാ വിഷയങ്ങളും ഈ ഡയറിക്കുറിപ്പുകളില്‍ കണ്ടെത്താം.
നോവലില്‍ കഥാനായകന്റെ പേര് അപ്രധാനമാണ്. ഒന്നുരണ്ടിടത്ത് 'അംബ്രിക്കൂറി'ലെ വികാരി എന്നു പറയുന്നുണ്ട്.
ഉദരത്തില്‍ കാന്‍സറുമായി ജീവിക്കുന്ന മെലിഞ്ഞു ശോഷിച്ച ഈ യുവവൈദികന് ഉണങ്ങിയ റൊട്ടി റെഡ്‌വൈനില്‍ മുക്കിക്കഴിക്കാനേ പറ്റൂ. മറ്റൊന്നും ദഹിക്കില്ല. പരാജയമെന്നു സ്വയം എഴുതിത്തള്ളിയ ഈ യുവവൈദികന്‍ കൈവയ്ക്കുന്നിടത്തെല്ലാം പരാജയം ഏറ്റുവാങ്ങുകയാണെന്നു വായനക്കാരനു തോന്നും. ഈ പാവം വൈദികനെ ഇടവകക്കാരും വെറുക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് അയല്‍വികാരിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. അദ്ദേഹം ഉള്ളിന്റെയുള്ളില്‍ ബഹുമാനത്തോടും സ്‌നേഹത്തോടുമാണു കൊച്ചച്ചനോടു സംസാരിക്കുന്നത്. എന്നാല്‍, ശാസിക്കുകയാണന്നേ തോന്നൂ. 'നീ ആവശ്യത്തിനു പ്രാര്‍ത്ഥിക്കുന്നില്ല, നീ ലോകത്തിന്റെ തേനാണെന്നല്ല ഈശോ പറഞ്ഞത്, ഉപ്പാണെന്നാണ്. ജനത്തിന്റെ സ്‌നേഹമല്ല ആഗ്രഹിക്കേണ്ടത്; അവരുടെ ആദരവും അനുസരണവും ആര്‍ജിക്കുക; ഒരു യഥാര്‍ത്ഥവൈദികന്‍ സന്ദേഹിക്കപ്പെടുന്നില്ല എന്ന കാര്യം ശരിക്കും മനസ്സിലാക്കണം തുടങ്ങിയ ഉപദേശങ്ങള്‍.
നോവല്‍ തീരുമ്പോള്‍ മനസ്സിലാകും, പലരുടെയും മാനസാന്തരത്തിനു വഴിതെളിച്ച ഈ ഇടയന്‍ വീരോചിതമായി ജീവിച്ചെന്ന്. ഡയറിയിലെ സമാപനവാക്യം ഇതാണ്: ''ദൈവദാനങ്ങളില്‍ വച്ച് ഏറ്റവും വലിയ ദാനം എളിമയോടെ തന്നെത്തന്നെ സ്‌നേഹിക്കുക എന്നതാണ്.'' (ഈ നോവലിന്റെ ഇംഗ്ലീഷ് തര്‍ജമ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.)
'തോര്‍സി' എന്ന ഇടവകയുടെ വയോധികനായ വികാരിയച്ചന്‍ ഈ നോവലിലെ പ്രധാന കഥാപാത്രമായ ചെറുപ്പക്കാരനായ വികാരിയച്ചനു നല്കുന്ന ഉപദേശങ്ങളുടെ സംഗ്രഹം.
കൊച്ചച്ചനെ സശ്രദ്ധം ശ്രവിച്ചശേഷമാണ് തന്റെ അഭിപ്രായങ്ങള്‍ അനുഭവസമ്പന്നനായ 'തോര്‍സി'യിലെ വികാരി മുന്നോട്ടു വയ്ക്കുന്നത്.
പ്രാര്‍ത്ഥന കുറയരുത്
ഒന്നാമതായി, ആശങ്കകളും വേവലാതികളും വെടിഞ്ഞ് പ്രാര്‍ത്ഥനയില്‍ കൂടുതലായി ശ്രദ്ധിക്കുക. ക്ലേശങ്ങളും കഷ്ടപ്പാടുകളും വര്‍ദ്ധിക്കുമ്പോള്‍ പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക.
അതാണു ദുഷ്‌കരമെന്നു പ്രത്യുത്തരിക്കുന്ന യുവവൈദികനോടു പരിചയസമ്പന്നനായ വികാരിയച്ചന്‍ തനിക്കും പ്രാര്‍ത്ഥന ഭഗീരഥപ്രയത്‌നമായിരുന്ന കാലമുണ്ടായിരുന്നുവെന്നും ഒരു കൊന്ത ചൊല്ലി മുഴുമിപ്പിക്കാന്‍ നന്നേ ക്ലേശിച്ചിട്ടുണ്ടന്നും പ്രസ്താവിക്കുന്നു. അതു സാത്താന്റെ തന്ത്രമാണെന്നും പ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ദൈവവിളിയുടെ മുഹൂര്‍ത്തം
ഓരോ പുരോഹിതനും തന്റെ ദൈവവിളിയെക്കുറിച്ചു ചിന്തിച്ച്, മിശിഹായുടെ ജീവിതത്തിലെ ഏതു സന്ദര്‍ഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തണമെന്ന് 'തോര്‍സി'യിലെ വികാരി നിര്‍ദേശിച്ചു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കേ യുവവൈദികന്‍ കണ്ണുനീര്‍ വാര്‍ത്തുതുടങ്ങി. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാനെന്റെ ദൈവവിളിയുടെ മുഹൂര്‍ത്തം കണ്ടെത്തുന്നത് എപ്പോഴും ഗദ്‌സേമിനിയിലാണ്. കര്‍ത്താവു വന്നു തോളില്‍ത്തട്ടി പത്രോസിനോട്, 'നിങ്ങള്‍ ഉറങ്ങുകയാണോ?' എന്നു ചോദിക്കുന്ന സന്ദര്‍ഭം! ഇതിനു 'തോര്‍സിയിലെ' വികാരി നല്കുന്ന ഉത്തരം: ''താങ്കള്‍ക്കെന്തുപറ്റി സ്‌നേഹിതാ, ദിവാസ്വപ്നം കാണുകയാണോ? പ്രാര്‍ത്ഥന ദിവാസ്വപ്നമായിത്തീരരുത്. അതു പ്രാര്‍ത്ഥനയല്ല.''
ഗദ്‌സേമിനിയിലെ ദിവ്യമായ മരണവേദനയുടെ തടവുകാരനാണു താനെന്നു ചിന്തിച്ചുകൊണ്ട് ആ യുവവൈദികന്‍ കണ്ണുതുടച്ചു ഗുരുതുല്യനായ തന്റെ സീനിയര്‍ വൈദികന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു നിവര്‍ന്നിരുന്നു. അദ്ദേഹം തുടര്‍ന്നു: സ്‌നേഹിതാ, ചെറിയ ചെറിയ കാര്യങ്ങള്‍ സശ്രദ്ധം നിര്‍വഹിക്കുക. ചെറിയ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. ഓരോ കുഞ്ഞുകാര്യത്തിലും ഒരു മാലാഖയുണ്ട്. അതുകൊണ്ട് മാലാഖാമാരോടു പ്രാര്‍ത്ഥിക്കുക. പരിശുദ്ധ കന്യകാമാതാവിനോടും പ്രാര്‍ത്ഥിക്കുക. പരിശുദ്ധ അമ്മയുടെ ശിശുസഹജമായ കടാക്ഷം അങ്ങയുടെമേല്‍ ഉണ്ടാകട്ടെ എന്ന ആശംസയോടെയാണ് ഈ സംഭാഷണം ഉപസംഹരിക്കുന്നത്.
ബര്‍ണനോസിന്റെ നോവലിലെ ഈ സംഭാഷണത്തിലെ ആശയങ്ങളെ അധികരിച്ചു കര്‍ദിനാള്‍ സറാ നല്കുന്ന വിചിന്തനങ്ങള്‍ താഴെ കുറിക്കട്ടെ.
1. കത്തോലിക്കാപൗരോഹിത്യം
കത്തോലിക്കാപൗരോഹിത്യത്തെ വിശ്വാസികള്‍ അവരിലൊരാളെ ഭരമേല്പിക്കുന്ന ഒരു ചുമതലയായിക്കാണരുത്. പ്രോട്ടസ്റ്റന്റുകാരുടെ തെറ്റായ കാഴ്ചപ്പാടുകളിലൊന്നാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം (എന്നാല്‍, കൗണ്‍സില്‍ അല്ല അതിനു കാരണം) സഭയിലുണ്ടായ വിശ്വാസപ്രതിസന്ധി പൗരോഹിത്യത്തെയും ബാധിക്കുകയുണ്ടായി. ഇപ്പോഴും സഭ ആ പ്രതിസന്ധിയില്‍നിന്നു കരകയറിയിട്ടില്ല.
നമ്മുടെ കര്‍ത്താവിന്റെ മനുഷ്യാവതാരവും അതിലൂടെ കൈവന്ന നിത്യരക്ഷയുംവഴി ദൈവവും മനുഷ്യനുമായുള്ള ബന്ധം സ്രഷ്ടാവും സൃഷ്ടിയും എന്ന നിലയില്‍നിന്നു പിതാവും ദത്തുമക്കളും എന്ന അവസ്ഥയിലേക്കു രൂപാന്തരം പ്രാപിച്ചു. അതിനാല്‍, ക്രൈസ്തവജീവിതത്തെയും പ്രത്യേകമായി പൗരോഹിത്യത്തെയും ദൈവവരപ്രസാദത്തിന്റെ പ്രകൃത്യതീതമായ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി ദര്‍ശിക്കാന്‍ നമുക്കു സാധിക്കണം.
ഈ ഗ്രന്ഥത്തില്‍ പല പ്രാവശ്യം കര്‍ദിനാള്‍ സറാ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, നിത്യപുരോഹിതനായ മിശിഹായുടെ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണു കത്തോലിക്കാപൗരോഹിത്യം. ''സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍, എന്നെ അയച്ചവനെ സ്വീകരിക്കുന്നു'' (യോഹ. 13:20). സ്വന്തം നിലയില്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തിരുപ്പട്ടസ്വീകരണംവഴി ലഭിക്കുന്ന പരിശുദ്ധമായ ശക്തിയാല്‍ പുരോഹിതന്‍ നിര്‍വഹിക്കുന്നു. കര്‍ത്താവിനു മാത്രം ചെയ്യാവുന്ന കാര്യങ്ങളായ പാപമോചനവും വിശുദ്ധകുര്‍ബാനയും കര്‍ത്താവിന്റെ നാമത്തില്‍ പുരോഹിതന്‍ പരികര്‍മം ചെയ്യുന്നു.
പൗരോഹിത്യവും പരിശുദ്ധ അമ്മയും
സ്ലീവാ, ദിവ്യകാരുണ്യം, പരിശുദ്ധ കന്യക എന്നീ ത്രിവിധകാര്യങ്ങളാണ് പൗരോഹിത്യജീവിതത്തെ പരിപോഷിപ്പിക്കുന്നതും പടുത്തുയര്‍ത്തുന്നതും. കുരിശ് ദൈവത്തിന്റെ പരമോന്നതസ്‌നേഹത്തിന്റെ അടയാളമാണ്. ദിവ്യകാരുണ്യം കൂടാതെ സഭയില്ല. അതാണു ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുന്നത്. കര്‍ദിനാള്‍ സറാ തുടര്‍ന്ന് എഴുതുന്നു: ''മാതാവ് നമ്മളെ വളരെ എളുപ്പം ഈശോയിലേക്കു നയിക്കുകയും അവിടുത്തെ സ്‌നേഹിക്കാനും സവിനയം മുഴുഹൃദയത്തോടെ ശുശ്രൂഷിക്കാനും പഠിപ്പിക്കുകയും ചെയ്യുന്നു.''
വിശുദ്ധ ഗ്രിഞ്ഞിയോന്‍ ദ് മോണ്‍ ഫോര്‍ പറയുന്നത് ഈശോയിലേക്കു മാതാവിനൊപ്പമുള്ള യാത്ര ശാന്തവും സുഗമവുമാണെന്നാണ്.
ജോര്‍ജ് ബര്‍ണനോസ് മാതാവിന്റെ ശിശുസഹജമായ കടാക്ഷത്തെക്കുറിച്ചു പറഞ്ഞതിനെ സംബന്ധിച്ച് കര്‍ദിനാള്‍ സറാ വിശദീകരിക്കുന്നുണ്ട്. മാതാവിന്റെ അനുകമ്പാര്‍ദ്രമായ കടാക്ഷം നമ്മുടെമേലുണ്ടെന്നുള്ള അറിവ് നമ്മളെ നന്നായി പ്രാര്‍ത്ഥിക്കാന്‍ പ്രാപ്തരാക്കും.
കര്‍ദിനാള്‍ തുടരുന്നു: ഒരു കുടുംബത്തില്‍ സ്ത്രീകളാണ് ഏതു കാര്യത്തിന്റെയും വിശദാംശങ്ങള്‍ ശ്രദ്ധിക്കുന്നത്. പരിശുദ്ധ കന്യകാമാതാവ്, ജീവിതത്തിലെ ഓരോരോ വിശദാംശവും ശ്രദ്ധിക്കാന്‍ പുരോഹിതനെ സഹായിക്കുന്നു. വൈദികന്റെ ജീവിതത്തിലെ മാതൃസാന്നിധ്യമാണ് പരിശുദ്ധ മറിയം. മറിയത്തോടും മറിയത്തോടൊപ്പവുമുള്ള ജപമാല അനുദിനം പ്രാര്‍ത്ഥിക്കുന്നതിലൂടെ ഈ സാന്നിധ്യം ഉറപ്പാക്കണം.
''നീ ആവശ്യത്തിനു പ്രാര്‍ത്ഥിക്കുന്നില്ല.'' അതായത്, പ്രാര്‍ത്ഥന പോരാ എന്ന് യുവവൈദികനോട് 'തോര്‍സി'യിലെ വികാരി ശാസനാരൂപേണ പറയുന്ന കാര്യവും കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു.