•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

യുക്രെയ്ന്‍ യുദ്ധം പുതിയ വഴിത്തിരിവില്‍

സ്റ്റര്‍ദിനത്തിലെ വിശുദ്ധബലിയര്‍പ്പണത്തിനുശേഷം വത്തിക്കാനിലെ  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ഒരുലക്ഷം പേര്‍ ശ്രവിച്ച ''ഉര്‍ബി എത്ത് ഓര്‍ബി'' (നഗരത്തോടും ലോകത്തോടും) അഭിസംബോധനയില്‍ യുക്രെയ്ന്‍ യുദ്ധത്തെ അപലപിക്കുകയും ലക്ഷക്കണക്കായ അഭയാര്‍ത്ഥികള്‍ക്ക് അഭയംനല്‍കിയ രാജ്യങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''യുദ്ധത്തിന്റെ ഈസ്റ്റര്‍ നമ്മുടെ കണ്ണുകള്‍ക്ക് അവിശ്വസനീയമാണ്. ഒരുപാടു രക്തവും അക്രമങ്ങളും നാം കണ്ടുകഴിഞ്ഞു. ശത്രുവിന്റെ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അനേകം സഹോദരങ്ങള്‍ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നമ്മുടെ മനസ്സിലും ഭീതിയും വേദനയും നിറയുകയാണ്. വിവേകശൂന്യമായ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ട യുക്രെയ്‌നില്‍ സമാധാനം പുലരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.''
രണ്ടാഴ്ചകള്‍ക്കുമുമ്പ് സമാപിച്ച മാള്‍ട്ട സന്ദര്‍ശനത്തിനിടയിലും യുദ്ധംമൂലം കഷ്ടപ്പെടുന്ന യുക്രെയ്ന്‍ ജനതയോടും പലായനം ചെയ്ത് അഭയാര്‍ത്ഥികളായവരോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കിയിരുന്നു. യുക്രെയ്‌നിലെത്തി അവിടത്തെ ജനങ്ങളെ  ആശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായി യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ വിലയിരുത്തുന്ന രാഷ്ട്രത്തലവന്മാരും രാഷ്ട്രീയനിരീക്ഷകരും ഏറെയാണ്. യുദ്ധം തുടങ്ങിയ ശേഷം റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തി പാരീസിലേക്കു മടങ്ങിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പുടിനെ വിശേഷിപ്പിച്ചത് 'കപടവേഷധാരിയായ രാഷ്ട്രീയക്കാരന്‍' എന്നാണ്.
റഷ്യയുടെ പ്രതിപക്ഷനേതാക്കളില്‍ പ്രമുഖനും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നിയെ വിഷം കുത്തിവച്ചു വധിക്കാനുള്ള റഷ്യന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥരുടെ പദ്ധതിക്കു പിന്നില്‍ പുടിന് പങ്കുണ്ടെന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കവേ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പുടിനെ 'കൊലയാളി' എന്നു വിശേഷിപ്പിക്കുകയുണ്ടായി. പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെത്തിയ ബൈഡന്‍, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് പുടിനെ 'കൊള്ളക്കാരന്‍' എന്നും 'കൊലയാളിയായ സ്വേച്ഛാധിപതി' എന്നും വിളിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് നഗരത്തില്‍നിന്നും പ്രാന്തപ്രദേശത്തുള്ള ബുച്ചപട്ടണത്തില്‍നിന്നും റഷ്യന്‍ പട്ടാളം പിന്മാറിയപ്പോള്‍ തെരുവുകളില്‍ നൂറുകണക്കിനു മൃതശരീരങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ചു സംസാരിക്കവേ ബൈഡന്‍ പുടിനു നല്‍കിയ പേരുകളാണ് 'കശാപ്പുകാരന്‍', 'യുദ്ധക്കുറ്റവാളി' എന്നിവ.  ഇരുകൈകളും പിന്നിലേക്കു കെട്ടിയിട്ട നിലയില്‍ തലയില്‍ വെടിയുണ്ടകള്‍ തറച്ചു ദിവസങ്ങളായി മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങളുടെ കരളലയിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.
2020 ഓഗസ്റ്റ് 20-ാം തീയതിയായിരുന്നു അലക്‌സി നവല്‍നിയെ വിഷം കുത്തിവച്ചു വധിക്കാനുള്ള ശ്രമം നടന്നത്. മരണാസന്നനായ അദ്ദേഹത്തെ ജര്‍മനിയിലെത്തിച്ചു  വിദഗ്ധചികിത്സ നല്‍കിയശേഷമാണ്  രക്ഷിക്കാനായത്. ആരോഗ്യം വീണ്ടെടുത്ത് റഷ്യയില്‍ തിരിച്ചെത്തിയ നവല്‍നിയെ വഞ്ചനക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുകയും 2021 ജനുവരി 18-ാം തീയതി രണ്ടരവര്‍ഷത്തേക്ക് ജയിലിലടയ്ക്കുകയും ചെയ്തു. വിദേശവിനിമയനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് വിദേശത്തുനിന്ന് 47 ലക്ഷം യു.എസ്. ഡോളര്‍ കൈപ്പറ്റിയെന്ന ആരോപണമുയര്‍ത്തി ഈ വര്‍ഷം ആദ്യം നവല്‍നിയെ വിചാരണ ചെയ്യുകയും 9 വര്‍ഷത്തെ കഠിനതടവിനു വിധിക്കുകയും ചെയ്തത് കഴിഞ്ഞ മാസം 22-ാം തീയതിയാണ്. അതോടൊപ്പം, നവല്‍നി സ്ഥാപിച്ച 'റഷ്യ ഫ്യൂച്ചര്‍' എന്ന രാഷ്ട്രീയപാര്‍ട്ടി നിരോധിക്കുകയും ചെയ്തു. അഴിമതിവിരുദ്ധപോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന നവല്‍നി  ജയിലില്‍കിടന്നുകൊണ്ട് യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധിക്കാന്‍ റഷ്യന്‍ ജനതയോട് ആഹ്വാനം ചെയ്തതാണ് പുടിന്റെ പ്രകോപനത്തിനു കാരണം. അറസ്റ്റു ചെയ്യുന്നതിനുമുമ്പ് നവല്‍നി നടത്തിയിരുന്ന അഴിമതിവിരുദ്ധപ്രക്ഷോഭങ്ങളില്‍ ജയിലിലടച്ചവരേക്കാളധികം  പേര്‍ ഇക്കുറി ശിക്ഷിക്കപ്പെടുമെന്ന സൂചനകളുണ്ട്. ഇതിനുമുമ്പ് 2017 ഏപ്രില്‍ 27-ാം തീയതിയും രാസവസ്തുക്കള്‍ കുത്തിവച്ച് നവല്‍നിയെ വധിക്കാനുള്ള ശ്രമം നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്താമാധ്യമങ്ങളോട് കടുത്ത നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പുടിന്‍ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള 'വ്യാജവാര്‍ത്തകള്‍' പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ താക്കീത് പുറപ്പെടുവിക്കുകയും, നിയമലംഘകരെ 15 വര്‍ഷം വരെ തടവിലിടാനുള്ള നിയമനിര്‍മാണം നടത്തുകയും ചെയ്തുകഴിഞ്ഞു. 'യുദ്ധം' എന്നെഴുതിയാല്‍പ്പോലും ശിക്ഷ ഉറപ്പാണ്.
യുക്രെയ്‌ന്റെ വടക്കുനിന്നും പടിഞ്ഞാറുനിന്നും തലസ്ഥാനമായ കീവില്‍നിന്നുമുള്ള റഷ്യന്‍സൈന്യത്തിന്റെ പിന്മാറ്റത്തിനു ശേഷമാണ് വിവിധയിടങ്ങളിലെ കൂട്ടക്കൊലകളുടെയും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങളുടെയും യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറംലോകം കണ്ടത്. കീവില്‍നിന്ന് ആയിരം മൃതശരീരങ്ങള്‍ കണ്ടെടുത്തതായും വാര്‍ത്തകളുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി സ്വയംഭരണവകാശങ്ങള്‍ക്കുവേണ്ടി യുക്രെയ്ന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്ന റഷ്യന്‍ അനുകൂലവിമതര്‍ ഭൂരിപക്ഷമുള്ള കിഴക്കന്‍യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയെ റഷ്യയോടു ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ സൈന്യത്തെ അവിടേക്കു വിന്യസിക്കയാണെന്ന വാര്‍ത്തകളും വരുന്നു. ഡോണ്‍ബാസ് മേഖലയും മരിയൂ പോള്‍ തുറമുഖവും റഷ്യയോടു ചേര്‍ക്കാനായാല്‍ 2014 ല്‍ പിടിച്ചെടുത്ത ക്രീമിയ ഉപദ്വീപുമായി നേരിട്ടു ബന്ധപ്പെടാനുള്ള സുഗമമായ ഒരു പാത തുറക്കാനാവും.
ഇതിനിടെ, നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും നീക്കം തുടങ്ങിയതും പുടിനെ ചൊടിപ്പിച്ചിരിക്കുകയാണ്. യൂറോപ്പിന്റെ വടക്കുപടിഞ്ഞാറ് ഫിന്‍ലന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന റഷ്യ, മിസൈല്‍ പ്രതിരോധസംവിധാനങ്ങളും ആയുധങ്ങളും ടാങ്കുകളുമായി നൂറുകണക്കിന് സൈനികരെ ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ എത്തിച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വത്തിനുള്ള നീക്കങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്കു ഹിതകരമല്ലെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. റഷ്യയുടെ സൈനികവിന്യാസം ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ 16.30 കോടി യൂറോയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും വാങ്ങുവാന്‍ ഫിന്‍ലന്‍ഡ് തീരുമാനിക്കുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഫിന്‍ലന്‍ഡിന് നാറ്റോ രാജ്യങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിഷ്പക്ഷനിലപാടെടുത്തിട്ടുള്ളതിനാല്‍ നാറ്റോയിലോ സോവിയറ്റ് യൂണിയന്‍ നേതൃത്വം നല്‍കിയ വാര്‍സോ സഖ്യത്തിലോ ചേരില്ലെന്ന് 1948 ല്‍ തന്നെ ഫിന്‍ലന്‍ഡ് തീരുമാനമെടുത്തിരുന്നു. സ്വീഡനാകട്ടെ, ശീതയുദ്ധത്തിനുശേഷം നിഷ്പക്ഷനിലപാടാണ് സ്വീകരിച്ചുപോന്നത്.  1814 നുശേഷം ഒരു യുദ്ധത്തില്‍പ്പോലും നേരിട്ടു പങ്കെടുക്കാതെ മാറിനിന്നിട്ടുള്ള രാജ്യവുമാണ് സ്വീഡന്‍. റഷ്യയുടെ യുക്രെയ്‌നുമേലുള്ള കടന്നുകയറ്റമാണ് രണ്ടു രാജ്യങ്ങളുടെയും നിലപാടുമാറ്റത്തിനു കാരണമായത്. നിലവിലെ സാഹചര്യം പരിഗണിച്ച് ഇരുരാജ്യങ്ങളും അപേക്ഷ നല്‍കുന്ന മുറയ്ക്ക് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.
നാറ്റോ-ഉത്തര അറ്റ്‌ലാന്റിക്
ഉടമ്പടി സഖ്യം
ഉത്തരഅറ്റ്‌ലാന്റിക് സമുദ്രം അതിരിടുന്ന വടക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയുള്ള രാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്‍ 1949 ല്‍ രൂപവത്കരിച്ച സൈനികസഖ്യമാണ് നാറ്റോ. ബെല്‍ജിയം, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഐസ് ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യു.കെ., യു.എസ്. തുടങ്ങി 12 രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങളായി ചേര്‍ന്നത്. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി അല്‍ബേനിയ, അല്‍ബിനോ, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഹങ്കറി, പോളണ്ട്, എസ്റ്റോണിയ, ലാത്‌വിയ, ലിത്വാനിയ, ഗ്രീസ്, അര്‍മേനിയ, ആസ്ട്രിയ,  യുഗോസ്ലാവിയ, അയര്‍ലണ്ട്, ബോസ്‌നിയ, തുര്‍ക്കി, നോര്‍ത്ത് മാസിഡോണിയ തുടങ്ങിയ 18 രാജ്യങ്ങള്‍ക്കൂടി അംഗങ്ങളായി. ഒരു ശത്രുരാജ്യം ഏതെങ്കിലും അംഗരാജ്യത്തെ ആക്രമിക്കുന്ന പക്ഷം അതിന്റെ രക്ഷയ്ക്കായി എല്ലാ അംഗരാജ്യങ്ങളും ഒന്നിച്ചുനിന്ന് പോരാടും എന്നായിരുന്നു വ്യവസ്ഥ. വാസ്തവത്തില്‍, വന്‍ശക്തി രാഷ്ട്രമായി വളര്‍ന്നുകൊണ്ടിരുന്ന സോവിയറ്റ് യൂണിയന്റെ സ്വാധീനം തടയുകയായിരുന്നു പാശ്ചാത്യരാജ്യങ്ങളുടെ ആത്യന്തികലക്ഷ്യം. എന്നാല്‍, നാറ്റോയ്ക്ക് ബദലായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ 1955 ല്‍ വാര്‍സോ സഖ്യം രൂപീകരിച്ചതോടെ ശീതയുദ്ധവും തുടങ്ങി. അല്‍ബേനിയ, ബള്‍ഗേറിയ, ചെക്കസ്ലോവാക്കിയ, കിഴക്കന്‍ ജര്‍മനി, ഹങ്കറി, പോളണ്ട്, റൊമേനിയ തുടങ്ങിയ ഏഴുരാജ്യങ്ങളും  സോവിയറ്റ് യൂണിയനും  ചേര്‍ന്ന കമ്യൂണിസ്റ്റ് സഖ്യവും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള ആയുധമത്സരത്തിന്റെ തുടക്കമായിരുന്നു അത്. 1989 ലെ ജര്‍മന്‍ ഏകീകരണത്തിനും 1991 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുംശേഷം വാര്‍സോ സഖ്യം പിരിച്ചുവിടുകയും ശീതയുദ്ധത്തിന് അന്ത്യംകുറിക്കുകയും ചെയ്തു. കമ്യൂണിസ്റ്റു ചേരിയിലുണ്ടായിരുന്ന ബള്‍ഗേറിയയും ഹങ്കറിയും പോളണ്ടും, സോവിയറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ബാള്‍ട്ടിക് രാജ്യങ്ങളായ എസ്റ്റോണിയയും ലാത്‌വിയയും ലിത്‌വാനിയയുംകൂടി നാറ്റോയില്‍ അംഗങ്ങളായി ചേര്‍ന്നതോടെ റഷ്യന്‍ ഭരണാധികാരികളുടെ ചങ്കിടിപ്പും കൂടി. റഷ്യയുടെ ഭീഷണി തടയാന്‍ എല്ലാ അംഗരാജ്യങ്ങളിലും നാറ്റോയുടെ സൈന്യത്തെ വിന്യസിക്കുകയും സൈനികതാവളങ്ങള്‍ നിര്‍മിച്ച് മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കുകയും ചെയ്തു. 35 ലക്ഷം സൈനികരുള്ള നാറ്റോ സേനയില്‍ 13.50 ലക്ഷം ഭടന്മാരും യു.എസില്‍ നിന്നുള്ളവരാണ്. (കര/വ്യോമ/നാവിക വിഭാഗങ്ങളിലെ ആകെ റഷ്യന്‍ സൈനികരുടെ എണ്ണം 8.50 ലക്ഷം മാത്രമാണ്). ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സിലാണ് നാറ്റോയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്.
സമാധാനം ഇനിയും അകലെ
2008 മുതലുള്ള നാറ്റോ മോഹത്തിനൊപ്പം യൂറോപ്യന്‍ യൂണിയനിലും അംഗമാകാനുള്ള യുക്രെയ്ന്‍ നീക്കങ്ങളില്‍ പുടിന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതാണ്. നാറ്റോയെപ്പോലുള്ള ഒരു സൈനികസഖ്യമല്ലാത്തതിനാല്‍ കടുപ്പിച്ചൊരു നിലപാട് പുടിന്‍ എടുത്തിരുന്നില്ല എന്നേ മനസ്സിലാക്കേണ്ടതുള്ളൂ. നാറ്റോയില്‍ ചേരണമെന്ന പിടിവാശിയൊന്നും തനിക്കില്ലെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്നും പറയുമ്പോഴും തന്റെ രാജ്യത്തിനുവേണ്ടി മരണം വരെ പോരാടുമെന്നാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. എന്നാല്‍, പുടിന്‍ മുന്‍പോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്കു വഴങ്ങാന്‍ സെലെന്‍സ്‌കി ഒരുക്കവുമല്ലാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
യുക്രെയ്ന്‍ അധിനിവേശം തുടങ്ങി രണ്ടു മാസം പൂര്‍ത്തിയാകുമ്പോഴും എവിടേക്കും ഒളിച്ചോടാതെ തന്റെ ജനങ്ങളുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും പങ്കുചേര്‍ന്ന് അവരോടൊപ്പമായിരിക്കുന്ന പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ആത്മധൈര്യം എടുത്തുപറയേണ്ടതാണ്. തങ്ങളുടേതിനേക്കാള്‍ പതിന്മടങ്ങു ശക്തമായ ശത്രുരാജ്യത്തെ നേരിടാനുള്ള കരുത്ത് യുക്രെയ്ന്‍ ജനതയ്ക്കു നല്‍കുന്നത് സെലെന്‍സ്‌കിയുടെ ആത്മാര്‍ത്ഥയും രാജ്യസ്‌നേഹവുമാണ്. മറ്റു രാഷ്ട്രത്തലവന്മാരുമായി വീഡിയോ കോണ്‍ഫെറന്‍സിങ് വഴി ബന്ധപ്പെടാനും നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന നേതാക്കളുമായി സൗഹൃദം പങ്കിടാനും അദ്ദേഹം സമയം കണ്ടെത്തുന്നു. എന്നിരുന്നാലും, യുക്രെയ്ന്‍ യുദ്ധം അവസാനമില്ലാതെ നീണ്ടുപോകുന്നതില്‍ ലോകം ആശങ്കയിലാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)