വൈദ്യുതിബോര്‍ഡ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, വാട്ടര്‍ അതോറിട്ടി, തദ്ദേശഭരണസ്ഥാപനങ്ങള്‍ തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകളുടെ സേവനപരമായ പ്രവര്‍ത്തനങ്ങള്‍ ലാഭനഷ്ടം കൂടാതെയായിരിക്കണമെന്നതാണു സങ്കല്പം. ഇതുകൊണ്ട് ഇവരുടെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. പ്രവര്‍ത്തനത്തിനാവശ്യമായ തുക ഉപഭോക്താക്കള്‍ നല്‍കാന്‍ തയ്യാറുമാണ്. പക്ഷേ, ഇങ്ങനെ ഈടാക്കുന്ന തുകകൊണ്ട് പ്രസ്തുതസ്ഥാപനങ്ങള്‍ക്ക് ഒരിക്കല്‍പ്പോലും നല്ല നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നതാണ് അനുഭവസാക്ഷ്യം.
മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും
ധൂര്‍ത്തും അഴിമതിയുംമൂലം ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകാന്‍ കഴിയാത്തവിധം സാമ്പത്തികപ്രതിസന്ധിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം കെ.എസ്.ആര്‍.ടി.സിയാണ്. പ്രതിവര്‍ഷം ആയിരംകോടി നല്‍കിയിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഗതാഗതമന്ത്രിക്കുപോലും വിശ്വാസമില്ല.
പ്രവര്‍ത്തനച്ചെലവിനു പണമില്ലാതെ വരുമ്പോള്‍ ഇവരെല്ലാം ചെയ്യുന്നത് ഒന്നുതന്നെ. വരുമാനം വര്‍ദ്ധിപ്പിക്കാന്‍, വൈദ്യുതിചാര്‍ജായാലും യാത്രക്കൂലിയായാലും, അവയിലെ ചാര്‍ജുവര്‍ദ്ധന നടത്തും. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ, വര്‍ദ്ധന നീതീകരിക്കാവുന്നതാണോ, വരുമാനവര്‍ദ്ധനയ്ക്കു മറ്റു മാര്‍ഗങ്ങളുണ്ടോ എന്നൊന്നും ആലോചിക്കാറില്ല. ഓരോ വിഭാഗത്തിലുംപെട്ട ഉപഭോക്താക്കളെ കുത്തിപ്പിഴിഞ്ഞ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണു മുന്‍കാലാനുഭവം. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദമില്ലാതെ വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിയമം അനുവദിക്കാത്തതുകൊണ്ടാണ് ഊതി
പ്പെരുപ്പിച്ച കണക്കുകളുമായി വൈദ്യുതിബോര്‍ഡ് കമ്മീഷനെ സമീപിക്കു
ന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള താരിഫ് നിശ്ചയിക്കുന്നതിലേക്കായി ബോര്‍ഡ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത് കള്ളക്കണക്കുകളാണെന്ന ആരോപണവുമായി ബോര്‍ഡിലെ 4500 ഓഫീസര്‍മാരില്‍ 4000 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ഓഫീസേഴ്‌സ് അസോസിയേഷന്‍പോലും
രംഗത്തു വരുകയുണ്ടായി.
ഓരോ തവണത്തെ ചാര്‍ജു വര്‍ദ്ധന ഉത്തരവിനോടൊപ്പം ചില നിര്‍ദേശങ്ങളും ബോര്‍ഡിനു കമ്മീഷന്‍ നല്‍കാറുണ്ട്. എന്നാല്‍, ചാര്‍ജുവര്‍ദ്ധന ലഭിച്ചുകഴിഞ്ഞാല്‍ ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്റെ ഒരു നിര്‍ദേശവും പാലിക്കാറില്ല. ചെലവു നിയന്ത്രിക്കുന്നതിനോ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനോ ബോര്‍ഡ് നടപടി കൈക്കൊള്ളുന്നില്ല. ഗാര്‍ഹികോപയോക്താക്കളുടെ വൈദ്യുതിബില്‍ കുടിശിക വന്നാലുടന്‍ ഫ്യൂസ് ഊരിക്കൊണ്ടു പോകുന്ന ബോര്‍ഡ് വന്‍കിടക്കാരുടെ ഫ്യൂസ് ഊരാറില്ലെന്നു മാത്രമല്ല, കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കാറുമില്ല. ഇങ്ങനെയുള്ള തുക പിടിച്ചെടുത്താല്‍ ചാര്‍ജുവര്‍ദ്ധന വേണ്ടിവരികയില്ല.
ബോര്‍ഡിന്റെ ഒരു പദ്ധതിപോലും എസ്റ്റിമേറ്റ് തുകയ്ക്കും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പള്ളിവാസല്‍ വിപുലീകരണപദ്ധതി, ചെങ്കുളം ഓഗ്‌മെന്റേഷന്‍ സ്‌കീം, തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി, പഴശ്ശി സാഗര്‍ ചെറുകിടപദ്ധതി, പെരുവണ്ണാമൂഴി ചെറുകിടപദ്ധതി ഇങ്ങനെയുള്ള ഒരു പദ്ധതിയും യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ചെലവു കൂടാനും വരുമാനനഷ്ടത്തിനും കാരണമാകുന്നു.
ഉദാഹരണത്തിനു പള്ളിവാസല്‍ വിപുലീകരണപദ്ധതിതന്നെ പരിശോധിക്കാം. 2007 ല്‍ പണി തുടങ്ങിയ പദ്ധതി 2011 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഉത്പാദനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 220 കോടി എസ്റ്റിമേറ്റില്‍ 60 മെഗാവാട്ട് ഉത്പാദനം പ്രതീക്ഷിച്ചു തുടങ്ങിയ പദ്ധതിയെക്കുറിച്ചു വിവരാവകാശനിയമപ്രകാരം 2012 ല്‍ അന്വേഷണം നടത്തിയപ്പോള്‍ കിട്ടിയ മറുപടി 157 കോടി രൂപ ചെലവഴിച്ചെന്നും ഇനി 218 കോടി രൂപകൂടി മുടക്കേണ്ടിവരുമെന്നുമായിരുന്നു. 2015 ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചത്. 2016 ആയിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്നറിഞ്ഞതുകൊണ്ട് വീണ്ടും വിവരാവകാശപ്രകാരം 2016 ഡിസംബറില്‍ അന്വേഷണം നടത്തി. 72.77 ശതമാനം പണിപൂര്‍ത്തിയായെന്നും 246 കോടി രൂപ ചെലവഴിച്ചെന്നും 250 കോടി രൂപകൂടി പണി പൂര്‍ത്തിയാകാന്‍ വേണ്ടിവരുമെന്നുമാണു മറുപടി ലഭിച്ചത്. 2020 ആയപ്പോഴേക്കും 82.66 ശതമാനം പണിയേ പൂര്‍ത്തിയായുള്ളൂ. പദ്ധതിക്കുവേണ്ടി വാങ്ങിയ 42.55 കോടിയുടെ യന്ത്രസാമഗ്രികളില്‍ 7.9 കോടിയുടേതു മാത്രമാണ് 2016 വരെ ഉപയോഗിച്ചത്. ബാക്കി യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്തു നശിച്ചു.
ടണല്‍ പണിതു ചെന്നപ്പോള്‍ പാറ തീര്‍ന്നു മണ്ണുമാത്രമായി. പിന്നെ ആ പ്രദേശം കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയശേഷം അതില്‍ക്കൂടി തുരങ്കം നിര്‍മിക്കുകയാണിപ്പോള്‍. യഥാസമയം പദ്ധതി പൂര്‍ത്തിയായിരുന്നെങ്കില്‍ എത്രകോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നു ഈ കാലത്തിനിടയില്‍?
ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ക്കുവേണ്ടി വര്‍ഷങ്ങളായി ഓഫീസും ശമ്പളവും ചെലവഴിക്കുന്ന പ്രവണതയും ബോര്‍ഡിലുണ്ട്. നയപരമായ തീരുമാനം എടുത്തിട്ടില്ലാത്ത ആതിരപ്പള്ളി പദ്ധതിക്കുവേണ്ടി 1998 മാര്‍ച്ച് 21 മുതല്‍ കഴിഞ്ഞ 24 വര്‍ഷമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള 22 അംഗ ഉദ്യോഗസ്ഥതസ്തിക സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ ഇനത്തില്‍ എത്ര കോടികളാണു നഷ്ടപ്പെടുന്നത്! ഇങ്ങനെ ധൂര്‍ത്തടിക്കുന്ന പണം വൈദ്യുതി ഉപഭോക്താക്കളുടെ തലയിലാണു വന്നു ചേരുന്നത്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 0.7 ശതമാനം മാത്രമാണു കേരളത്തിനവകാശപ്പെടാനുള്ളത്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 25 ശതമാനംമുതല്‍ 30 ശതമാനംവരെ വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രപൂളില്‍നിന്നും വാങ്ങുകയാണ്. ഇടുക്കി പോലെയുള്ള ജലവൈദ്യുതപദ്ധതികളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്തു പൈസയുടെ ഉത്പാദനച്ചെലവേ ഉണ്ടാകുന്നുള്ളൂ. ഈ വൈദ്യുതി ഉപഭോക്താവിന്റെ പക്കലെത്തുമ്പോള്‍ ആറു രൂപ ആകുന്നതെന്തുകൊണ്ട് എന്നു പരിശോധിക്കണം.
2018-19 സാമ്പത്തികവര്‍ഷം കേരളം വാങ്ങിയ ശരാശരി വൈദ്യുതിവില 3.49 രൂപ. 2020 -21 ല്‍ ഇത് 3.06 രൂപയായി കുറഞ്ഞു. യൂണിറ്റിന് 43 പൈസയുടെ ഈ കുറവ് ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നില്ല. കാരണം, സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണ് കഴിഞ്ഞ രണ്ടു ശമ്പളപരിഷ്‌കരണവും നടപ്പാക്കിയത്. അതിനുള്ള പണം കണ്ടെത്തുന്നത് ഇത്തരത്തില്‍ കിട്ടുന്ന വരുമാനത്തില്‍നിന്നാണ്. 2018-19 വര്‍ഷം വൈദ്യുതിവിതരണം ചെയ്യാനുള്ള ഓവര്‍ ഹെഡ് ചാര്‍ജ് യൂണിറ്റിന് 2.85 രൂപ. ഈ കാലയളവില്‍ ഇന്ത്യന്‍ ശരാശരി 1.68 മാത്രമാണ്. ദേശീയ ശരാശരി ഓവര്‍ഹെഡ് ചാര്‍ജിലാണ് കേരളത്തിലെ വൈദ്യുതിവിതരണം നടന്നിരുന്നതെങ്കില്‍ ഇന്ന് നൂറു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവിന് 117 രൂപയുടെ കുറവ് ബില്ലില്‍ ഉണ്ടായേനെ. കേരളത്തില്‍ യൂണിറ്റിന് 2.85 രൂപ ചെലവാകുമ്പോള്‍ ഗുജറാത്തില്‍ 58 പൈസയും കാഷ്മീരില്‍ 86 പൈസയും യു.പി.യില്‍ 1.3 രൂപയുമാണു ചെലവ്.
ഓവര്‍ഹെഡ് കോസ്റ്റ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടാന്‍ കാരണം ജീവനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനതന്നെയാണ്. കേരളത്തിലെ ജീവനക്കാരുടെ എണ്ണം ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയെക്കാള്‍ 45 ശതമാനവും തെലുങ്കാനയെക്കാള്‍ 34 ശതമാനവും ദേശീയ ശരാശരിയെക്കാള്‍ 13 ശതമാനവും അധികമാണ്. കേരളത്തില്‍ 1,23,84,523 ഉപഭോക്താക്കള്‍ 23149 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗം നടത്തുന്നതിനായി 32780 ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുമ്പോള്‍, ആന്ധ്രയിലെ 1,91,30,319 ഉപഭോക്താക്കള്‍ 57,219 ദശലക്ഷം യൂണിറ്റു വൈദ്യുതി ഉപയോഗിക്കാന്‍ 33,493 ജീവനക്കാരുടെ സേവനമേ ഉപയോഗിക്കുന്നുള്ളൂ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആളോഹരി ജീവനക്കാര്‍ സേവനം നല്‍കുന്ന ഉപഭോക്താക്കളുടെ എണ്ണം കേരളത്തില്‍ 363 ഉം ആന്ധ്രാപ്രദേശില്‍ 571 ഉം തെലുങ്കാനയില്‍ 527 ഉം ആണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ എണ്ണം കേരളത്തിനെക്കാള്‍ കൂടുതലാണ്. 444 ഉപഭോക്താക്കള്‍ക്കു സേവനം ലഭിക്കുന്നുണ്ട്.
കെ.എസ്.ഇ.ബിയെക്കുറിച്ച് കോഴിക്കോട് ഐ.ഐ.എം. 2015-16 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതും ജീവനക്കാരുടെ അധികം എണ്ണം സംബന്ധിച്ചാണ്. ഇന്ത്യയില്‍ വൈദ്യുതി വില കുറയുമ്പോഴും അതിന്റെ ഗുണം കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ലഭിക്കാതിരിക്കാനുള്ള കാരണം അധികശമ്പളച്ചെലവാണ്. 2016-17 വര്‍ഷത്തില്‍ ശമ്പളച്ചെലവ് 3603.69 കോടിയായിരുന്നത് 17-18 ല്‍ 5134.34 കോടിയായി വര്‍ധിച്ചു. അധികച്ചെലവായി 1530.65 കോടിയുടെ ബാധ്യത ഉപഭോക്താക്കള്‍ക്കായി. ഇക്കാലയളവില്‍ വരവിന്റെ 42 ശതമാനം ശമ്പളത്തിനു മാത്രമായി ചെലവഴിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ശമ്പളച്ചെലവ് വരുമാനത്തിന്റെ 15 മുതല്‍ 22 ശതമാനമാണ്. കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന വൈദ്യുതി കേരളത്തിലെ ഉപഭോക്താക്കളിലേക്കെത്തുമ്പോള്‍ വില കൂടുന്നതിന്റെ കാരണമന്വേഷിച്ചു നടക്കേണ്ടതില്ല.
പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതിവില ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ കേന്ദ്രവൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി വില്ക്കുന്നതിനുള്ള പരമാവധി നിരക്ക് 20 രൂപയില്‍നിന്നു പന്ത്രണ്ടു രൂപയായി 2022 ഏപ്രില്‍ ഒന്നുമുതല്‍ നിശ്ചയിച്ചു. ഇന്ത്യയിലെ വൈദ്യതി ഉപഭോക്താക്കള്‍ക്കു വലിയ ആശ്വാസം ലഭിക്കുന്ന തീരുമാനമാണിത്.
അടുത്ത അഞ്ചു വര്‍ഷത്തെ വൈദ്യുതി നിരക്കുവര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട് ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനില്‍ നല്‍കിയ പെറ്റീഷന്റെ പബ്ലിക് ഹിയറിങ് പൂര്‍ത്തിയായി. ഗാര്‍ഹികോപഭോക്താക്കളെ വളരെ പ്രതികൂലമായി ബാധിക്കുന്ന ചാര്‍ജ് വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യവര്‍ഷം 1180 കോടി രൂപയുടെ വര്‍ദ്ധനയാണു ചോദിച്ചിരിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ 521 കോടിയുടെയും 248 കോടിയുടെയും 323 കോടിയുടെയും അഞ്ചാം വര്‍ഷം 206 കോടിയുടെയും വര്‍ദ്ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.
ബോര്‍ഡിന്റെ ബജറ്റിലെ കണക്കും റെഗുലേറ്ററി കമ്മീഷനില്‍ ചാര്‍ജ് വര്‍ദ്ധനയ്ക്കായി നല്‍കിയിരിക്കുന്ന കണക്കും തമ്മില്‍ വലിയ വ്യത്യാസമുള്ള കാര്യം പാലക്കാട് നടന്ന ഹിയറിങ്ങില്‍ ഈ ലേഖകന്‍തന്നെ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. 2022-23 ബജറ്റില്‍ 496.20 കോടി രൂപയുടെ ലാഭം ബോര്‍ഡ് പ്രതീക്ഷിക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ 2852.58 രൂപയുടെ നഷ്ടമാണു വിശദീകരിച്ചിരിക്കുന്നത്. വൈദ്യുതിബോര്‍ഡിനും ജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തീരുമാനമാകും ഉണ്ടാകുക എന്ന കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജിന്റെ പ്രഖ്യാപനത്തിലാണ് ഏകപ്രതീക്ഷ.
വൈദ്യുതിബോര്‍ഡില്‍ സിപിഎം പിന്തുണയുള്ള ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള പോരില്‍ ചെയര്‍മാന്‍ ഡോ. ബി. അശോകിനെ പിന്തുണച്ച് ഐ.എ.എസ്. അസോസിയേഷന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. കെ.എസ്.ഇ.ബി.യില്‍ ബോര്‍ഡിന്റെ നയങ്ങള്‍ക്കെതിരേ ഓഫീസേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ പരിഹസിച്ച് സിഐടിയു നേതാവ് രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി. നേരിടുന്നതിലേറെയും, ഒരുപക്ഷേ, സംസ്ഥാനസര്‍ക്കാരിനു സഹായിക്കാന്‍ കഴിയുന്നതിലുമേറെ വലിയ പ്രതിസന്ധി, പെന്‍ഷനും ശമ്പളവും മുടങ്ങിയാല്‍ വൈദ്യുതിബോര്‍ഡിനുണ്ടാകും. ഈ ചുവരെഴുത്തു വായിക്കാതെ കണ്ണടച്ച് ഇരുട്ടാക്കിയാണു ബോര്‍ഡില്‍ പലരും പ്രവര്‍ത്തിക്കുന്നതെന്നാണ് ബി. അശോകിന്റെ മുന്നറിയിപ്പ്.