•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവവിളിയുടെ ഒരു തിരുലിഖിതക്കാഴ്ച

ദൈവജനത്തിനിടയില്‍നിന്ന് ദൈവം നടത്തുന്ന തിരഞ്ഞെടുപ്പിനെയാണല്ലോ ദൈവവിളി എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്. അബ്രാഹവും യാക്കോബും മോശയും അഹറോനും ദാവീദും പത്രോസും കൂട്ടരുമെല്ലാം ഇപ്രകാരം ദൈവവിളി ലഭിച്ചവരാണ്.
മത്താ 9,36-10,5 ല്‍ ദൈവവിളിക്കായി പ്രാര്‍ത്ഥിക്കാന്‍ ജനത്തെ ക്ഷണിക്കുകയും ദൈവവിളിയുടെ നടപടിക്രമങ്ങളിലേക്കു കടക്കുകയും ചെയ്യുന്ന ഈശോയെ നമുക്ക് കണെ്ടത്താനാം. ഗലീലിയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈശോ നടത്തിയ പ്രബോധന-പ്രഭാഷണ-സൗഖ്യശുശ്രൂഷകളുടെ (രള. മത്താ 4,23; 9,35) ഫലമനുഭവിച്ചത് മുപ്പതു ലക്ഷത്തോളം മനുഷ്യരായിരുന്നു.
ദൈവവിളി:
ആര്‍ദ്രതയുടെ നാമ്പിടല്‍
ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ഈശോയ്ക്ക് 'അനുകമ്പ'യുണ്ടായത്രേ (മത്താ 9,36)! ഇതിന്റെ ഗ്രീക്കുപദം 'സ്പ്‌ളാങ്ഖ്‌നിറ്റ്‌സൊമായ്' എന്നാണ്. ഇതിന്റെ അക്ഷരാര്‍ത്ഥം 'കുടലില്‍ ഇളക്കമുണ്ടാവുക' എന്നാകും. നിലപാടും പ്രവൃത്തിയും അനിവാര്യമാക്കുന്ന ഗട്ട് ലെവല്‍ അനുഭവമാണത്. ഈശോയുടെ മാതൃഭാവമാണ് അതു സൂചിപ്പിക്കുന്നത്. പഴയനിയമത്തില്‍ 'ആര്‍ദ്രത' എന്നതിന് 'റഘ്മീം' എന്ന ഹീബ്രു വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അതിന്റെ ഏകവചനരൂപമായ 'റെഘെം' എന്നതിന്റെയര്‍ത്ഥം 'ഗര്‍ഭപാത്രം' എന്നാണെന്നും തിരിച്ചറിയുമ്പോഴാണ് ഈ ഗ്രീക്കുക്രിയാപദപ്രയോഗത്തിന്റെ ആഴം നമുക്കു ബോധ്യമാകുന്നത്. 'ഇടയനില്ലാത്ത ആടുകളെപ്പോലെ' എന്നതിന്റെ ഗ്രീക്കുരൂപം സംഖ്യ 27,17-ന്റെ സപ്തതിഭാഷ്യത്തില്‍ കാണുന്ന പ്രയോഗത്തിനു സമാനമാണ്. മോശയുടെ അധികാരം ജോഷ്വയ്ക്കു കൈമാറുന്നതാണ് അവിടത്തെ പശ്ചാത്തലം.
പക്ഷേ, സ്വാഭാവികമായും ഒരു ചോദ്യമുയരാം: യഹൂദജനത്തിന്റെ ഇടയന്മാരായി നിലകൊള്ളേണ്ട അക്കാലത്തെ പ്രധാനപുരോഹിതനും മറ്റു പുരോഹിതന്മാരും നിയമജ്ഞരുമൊക്കെ എവിടെപ്പോയി? അവിടെയാണ് നല്ല സമരിയാക്കാരന്റെ ഉപമ (രള. ലൂക്കാ 10,25-37) പ്രസക്തമാകുന്നത്. മുറിവേറ്റവനെ അവഗണിക്കുന്ന, വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിപ്പോയ നേതാക്കള്‍ മനുഷ്യത്വമില്ലാത്തവരും, ജനത്തെ വഴിതെറ്റിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെയാവണം വി. മത്തായി ചിലയിടങ്ങളില്‍ ഈശോയെ ഇടയനായി ചിത്രീകരിച്ചിരിക്കുന്നത് (രള. 2,6; 26,31).
ജനം 'പരിഭ്രാന്തരും' 'നിസ്സഹായരും' ആയിരുന്നത്രേ! 'എസ്‌കുല്‍മെനോയി' എന്ന ക്രിയാപദത്തിന്റെ 'സ്‌കുള്ളോ' എന്ന ധാതുവിന്റെ അര്‍ത്ഥം 'തൊലി പൊളിയുക' എന്നാണ്. വേണ്ടവിധം നയിക്കപ്പെടാത്തതിനാല്‍ മുള്ളുകള്‍ക്കിടയിലും പാറക്കെട്ടുകള്‍ക്കിടയിലുംപെട്ട് ആടുകള്‍ക്കു തൊലിയില്‍ മുറിവുണ്ടാകുന്നതിനെയാണ് ഈ പദം പ്രഥമമായി ദ്യോതിപ്പിക്കുന്നത്. 'നിസ്സഹായര്‍' എന്നതിനുള്ള 'എര്‍റിമ്മെനോയി' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം 'മറിഞ്ഞുവീണവര്‍' എന്നാണ്. നാലുകാലും മുകളില്‍ വരത്തക്കവിധം വീണുപോയാല്‍ ആടുകള്‍ക്കു പിന്നെ എഴുന്നേല്ക്കാനാവില്ല. ഫിലിപ്പ് കെല്ലറുടെ അ ടവലുവലൃറ ഹീീസ െമ േജമെഹാ 23 എന്ന ഗ്രന്ഥത്തില്‍ ആടുകളുടെ ഈ നിസ്സഹായാവസ്ഥയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, യേശു കണ്ട ജനക്കൂട്ടത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. അവരുടെ ഇടയന്മാര്‍ അതു കൂടുതല്‍ സങ്കീര്‍ണമാക്കി. ആ ജനക്കൂട്ടത്തോട് ഈശോയ്ക്കു തോന്നിയ അനുകമ്പയുടെ ഫലങ്ങളാണ് നാം തുടര്‍ന്നുകാണുന്നത്. അത് യേശുവിന്റെ ഉത്തരവാദിത്വക്കൈമാറ്റശുശ്രൂഷയെക്കുറിച്ചുള്ള പ്രായോഗികവിചിന്തനവും ആയിത്തീര്‍ന്നു.
ദൈവവിളി:
പ്രാര്‍ത്ഥനയുടെ പൊന്‍വിളി
''വിളവധികം; വേലക്കാരോ, ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍'' എന്ന യേശുവിന്റെ കല്പന (മത്താ 9,37.38) ഇനിയും വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ലെന്നാണ് എന്റെ പക്ഷം. ദൈവവിളികള്‍ സ്വാഭാവികമായി സംഭവിച്ചുകൊള്ളും എന്നു വിചാരിക്കരുത്. ദൈവവിളിക്കായി മനുഷ്യന്‍ അതിയായി ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. വിളഭൂമിയിലേക്കു വേലക്കാരായി വിളിക്കപ്പെടുന്ന മനുഷ്യര്‍ സഹജീവികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരമാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവത്തിന്റെ അനുകമ്പയും മനുഷ്യന്റെ പ്രാര്‍ത്ഥനയുമാണ് ദൈവവിളികളുടെ വിളനിലം!
ഇറ്റലിക്കാരനായ വി. ഹാന്നിബാള്‍ മേരി ദി ഫ്രാന്‍ചിന് (1851-1927) റൊഗാത്തെ സന്ന്യാസസഭകള്‍ സ്ഥാപിക്കാന്‍ പ്രചോദനമേകിയത് ക്രിസ്തുവിന്റെ ഈ കല്പനയാണ്. ദൈവവിളികള്‍ക്കുള്ള രഹസ്യത്താക്കോലാണ് പ്രാര്‍ത്ഥനയെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രാര്‍ത്ഥനയിലൂടെയാണ് ദൈവവിളികളും തദ്വാരാ, അനേകം സദ്പ്രവൃത്തികളും ആത്മാക്കളുടെ രക്ഷയും ഉണ്ടാകുന്നത്. ഈശോയുടെ അനുകമ്പാര്‍ദ്രമായ ഹൃദയം തുറന്ന് ദൈവവിളികള്‍ സമൃദ്ധമാക്കാനുള്ള ആ താക്കോല്‍ തന്റെ സന്ന്യാസസമൂഹങ്ങളുടെ മുഖമുദ്രയായി അദ്ദേഹം തിരഞ്ഞെടുത്തു. താന്‍ സ്ഥാപിച്ച സന്ന്യാസസമൂഹങ്ങള്‍ക്ക് 'പ്രാര്‍ത്ഥിക്കുവിന്‍' എന്നര്‍ത്ഥമുള്ള 'റൊഗാത്തെ' എന്ന ലത്തീന്‍പദമാണ് അദ്ദേഹം പേരായി സ്വീകരിച്ചത്. 'ദൈവവിളിക്കുവേണ്ടിയുള്ള ആധുനിക അജപാലനപ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ മുന്നോടിയും തീക്ഷ്ണതയുള്ള പ്രബോധകനും' എന്ന് അദ്ദേഹത്തെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിച്ചു.
അമ്പതുകളുടെ രണ്ടാം പകുതിമുതല്‍ ദൈവവിളികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നുവെന്ന് സഭ തിരിച്ചറിഞ്ഞു. 1963-ല്‍ വി. പോള്‍ ആറാമന്‍ പാപ്പ ദൈവവിളിദിനം ഒരു ആഹ്വാനദിനമായി സ്ഥാപിച്ചു. സഭയ്ക്ക് അനിവാര്യമായതു തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോടെ അതിനായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം നല്കി. ഉയിര്‍പ്പു കഴിഞ്ഞുവരുന്ന നാലാം ഞായറാഴ്ചയാണ് ലോകദൈവവിളിദിനം.
ദൈവവിളിയുടെ
പ്രായോഗികപാഠങ്ങള്‍
ഗലീലിയിലെ മനുഷ്യരുടെ ദീനതകളില്‍ അലിവു തോന്നിയ യേശു, ദൈവവിളിക്കുവേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനാഹ്വാനത്തിനുശേഷം, സ്വീകരിച്ച നടപടിക്രമങ്ങളായിത്തന്നെ മത്താ 10-ാം അധ്യായം പരിഗണിക്കപ്പെടണം. തിരഞ്ഞെടുപ്പും പരിശീലനവും അധികാരപ്പെടുത്തലും അയയ്ക്കലും തത്സംബന്ധിയായ വിചിന്തനങ്ങളുമെല്ലാം അവിടെയുണ്ട്.
'അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്കി' എന്ന വചനംതന്നെ മനുഷ്യരുടെ ദൈന്യത്തില്‍ ഈശോയ്ക്കുള്ള അനുകമ്പയുടെ ശുശ്രൂഷയ്ക്കായാണ് ശിഷ്യന്മാര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്നു. ദൈവവിളി അടിസ്ഥാനപരമായി അനുകമ്പയുടെ ശുശ്രൂഷയ്ക്കുള്ളതാണ്! വൈദികരുടെയും സന്ന്യസ്തരുടെയും പരിശീലനം അനുകമ്പയിലുള്ള പരിശീലനമായിരിക്കണം.
അനുകമ്പാധിഷ്ഠിതമായ
ആത്മവിമര്‍ശനം
യേശുവിനെക്കുറിച്ചു ഹെബ്രായലേഖനം സൂചിപ്പിക്കുന്നത്, 'ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനും' എന്നാണ് (ഹെബ്രാ 2,17). ആചാരാനുഷ്ഠാനങ്ങളിലധിഷ്ഠിതമായ ദൈവത്തോടുള്ള വിശ്വസ്തതകൊണ്ടുമാത്രം കാര്യമില്ലെന്നു വ്യക്തമാക്കാനായി പുരോഹിതനെയും ലേവായനെയും കഥാപാത്രങ്ങളാക്കി യേശു അവതരിപ്പിച്ച നല്ല സമരിയാക്കാരന്റെ ഉപമയില്‍ യഥാര്‍ത്ഥ പൗരോഹിത്യത്തിന്റെ നേര്‍ക്കാഴ്ചയുണ്ട്. ദൈവത്തോടുള്ള വിശ്വസ്തതയോടൊപ്പം സഹോദരങ്ങളോടുള്ള കരുണയിലുമാണ് ഈശോയുടെ പൗരോഹിത്യത്തിന്റെ കാമ്പ് അടങ്ങിയിരിക്കുന്നത്. മനുഷ്യരെയും അവരുടെ ജീവിതപ്രശ്‌നങ്ങളെയും മറന്ന് ആചാരാനുഷ്ഠാനങ്ങളിലും സ്ഥാപനാത്മകതയിലും ദത്തശ്രദ്ധമായ പൗരോഹിത്യം ക്രിസ്തുവിന്റെ ദര്‍ശനത്തില്‍നിന്ന് ഏറെ വിദൂരത്താണ്.
കേരളസഭയില്‍ ഇടവകപ്പള്ളികളും പരിസരങ്ങളുമെല്ലാം വളര്‍ന്നുവികസിക്കുന്നുണ്ട്. പെരുന്നാളുകളും മേളങ്ങളും കൊഴുക്കുന്നുണ്ട്. പക്ഷേ, ക്രൈസ്തവസഭയിലെ അംഗങ്ങള്‍ക്ക് സമഗ്രവളര്‍ച്ചയുണേ്ടാ? ഇടവകാംഗങ്ങളില്‍ എത്രപേര്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നവരായുണ്ട്. എന്തുകൊണ്ടാണ് ക്രൈസ്തവരുടെ ജനസംഖ്യ വല്ലാതെ കുറയുന്ന കാഴ്ച ഇടയന്മാര്‍ക്ക് ഒരു വിഷയമല്ലാതാകുന്നത്? ക്രൈസ്തവസമൂഹം സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ അപ്രസക്തരായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ച ഇടയന്മാരെ അസ്വസ്ഥരാക്കാത്തതെന്തേ? വിശ്വാസപരമായ ആഴവും ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആത്മവിശ്വാസവും നമ്മുടെ ജനത്തിനുണേ്ടാ? ജീവനെയും പ്രകൃതിയുടെ നിലനില്പിനെയും കുറിച്ചുള്ള ധാര്‍മികമായ ബോധ്യങ്ങളെ സംബന്ധിച്ചിടത്തോളം ക്രൈസ്തവര്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ആഴപ്പെടുന്നുണേ്ടാ? പരോന്മുഖതയിലേക്കും സ്വര്‍ഗോന്മുഖതയിലേക്കും നമ്മുടെ ജനം വളരുന്നുണേ്ടാ?
സന്ന്യാസസമൂഹങ്ങള്‍ ആരംഭിച്ചത് ജനത്തിന്റെ വിവിധതരം കഷ്ടതകള്‍ക്കുള്ള ദൈവത്തിന്റെ പ്രാദേശികപരിഹാരമാര്‍ഗമായാണ്. യേശുവിനുണ്ടായ അനുകമ്പ കാലികമായി സ്വന്തമാക്കിയവരാണ് സന്ന്യാസസമൂഹസ്ഥാപകര്‍. പ്രാര്‍ത്ഥനയുടെ മാത്രമല്ല, വിവിധ മാനവികവിഷയങ്ങളുടെയെല്ലാം കളിയരങ്ങുകളായിരുന്നു സന്ന്യാസാശ്രമങ്ങള്‍. ദുരിതകാലങ്ങളില്‍ പല രാജ്യങ്ങളിലും മനുഷ്യര്‍ക്കു സംരക്ഷണവലയമായിത്തീര്‍ന്നത് സന്ന്യാസാശ്രമങ്ങളാണ്. പട്ടിണിയുടെയും രോഗത്തിന്റെയും മരണത്തിന്റെയും നിസ്സംഗവും ജീര്‍ണവുമായ ഇടങ്ങളിലേക്ക് ആയിരക്കണക്കിനു മദര്‍ തെരേസമാരെ എത്തിച്ചതും അനുകമ്പയിലൂന്നിയ സമര്‍പ്പിതജീവിതംതന്നെ. ദൈവസ്‌നേഹത്തിലധിഷ്ഠിതമായ മാനവസേവയുടെ പാഠവും മനുഷ്യമഹത്ത്വാവബോധവും സ്വജീവിതത്തിലൂടെ ലോകത്തിനു പകര്‍ന്നുനല്കിയിട്ടുള്ളവരാണ് ക്രൈസ്തവസന്ന്യസ്തര്‍. 16-ാംനൂറ്റാണ്ടുമുതല്‍ കേരളത്തിലെത്തിയ ക്രൈസ്തവമിഷനറിമാരുടെ ഹൃദയത്തില്‍ ജ്വലിച്ച സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിദ്യാദാഹത്തിന്റയും ജ്വാലയാണ് ഇവിടെ നിലനിന്നിരുന്ന അജ്ഞതയുടെയും ജാതിയുടെയും അയിത്തത്തിന്റെയും മനുഷ്യത്വരഹിതമായ ആചാരങ്ങളുടെയും അന്തകരായി മാറിയ സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്ക് ഊര്‍ജ്ജവും വെളിച്ചവുമായിത്തീര്‍ന്നത്. ഈ ജ്വാല ഹൃദയത്തില്‍ പേറിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ദൈവദാസി ഏലീശ്വാമ്മയുമെല്ലാം കേരളസമൂഹത്തില്‍ ചെയ്ത സംഭാവനകള്‍ ഇനിയും നാം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല.
ആധുനികകേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിന് സന്ന്യാസജീവിതം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ വേണ്ടവിധം തിരിച്ചറിയാനും ശ്രമങ്ങളുണ്ടായിട്ടില്ല. കേരള കത്തോലിക്കാസഭയുടെ കീഴിലുള്ള 5613 വിദ്യാഭ്യാസസ്ഥാപനങ്ങള്‍, 2153 ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, 845 കാരുണ്യമന്ദിരങ്ങള്‍, 122 സ്‌പെഷ്യല്‍ സ്‌കൂളുകള്‍, 98 റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയില്‍ നല്ലൊരു പങ്കും സമര്‍പ്പിതരുടെ ശൂശ്രൂഷാവേദികളാണെന്നതുമാത്രം പരിഗണിച്ചാല്‍മതി, സമര്‍പ്പിതജീവിതത്തിന്റെ സാമൂഹികപ്രസക്തി തിരിച്ചറിയാന്‍.
ഇതൊക്കെയാണെങ്കിലും, സന്ന്യാസവും സന്ന്യാസികളും ഇന്ന് കരുണക്കാഴ്ചകളാണോ എന്ന ചോദ്യം അവശേഷിക്കുന്നു. സഭയിലുള്ള പരിശുദ്ധാത്മാവിന്റെ വിപ്ലവമാണ് സന്ന്യാസപ്രസ്ഥാനങ്ങള്‍. എന്നാല്‍, ആത്മാവിന്റെ ചെറുകാറ്റില്‍ പാറിപ്പറക്കുന്ന അപ്പൂപ്പന്‍താടികളാകേണ്ട സന്ന്യാസം സ്ഥാവരജംഗമവസ്തുക്കളുടെ ഭാരവും പാരതന്ത്ര്യവും പേറി പറക്കാനാവാതെ നിലത്തിഴയുന്ന കാഴ്ചയാണോ ഇന്നുള്ളത്? ജനത്തിനു സാന്ത്വനവും ആത്മവിശ്വാസവും പ്രതീക്ഷയും സമ്മാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സന്ന്യസ്തരുടെ ഇക്കാണായ പ്രവൃത്തികളെല്ലാം വെറും അസഭ്യങ്ങള്‍മാത്രമാണ്. സമ്പന്നനു ശുശ്രൂഷ നടത്താന്‍ കോര്‍പ്പറേറ്റുകള്‍ ഏറെയുള്ളിടത്ത്, അതിനായി സന്ന്യാസികളുടെ ആവശ്യമുണേ്ടാ?
ക്രിസ്തുവിന്റെ വിളി ജനത്തോട് അവിടത്തേക്കുള്ള അനുകമ്പയുടെ പ്രതിഫലനമാണ്. കരുണാര്‍ദ്രതയുമായി ബന്ധവിച്ഛേദം സംഭവിക്കുന്ന പൗരോഹിത്യവും സന്ന്യാസവും ഭൂമിയിലെ ഏറ്റവും വലിയ ദുരന്തക്കാഴ്ചകളാണ്! 'ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു' എന്ന് അവകാശപ്പെട്ട കര്‍ത്താവിന്റെ പിന്നാലെ പോകാന്‍ ക്രൈസ്തവസന്ന്യാസവും പൗരോഹിത്യവും ഇനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)