രാഷ്ട്രീയം മതത്തെ ഉപയോഗിക്കുന്നതുപോലെ മാധ്യമങ്ങളും മതത്തെ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കടമകളെ മറന്ന് സ്വാധീനങ്ങളെ സ്വാര്‍ത്ഥവത്കരിക്കുന്നതും മാധ്യമങ്ങളുടെ പ്രവണതയായിരിക്കുന്നു. ഇത് സാമൂഹികപരമായ അന്തച്ഛിദ്രങ്ങള്‍ക്കിടവരുത്തും. ജനാധിപത്യത്തിനു തുരങ്കം വയ്ക്കുന്ന തരത്തിലുള്ളതാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനം. അസത്യത്തെ സത്യത്തിന്റെ ആടയാഭരണങ്ങള്‍ അണിയിച്ച് അവതരിപ്പിക്കുമ്പോള്‍, സാധാരണക്കാരന്റെ സത്യമിഥ്യാബോധത്തെ വിലയ്‌ക്കെടുക്കുകയാണു ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലു തൂണുകളായിട്ടാണ് നിയമനിര്‍മാണം, നിയമനിര്‍വഹണം, നീതിന്യായം, മാധ്യമങ്ങള്‍ എന്നിവയെ കണക്കാക്കുന്നത്. മാധ്യമങ്ങളുടെ പിന്നാമ്പുറ 'അസത്യങ്ങള്‍' സമൂഹത്തിന് അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു.
നന്മതിന്മകളുടെ ആത്മാംശങ്ങളെ പകര്‍ന്നുനല്‍കി കാലഘട്ടങ്ങളെ അടയാളപ്പെടുത്തുകയും നാളെയുടെ മേന്മകള്‍ക്കായി പണിയെടുക്കുകയുമാണ് മാധ്യമധര്‍മ്മം.
മാധ്യമധര്‍മ്മത്തിനു വ്യക്തിമൂല്യങ്ങളുമായി ബന്ധമുണ്ട്. കലുഷിതമായതോ മൂല്യശോഷണം സംഭവിച്ചതോ ആയ കുടുംബസാഹചര്യത്തില്‍നിന്നു വരുന്ന മാധ്യമ 'പണിക്കാരുടെ' വാര്‍ത്തകളില്‍ കടന്നുകയറുന്ന അധാര്‍മികത സമൂഹത്തിന്റെ മുഴുവന്‍ മൂല്യങ്ങളെ സ്വാധീനിക്കും. 'പത്രങ്ങള്‍ ഏതു പക്ഷത്ത്?' തെറ്റിന്റെ അഥവാ തെറ്റിദ്ധരിക്കപ്പെടലിന്റെ പക്ഷത്ത് എന്നു വേണം കരുതാന്‍. അഴീക്കോടിന്റെ സംശയങ്ങള്‍ക്കടിസ്ഥാനമുണ്ട്: ''വര്‍ത്തമാനപത്രങ്ങളുടെ കൃത്യമിതെന്നും അകൃത്യമിതെന്നും ഗ്രഹിക്കുന്നതിനു നമ്മുടെ ഇടയില്‍ പല ആളുകളും ഇതേവരെ പ്രാപ്തരായിട്ടില്ലെന്നു കാണാവുന്നതാണ്. ഈ പ്രാപ്തിക്കുറവാണ് 'മതേതരത്വസ്വഭാവമുള്ള' പത്രങ്ങള്‍പോലും മതത്തെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നതും സാമ്പത്തികസ്ഥിതി ഊട്ടിയുറപ്പിക്കുന്നതും.'' ജനാധിപത്യസ്വഭാവത്തെ ത്വരിതപ്പെടുത്തുകയും അതിനെ കാത്തുസൂക്ഷിക്കാന്‍ രാജ്യത്തോടു ചേര്‍ന്നുനില്‍ക്കുകയുമാണ് പത്ര, ദൃശ്യ, നവമാധ്യമങ്ങളുടെ ധര്‍മ്മം. എന്നാല്‍, അതിനു വിരുദ്ധമായി ധാര്‍മികതയ്ക്കു നിരക്കാത്തവിധം നീതിന്യായത്തിന്റെ വേഷംകെട്ടലാണ് നാം കണ്ടുവരുന്നത്. അന്തിച്ചര്‍ച്ചയിലെ വിധിന്യായത്തില്‍, അവതാരകന്റെ രാഷ്ട്രീയവും ചിന്തകളും ആഭിമുഖ്യങ്ങളും സാധാരണ ജനത്തിന്റെ മനോവ്യാപാരങ്ങളില്‍ കയറിക്കൂടി അവരെ തങ്ങളുടേതാക്കി മാറ്റുന്നു. എന്നുമാത്രമല്ല, വികലമായ ചിന്താരീതികള്‍ക്ക് ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും അഭിപ്രായങ്ങളും തുടക്കമിടുന്നു. സംഭവങ്ങളെ / വാര്‍ത്തകളെ പൊടിപ്പും തൊങ്ങലുംവച്ച് കഥകളാക്കി മനുഷ്യന്റെ വൈകാരികതൃഷ്ണയെ ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ ആകാംക്ഷാഭരിതമായി അവതരിപ്പിക്കുന്നത് 'കളക്ഷന്‍' മാത്രം ആഗ്രഹിക്കുന്ന മൂന്നാംകിടസിനിമകള്‍പോലെ മാധ്യമങ്ങളെ തരംതാഴ്ത്തിക്കളയുന്നു.
വാര്‍ത്തകള്‍ മനുഷ്യനുവേണ്ടിയാണ്, മനുഷ്യനാണ് അതിന്റെ ഉപജ്ഞാതാവും. അവിടെ മനുഷ്യനുതന്നെ സ്ഥാനമില്ലാതാകുമ്പോള്‍ വാര്‍ത്തകള്‍ വാര്‍ത്തകളല്ലാതാകുന്നു. അവിടെ മാധ്യമപ്രവര്‍ത്തനത്തിന് എന്തു സ്ഥാനം? മനുഷ്യക്കുഞ്ഞുങ്ങളെ ചിന്തിക്കാനും ചിരിക്കാനും കഴിവുള്ള മൃഗത്തിന്റെ കുഞ്ഞുങ്ങളായിട്ടെങ്കിലും കാണുന്നവനെമാത്രമേ മനുഷ്യമൃഗമെന്നു വിളിക്കാനാകൂ. അല്ലെങ്കില്‍ അവയ്ക്കുപോലും നാണക്കേടാകും. അന്തിച്ചര്‍ച്ചകള്‍ മൃഗങ്ങള്‍ക്കുവേണ്ടി മൃഗങ്ങള്‍ നടത്തുന്ന വിധിന്യായങ്ങളാകരുത്. വ്യക്തവും ശക്തവുമായ നിലപാടുകളോടുകൂടി, സംഭവങ്ങളെ പുനരവതരിപ്പിക്കുന്നതാകണം. വാര്‍ത്തകളുടെ നിജസ്ഥിതി വ്യവഹരിക്കപ്പെടാതെ ഊഹാപോഹങ്ങളില്‍ നിന്നുകൊണ്ട് സംവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സത്യം ഒരു കല്ലേറ് ദൂരത്തായിരിക്കും. മാധ്യമധര്‍മ്മം കുറ്റമറ്റതാകുമ്പോഴാണ് വരുംതലമുറയും സമൂഹവും ഭദ്രമാകുക. ജനങ്ങള്‍ക്കറിവുണ്ടാക്കിക്കൊടുക്കുകയാണ് പത്രങ്ങളുടെ പ്രധാന ചുമതലയെന്നും ആ ചുമതല യഥാവിധി നിര്‍വഹിക്കുന്നില്ലെങ്കില്‍ പത്രപ്രവര്‍ത്തനത്തിന് അര്‍ത്ഥമില്ലെന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞുവയ്ക്കുന്നതു കൃതകൃത്യതയോടെയാണ്.
വളരെ അപകടകരമായ മറ്റൊരു പ്രവണതകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടിതമതശക്തികളുടെ തീവ്രവാദസ്വാഭവത്തെ പത്രം / മാധ്യമങ്ങള്‍ ഭയക്കുന്നു. വാര്‍ത്താശേഖരണം, അതിന്റെ അവതരണം എന്നിവയിലുള്ള സൂക്ഷ്മത ഈ സ്വഭാവത്തെ കുറിക്കുന്നു. എന്നാല്‍, ഇതേ തൂലികതന്നെയാണ് തീവ്രവാദസ്വഭാവമില്ലാത്ത മതന്യൂനപക്ഷസമൂഹങ്ങളെ കടന്നാക്രമിക്കുന്നതിനു മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. അടുത്തകാലത്ത്, പാരലല്‍ കോളജില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിനി, പരീക്ഷ എഴുതാന്‍ പ്രശസ്തമായ ഒരു കോളജില്‍ എത്തി. കലാലയത്തിന്റെ ചിട്ടകളും നിയമങ്ങളും ഭംഗിയായും വിശുദ്ധമായും ഉത്തരവാദിത്വത്തോടെയും പാലിച്ച ആ കോളജിലെ അധ്യാപര്‍ തങ്ങളുടെ കടമ നിര്‍വഹിച്ചു. കുട്ടിയുടെ പക്കല്‍നിന്ന് കോപ്പി പിടിച്ചു. ആവര്‍ത്തിക്കരുതെന്നുപദേശിക്കുന്നതിനൊപ്പം സാമൂഹികപ്രതിബദ്ധതയെക്കരുതി ആ ദിവസത്തെ പരീക്ഷ എഴുതേണ്ട എന്നും ആവശ്യപ്പെട്ടു. മാനുഷികതയെയും കുട്ടിയുടെ ഭാവിയെയും കരുതി തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതിക്കൊള്ളാന്‍ പറയുകയും ചെയ്തു. എന്നിട്ടും ആ കുട്ടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പ്രസ്തുത കോളജ്, നിയമപരമായും മനുഷ്യത്വപരമായും ഇതു കൈകാര്യം ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്. എന്നിരുന്നാലും ഈ സ്ഥാപനം ഒരു പ്രത്യേക മതവിഭാഗത്തിന്റേതായതുകൊണ്ട് എതിരാളികള്‍ക്ക് വീറും വാശിയുമായി. ഇതിനു പിന്തുണയുമായി, മോഹഭംഗംവന്ന ചില മതദ്വേഷികളും രംഗത്തുവന്നു. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതൊന്നുമല്ല, ഒരു പത്രം കുട്ടിയുടെ ആത്മഹത്യയെക്കുറിച്ചു നാലു ദിനങ്ങളിലായി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടിരുന്നു. സ്വസമുദായത്തിന്റെ വികാരങ്ങള്‍ കെട്ടടങ്ങാതെ അതിനെ കത്തിച്ചുനിറുത്താന്‍ കാട്ടിയ വ്യഗ്രത കുട്ടിയോടോ അവരുടെ കുടുംബത്തോടോ ഉള്ള സ്‌നേഹംകൊണ്ടാണെന്നു എന്നു പറയാനാകുമോ?
ആ നാളുകളില്‍ത്തന്നെയാണ് ഒരു വിദേശവനിതയുടെ ആത്മഹത്യ നടന്നത്. അതു നടന്നത് ഒരു പ്രത്യേകമതവിഭാഗത്തിന്റെ മഠത്തിലാണ്. അതിനെ സംബന്ധിച്ച് പ്രസ്തുത പത്രം ഒരു ചെറിയ വാര്‍ത്തപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പണവും ഗുണ്ടായിസവും ഉള്ളതുകൊണ്ടാണോ എന്നറിയില്ല മറ്റു പല പത്രങ്ങളും ഈ വാര്‍ത്തകള്‍ക്കെതിരേ കണ്ണടച്ചു. ഒരുപക്ഷേ, ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റിയ 'പണിക്കാര്‍' അവര്‍ക്കുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍.
ആ ദിനങ്ങളില്‍ത്തന്നെയാണ് മലബാറിലെ ഒരു അനാഥമന്ദിരത്തിലെ നാലു പെണ്‍കുട്ടികളെ ദുരുപയോഗിച്ചയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. മുഖ്യധാരാപത്രങ്ങളും ചാനലുകളും ആ വാര്‍ത്തയെ തമസ്‌കരിക്കുകയാണുണ്ടായത്. മൈക്രോഫിനാന്‍സു തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഒരു വ്യക്തി ആത്മഹത്യചെയ്തപ്പോഴും പത്രപ്പണിക്കാര്‍ ഒരു ദിനംപോലും റിപ്പോര്‍ട്ട് തയ്യാറാക്കിക്കണ്ടില്ല.
നമ്മുടെ സമൂഹത്തെ മത, ജാതി, വര്‍ണ്ണ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഛിന്നഭിന്നമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തിനെ നേരിടാന്‍ ഈ ജനാധിപത്യരാജ്യത്തിനു വളരെ വിയര്‍ക്കേണ്ടിവരും