ആരോഗ്യത്തിന്റെയും രോഗചികിത്സയുടെയും കാര്യത്തില്‍ ആത്മീയതയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും വലിയ പങ്കുണ്ടെന്നു പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. മസ്തിഷ്‌കത്തിനു വിശ്രമമേകുന്നതിനും ശരീരത്തിന്റെ രോഗവിമുക്തിക്കുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്നതിനും പ്രാര്‍ത്ഥനയ്ക്കു ശക്തിയുണ്ട്. സ്ഥായീഭാവമില്ലാത്ത ജീനുകള്‍ എളുപ്പം വികലമാകാതെ അവയെ അടക്കിനിര്‍ത്തി ശരീരത്തിന് ആപത്കരമായിത്തീരാതെ സൂക്ഷിക്കുന്നതിനും ധ്യാനവും പ്രാര്‍ത്ഥനയും സഹായകരമാണ്.
26 വര്‍ഷം മുമ്പ് ഹാര്‍വാര്‍ഡ് അഫിലിയേഷനുള്ള ''മൈന്‍ഡ്‌ബോഡി ഇന്‍സ്റ്റിറ്റ്യൂട്ടി''ന്റെ സ്ഥാപകനായ ഡോ. ഹെര്‍ബര്‍ട്ട് ബന്‍സന്‍ ''റിലാക്‌സേഷന്‍ റസ്‌പോണ്‍സ്'' എന്ന ഗ്രന്ഥം രചിച്ചു. അതില്‍ അദ്ദേഹം ധ്യാനത്തിന്റെ ശക്തിയെ അപഗ്രഥിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് ആദ്ധ്യാത്മികതയും വൈദ്യശാസ്ത്രവും സംബന്ധിച്ച പഠനങ്ങളുടെയും സംവാദങ്ങളുടെയും ഒരു പരമ്പരതന്നെ നടന്നു. രോഗശാന്തിരംഗത്ത് ആദ്ധ്യാത്മികതയുടെ ശക്തിക്ക് നിരവധി തെളിവുകള്‍ നിരത്തിയ ശേഷവും വൈദ്യശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തന്റെ ഗവേഷണഫലങ്ങളെ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ കാണിക്കുന്ന വിമുഖതയും മാന്ദ്യവും ഡോ.ബന്‍സനെ നിരാശനാക്കുന്നു. വൈദ്യശാസ്ത്രരംഗത്ത് ആത്മീയതയും രോഗസൗഖ്യവും ഏകോപിക്കുവാന്‍ യത്‌നിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരന്മാരും സന്ന്യാസികളുമായിച്ചേര്‍ന്ന് ഡോ. ബന്‍സന്‍ തന്റെ കണ്ടെത്തലുകളെ പുനരവലോകനം ചെയ്തു. ആദ്ധ്യാത്മികവ്യാപാരങ്ങളിലൂടെ നമ്മുടെ മനസ്സുകളെ ആകുലചിന്തകളില്‍നിന്നകറ്റി നിര്‍ത്തി ശരീരത്തിന്റെ തനതായ രോഗശാന്തിശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് അവരുടെ പഠനങ്ങള്‍ തെളിയിച്ചു.
ഡോ. ബന്‍സനും സഹഗവേഷകരും അവരുടെ പരീക്ഷണങ്ങളില്‍ അനുവര്‍ത്തിച്ച രീതി, പ്രാര്‍ത്ഥനയില്‍ ഇന്ത്യക്കാര്‍ സാധാരണ ചെയ്യുന്നതുപോലെ ഈശ്വരനാമങ്ങളോ അതിനോടു സാമ്യമുള്ള പദങ്ങളോ ശബ്ദങ്ങളോ ഉരുവിടുകയോ ഈശ്വരസ്തുതികളും അപദാനങ്ങളും ആലപിക്കുകയോ ആയിരുന്നു. ഇപ്രകാരം ഉരുവിട്ട വാക്കുകളും വാക്യങ്ങളും ശബ്ദങ്ങളും മതപരമോ മതനിരപേക്ഷമോ ആയിരുന്നാലും, ആ പ്രവൃത്തി ഭക്തിസംവര്‍ദ്ധകമായിരുന്നു എന്ന് അവര്‍ കണ്ടെത്തി. രോഗികളുടെ മതബോധനവും ആത്മീയതയും അതിന്യൂനരക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുമോ എന്നുള്ള തീവ്രമായ പരീക്ഷണത്തിലാണവരിപ്പോള്‍.
ഡോ. ബന്‍സണിനെത്തുടര്‍ന്ന് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഹരോള്‍ഡ് ക്വേനിക്, മതവിശ്വാസവും ആചാരങ്ങളും ആരോഗ്യത്തില്‍ ഉളവാക്കുന്ന സദ്ഫലങ്ങള്‍ മനസ്സിലാക്കി. അദ്ദേഹം ഇപ്പോള്‍ത്തന്നെ സര്‍വകലാശാലയില്‍ 'ആത്മീയതയും ആരോഗ്യവും' എന്ന വിഷയത്തില്‍ ദ്വിവത്സര പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ കോഴ്‌സ് ആരംഭിച്ചിരിക്കയാണ്. 2002 ജൂലൈയില്‍ അവിടെ എട്ടു ശാസ്ത്രജ്ഞര്‍ക്കായി മതവും ആരോഗ്യവും എന്ന വിഷയത്തില്‍ പഠനപരിശീലന കോഴ്‌സ് ആരംഭിച്ചു. ഡോക്ടര്‍മാര്‍ തങ്ങള്‍ ചികിത്സിക്കുന്ന രോഗികളുടെ മതപരമായ ചരിത്രം മനസ്സിലാക്കിയിരിക്കേണ്ടതുണ്ടെന്ന് ഡോ. ക്വേനിക് വിശ്വസിക്കുന്നു. അതുകൂടാതെ ഫലപ്രദമായ ചികിത്സ സാധ്യമാകുകയില്ല. മാത്രവുമല്ല, ചികിത്സകര്‍ അവരുടെ രോഗികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും വേണം. പക്ഷേ, അതു രോഗികളുടെ മതപരമായ പശ്ചാത്തലം വേണ്ടതുപോലെ ഗ്രഹിച്ചശേഷം അവരുടെ ആവശ്യപ്രകാരം മാത്രമേ ആകാവൂ. 'അമേരിക്കന്‍ ജേര്‍ണല്‍സ് ഓഫ് പബ്ലിക് ഹെല്‍ത്ത്' നടത്തിയ ഒരു പഠനം മതസമ്മേളനങ്ങളിലും ആശ്രമശുശ്രൂഷകളിലും പതിവായി പങ്കെടുക്കുന്നവരില്‍ ആരോഗ്യശീലങ്ങള്‍ ക്രമേണ പ്രബലപ്പെട്ടുവരുമെന്നും അതുവഴി അവരുടെ ആയുര്‍ദൈര്‍ഘ്യം 33% വരെ വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ രോഗനിയന്ത്രണ-നിരോധനസെന്ററിന്റെ ഭാഗികധനസഹായത്തോടെ നടത്തപ്പെട്ട ഈ പഠനത്തില്‍ മതചടങ്ങുകളില്‍ പങ്കെടുക്കലും - പുകവലി, വ്യായാമം, അമിത മദ്യപാനം, ബന്ധുമിത്രാദികളോടുള്ള ഇടപെടല്‍ തുടങ്ങിയ പെരുമാറ്റരൂപങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അന്വേഷണം നടത്തുകയുണ്ടായി.
അമേരിക്കയില്‍ മനഃശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഒരു സര്‍വേ കാണിക്കുന്നത് അഞ്ചു ശതമാനം ആളുകള്‍ക്കു മാത്രമേ അവരുടെ വിദ്യഭ്യാസകാലത്ത് മതപരമായ പരിശീലനം ലഭിക്കുന്നുള്ളൂ എന്നാണ്. എങ്കിലും പകുതിയിലധികം മനഃശാസ്ത്രജ്ഞരും 'മതം' എന്നത് പഠനാര്‍ഹമായ വിഷയമാണെന്നും മതപരമായ പരിശീലനം അഭികാമ്യമാണെന്നും കരുതുന്നു. 'അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഡയറക്‌ടേഴ്‌സ് ഓഫ് സൈക്യാട്രിക് റസിഡന്‍സി ട്രെയിനിങ്ങ്' അംഗങ്ങള്‍ നടത്തിയ സര്‍വേയില്‍ മനുഷ്യന്റെ അനുഭവങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും പെരുമാറ്റങ്ങളും ആരോഗ്യശീലങ്ങളുമെല്ലാം രൂപപ്പെടുത്തുന്നതില്‍ മതവും ആത്മീയതയും നിര്‍ണായകപങ്കു വഹിക്കുന്നുണ്ടെന്നു തെളിഞ്ഞു. ആത്മീയതയുടെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കിയതോടെ അമേരിക്കയിലെ പകുതിയിലധികം മെഡിക്കല്‍ സ്‌കൂളുകളുടെയും പാഠ്യപദ്ധതികളില്‍ 'ആത്മീയതയും' പഠനവിഷയമാക്കിയിരിക്കുന്നു. അവയിലെ വിദ്യാര്‍ത്ഥികളെ ആത്മീയവിലയിരുത്തലുകള്‍ അഭ്യസിപ്പിക്കുന്നതിനുള്ള പാഠങ്ങളും ചേര്‍ത്തിരിക്കുന്നു!!.