അന്റാര്‍ട്ടിക്കയിലും പരിസരങ്ങളിലും കണ്ടുവരുന്ന പക്ഷികളാണ് പെന്‍ഗ്വിനുകള്‍. അവയ്ക്ക് അരമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരമുണ്ടാകും. വെള്ളവസ്ത്രം ധരിച്ച് കറുത്ത ഗൗണുമിട്ടു നടക്കുന്ന മനുഷ്യരെപ്പോലെ രണ്ടു കാലുകളില്‍ നിവര്‍ന്നു നടക്കുന്ന പെന്‍ഗ്വിന്‍ പക്ഷികളെ കാണാന്‍ ബഹുരസമാണ്. കൈകളുടെ സ്ഥാനത്തു തൂങ്ങിക്കിടക്കുന്ന രണ്ടു കൊച്ചുചിറകുകള്‍ ഉപയോഗിച്ച് അവ വെള്ളത്തിലൂടെ അതിവേഗം നീന്തുകയും ചെയ്യും.
അന്റാര്‍ട്ടിക്കയില്‍ ശീതകാലം മൂര്‍ച്ഛിക്കുമ്പോള്‍ (മേയ് മുതല്‍ സെപ്റ്റംബര്‍ വരെ) താപനില ഏതാണ്ട് 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 70 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. മണിക്കൂറില്‍ 150 മുതല്‍ 300 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശുന്ന അത്യുഗ്രന്‍ ശീതക്കാറ്റ് ദിവസങ്ങളോളം അതേ നിലയില്‍ നീണ്ടുനില്ക്കുന്ന വേളകളും വിരളമല്ല. ആ കൊടുങ്കാറ്റ് മഞ്ഞുപാളികളെപ്പോലും അടിച്ചുപറപ്പിക്കും. ഒരിടത്തുകൂടുന്ന മഞ്ഞിന്‍കൂമ്പാരം മണിക്കൂര്‍ തോറും സ്ഥലംമാറിക്കൊണ്ടിരിക്കും.
അതിനിടയിലാണ് പറക്കാന്‍ അറിയാത്ത പെന്‍ഗ്വിന്‍ പക്ഷികള്‍ നീണ്ട രാത്രികാലം (സുമാര്‍ ആറു മാസം) കഴിച്ചുകൂട്ടാന്‍ ഒത്തുചേരുന്നത്! കൂട്ടത്തില്‍ മുട്ടയിടുന്ന, അടയിരിക്കുന്ന, കുഞ്ഞുങ്ങളുള്ള തള്ളപ്പക്ഷികളുമുണ്ടാകും. കൂട്ടംകൂടി കട്ടകെട്ടിയാണിരിക്കുന്നതെങ്കിലും കുഞ്ഞുങ്ങള്‍ക്കു തള്ളയെയും തള്ളയ്ക്കു കുഞ്ഞുങ്ങളെയും ഒരിക്കലും തെറ്റിപ്പോകാറില്ല! നീണ്ടുനീണ്ടുപോകുന്ന രാത്രികാലം മുഴുവന്‍ അവറ്റകള്‍ അങ്ങനെ കൂടും പുതപ്പുമില്ലാതെ കഴിച്ചുകൂട്ടുന്നത് അദ്ഭുതാവഹമല്ലേ?
യേശു പറഞ്ഞില്ലേ, രണ്ടു നാണയത്തുട്ടിന് അഞ്ചു കുരുവികള്‍ വില്ക്കപ്പെടുന്നുവെങ്കിലും, അവയിലൊന്നുപോലും സ്വര്‍ഗസ്ഥനായ പിതാവിന്റെ അറിവു കൂടാതെ നിലത്തുവീഴുന്നില്ല എന്ന്. ചുറ്റും അന്ധകാരം ചൂഴുമ്പോഴും മഞ്ഞിന്‍പാളികളെപ്പോലും അടിച്ചുപറപ്പിക്കുന്ന അത്യുഗ്രന്‍ ശീതക്കാറ്റിലും അന്നപാനാദികളില്ലാതെ ആറേഴുമാസം അടങ്ങിക്കഴിയുന്ന പതിനായിരക്കണക്കിനുള്ള പെന്‍ഗ്വിന്‍കൂട്ടങ്ങളെ നോക്കുക! ആകാശത്തിലെ പറവകളെ പോറ്റുന്ന ദൈവം, വയലുകളിലെ പുല്ലുപുഷ്പാദികളെ പരിപാലിക്കുന്ന ദൈവം അവയെയും കാത്തുകൊള്ളുന്നു.
പലസ്തീനായിലെ മലഞ്ചെരിവുകളില്‍ ലില്ലിച്ചെടികള്‍ സുലഭമാണ്. അനുകൂലമായ കാലാവസ്ഥയില്‍ അവ ഉണര്‍ന്നെണീറ്റു പുഷ്പിച്ച് മലയോരങ്ങളെപ്പോലും മനോഹരങ്ങളായ മലര്‍വാടികളാക്കുന്നു..!
ഒരു ദിവസം വളര്‍ന്നുനില്ക്കുകയും അടുത്ത ദിവസം അടുപ്പിലേക്കു തടുത്തുകൂട്ടപ്പെടുകയും ചെയ്യുന്ന ആ ലില്ലികളെ ഇത്ര ചേതോഹരമായി അണിയിച്ചുനിരത്തുന്ന, വിജനമായ അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തില്‍ കമ്പിളിയും കുപ്പായവുമില്ലാതെ പെന്‍ഗ്വിന്‍ പക്ഷിക്കുഞ്ഞുങ്ങളെ ഹിമപാളികള്‍ക്കിടയില്‍ മാസങ്ങളോളം കാത്തുസൂക്ഷിക്കുന്ന സ്രഷ്ടാവിന് അത്യുത്തമസൃഷ്ടിയായ മനുഷ്യന്റെ കാര്യത്തില്‍ പ്രത്യേകപ്ലാനുകളൊന്നുമില്ലാതെ വരുമോ? അതാണ് യേശു ചോദിക്കുന്നത്.
ഒരു മൃഗവും വ്യാപാരം ചെയ്യുന്നില്ല. കാക്കകള്‍ക്കും (ധ്രുവക്കാക്കകളുമുണ്ട്) പെന്‍ഗ്വിന്‍ പക്ഷികള്‍ക്കും വിതയും കൊയ്ത്തും വിതരണസമ്പ്രദായങ്ങളുമില്ല. എങ്കിലും, ആറു മാസത്തോളം നീണ്ടുനില്ക്കുന്ന അത്യുഗ്രന്‍ ശീതരാവുകളിലും അവയിലൊന്നുപോലും, അകാലമൃത്യുവിന് ഇരയാവുന്നില്ല. എന്നാല്‍, കൊയ്ത്തും സംഭരണസംവിധാനങ്ങളുമുള്ള മനുഷ്യന്റെ മുതല്‍ക്കൂട്ടാകട്ടെ ഉത്കണ്ഠ മാത്രമാണ്.
ആകുലതയും ഉത്കണ്ഠയും നമുക്കെന്താണു സമ്പാദിച്ചുതരുക? കഴിവുകള്‍ വികസിപ്പിക്കുമോ? നേട്ടങ്ങള്‍ കൂട്ടിക്കിട്ടുമോ? ഉത്കണ്ഠവഴിആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടിയെടുക്കാന്‍ ആര്‍ക്കുകഴിയും? ആകുലപ്പെട്ടതുകൊണ്ട്, നാം അകാലവാര്‍ദ്ധക്യത്തിനും ആയുഷ്‌കാലരോഗങ്ങള്‍ക്കും ഇരയാകുന്നതു മിച്ചം.'സ്റ്റോപ് വറീയിംഗ് ആന്റ് ഗെറ്റ് വെല്‍' എന്ന തന്റെ പുസ്തകത്തില്‍ ഡോക്ടര്‍ എഡ്വേര്‍ഡ് പൊഡോള്‍സ്‌കി ഉത്കണ്ഠിതരുടേതായി ചൂണ്ടിക്കാട്ടുന്ന ഒട്ടേറെ രോഗങ്ങളുണ്ട്. ഉദരരോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചിത്തഭ്രമം, ഞരമ്പുരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍...
ആധുനികമനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വില്യം ജയിംസ് ഒരിക്കല്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി:
The Lord may forgive our sins, but the nervous system never does.'' ഓര്‍ത്തുനോക്കിയാല്‍ ഭയങ്കരമല്ലേ? ദൈവം നമ്മോടു ക്ഷമിച്ചേക്കും; പക്ഷേ, നമ്മുടെ പ്രകൃതി നമ്മെ വെറുതെ വിടുകയില്ല. നിതാന്തശത്രുത പുലര്‍ത്തി അതു പ്രതികാരം ചെയ്യും.
ഉത്കണ്ഠാകുലനെ കാര്‍ന്നുകാര്‍ന്നു തിന്നുന്ന വേദനയേറിയ ഒരു രോഗമുണ്ട് - Angina pectoris. അവനെ കണ്ടാലറിയാം. മുഖമാകെ കറുത്ത് അകാലവാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു വിരൂപമായിരിക്കും. കയ്പു കലര്‍ന്ന ആ കറുത്ത മുഖം കാണുവാന്‍ അധികമാരും ആഗ്രഹിക്കുകയില്ല. അങ്ങനെ അവന്‍ വീണ്ടും വീണ്ടും ഒറ്റപ്പെട്ട് അകന്നുപോകും. പ്രസന്നവദനര്‍ക്കേ അപരരെ ആകര്‍ഷിക്കാനും നേടാനും സാധിക്കുകയുള്ളൂ.
'ഇവയെല്ലാം നമുക്ക് ആവശ്യമാണെന്നറിയുന്ന സ്വര്‍ഗീയപിതാവില്‍' ആശ്രയം തേടാം-നാളെയെക്കുറിച്ച് ആകുലപ്പെടാതിരിക്കുകയും ചെയ്യാം. കാക്കകളെയും കുരുവികളെയും പെന്‍ഗ്വിനുകളെയും കാത്തുപരിപാലിക്കുന്ന നല്ല ദൈവം നമ്മുടെ കാര്യത്തിലും ശ്രദ്ധാലുവാണ്.