അന്ത്യനിമിഷമെത്തിയെന്ന് ഉപബോധമനസ്സു പറഞ്ഞപ്പോഴും സര്‍വശക്തിയും സംഭരിച്ചു മരണത്തെ നിഷേധിച്ച ഒരാളുടെ കഥയാണു ഞാനിവിടെ പറഞ്ഞുതുടങ്ങുന്നത്. അഭിശപ്തമായ ഒരു ജീവിതത്തിന്റെ തേങ്ങലുകള്‍ ആവാഹിച്ച് അനശ്വരമായ ഒരു ജീവിതഗ്രന്ഥമെഴുതിത്തീര്‍ത്ത ഒരാളുടെ കഥ. 1952 ല്‍ പാരീസില്‍ ജനിച്ച് 45ാം വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഴാങ് ഡൊമിനിക് ബോബിയുടെ കഥ. ജീവന്റെ അവസാനസ്പന്ദനം നിലയ്ക്കുന്നതിനു തൊട്ടുമുമ്പ് വ്രണിതഹൃദയനായ ആ ചെറുപ്പക്കാരന്‍ എഴുതിയ ഗ്രന്ഥത്തിന്റെ പേര് 'ദി ഡൈവിങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്‌ളൈ.' ഴാങ് ഡൊമിനിക് ബോബിക്ക് വാസ്തവത്തില്‍ എന്താണു സംഭവിച്ചത്?
അതിനുമുമ്പ് അറിയണം 'ലോക്ഡ് ഇന്‍ സിന്‍ഡ്രോം' എന്താണെന്ന്. അതേ, 'ലോക്ഡ് ഇന്‍ സിന്‍ഡ്രോം', അങ്ങനെയുമൊന്നുണ്ട്. കണ്‍പോളകള്‍ മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചുകിടക്കുന്ന അവസ്ഥ. മസ്തിഷ്‌കത്തിലെ 'സെറിബ്രോ മെഡുല്ലോ സ്‌പൈനല്‍' - ബന്ധങ്ങള്‍ പൂര്‍ണമായി വിഘടിച്ച അവസ്ഥയെന്നു വൈദ്യഭാഷയില്‍ പറയാം. ''സ്യൂഡോകോമ''യെന്ന ഈ പ്രതിഭാസത്തിനു പേരുണ്ട്. സ്വമേധയാലുള്ള ശരീരത്തിന്റെ എല്ലാ ചലനപ്രക്രിയയും മരവിച്ച അവസ്ഥ. എന്നാല്‍, അദ്ഭുതകരമായ സവിശേഷതയുള്ളത്, ഈ രോഗം ബാധിച്ചവര്‍ക്ക് ചിന്താപരവും ബൗദ്ധികവുമായ ഗ്രഹണശക്തിയും അവബോധവും കൂടുതലായുണ്ട് എന്നതാണ്. ലളിതമായിപ്പറഞ്ഞാല്‍, പുറംലോകത്തു നടക്കുന്ന എല്ലാം അറിയുന്നു, മനസ്സിലാക്കുന്നു. എന്നാല്‍, ഒന്നിലും പ്രതികരിക്കാന്‍ സാധിക്കില്ല.
പലരെയുമിത് വല്ലാത്തൊരു അവസ്ഥാവിശേഷത്തിലാണ് കൊണ്ടെത്തിക്കുന്നത്. നിസ്സംഗത, നിരാശ, വിഷാദം, ശൂന്യത, ഭയം തുടങ്ങി നിസ്സഹായതയുടെയും സംഘര്‍ഷങ്ങളുടെയും ഇരുണ്ട പാതകളിലൂടെ ഒരുവനെ കൈപിടിച്ചുകൊണ്ടുപോകുന്നു.
ഭാര്യ സില്‍വിയോടും തിയോഫില്‍, സെലസ്റ്റ എന്നീ രണ്ടു മക്കളോടുമൊപ്പം ഴാങ് ഡൊമിനിക് ബോബി പാരീസില്‍ സുഖമായി ജീവിക്കുന്ന ദിനങ്ങള്‍. അന്നദ്ദേഹം ഫ്രഞ്ച് ഫാഷന്‍ മാസികയായ 'എല്ലെ' യുടെ പത്രാധിപരാണ്. സര്‍ഗാത്മകമായ എഴുത്തും പത്രാധിപത്യവുമായി തിരക്കോടെ മുന്നോട്ടു പോകവേ പെട്ടെന്നാണ് അതു സംഭവിച്ചത്. 1995 ഡിസംബര്‍ എട്ടാം തീയതി ക്രൗര്യംപൂണ്ട ആവേശത്തോടെ ചീറിയടുത്ത ഒരു സ്‌ട്രോക്ക് അദ്ദേഹത്തിന്റെ ശരീരത്തെ പൂര്‍ണമായി തളര്‍ത്തിക്കളഞ്ഞു. ഇരുപതു ദിവസങ്ങള്‍ക്കുശേഷം ഉണര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടതായും ശരീരം തളര്‍ന്നവശമായതായും കാണപ്പെട്ടു. ഇടത്തെ കണ്‍പോള ചലിപ്പിക്കാന്‍ മാത്രം സാധിക്കും, മറ്റെല്ലാം നിര്‍ജീവാവസ്ഥയില്‍. ന്യൂറോളജിസ്റ്റ് രോഗനിര്‍ണയം ചെയ്തു, 'ലോക്ഡ് ഇന്‍ സിന്‍ഡ്രോം.'
എന്നാല്‍, ക്രൂരസ്വഭാവിനിയായ വിധിയോടു തോറ്റുകൊടുക്കാന്‍ ഴാങ് ഡൊമിനിക് തയ്യാറായില്ല എന്നാണ് നാം പിന്നീടു കാണുന്നത്. അവസാനത്തെ പുസ്തകമെഴുതാനുള്ള ആഗ്രഹം സഫലീകരിച്ചുകൊണ്ട് അദ്ദേഹം വിധിക്കുമുമ്പില്‍ അപരാജിതനായി. പുസ്തകം എപ്രകാരം എഴുതപ്പെട്ടുവെന്നതാണ് തികച്ചും അവിശ്വസനീയമായ കഥ. ദിവസം നാലു മണിക്കൂര്‍ വീതം എടുത്തുകൊണ്ട് പത്തുമാസം കഴിഞ്ഞപ്പോള്‍ പുസ്തകം എഴുതിത്തീര്‍ത്തു. അതിനു സഹായിച്ചത് സഹപ്രവര്‍ത്തികയായിരുന്ന ക്ലോഡെ മെന്‍ഡിബില്‍. ഒരു വലിയ കടലാസുതാളില്‍ ക്ലോഡെ ഇംഗ്ലീഷ് അക്ഷരമാല എഴുതി. എന്നിട്ട് ഓരോ അക്ഷരത്തിലൂടെയും അവര്‍ വിരലോടിച്ചു. എഴുതേണ്ട അക്ഷരം വരുമ്പോള്‍ ഴാങ് ഡൊമിനിക് കണ്ണു ചിമ്മും. അങ്ങനെ പെറുക്കിയെടുത്ത അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് ഒരു വാക്കുണ്ടാക്കാന്‍ രണ്ടു മിനിറ്റെടുത്തു. അവസാനം 132 പേജുകളുള്ള പുസ്തകം പൂര്‍ത്തിയാക്കാന്‍ ഴാങ് ഡൊമിനിക് രണ്ടു ലക്ഷം പ്രാവശ്യം കണ്ണു ചിമ്മി.
1997 മാര്‍ച്ച് ഏഴാം തീയതി വ്രണിതഹൃദയനായ ഒരുവന്റെ കണ്ണുനീര്‍ പറ്റിപ്പിടിച്ച ആത്മകഥാപരമായ അനുസ്മരണകള്‍ പ്രകാശിതമായി. ഫ്രഞ്ചുഭാഷയില്‍ രചിക്കപ്പെട്ട ആ ഗ്രന്ഥത്തിന്റെ പേര് 'ദി ഡൈവിങ് ബെല്‍ ആന്‍ഡ് ദി ബട്ടര്‍ഫ്‌ളൈ.' മുഷ്‌ക്കോടെ പാഞ്ഞുവന്ന് ശരീരത്തെ മൃതപ്രായമാക്കിയ ഒരു രോഗത്തിനു മുമ്പും പിമ്പും താനനുഭവിച്ച യാതനകളുടെ നഗ്നചിത്രങ്ങളാണ് ഴാങ് ഡൊമിനിക് ആ താളുകളില്‍ വരച്ചിട്ടത്. ഉത്കണ്ഠയോടെ കിതച്ചുതള്ളിയ നാളുകളില്‍ അനുഭവിച്ച സങ്കടങ്ങളുടെ വിറയാര്‍ന്ന ചിത്രങ്ങള്‍. പ്രസിദ്ധീകരണദിനംതന്നെ 25,000 കോപ്പികള്‍ വില്‍ക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ആത്മകഥ പിന്നീടൊരു ബെസ്റ്റ് സെല്ലറായി. 2007 ല്‍ പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ജൂലിയന്‍ ഷ്‌നാബെല്‍ ആ പുസ്തകമൊരു സിനിമയാക്കി. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 1997 മാര്‍ച്ച് ഒമ്പതാം തീയതി ഴാങ് ഡൊമിനിക് ബോബി മരണത്തിനു കീഴടങ്ങി.